Friday, October 12, 2012

നിഴലുകള്‍ ..നിശബ്‌ദതയുടെ രുചി പടര്‍ന്ന പ്രയാണങ്ങളില്‍ 
നിശ്വാസത്തിന്റെ വറ്റാത്ത നീരുറവയുമായി
ജീവിത കാഴ്ചകള്‍ ചായം പുരട്ടിയ ചുമര്‍ചിത്രങ്ങളില്‍ 
എന്നെ കുറിക്കാന്‍ വെമ്പിയ നാളുകള്‍ ,
ഒടുവില്‍ പിന്നിലേക്ക്‌ വഴിമാറപ്പെട്ട  യാമങ്ങള്‍ .

നിന്‍ മേനിയില്‍ ചവിട്ടി മുന്നേറാന്‍ ശ്രമിച്ചു 
നനുത്ത വിജയത്തിന്റെ കൊടിക്കൂറകളുമായി 
നിന്റെ  മുന്നില്‍ തോല്‍വിയുടെ വസ്ത്രമുരിയുമ്പോള്‍ 
നഗ്നതയില്‍ പൂത്ത സ്വപ്നങ്ങള്‍ക്ക് 
നിറം പടരാന്‍ തുടങ്ങുകയാണ് ....

ശൈശവത്തിന്റെ  നിറഭേദങ്ങള്‍  കൊഴിഞ്ഞു -
ജീവിതത്തിന്റെ  കണ്ണീരു കുതിര്‍ന്ന കുപ്പിവളകള്‍ക്കു -
മുകളില്‍ പതിഞ്ഞ പ്രാരാബ്ദത്തിന്‍ കാല്‍പ്പാടുകളില്‍ 
വാര്‍ന്നൊലിക്കുന്ന മധുര മോഹങ്ങള്‍ക്കായ്‌
മണിയറയൊരുക്കുന്ന തിരക്കിലോ ഞാന്‍ 
നിന്നെ അറിയാതെ പോയത് ...

ബാധ്യതയായ് തോന്നുന്ന സ്നേഹത്തിന്റെ  ചവര്‍പ്പും 
ഉമിത്തീയായ് കാര്‍ക്കിച്ചു തുപ്പുന്ന ബന്ധങ്ങളും 
പട്ടിണി ഭ്രാന്തനായ് തെരുവിലലഞ്ഞ നാളുകള്‍ക്കുള്ള -
സമ്മാനമായി കൂടുവിട്ടു പറന്ന സ്വന്തം സൌഹൃദങ്ങള്‍ക്കുമൊടുവില്‍ 
മൃതശരീരത്തിന് കൊള്ളി വെയ്ക്കാന്‍ പാഞ്ഞടുക്കുന്ന -
ഇരുകാലി തെരുവ് നായ്ക്കളും മനസ്സിന്റെ  ഉള്ളറകളില്‍ -
തുടികൊട്ടിയുണര്‍ത്തുമ്പോള്‍ ,അറിഞ്ഞിരുന്നോ ഞാന്‍ 
നീയെന്റെ  പാദങ്ങളെ തഴുകിയുണര്‍ത്തിയത് .

നുരഞ്ഞു പൊങ്ങുന്ന മനുഷ്യ ജന്മങ്ങള്‍ -
തളിരുടുന്ന ഈ സുന്ദര താഴ്വാരത്തിലെ 
കുരുടനായ എന്നെ തിരഞ്ഞെടുക്കാന്‍ മാത്രം 
 അന്ധനായിരുന്നോ നീയും ?

ചവിട്ടി മുന്നേറാന്‍ തീകനലുകള്‍ വിരിച്ച പരവതാനികള്‍ 
സ്നേഹത്തിന്റെ  ചവര്‍പ്പ് , ദാഹജലമായ് കണ്ണുകളില്‍ -
നിന്നും ചുണ്ടിലേക്ക്‌ അരിച്ചിറങ്ങുന്നു .
ഒടുവില്‍ അലഞ്ഞു വിശ്രമിക്കാന്‍ 
പണിതുയര്‍ത്തിയ മണല്‍പ്പരപ്പുകളും ബാക്കി  നിര്‍ത്തി 
നഗ്നനായ് ഞാനിരിക്കുമ്പോളും
നീ എന്തേ എനിക്കൊപ്പം ....

ഇന്ന് തിരിച്ചറിവിന്റെ ചില്ലപ്പൂത്ത ദിനം 
എനിക്കായ് വഴി തെളിക്കാന്‍ , 
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു 
എന്‍ മനസ്സിന്റെ  തീരങ്ങളില്‍ കൈപിടിച്ച് നടത്താന്‍ 
നീ മാത്രമെന്ന സത്യം 
ഈ കല്‍പ്പടവുകളില്‍ ഞാന്‍ കൊത്തിവെക്കുന്നു 

Monday, October 1, 2012

ഭാവി ....


ഇരുള്‍ പരക്കുന്നു
നിറമുള്ള ജീവിത ചിത്രങ്ങളില്‍ 
മാത്സര്യത്തിന്റെ കരിന്തേളുകള്‍
കാലത്തെ കുത്തി മുറിവേല്‍പ്പിക്കുന്നു 

മുലപ്പാല്‍ കിനിയാത്ത മാറിടം കുലുക്കി 
രതി കവാടങ്ങള്‍  തെരുവില്‍ നഗ്നയാക്കി 
സ്വന്തം ശരീരത്തിന് വിലപേശുമ്പോള്‍ 
പതഞ്ഞു പൊങ്ങുന്ന രതിമൂര്‍ച്ചകള്‍ക്കപ്പുറം 
വന്നടിഞ്ഞ ബീജ മുഖങ്ങള്‍ 
നിന്നെ നോക്കി തലക്കുനിക്കും 

പവിത്രമെന്നു പച്ച കുത്തിയ 
പിറവി രഹസ്യങ്ങള്‍ 
ക്യാമറ കണ്ണുകളില്‍ വ്യഭിചരിക്കുമ്പോള്‍ 
നാം മുന്നേറുന്നത് പുറകിലെക്കേന്നു
തിരിച്ചറിയാന്‍ ഇനിയെത്ര ദിവസങ്ങള്‍ 

ചവിട്ടിയരയ്ക്കാന്‍ ഒരുപാട് ബാക്കിയുണ്ട് 
പുലരികളും ,അസ്തമയങ്ങളും
ദിശയറിയാതെ നിരങ്ങി തുടങ്ങി .
പ്രകൃതിയുടെ കണ്ണിലൂടെ 
ഒലിച്ചിറങ്ങിയ രക്ത കറകള്‍
ഇരുളിലേക്ക് വഴി കാണിക്കുമ്പോളും
നാം എവിടേക്ക് ....

അമ്മയുടെ മുലപ്പാലിനേക്കാള്‍ മാധുര്യം 
ശര്‍ദ്ദിച്ചുപോകുന്ന മദ്യത്തിനെന്ന തിരിച്ചറിവും 
മുന്നേറാന്‍ അര്‍പ്പിച്ച കുരുതിപ്പൂക്കളും 
മാതൃത്വത്തെ പച്ചയോടെ മൂടാന്‍ 
നമുക്ക് പ്രചോദനമാകുന്നു 

നടന്ന് നടന്ന് ഗര്‍ഭപാത്രത്തില്‍ 
തിരിചെത്തുമ്പോള്‍ 
 വിറ്റിരിക്കും ,അതും 
ആര്‍ക്കോ വേണ്ടി 
ഏതോ നനഞ്ഞ മോഹങ്ങള്‍ക്കായി 
വറ്റി വരണ്ടിരിക്കും 

പുതുമയുടെ ശവപ്പറമ്പുകള്‍ തേടി 
തളിര്‍കാത്ത പുല്‍നാമ്പുകളുമായി 
വരാനിരിക്കുന്ന പ്രളയത്തെ 
നഗ്നരായി കാത്തിരിക്കാം ....

Monday, September 24, 2012

ലഹരി


അനിവാര്യമായിരുന്നു നീ 
മിന്നി തിളങ്ങുന്ന ചുവപ്പക്കങ്ങള്‍ക്ക് 
ഒരു കടലിനപ്പുറം ചവര്‍പ്പിന്റെ രുചി പടരുമ്പോള്‍ 
ഓര്‍മ്മകളുടെ ചാപിള്ളകളെ ചുട്ടെടുക്കാന്‍ 
നിന്നെ എനിക്ക് വേണമായിരുന്നു .

ജീവിതം തളിര്‍ക്കുന്ന നിറമുള്ള രാവുകളില്‍ 
സ്നേഹത്തിന്റെ  നെറുകയില്‍ തൂവിയ സിന്ദൂരവും 
കാലഹരണപ്പെട്ടുപോകുന്ന  സ്വപ്ന ചിറകുകളും 
വിരഹത്തിന്റെ  തീകാറ്റുകളില്‍ കരിഞ്ഞു വീഴുമ്പോള്‍ 
പിടി വിടുന്ന മനസ്സിന് താങ്ങായ് നീയുണ്ടാവണം

ഈ പൊട്ടിയൊലിക്കുന്ന പ്രവാസത്തിന്‍ വൃണങ്ങളുമായ്
നിന്നെ തേടിയലയുമ്പോള്‍ 
മോഹങ്ങള്‍ക്ക് മീതെ മണ്ണിട്ട്‌ മൂടുന്ന മണല്‍ കാറ്റുകളും 
തുരുബെടുത്തു തുടങ്ങുന്ന ജീവിത രീതികളും 
നിന്നെ എന്നിലേക്ക്‌ വലിച്ചടുപ്പിക്കുകയായിരുന്നു 

ഇനി നീ വരിക എന്നിലേക്ക്‌ 
എന്‍ സിരകളെ ഉണര്‍ത്തി 
കാതലാം മനസ്സിനെ പറിച്ചെടുത്തു 
പറന്നു പോവുക .

സൂര്യനുദിക്കാത്ത നാളുകള്‍ക്കപ്പുറം
ദിനങ്ങള്‍ കൊഴിഞ്ഞു വര്‍ഷങ്ങള്‍ പൂവിടുമ്പോള്‍ 
എന്‍ മനസ്സിനെ നീ തിരിച്ചേല്‍പ്പിക്കുക 
അന്ന് ,ഓര്‍മ്മ തുടിക്കുന്ന ഒരുപിടി പൂച്ചെണ്ടുകള്‍ 
പ്രവാസത്തിന്റെ കുഴിമാടത്തിലര്‍പ്പിച്ചു 
മുളച്ചു തുടങ്ങുന്ന സ്വപ്ന ചിറകുകളുമായ്
എന്‍ മണ്ണില്‍ എനിക്ക് പറന്നിറങ്ങണം 

നീയെന്ന ലഹരി എന്‍ സിരകളിലൂടെ ഇരച്ചു കയറി 
ചിന്തകളുടെ കൊടുമുടികള്‍ക്കുമുകളില്‍ പൊട്ടി വിടരുമ്പോള്‍ 
ഞാന്‍ അനുഭവിക്കുന്ന ഈ നിര്‍വൃതി 
അതുമായ് ഞാന്‍ ജീവിതത്തോട് പട പൊരുതും 
അത് വരെ ഒരിക്കലും പിരിയാത്ത സഹയാത്രികനായ്
ഈ മുള്‍ വഴികള്‍ക്കിടയില്‍  എന്നെ കൈപ്പിടിച്ചു  നടത്തുക Friday, June 22, 2012

നഷ്ട്ടപ്പെടലുകള്‍

കണ്‍ പോളകള്‍ തുറക്കും മുമ്പേ 
ഈ പിഞ്ചു പാദങ്ങള്‍ പതിഞ്ഞ അടിവയറും 
ഉറവ വറ്റാത്ത മുലപ്പാലിന്‍ മാധുര്യവും 
അഹന്തതയുടെ നെരിപ്പോടില്‍ പഴുപ്പിച്ചെടുത്തപ്പോള്‍ 
നഷ്ട്ടമായത് ഒരു മാതൃത്വത്തിന്‍ വാത്സല്യവും 
കാരുണ്യത്തിന്റെ നിറം മങ്ങാത്ത കുറേ പുഞ്ചിരികളുമായിരുന്നു 

ചോരമണക്കുന്ന പാതയോരങ്ങളില്‍ പിടയുന്ന ജീവനും 
കണ്ണീരാല്‍ ദാഹം തീര്‍ക്കുന്ന ബാല്യമുഖങ്ങളും 
ലഹരിയുടെ തിരശീലക്കു പിന്നില്‍ അഗ്നി വിതറുമ്പോള്‍
നഷ്ട്ടപ്പെടാന്‍  ഒരായുസ്സിന്റെ മൂല്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു 

കാമമെന്ന പടകുതിരയുമായി
മാനം വെട്ടിപ്പിടിച്ചെടുക്കുമ്പോള്‍
മുന്നില്‍ പതിഞ്ഞ  കന്യകയുടെ സുഖാനുഭൂതികള്‍ക്ക് മുമ്പില്‍ 
തെറിച്ചു വീണ   രക്തത്തുള്ളികള്‍  
എന്നിലേക്കായ്‌  ശാപമുനകളെറിയുമ്പോള്‍ 
നഷ്ട്ടമായത് ബന്ധങ്ങളുടെ പവിത്രതയും 
നേടിയെടുക്കാന്‍ ഒരു പാട് ശാപവാക്കുകളും മാത്രം 

പൊള്ളയായ ആദര്‍ശം കയ്യിലേന്തി 
രാഷ്ട്രീയ നാടകത്തിലെ ഇരട്ട വേഷങ്ങള്‍ ആടി തീര്‍ക്കുമ്പോളും
കുമിഞ്ഞു കൂടിയ നോട്ടുകെട്ടുകള്‍ക്ക് മുകളിലൂടെ 
സ്വസ്ഥത നശിച്ച നേര്‍വരകളില്‍
നിദ്രതന്‍ മാലാഖകള്‍ പിടഞ്ഞു മരിക്കുമ്പോളും
നേടിയുടുത്തത് അവസാനങ്ങളിലേക്കുള്ള 
ചുവടു വെയ്പ്പുകള്‍ മാത്രമായിരുന്നു 

ഇനി ജീവിക്കാന്‍ ആയുസ്സ് ബാക്കുയില്ല  
ചിത കൂട്ടി അവസാന  കൊള്ളിയും 
നെഞ്ചില്‍ ഏറ്റുവാങ്ങുമ്പോള്‍ 
പെറുക്കിയെടുക്കാന്‍ നഷ്ട്ടങ്ങള്‍ മാത്രം ബാക്കിനിര്‍ത്തി 
ഇനിയും ഉദിക്കാത്ത     
പുനര്‍ജ്ജനിക്കായ്‌  മിഴി തുറക്കാം .....Friday, June 1, 2012

ഒരു കലാലയത്തിന്റെ ഓര്‍മ്മക്ക് .......
തേഞ്ഞു മാഞ്ഞു പോയ ഓര്‍മ്മകള്‍ക്കുമേല്‍ മറവിയുടെ കിളിക്കൂടുകെട്ടി  പടിയിറങ്ങിയപ്പോളും  പലതും ഒരിക്കലും വാടാത്ത ഓരോ സൂചനകളായ് എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കടമെടുത്ത ജീവിതത്തിലെ സ്വന്തമെന്നു കരുതിയ നിമിഷങ്ങള്‍     എന്നേ  എനിക്ക് മുന്നില്‍ വീണു പിടഞ്ഞു മരിച്ചതാണ് .എങ്കിലും ഓര്‍മകളുടെ ഈ നനുത്ത കാറ്റിനൊപ്പം ഒരിക്കല്‍ കൂടി ഞാന്‍ ഇന്നലകളിലേക്ക് ഇറങ്ങി നടക്കുകയാണ് .


ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കൊടുവില്‍ വീണ്ടുമൊരിക്കല്‍ കൂടി ഈ കലാലയത്തിന്റെ പടികള്‍ കയറുമ്പോള്‍ മനസ്സിലൂടെ ഓടിയെത്തുന്ന 
ഓര്‍മ്മകള്‍ എന്നെയും   കൊണ്ട്    പറന്നുയരുകയാണ്  . വീണ്ടുമൊരിക്കല്‍ തിരിച്ചു വരുമെന്നറിയാതെ ഈ ചവിട്ടുപ്പടികളില്‍  പതിഞ്ഞ കാല്‍പ്പാടുകള്‍ 
ഇന്ന് മണ്‍ മറഞ്ഞ ഏതോ നിമിഷങ്ങളുടെ പുനര്‍ജന്മത്തിനായ്  
കാത്തിരിക്കുന്നുണ്ടാകാം .

വളരെ വിരസമായ കലാലയ ജീവിതത്തിന്റെ ആദ്യനാളുകള്‍ ..
സ്കൂള്‍ ജീവിതമെന്ന വേലി കെട്ടുകള്‍ക്കപ്പുറം  എന്നെ  
കാത്തിരുന്നത്  നിരാശയും ,ഈ   വിരസ നിമിഷങ്ങളായിരുന്നു എന്ന് ഞാന്‍ 
തിരിച്ചറിയുകയായിരുന്നു .ഏതോ നരക ജീവിതത്തിലെന്ന പോലെ 
കഴിച്ചു കൂട്ടിയ ദിവസങ്ങള്‍ക്കു വിരാമമായിട്ടായിരുന്നു നീ എന്ന 
പുഞ്ചിരിക്കുന്ന ആ മുഖം എന്നിലേക്ക്‌  കടന്നു വന്നത് .
മനസ്സിന്റെ താളപ്പിഴകള്‍ കൂട്ടി കിഴിക്കുമ്പോള്‍  കാത്തു സൂക്ഷിക്കാന്‍
ഒരുപാട് നന്മകള്‍ ബാക്കി വെക്കുന്ന   ഒരു സാധാരണ പെണ്‍കുട്ടി .
.ഏകാന്തതയുടെ കളിതോഴിയായ് , വ്യതസ്ത വീക്ഷങ്ങളും ,ചിന്തകളുമായ് .
.ആരോടും കൂടുതല്‍ സംസാരിക്കാതെ , അധികം സൗഹൃദങ്ങളില്ലാത്ത 
അവളുമായ് അടുക്കുമ്പോള്‍ തന്നെ ഈ പുഞ്ചിരിക്കുന്ന 
മനസ്സിനുള്ളില്‍ പുറം ലോകമറിയാതെ തെളിച്ചു വെച്ച 
മണ്‍ചിരാതുകള്‍ അണയാതെ സൂക്ഷിക്കാന്‍ അവള്‍ 
ശ്രമിക്കുന്നുണ്ടായിരുന്നു ...അതില്‍ നിന്നുള്ള ഒരു മറയായിരിക്കണം 
ആദ്യത്തേ ഈ ഒഴിഞ്ഞു മാറലുകള്‍
എന്ന് കൂട്ടിവായിക്കാന്‍ അന്ന് എനിക്ക് കഴിയാതെ പോയി .
എന്റെ നിര്‍ബന്ധത്തിനോടുവില്‍ എന്റെ സൗഹൃദത്തിലേക്ക്
 അവള്‍ നടന്നു കയറുമ്പോള്‍ എന്നില്‍ നിന്നും  എന്തോ 
പ്രതീക്ഷിച്ചിരുന്നതായി തോന്നിയെങ്കിലും ,പലവട്ടം ചോദിച്ചു മടുത്ത
  ആ ചോദ്യം ഇന്നും ഉത്തരം കിട്ടാതെ എന്നെ ചുറ്റി വരിയുന്നുണ്ട് .

ദിവസങ്ങളുടെയും മാസങ്ങളുടെയും കുത്തൊഴുക്കില്‍ ഈ   സൗഹൃദം   
ഇരുവരുടെയും മനസ്സിന്റെ ഉള്ളറകളില്‍ വേരുറച്ചു  പോയത്' 
 ആര്‍ക്കു വേണ്ടിയായിരുന്നു 
അറിയുംതോറും വ്യതസ്തമായിരുന്നു അവളുടെ  ഓരോ   ചലനങ്ങളും  , 
വീക്ഷണങ്ങള്‍ക്കപ്പുറം  അവള്‍ക്കു    അവളുടേത്‌ മാത്രമായ
 ഒരു ലോകമുണ്ടായിരുന്നു .കവിതകളിലേയും കഥകളിലെയും
 അക്ഷരങ്ങളോടൊപ്പം അന്തിയുറങ്ങുന്ന അവളിലേക്ക്‌ 
ഒരു സ്വപ്നത്തിലെന്ന പോലെ ഞാനും കടന്നു പോകാറുണ്ടായിരുന്നു പതിവ് .
എന്തോ സ്വന്തം കൈവെള്ളയില്‍ വിരിയിച്ച കവിത പുഷ്പ്പങ്ങള്‍ 
സ്വന്തം ഡയറി താളുകളില്‍ അന്ത്യ വിശ്രമം നല്കാന്‍ 
അവള്‍ക്കെന്തോ വല്ലാത്ത ആവേശമായിരുന്നു 
ആ അക്ഷങ്ങളിലൂടെ ഞാനും എന്റെ മനസ്സും  അക്ഷരങ്ങളെ 
പ്രണയിച്ചു തുടങ്ങുകയായിരുന്നു അല്ലങ്കില്‍ ആ വാസനകള്‍ എന്നെ കീഴ്പ്പെടുത്തുകയായിരുന്നു 

നിമിഷങ്ങളുടെ സംഭാഷങ്ങള്‍ മണിക്കൂറായി മാറി തുടങ്ങുമ്പോള്‍ 
സൗഹൃദത്തിന്‍ വേലിയേറ്റങ്ങളില്‍ പരസ്പരമറിയാതെ പ്രണയം 
തളിര്‍ത്തു തുടങ്ങിയത്  ഇരുവരും അറിയാതെ പോയത്  ഒരു പക്ഷേ
 ഇന്നലകള്‍ സമ്മാനിച്ച . ഒരു നന്മയെന്നു
 ഇപ്പോള്‍  ഞാന്‍ തിരിച്ചറിയുന്നു .അക്ഷരങ്ങളെ കുറിച്ച് മാത്രം 
വാതോരാതെ സംസാരിച്ചിരിക്കുമ്പോള്‍ പലപ്പോഴും യാമങ്ങള്‍ 
ഞങ്ങള്‍ക്കായ്‌ വഴിമാറി ഒഴുകുമായിരുന്നു 
 കവിതകളില്‍ നിഴലിച്ചിരുന്ന കറുത്ത  ചില്ലക്ഷരങ്ങക്ക്   
മരണത്തിന്റെ സുഗന്ധം പടരുമ്പോള്‍ എല്ലാം ഒരു പുഞ്ചിരിയിലോതുക്കാന്‍ 
അവള്‍ വല്ലാതെ കഷ്ട്ടപെടുന്നുണ്ടായിരുന്നോ ?


അവളുടെ കവിതകളുടെ ഒരേയൊരു ആസ്വാദകനായി ഞാന്‍ 
മാറി കഴിഞ്ഞിരിക്കുന്നു , എഴുതി പൂര്‍ത്തിയാക്കിയ കവിതകളെ 
പച്ചയായ് കുഴിച്ചു മൂടുമ്പോള്‍ എന്തായിരുന്നു അവളുടെ മനസ്സില്‍. 
 ഒരിക്കലും വെളിച്ചം കാണാതെ കൊട്ടിയടക്കാന്‍ 
അവള്‍ക്കു അവളുടേതായ കാരണങ്ങളുണ്ടായിരുന്നു  .
ആദ്യ വര്‍ഷം വിട വാങ്ങുമ്പോള്‍ സംസാരിച്ച  വിഷയങ്ങള്‍ക്കിടയില്‍
 ഒരിക്കല്‍ പോലും പ്രണയത്തിന്റെ ചാപല്യങ്ങളോ ജീവിതത്തിന്‍ 
ഭാവി നിമിഷങ്ങളോ മുന്നില്‍ തെളിഞ്ഞിട്ടില്ല  
എന്നും തുടങ്ങുന്നതും ഒടുങ്ങുന്നതും ഈ അക്ഷരങ്ങളുടെ 
ആസ്വാദനത്തില്‍ മാത്രമായിരുനെന്നു  ഇന്ന് വളരെ വ്യത്യസ്തമായി തെളിയുന്നു  

എങ്കിലും ഈ സൌഹൃദം പലര്‍ക്കും അറിയാതെ  പോയത്' 
അവളുടെ വിജയമായിരിക്കണം .കവിതകളിലെ ഈ ജീവന്‍ തുടിക്കുന്ന 
വാക്കുകള്‍ ഈ കലാലയത്തോട്‌ വിളിച്ചു പറയാന്‍ ഒരുപാട് വട്ടം 
ഒരുങ്ങിയതാണ് ഞാന്‍ പക്ഷേ ഒരു ചെറിയ സത്യം ചെയ്യലിന്റെ  
ഓര്‍മ്മപ്പെടുത്തലില്‍ എന്റെ നാവുകള്‍ക്ക് അത് കഴിയാതെ പോയി .
ഒരേ ഒരു ആസ്വാദകന്‍ എന്നാ അഹങ്കാരത്തിലായിരിക്കാം 
ഈ ചിതറി വീണ വളപ്പൊട്ടുകള്‍ അന്ന് എനിക്ക് കവര്‍ന്നെടുക്കാന്‍
 കഴിയാതെ പോയത്.  

ഒരു ജീവന്റെ മൊത്തം വികാരങ്ങളും മരവിച്ചുറങ്ങുന്ന ആ ഡയറിക്കുറിപ്പുകള്‍
 ഒരു സമ്മാനമായി എനിക്കായ് വെച്ച് നീട്ടുമ്പോള്‍ അറിയാതെ പോയി 
ഞാന്‍ അതവളുടെഅവസാന കവിതയാണെന്നും എനിക്കായ് നല്‍കുന്ന 
അവസാന സമ്മാനമെന്നും ....അടുത്ത പിറവിക്കായ്‌ കാത്തിരുന്ന എന്നെ 
വരവേറ്റത് മരണമെന്ന കറുത്ത ചിറകുകള്‍ മുളച്ചു അവള്‍  
എന്നനേക്കുമായ്    പറന്നുയര്‍ന്നു എന്നതായിരുന്നു ...
വിശ്വസിക്കാന്‍ കഴിയും മുമ്പേ എല്ലാം അഗീകരിക്കപ്പെട്ടിരുന്നു .
ആ ലോലമായ ഹൃദയത്തെ കാര്‍ന്നു തിന്നുന്ന എന്തോ 
അവള്‍ പോറ്റി വളര്‍ത്തിയിരുന്നു 
വര്‍ഷങ്ങളുടെ പരിചയത്തിനിടയില്‍ ഒരിക്കല്‍ പോലും 
പറഞ്ഞിട്ടില്ലാത്ത ഈ വേദനകള്‍ 
ഇന്നും എന്റെ ആത്മാവിനു ചിറ്റും ചിറകടിക്കുന്നുണ്ട്.

എനിക്കായ് കൈമാറിയ ആ ഡയറി കുറിപ്പുകള്‍ എന്തിനെന്ന 
ചോദ്യം നിലനില്‍ക്കെ ..ഇന്നും പുസ്തക താളിലെ ഇരുണ്ട മുറികളില്‍
 മാനം കാണാതെ കാത്തു  സൂക്ഷിക്കുന്ന  നിന്റെ കവിതകളിലേക്ക്‌
 ഇനിയും വെളിച്ചം വീശാത്തത്  നിനക്കായ്‌ ഏകിയ വാക്കിന്റെ 
ശക്തിയായിരിക്കണം .അതുകൊണ്ടായിരിക്കണം നിന്റെ  ജീവിതവും 
ഓര്‍മകളും ഇന്നും എന്റെ മനസ്സിനുള്ളില്‍ ഭദ്രമായി നീറി പുകയുന്നതും 

ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഈ കലാലയതിലേക്കുള്ള ഇടവഴികളിലൂടെ 
ഞാന്‍ ഏകനായ് സഞ്ചരിക്കുകയാണ്  ആ ഓര്‍മ്മകള്‍ ഒരു ഇളം കാറ്റായ്' 
എന്നെ തഴുകി കടന്നു പോകുമ്പോള്‍ വ്യഥാ മോഹിക്കുകയാണ് ഞാന്‍
 എല്ലാം ഒന്ന് തിരിച്ചു വന്നിരുന്നങ്കില്‍ എന്ന് ...ഇവിടെ ഇന്ന് ഒരുപാട്'
മാറിയിരിക്കുന്നു .....ഈ അന്തരീക്ഷത്തിനു ഇന്നലകളുടെ സുഗന്ധമില്ല ,
ഇവിടെ കുറിക്കപ്പെട്ടിരുന്ന ചുവര്‍ ചിത്രങ്ങളില്‍ നാളെക്കായ്‌ നാം 
കാത്തു വെച്ച  നന്മകളില്ല  .നിന്റെ കാല്‍പ്പാടുകള്‍ക്ക് മുകളിലൂടെ 
കാലം പലതും തേയ്ച്ചു മായ്ച്ചു ഒരു പാട് മുന്നേറിയിരിക്കുന്നു 

എന്തായാലും നിന്റെ ഓര്‍മ്മകള്‍ക്ക് മാത്രമായി ഈ തൂലികയിലെ 
ചുവന്നക്ഷരങ്ങള്‍ നിന്‍ മനസ്സിന്റെ വെളുത്ത ചുവരുകള്‍ക്കിടയില്‍ 
ഞാന്‍ വരച്ചു ചേര്‍ക്കുമ്പോള്‍ നീ അറിയുന്നുണ്ടാകും 
എന്റെ മനസ്സും നമ്മുടെ സ്വപ്നങ്ങളും  എന്ന വിശ്വാസത്തില്‍ ഞാന്‍ 
തിരിച്ചു നടക്കുകയാണ് .....ഈ കലാലയത്തിന്‍ മതില്‍കെട്ടിനപ്പുറം  
എന്റെ ജീവിതത്തിലെ ഈ ഇരുണ്ട അദ്ധ്യായത്തിനു 
ഒരു തിരശ്ശീല   വീഴ്ത്തി  ഇനിയും മുന്നേറാന്‍ ഒരുപാടുണ്ടെന്ന
 വിശ്വാസത്തില്‍ പതിയെ ചുവടു വെക്കട്ടെ ............

Thursday, April 26, 2012

വിധവ
നിന്റെ
  സങ്കല്‍പ്പങ്ങളെ നീ 
തല്ലിയുടക്കരുത്  
സമ്മതമല്ലായിരുന്നു എന്ന് ഓതി മടുത്ത പല്ലവിക്കപ്പുറം 
ജീവിതത്തിന്റെ നേര്‍വരയിലേക്ക്‌  ഇറങ്ങി നടന്നപ്പോള്‍ 
പാതി വഴിയില്‍ മുറിഞ്ഞ നിന്‍ താലിചരടില്‍ 
ഒരു ദുരന്തത്തിന്റെ ശേഷിപ്പുകള്‍ ഉണങ്ങാന്‍ തുടങ്ങുന്നു .

എവിടെ നീ കുഴിച്ചു മൂടും നിന്‍ സ്വപ്നങ്ങളും  , നൊമ്പരങ്ങളും 
ഇനി നിന്നില്‍ പതിയുന്ന നോട്ടങ്ങള്‍ക്ക്‌ 
ഒരു അഭിസാരികയുടെ ഗന്ധം പരത്താന്‍ 
സമൂഹം ഒളിയമ്പുകളയച്ചു  തുടങ്ങിയിരിക്കുന്നു .

വിധിയുടെ താല്‍കാലിക വൃണങ്ങളിലെ 
ചോരനക്കാന്‍  കടിപിടി കൂട്ടുന്ന ഉരഗ വര്‍ഗ്ഗങ്ങള്‍ 
രതി വൈകൃതങ്ങള്‍ വിളയുന്ന അറവുശാലയില്‍ 
കുരുതിക്കായ്‌ തറ മെഴുകുമ്പോള്‍ 
പതറാതിരിക്കാന്‍ നിന്നാവട്ടെ .

ഇത്തിള്‍കണ്ണികളുടെ അരണ്ട ലോകത്തുനിന്നും 
ഒരു വന്‍ വൃക്ഷമായി നീ  വളരണം 
ഇല്ലങ്കില്‍ നാളെ നിന്റെ തണലിനായി 
ഈ മൂക സമൂഹം കൊതിക്കണം 
അതാവട്ടെ ഇനി നിന്റെ കണ്ണുകളില്‍ തിളക്കേണ്ടത്‌ 

കണ്ണീരൊഴുക്കി തേയ്ച്ചു കളയാന്‍ 
നിന്റെ മനസ്സില്‍ കറകളിലാത്ത കാലം വരെ 
നീയായിരിക്കും യഥാര്‍ത്ഥ കന്യക .
ചലനമറ്റ സമൂഹത്തില്‍ നിനക്ക് മുമ്പേ 
പതറിവീണവര്‍ക്കൊപ്പം  നാളെ നീയില്ല .
നീ  സ്ത്രീയാണ് , പരാജയത്തിന്‍ തീച്ചൂളകള്‍
നീ എന്നോ തല്ലിക്കെടുത്തിയതാണ് .

ധര്‍മ്മം കാത്ത വീര പുത്രികള്‍ക്കൊപ്പം
കാലം നിന്റെ  പടം വരച്ചു ചേര്‍ക്കണം 
അന്ന് നിനക്കായ്‌ പെയ്ത മഴയുടെ ശീതളതയില്‍ 
ഈ ഭൂമി തണുക്കട്ടെ .....

Tuesday, April 24, 2012

വേദനവേദനകളുടെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ 
നനവ്‌ വറ്റിയ സ്വപ്നങ്ങളെ പുഞ്ചിരിക്കുക ,
നെയ്തു തീര്‍ത്ത ശരീരത്തിനുള്ളിലേക്ക്
കുത്തിയിറക്കിയ സൂചിമുനകള്‍ 
വേദനയുടെ ദൂതുമായെത്തുബോളേക്കും 
സിരകളില്‍ ഒഴുകുന്ന  ഉണര്‍വ്വ് ലായനിയില്‍ 
ജീവിതം മുങ്ങി തുടങ്ങിയിരുന്നു 

വേദന ... നീ ലഹരിയാണ് ...
എന്നിലെ ഇരുണ്ട വഴികളിലൂടെ നീ ഇരച്ചു കയറുമ്പോള്‍ 
പാതി മയങ്ങിയ കണ്ണുകളിലൂടെ ഓര്‍മ്മകള്‍ കൊഴിയാന്‍ തുടങ്ങുമ്പോള്‍ 
ആഴമറിയാത്ത ചതുപ്പുകളിലേക്ക് ഞാന്‍ വലിച്ചെറിയപ്പെടുകയോ ?

കട്ടിലില്‍ വരിഞ്ഞു കെട്ടിയ മേനിക്കുള്ളിലൂടെ 
മെനെഞ്ഞെടുത്ത പായ് വഞ്ചിയില്‍ യാത്രയാകുന്ന ഓര്‍മ്മകള്‍ 
എവിടെയോ തകര്‍ന്നടിയുന്നതിന്റെ അപസ്വരങ്ങള്‍ 
ഒരു നേര്‍ത്ത വിങ്ങലായ് എന്നില്‍ വന്നടിയുന്നുണ്ടായിരുന്നു .

വലിച്ചു മുറുക്കി  കെട്ടിയടക്കിയ സ്വാതന്ത്രത്തിന്‍ -
ചങ്ങലക്കൂട്ടങ്ങള്‍ക്കിടയില്‍ ജീവിതം ദ്രവിച്ചു തുടങ്ങി .
നിനക്കെതിരെ കുത്തിയിറക്കിയ മോര്‍ഫിനുകള്‍ 
ഉള്ളിലെ രണഭൂമിയില്‍ പ്രാണനെ പിഴിഞ്ഞെടുത്ത് ഭീതി തീര്‍ക്കുന്നു .

നിന്നിലൂടെ തെഴുത്ത്‌, പൂത്തുലഞ്ഞ മരണമെന്ന രക്ഷകനോ
പ്രത്യാശയുടെ കരി പുരണ്ടു മണ്ണില്‍ വീണു പിടയുന്നു .
ഉള്ളിലോഴുകുന്ന കറുത്ത രക്തത്തിന്‍ ശേഷിപ്പുകള്‍ 
കണ്ണിലൂടെ പൊട്ടിയൊലിക്കുംമ്പോളേക്കും 
ബാക്കിയാകുന്നത് ഇനിയെത്ര രാവുകള്‍ .

ദുരന്തങ്ങളുടെ ഗോപുര വാതിലുകള്‍ക്ക്  മുകളില്‍ 
നിനക്കായ്‌ ഞാന്‍ അലറിവിളിക്കാറുണ്ട്
ശിരസ്സു മുതല്‍ പാദം വരെ നിന്റെ വീര്യം പതഞ്ഞു  പൊന്തുമ്പോള്‍ 
കീഴടങ്ങിയിട്ടില്ലേ  ഞാന്‍ പലവട്ടം ...

ഇനി എനിക്ക് വിജയിക്കണം 
നീ കാര്‍ന്നെടുത്തതെല്ലാം  നിനക്കായ്‌ സമര്‍പ്പിച്ചു 
തോല്‍വിയുടെ ഉപ്പുരസം നിന്‍ നാവില്‍ പടര്‍ത്തി 
നമ്മെ പിരിക്കാന്‍ അവന്‍ വരുന്നു 

കാത്തിരിപ്പിന്റെ  കറുത്ത അദ്ധ്യായങ്ങള്‍ കാറ്റില്‍പ്പറത്തി
ഇനിയും അറിയാത്ത ലോകത്തിലേക്കൊരു കാല്‍വെപ്പ്‌ ..
ഒന്നുമാത്രം , നീയെന്ന ലഹരിക്കപ്പുറത്തു 
ഒരിക്കലും തളരാത്ത ആത്മവീര്യവുമായ് 
പച്ചയായ് എനിക്ക് ജീവിക്കണം ...
ജീവിച്ചു മരിക്കണം .......ഒരായിരം വര്‍ഷങ്ങള്‍ ....

Friday, January 27, 2012

ചോദ്യോത്തരം
മാറാല മറയിട്ട അടുക്കള പാത്രത്തില്‍ 

ഹിമാമായ് തിളങ്ങുന്ന അമ്മതന്‍ ചുടുകണ്ണീര്‍ 

മക്കള്‍ തന്‍ വേദനക്കാശ്വസമായമ്മ 

തുണിയഴിച്ചാടുന്നു ജീവിത വേഷങ്ങള്‍ .


വന്നു ചേര്‍ന്നവര്‍ , പോയി  മറഞ്ഞവര്‍ 

രാത്രിക്ക് കാവലായ് കൂട്ടുകിടന്നവര്‍ 

പകരുന്ന ഉമിനീരിനറപ്പുളവാക്കുന്നോര്‍ 

ഇണ ചേര്‍ന്ന ജീവനും, ഉരഗ വര്‍ഗങ്ങളും .


ഇനിയെത്ര ബാക്കിയീ ജീവിത തോണിയില്‍ 

തുണിയില്ലാതലയുന്ന മാര്‍ഗ്ഗങ്ങളില്‍ വെറും -

ചിറകെട്ടി ഉറയുന്ന ജീവിത ഭാരവും ,

തിരിയിട്ടു തെളിയിച്ച നിലവിളക്കിന്‍ച്ചോട്ടില്‍

ഉരുകി വീഴുന്നതോ ചലിക്കാത്ത ബീജങ്ങള്‍ 


കൊതി വലിക്കുന്നു കാമമരച്ചോട്ടില്‍

അസ്ഥികള്‍ പൂത്തു കരിഞ്ഞുണങ്ങുമ്പോളും

എന്നോ ചതഞ്ഞ വികാരങ്ങള്‍ക്കുള്ളിലെ

എച്ചിലു നുണയുവാന്‍ ഇനിയെത്ര ശുനകന്‍മാര്‍ 


ആരെ പഴിക്കണം ഇനി നമ്മള്‍ 

ആര്‍ക്കുനേരെറിയണം വിഷക്കല്ലുകള്‍ 

അറിയുന്ന നേരിനെ കണ്ണടച്ചിരുട്ടാക്കി 

അടിവസ്ത്ര മുരിയുന്ന സ്ത്രീത്വമോ 

പിന്നെ, കാമ ജ്വരം മൂത്തു
 
കണ്ണിലിരുട്ടാക്കി ഭോഗിച്ചു തളരുന്ന പുരുഷ്വത്വമോ 


മൂല്യച്ച്യുതികള്‍ വളക്കൂറു തീര്‍ത്തു 

കരിഞ്ഞുണങ്ങുന്ന  മനുഷത്വവും കണ്ടു 

മഞ്ഞച്ചോരീ കണ്ണുകളില്‍ വെറും 

കൃമിയായ് നുരക്കുന്നു മനുഷ്യ വര്‍ഗ്ഗം 

Sunday, January 22, 2012

മകന്പ്രതീക്ഷയില്ലിനീ മനസ്സുകളില്‍ വെറും 
വിരിയാത്ത മരണത്തിന്‍ വസന്തങ്ങളല്ലാതെ,
ഏകനായ് വന്നു ,പാതിയിലലിഞ്ഞ നിന്‍ അമ്മയോന്നിച്ചു -
ജീവിച്ചൊരീ നിമിഷങ്ങളത്രയും 
അര്‍ത്ഥ ശ്യൂന്യങ്ങളായ് കൊഴിഞ്ഞു വീഴുന്നുവോ ?

ഉറങ്ങുന്നു ഞാനിന്നു അനാഥനായ് തലങ്ങളില്‍ 
അലയുന്നു ശോകമുയരുന്ന വഴികളില്‍ -
നിന്‍ വിളിക്കായ് കാതോര്‍ത്തു നിന്നോരീ 
ദിവസങ്ങളെന്നോ മറഞ്ഞു ....

ഇന്നീ മനസ്സിന്റെ  പിടിയഴിയുന്നു
ശ്യൂന്യമായ് തെളിയുന്ന കൈകളും ബാക്കി ,
നഗ്നമാം നിന്‍ മനസ്സില്‍ വിരിയിച്ചൊരു -
സ്നേഹപുഷ്പ്പത്തിലെ കരിയതെപോയരിതളരുത്തു നീ -
ദക്ഷിണയായെങ്കിലും  കാല്‍ക്കല്‍ വെക്കൂ 

ഒരു നിമിഷമെങ്കിലും ഓര്‍ക്കുക നീ 
നിന്‍ ബാല്യത്തിലേക്കൊന്നു  പോകൂ 
കൈപിടിച്ചോടുമോ എനിക്ക് മാത്രമീ -
വാത്സല്യമൊഴുകുന്ന സ്നേഹതീരങ്ങളില്‍ 

കാണാറുണ്ട് ഞാന്‍ സ്വപ്നത്തിലെങ്കിലും 
കാണാതെ പോയ നിന്‍ മക്കള്‍ തന്‍ ശ്രീരൂപം
ലാളിച്ചെടുക്കുവാന്‍ വെമ്പുമീ കൈകളില്‍ 
മുറിവായ്‌ വിതുമ്പുന്ന ചങ്ങല കൂട്ടങ്ങള്‍ 

അറിയുമോ അവരെന്നെ ,
മുത്തശ്ശനെന്നീ വിളിപ്പേരെങ്കിലും 
ഓതുമോ നീ അവരോടെങ്കിലും 
അറിയാതെ പോകുമീ സ്നേഹപ്പൂതണല്‍ 
ചിന്തയിലെങ്കിലും ഉയരട്ടെ വാക്കുകള്‍ 
അവശേഷിക്കുമോ മുത്തശ്ശനെന്ന പേര്‍ 

വരിക നീ അവസാനമായോരുവട്ടം കൂടിയീ-
അഴുകുന്ന ബന്ധത്തിനളവെടുത്തീടുവാന്‍.
തിരക്കിന്റെ  ശബ്ദം മുഴങ്ങുന്നതിന്‍ മുമ്പ് നീ 
പകരുമോ സ്നേഹത്തിന്‍ ഒരു തുള്ളി കണ്ണുനീര്‍ .

നേരുന്നു നന്മകള്‍ 
ഇനിയില്ല ,ഞാനില്ല ഓര്‍മ്മകള്‍ മാത്രം 
ഒഴുകുനീ നിന്‍ തിരക്കിന്റെ വഴികളില്‍ .
ഒരുനാളു തെളിയും നിനക്കായ്‌ മാത്രമീ -
നരവീണു  തുടങ്ങുന്ന കാലത്തിന്‍ മുദ്രകള്‍ .
ഓര്‍ക്കുക അന്നുമാത്രമെന്നെ നീ 
അനുഭവിച്ചറിയുനീ ഒരു അച്ഛന്റെ  വേദന ....

Tuesday, January 17, 2012

യുദ്ധംസാമ്രാജ്യത്തിന്റെ കല്‍ തുറങ്കുകളില്‍
ചാട്ടവാറേറ്റു പുളയുന്ന സ്മൃതി വരമ്പുകള്‍ .
പഴകി തെറിച്ച വാക്കുകള്‍ .
വിഭൂതികളുടെ മാംസളതയില്‍ വിരിവെച്ചു -
തേടിയലഞ്ഞ ചോദ്യങ്ങള്‍ക്കുമുന്നില്‍ 
വിറയാര്‍ന്ന്, അവശനായ് ഞാനും .

ഈ യുദ്ധഭൂമിയില്‍ ഗര്‍ജ്ജിക്കുന്ന -
പടവാളുകളുടെ ദീന രോദനങ്ങലില്ല ,
കാതടപ്പിക്കുന്ന ഭീതിയുടെ കരിമ്പട്ടുടുത്തു 
കുതിച്ചു പായുന്ന അശ്വരഥങ്ങളില്ല.

കൂരിരുളായ കര്‍മ്മഭൂമിയില്‍ 
ലക്ഷ്യമില്ലാതെ പോയ വികാരങ്ങളുടെ 
കുരുന്നു കതിര്‍ കൊയ്തു ,തേടിയലഞ്ഞ -
വഴികളിലെ തീച്ചൂളകളില്‍ ചുട്ടെടുക്കണം .

എത്തിപിടിച്ച കൊടുമുടികളുടെ 
ഉന്നതങ്ങളില്‍ നിന്ന് കൈവിട്ടു 
എന്നിലെ അഗാതതയിലേക്ക് 
ആഴത്തില്‍ പതിക്കണം ...

വിജയഭേരി മുഴക്കി തിരിഞ്ഞു നടക്കുംമുമ്പ് 
വികാരങ്ങളുടെ രതിമൂര്‍ച്ചകളില്‍
പകര്‍ന്നെഴുതിയ കവിതകളും , സ്വപ്നങ്ങളും -
നേര്‍വരയിലെ മണ്‍കുടങ്ങളില്‍ വരിഞ്ഞു കെട്ടി 
ചക്രവാളത്തിന്‍ നീലിമകളിലേക്ക്  ഒഴുക്കി വിടണം .

ഇന്ദ്രിയങ്ങളുടെ തലപ്പവിനു മുകളില്‍ 
പാടിതഴമ്പിച്ച കുയില്‍ നാദത്തിന്റെ ഈരടികള്‍ 
രണഭൂമികളില്‍ മണ്ണിട്ട്‌ മൂടി 
തിരിഞ്ഞു നടക്കണം .

അക്രമിക്കാതിരിക്കാന്‍ കോട്ട തീര്‍ത്തു 
ചുറ്റി  വളയുന്ന  കാലാള്‍പ്പടകളെ 
വെട്ടി വീഴ്ത്താന്‍ കടിഞ്ഞാന്‍ പണിയണം 

മനസ്സിന്റെ  മാന്ത്രിക കുതിരക്കുമേല്‍ 
അടിമയുടെ ചായം പൂശി 
വഴിത്താരകളിളെല്ലാം വെളിച്ചം വിതറി 
തൂവെള്ള കൊടികളുമായ്
കുതിച്ചു പായട്ടെ ഞാന്‍ 
ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് 

Saturday, January 14, 2012

യാചകന്‍നഗ്ന പാദന്‍
കണ്ണുകളില്‍ ജരാനരകള്‍ 
വിശപ്പിന്റെ  രോദനങ്ങളലരുന്ന 
വയറിനു കുറുകേ
കെട്ടിയമര്‍ത്തിയ പാതി വസ്ത്രം .
ഊന്നു വടിയില്‍ ഭാരം പടര്‍ത്തി 
വിധിയുടെ തീകനലിലൂടെ അവനും ..

അവന്‍ മനുഷ്യന്‍ 
അവന്റെ മുന്നില്‍ ഇന്നലകളുടെ ചുവര്‍ചിത്രങ്ങളോ ,
നാളയുടെ ദുര്‍നിമിത്തങ്ങളോയില്ല .
തുരുമ്പടുത്ത  ഭിക്ഷ പാത്രത്തിലേക്ക്  
വന്നു വീഴുന്ന വറ്റുകളുടെ ആകെ തുകയായ്
അവനും ജീവിതം മെനയണം.

അവന്‍ മനുഷ്യന്‍ 
വെച്ച് നീട്ടിയ ഓട്ടപാത്രത്തിലേക്ക് 
നീയെറിഞ്ഞ ചില്ലറ തുട്ടുകള്‍ക്ക് 
ആരായുസ്സിന്റെ ,ഗതികേടിന്റെ -
ഇനിയും പിറകാത്ത സ്വപ്നങ്ങളുടെ 
അടങ്ങാത്ത തീക്ഷ്ണതയുണ്ട് .

അവന്‍ മനുഷ്യന്‍ 
നിസ്സഹായതയുടെ കൈവെള്ളയിലേക്ക് 
നീ കാര്‍ക്കിച്ചു തുപ്പുമ്പോള്‍ 
കണ്ണീരില്‍ കഴുകി കളയാന്‍ അവനെന്നേ ശീലിച്ചിരിക്കുന്നു .
രാവിന്റെ തണുത്ത തിരശീലക്കു പിന്നില്‍ 
പൊട്ടിയൊലിക്കുന്ന മുറിവുകളുമായ് തീകായുമ്പോള്‍ 
വിടര്‍ന്നു വന്നത് കയ്പ്പുനീരിന്റെ വസന്തകാലം
 
അവന്‍ മനുഷ്യന്‍ 
വില്‍ക്കാനുണ്ട് അവയവങ്ങള്‍ 
വേദനിപ്പിക്കാതെ കീറിമുറിക്കുക 
ഇനി കണ്ണീരില്ല 
പാതിയായ ആയുസ്സിന്റെ  പേറ്റുനോവില്ലാതെ 
അടിമയക്കപെട്ടവന്റെ  ആത്മരോഷം  
കാലത്തിനു നേരെ അവന്‍ തൊടുത്തു വിടും .
ആയുസ്സ് തീര്‍ന്നു ചീഞ്ഞുനാറുമ്പോള്‍
പുഞ്ചിരിക്കണം അവസാനമായി ...

ഇനി ശാപ വക്കുകളെറിയാന്‍ അവനില്ല 
അവന്റെ  പരമ്പരയുമില്ല  
നീ മാത്രം, നിന്നിലൂടെ അവന്‍ പുനര്‍ജ്ജനിക്കും ,
അവന്റെ  പാതയിലേക്ക് നിന്നെ നയിക്കാന്‍ 
നിന്റെ  മക്കള്‍ കൊതിക്കുവെങ്കില്‍ 
അതവന്റെ  മധുര പ്രതികാരം .
മറിച്ചാണങ്കില്‍ നിന്റെ ജീവിതം അവന്റെ 
വെറും ഔദാര്യവും ...
ജയപരാജയങ്ങളിലാത്ത അവന്റെ 
ജീവിതമോര്‍ത്തു  പുഞ്ചിരിക്കുക   ഒരിക്കല്‍ കൂടി ....


Thursday, January 5, 2012

സഞ്ചാരംസഞ്ചരിക്കണം ഒരിക്കല്‍ കൂടി ..
പിരിയാന്‍ വെമ്പിയ നിമിഷങ്ങളുടെ നഗ്നതയില്‍ 
ഒരു കഠാര താഴ്ത്തി -
ഒലിച്ചിറങ്ങുന്ന കുരുതി പൂക്കള്‍ക്ക് 
അന്ധക്കാരത്തിന്‍ നിറം പകര്‍ന്നു തിരിഞ്ഞു നടക്കണം .

പുഞ്ചിരിയാര്‍ന്ന ബാല്യം പുനര്‍ജ്ജനിക്കുമെങ്കില്‍
സ്നേഹം തുളുമ്പുന്ന മാതാവിന്റെ  മാറിടങ്ങളില്‍ നിന്നും -
ഒരിക്കല്‍ കൂടി സ്നേഹത്തിന്‍ പാലു നുണയണം.
തല നിവര്‍ത്തിയ പച്ചില കൂട്ടങ്ങളെ ചുബിച്ച്
കുടചൂടുന്ന  കാര്‍മേഘങ്ങളുടെ അകമ്പടിയുമായ്‌
വയല്‍ വരമ്പിലൂടെ പിച്ച വെച്ച് നടക്കണം .

യവ്വനത്തിന്‍ ഗുഹാ മുഖത്ത്
നിറം മങ്ങിയ തൂവലുമായ് പറന്നുയര്‍ന്നപ്പോള്‍ 
ചിതറി വീണ മനസ്സും ,ശരീരത്തിനുമപ്പുറം  ,
വാരി കൂട്ടിയ ഓര്‍മ്മകളുടെ ശേഷിപ്പുകള്‍ 
എനിക്കായ് തിരിച്ചു തന്ന കാലത്തിന്‍  
വിശാല്തയിലിരുന്നു എനിക്ക് കവിത കുറിക്കണം 

പ്രവാസത്തിന്റെ  വിഴിപ്പു ഭാന്ധങ്ങള്‍ 
കുളപ്പുരകളില്‍ മണ്ണിട്ട്‌ മൂടി ..
മാടി വിളിക്കുന്ന ശീതള മേനിയിലൂടെ 
എനിക്ക് നീന്തി തുടിക്കണം 

ഫണമുയര്‍ത്തി ആടിതളര്‍ന്ന ലഹരികള്‍ 
സിരകളില്‍ ഊറി കിടക്കുന്നുണ്ട് 
ഒരു ചെറു കാറ്റില്‍ ഇളകി മറയാന്‍ തുടങ്ങുമ്പോള്‍ 
അവയെ കല്‍ തുറങ്കുകളിലടച്ചു  യാത്ര തുടരണം 

ഡയറിക്കുറിപ്പുകളില്‍ കരിമഷി പുരണ്ട അക്ഷരക്കൂട്ടങ്ങള്‍ക്ക് 
ജീവിതത്തിലെ ഇരുളടഞ്ഞ സ്വപ്നങ്ങളുമായ്‌ പ്രണയമായിരുന്നു .
എഴുതി തീര്‍ക്കാന്‍ ഇനിയെത്ര താളുകള്‍ ..
അതോ അതിന്‍ മുമ്പ് ....
മഷി വറ്റാരായ തൂലികയുടെ അവസാന ശ്വാസവും നിലക്കുമെങ്കില്‍ 
ഇതാവട്ടെ അവസാന ഡയറിക്കുറിപ്പ്‌ 
വീണ്ടും സഞ്ചരിക്കണം ......
ഓര്‍മ്മകളുടെ ഇടവഴികളിലൂടെ ഒരിക്കല്‍ കൂടി ......


Sunday, January 1, 2012

മുറവിളികള്‍പരമ്പരകളിലെ തായ് വേരുകള്‍ക്കിടയില്‍ 
കണ്ണീരിന്റെ  രുചിഭേദങ്ങള്‍ 
യാന്ത്രികമായ്‌ ഊറ്റിയെടുക്കുമ്പോള്‍
ഒരു വിളിപ്പാടകലെ 
എനിക്കായ് ഒരു ഗാനമുയരുന്നുണ്ട് 

നാളയുടെ വളക്കൂറുകള്‍ക്കായി 
മണ്ണില്‍ അലിയിപ്പിച്ച അരുണ രക്തം 
ചുടുകാട്ടിലൂടെ  ഒഴുകി അകലുമ്പോള്‍ 
കെട്ടണയാത്ത തീ ജ്വാലകള്‍ നെഞ്ചിലേറ്റി 
കാലം കാര്‍ന്നു തിന്ന പച്ചമാംസം -
ബാക്കിയാക്കിയ അസ്ഥികൂടങ്ങള്‍ 
പുനര്‍ജ്ജനിക്കായ്‌ കൊതിക്കുന്നുവെങ്കില്‍ 
അവിടെ ഒരു നാദമുണരും
എനിക്കായ് എഴുതിയ , അവ്യക്തമായ 
ഒരു ശോക ഗാനം ..

മൂകതയുടെ നിലവുപെയ്ത ത്രിസന്ധ്യകളില്‍ 
ബന്ധങ്ങളുടെ അദ്രിശ്യ മതിലുകളില്‍ 
കഴുകന്‍ നഖങ്ങളാല്‍ പോറി വരക്കുമ്പോള്‍ 
അടര്‍ന്നു വീണ സംസ്കാരത്തിന്‍ മാറ്റൊലികള്‍ 
എനിക്കായ് പാടി തുടങ്ങും ...

അഹന്തതയുടെ കളിതോഴനായ് 
നിറക്കൂട്ടുകളില്‍ വിരിയിച്ച പ്രതീക്ഷകള്‍ക്ക് പിന്നില്‍ 
നിഴലുമായ് ഞാന്‍ അണിനിരക്കുമ്പോള്‍
നെച്ചു പിളര്‍ത്തി , പടര്‍ന്നു കയറിയ 
വിഷവള്ളികളില്‍ തളിര്‍ത്ത ശവംനാറി പൂവുകള്‍ 
മനസ്സിന്റെ താഴ്വരകളില്‍ തല്ലികൊഴിച്ച്
പെയ്തിറങ്ങുന്ന ഹിമകണങ്ങളില്‍  
കവിത വിരിയിക്കുമ്പോള്‍ 
അതെന്റെ അവസാന കവിതയായിരിക്കും 

മരണത്തിന്‍ ദൂതുമായെത്തിയ ആത്മാക്കള്‍ 
എനിക്കായ് വീണമീട്ടുമ്പോള്‍
ദേഹം ചുമക്കുന്ന പല്ലക്കുമായ് 
കുഴിമാടങ്ങളിലേക്ക് ചുവടുവേക്കുമ്പോള്‍ 
ഞാന്‍ കേള്‍ക്കും , വ്യക്തമായ 
ശ്രുതിചേര്‍ക്കാത്ത  ഒരു  പ്രണയകാവ്യം 

ഈ ഭൂമിയെ പുളകം കൊള്ളിച്ചു 
ഞാനും അസ്ഥിയായ് പൂത്തുതുടങ്ങും 
വ്യക്തമാക്കിയ വരികള്‍ പകര്‍ത്തിയെഴുതാനാവാതെ 
ഞാനും ഒരു നാദമുതിര്‍ക്കും 
എനിക്കായ് പ്രണയകാവ്യം രചിച്ച 
ആത്മാക്കള്‍ക്ക് വേണ്ടി മാത്രം 
പാടിതുടങ്ങട്ടെ ഞാനും ....