Monday, September 24, 2012

ലഹരി


അനിവാര്യമായിരുന്നു നീ 
മിന്നി തിളങ്ങുന്ന ചുവപ്പക്കങ്ങള്‍ക്ക് 
ഒരു കടലിനപ്പുറം ചവര്‍പ്പിന്റെ രുചി പടരുമ്പോള്‍ 
ഓര്‍മ്മകളുടെ ചാപിള്ളകളെ ചുട്ടെടുക്കാന്‍ 
നിന്നെ എനിക്ക് വേണമായിരുന്നു .

ജീവിതം തളിര്‍ക്കുന്ന നിറമുള്ള രാവുകളില്‍ 
സ്നേഹത്തിന്റെ  നെറുകയില്‍ തൂവിയ സിന്ദൂരവും 
കാലഹരണപ്പെട്ടുപോകുന്ന  സ്വപ്ന ചിറകുകളും 
വിരഹത്തിന്റെ  തീകാറ്റുകളില്‍ കരിഞ്ഞു വീഴുമ്പോള്‍ 
പിടി വിടുന്ന മനസ്സിന് താങ്ങായ് നീയുണ്ടാവണം

ഈ പൊട്ടിയൊലിക്കുന്ന പ്രവാസത്തിന്‍ വൃണങ്ങളുമായ്
നിന്നെ തേടിയലയുമ്പോള്‍ 
മോഹങ്ങള്‍ക്ക് മീതെ മണ്ണിട്ട്‌ മൂടുന്ന മണല്‍ കാറ്റുകളും 
തുരുബെടുത്തു തുടങ്ങുന്ന ജീവിത രീതികളും 
നിന്നെ എന്നിലേക്ക്‌ വലിച്ചടുപ്പിക്കുകയായിരുന്നു 

ഇനി നീ വരിക എന്നിലേക്ക്‌ 
എന്‍ സിരകളെ ഉണര്‍ത്തി 
കാതലാം മനസ്സിനെ പറിച്ചെടുത്തു 
പറന്നു പോവുക .

സൂര്യനുദിക്കാത്ത നാളുകള്‍ക്കപ്പുറം
ദിനങ്ങള്‍ കൊഴിഞ്ഞു വര്‍ഷങ്ങള്‍ പൂവിടുമ്പോള്‍ 
എന്‍ മനസ്സിനെ നീ തിരിച്ചേല്‍പ്പിക്കുക 
അന്ന് ,ഓര്‍മ്മ തുടിക്കുന്ന ഒരുപിടി പൂച്ചെണ്ടുകള്‍ 
പ്രവാസത്തിന്റെ കുഴിമാടത്തിലര്‍പ്പിച്ചു 
മുളച്ചു തുടങ്ങുന്ന സ്വപ്ന ചിറകുകളുമായ്
എന്‍ മണ്ണില്‍ എനിക്ക് പറന്നിറങ്ങണം 

നീയെന്ന ലഹരി എന്‍ സിരകളിലൂടെ ഇരച്ചു കയറി 
ചിന്തകളുടെ കൊടുമുടികള്‍ക്കുമുകളില്‍ പൊട്ടി വിടരുമ്പോള്‍ 
ഞാന്‍ അനുഭവിക്കുന്ന ഈ നിര്‍വൃതി 
അതുമായ് ഞാന്‍ ജീവിതത്തോട് പട പൊരുതും 
അത് വരെ ഒരിക്കലും പിരിയാത്ത സഹയാത്രികനായ്
ഈ മുള്‍ വഴികള്‍ക്കിടയില്‍  എന്നെ കൈപ്പിടിച്ചു  നടത്തുക