Monday, August 31, 2015

JUDE THE OBSCURE



ലോക പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് തോമസ്‌ ഹാര്‍ഡിയുടെ അവസാനത്തെ നോവല്‍. പ്രണയവും ജീവിതവും ഇത് മാത്രമാണോ അദ്ധേഹത്തിന്റെ ഇഷ്ട്ടവിഷയം എന്ന് തോന്നി പോകുന്നു, ഇതിനു മുമ്പ് വായിച്ച THE PAIR OF BLUE EYES ഉം ഇതേ വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഒരു പക്ഷേ ഒരു നമ്മുടെ പ്രണയവും ജീവിതരീതികളില്‍ നിന്നും വിഭിന്നമാണ് ഇംഗ്ലണ്ടിലെ പ്രണയ സങ്കല്‍പ്പങ്ങളും ജീവിത രീതികളും, അത് കൊണ്ട് തന്നെ അതേ വികാര തീവ്രതയോടെ വായനയെ സമീപിക്കാന്‍ ആയോ എന്നാ സംശയം ബാക്കി നില്‍ക്കുന്നു. ദാമ്പത്യവും പ്രണയവും രണ്ടും രണ്ടന്നപോലെ അവതരിപ്പിക്കുമ്പോള്‍ നമ്മുടെ ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നും വെളിയില്‍ നിന്നാവണം വായനയെ സമീപിക്കേണ്ടത്. അരബെല്ല, സ്യൂ, എന്നീ സ്ത്രീ കഥാപാത്രങ്ങളില്‍ ആരെയാണ് നാം പിന്തുടരേണ്ടത്, ഇതൊരു പ്രണയത്തിന്റെയും പ്രണയ നഷ്ട്ടങ്ങളുടെയും സമ്മിശ്ര വായനയാണ്. ജീവിതം മുന്നോട്ടു കുതിക്കുമ്പോള്‍ വ്യത്യസ്ഥ പ്രണയങ്ങളുമായി ഓരോ കഥാപാത്രങ്ങള്‍ വായനയ്ക്കിടയില്‍ നമുക്ക് മുന്നിലെത്തുമ്പോള്‍ ഇഷ്ട്ട കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക എന്നത് വായനക്കാരന് സാധിക്കാതെ വരും. കാത്തിരിക്കാന്‍ സസ്പെന്‍സുകളോ വഴിത്തിരിവുകളോ ഇല്ലാതെ സുന്ദരമായി അവസാനിക്കുന്ന നോവല്‍. അവസാനത്തെ മരണം ചെറിയ വേദന സമ്മാനിക്കുമ്പോള്‍ നോവല്‍ ഹൃദയ സ്പര്‍ശിയായി അവസാനിക്കുന്നു.

Monday, August 24, 2015

സഹശയനം



ജാപ്പനീസ് സാഹിത്യകാരന്‍ കവബാത്ത യാസുനാറിയുടെ വിഖ്യാതമായ നോവല്‍, ഈ നോവലിലേക്ക് കടക്കും മുമ്പ് തന്നെ ജാപ്പനീസ് സാഹിത്യത്തിന്റെ ഒരു ഏകദേശരൂപം തന്നെ വിവര്‍ത്തകന്‍ വിലാസിനി നമ്മുക്ക് തരുന്നുണ്ട് ബുക്കിന്റെ ഒരു ഭാഗം തന്നെ അതിനായി മാറ്റി വെച്ചിരിക്കുന്നത് കൊണ്ട് ജാപ്പനീസ് സാഹിത്യവും അതിന്റെ പിന്നിലെ വ്യക്തമായ വിവരങ്ങളും നല്‍കുമ്പോള്‍ വായനക്കാരനെ സംബന്ധിച്ച് അത് വളറെ ഉപകാരപ്രദമായ വിവരണം തന്നെയാണ്.മരണത്തെ സമീപിക്കുന്ന ഒരു വൃദ്ധനുണ്ടാകുന്ന കാമാസക്തിയെ അസാധാരണമായ കലാഭംഗിയോടെ ആവിഷ്കരിക്കുകയാണ് കവബാത്ത ഈ കൃതിയിലൂടെ, കൂടാതെ കുറേ കൂടി ചൂഴ്ന്നു നോക്കിയാല്‍ സഹശയനം അപ്പൂര്‍വ്വമായ ദാര്‍ശനികത കൊണ്ട് ധന്യമായ കൃതിയാണെന്ന് കാണാം.സത്രവും സത്രകാരിയും ഉറങ്ങുന്ന സുന്ദരികളുമൊക്കെ സിമ്പലുകളാണെന്നും മൃത്യുവിന്റെ ഗോപുര ദ്വാരത്തില്‍ നില്‍ക്കുന്ന മനുഷ്യന്‍ ഒരിക്കലും നിറവേറ്റാന്‍ കഴിയാത്ത സ്വപ്നങ്ങളുടെ പുറകെപോയി സ്വയം പീഡിപ്പിക്കപ്പെടുന്നതിന്റെ അന്തസാര വിഹിനതയാണ് കവബാത്ത ഈ നോവലിലൂടെ ധ്വനിപ്പിക്കുന്നത്.

കഥാപാത്രങ്ങള്‍ ആശയവിനിമയം ചെയ്യുന്നത് വളരെ ചുരുങ്ങിയ വാക്കുകളില്‍ ആണ് എന്നത് കൊണ്ട് ഹൈക്കു എന്നാ ജാപ്പനീസ് പാരമ്പര്യം അദ്ദേഹം പിന്തുടരുന്നു എന്ന വാദത്തിനു ശക്തിപകരുന്നു. രഹസ്യമായ ഒരറയില്‍ മരുന്ന് കൊടുത്തു ഉറക്കി കിടത്തിയ നഗ്ന സുന്ദരികളുടെ കൂടെ അന്തിയുറങ്ങുന്ന കിഴവന്‍ എഗുച്ചിയുടെ പൂര്‍വ്വകാല സ്മൃതികളും,കാമുകിമാര്‍, വെപ്പാട്ടിമാര്‍, വെഭിചാരിണികള്‍, പെണ്മക്കള്‍, എന്നിവരുടെയും വിചിത്രമായ വികാരങ്ങള്‍ കുറിക്കപ്പെടുകയാണ് നോവലില്‍.ജാപ്പനീസ് സംസ്കാരത്തിന്റെ ധാര്‍മികവും സ്വാതികവുമായ ചേതന ആവിഷ്കരിക്കുന്നതില്‍ ശ്രദ്ധാലുവായ കവബാത്തയുടെ വളരെ പ്രശസ്തമായ കൃതി, പുറമേ നിന്ന് ചിന്തിച്ചാല്‍ ഉറക്കി കിടത്തിയ സുന്ദരികളുടെ കൂടെ അന്തിയുറങ്ങുന്ന വൃദ്ധനായ എഗുച്ചിയുടെ കുറച്ചു രാത്രികള്‍ അത് മാത്രമാണ് വിഷയം, എങ്ങനെ ഓരോരുത്തരും ഈ കൃതിയെ വിലയിരുത്തും എന്നത് പറയാന്‍ വിഷമമെങ്കിലും സാധാരണ ചിന്താഗതിയില്‍ നിന്നും മാറ്റം വരുത്തി വായിക്കേണ്ടി വരുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കവബാത്തയുടെ thousand cranes ആണ് തിരഞ്ഞു പോയത് കിട്ടിയത് ഇതും. എന്നെ നിരാശപ്പെടുത്തിയില്ല വായനക്കാരന് വായിച്ചു തീരുമാനിക്കാം


ഒറിജിനല്‍ നെയിം :NEMURERU BIJO (1961)
വിവര്‍ത്തനം : വിലാസിനി
വില :110

Saturday, August 22, 2015

മരിച്ചവര്‍ സംസാരിക്കുന്നത്


എം.കെ ഖരീമിന്റെ മരിച്ചവര്‍ സംസാരിക്കുന്നത്, അന്ധമായ മതങ്ങളും മതനിയമങ്ങളും എത്രത്തോളം നീതിക്കെതിര മുഖം തിരിക്കുന്നുണ്ട് എന്നത് ഒറ്റനോട്ടത്തില്‍ വായനയില്‍ ഇംതിയാസ് നമുക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു. നോവ്‌ മാത്രമാണ് വായന സമ്മാനിച്ചത്‌ എവിടെയോ തറച്ചു കയറുന്ന കാവ്യാത്മകമായ ആവിഷ്കാരം. വായനക്കപ്പുറം ശൂന്യതയില്‍ നിന്നും വായനക്കാരന്‍ ഓര്‍മ്മകള്‍ തേടിയെടുക്കം. സ്വന്തം നിസ്സഹായതകള്‍ കടലുകള്‍ക്കക്കരെ പറിച്ചു നടുന്ന ഇംതിയാസ് എന്ന ചെറുപ്പക്കാരനിലേക്ക്, അവിടെ അവനായ് കാത്തുവെച്ച നൂറ എന്ന അറബി പെണ്‍കുട്ടിയുടെ പ്രണയത്തിലേക്ക് ,ഇസ്ലാമിന്റെ വ്യവസ്ഥിതികളില്‍ നിന്നും വ്യതിചലിക്കുന്ന അവളുടെ പിതാവിലെക്കും സഹോദരനിലേക്കും, ആ പ്രണയത്തിനു നല്‍കേണ്ടിവന്ന വിലയായ് മരണം കാത്തു ജയിലടക്കപ്പെട്ട ഇംതിയാസിന്റെ ചിന്തകളിലേക്കും, പ്രാരാബ്ദങ്ങല്‍ക്കിടയില്‍ മകന്റെ വരവും കാത്തു നില്‍ക്കുന്ന ഉമ്മയിലെക്കും സഹോദരിമാരിലേക്കും അറിയാതെ തന്നെ വീണ്ടും വീണ്ടും മനസ്സ് പറന്നുകൊണ്ടിരിക്കുന്നു.

ഏറ്റവും കൂടുതല്‍ എടുത്തു പറയേണ്ട കാര്യം നോവല്‍ അവതരിപ്പിച്ച രീതിയാണ് സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും കൂട്ടിഇണക്കി സുന്ദരമായ വരികള്‍ അവസാനം നമ്മെ ചെന്നെത്തിക്കുന്നത് ഇംതിയാസിന്റെ മരണത്തിലേക്കാണ്, അതിനും അപ്പുറം അവരുടെ പ്രണയത്തിന്റെ ആഴങ്ങളിലേക്കാണ്. പൂര്‍ണ്ണിമ , മുബീന ഏറെ അമ്പരപ്പിച്ച അന്ധനായ ന്യായാധിപന്‍ , കൂടപ്പിറപ്പുകള്‍, സൌഹൃദങ്ങള്‍ എല്ലാവര്‍ക്കും നോവലില്‍ അര്‍ഹിക്കുന്ന സ്ഥാനം തന്നെ നല്‍കിയപ്പോള്‍ പ്രിയ ഇംതിയാസ് നീയും നിന്റെ നൂറും നിങ്ങളുടെ പ്രണയവുമാണ് മനസ്സില്‍ ഒടുങ്ങാത്ത തിരകള്‍ തീര്‍ക്കുന്നത്.

'എന്റെ ജീവിതം വെറും വട്ടപ്പൂജ്യം ...ഈ ലോകത്ത് എനിക്കൊരു പ്രസക്തിയുമില്ല ..' അവന്‍ തുടര്‍ന്ന് പറഞ്ഞു
വല്ലാത്തൊരു കയത്തിലേക്ക് വഴുതി പോയി .അപ്പോള്‍ ജനാസ പുതച്ചു കിടക്കുന്ന അവനായിരുന്നു മനസ്സില്‍ .
' വേണ്ട ഇംതിയാസ് ....ആരും നഷ്ട്ടപ്പെടണ്ട ...നീയില്ലങ്കില്‍ പിന്നെ ഞാനുമില്ല ...ഇനി ആ സംസാരം ഇവിടെ നിര്‍ത്താം ...'
ആ വചനങ്ങള്‍ അറം പറ്റിയോ? അതിന്റെ പരിണിതി ഇത്ര ക്രൂരമെന്നു ആരറിഞ്ഞു. മറ്റൊരു ലോകത്തിലേക്ക്‌ അവന്‍ തനിയെ ചിറകടിക്കുമ്പോള്‍ താന്‍ യാന്ത്രികതയുടെ തുരുത്തില്‍....
ഒരിക്കല്‍ താനുമീ മുഷിഞ്ഞ വേഷങ്ങളില്‍ നിന്നും പുറപ്പെടും. പുള്ളി നിലാവിന്റെ രാത്രികളും അശാന്തിയുടെ ചോരക്കറയില്ലാത്ത ആ തുരുത്തില്‍ അവന്‍ കാതിരിക്കുമെങ്കില്‍...
പ്രിയനേ, എന്റെ യാത്ര നിന്നിലേക്ക്‌. അവിടെയാണ് ശാന്തി....അതിലലിയാന്‍ എന്തു തിടുക്കമെന്നോ ......


എം കെ ഖരീം ഇക്കാ വായന വൈകിപോയത്തില്‍ ഇപ്പൊ വിഷമിക്കുന്നു ഇങ്ങനെ ഒന്ന് ഞങ്ങള്‍ക്കായി കാത്തു വെച്ചതിനു ഒരായിരം നന്ദി .

Friday, August 14, 2015

THE BLIND OWL




സാദിഖ്‌ ഹിദായത്, ഇറാനിയന്‍ വിശ്വപ്രസിദ്ധനായ സാഹിത്യക്കാരന്‍, ഇരുപതാം നൂറ്റാണ്ടില്‍ ഇറാനില്‍ രചിക്കപ്പെട്ട ഏറ്റവും മികച്ച സാഹിത്യ കൃതി , ഇരുപത്തിരണ്ടു് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട് ,ഇറാനില്‍ തന്നെ ഈ നോവലിന്റെ ആസ്വാദനത്തിനായി മുപ്പതോളം പുസ്തകങ്ങള്‍ അച്ചടിച്ച്‌ പ്രസിദ്ധമായ നോവല്‍ ,ഒരു മനുഷ്യന്റെ മാനസിക വിഭ്രാന്തികള്‍ ഇത്രയേറെ തീവ്രമായി അവതരിപ്പിച്ചു കണ്ടിട്ടില്ല ഒരു വായനയിലും , കൂടുതല്‍ കഥാ പാത്രങ്ങളില്ലാതെ വികാര വിചാരങ്ങളുടെ ഭ്രാന്താവസ്ഥ ഒരു നോവലായി ചിത്രീകരിക്കുമ്പോള്‍ ഒരേ ശ്വാസത്തില്‍ വായിച്ചു തീര്‍ത്ത വിശ്വപ്രസിദ്ധ നോവല്‍ , തിരസ്കരിക്കപ്പെട്ട സ്നേഹവും ഏകാന്തതയും കൂട്ടി കലര്‍ത്തി സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താന്‍ ആവാതെ പറഞ്ഞു തീര്‍ത്ത വായന , ഈ നോവലിന്റെ ശീര്‍ഷകം തന്നെഎത്രത്തോളം നോവലിന് അനുകൂലമാണ് എന്ന്‍ തിരിച്ചറിയപ്പെടണം, ഇരുട്ടിന്റെ സന്തതിയായി സ്വന്തം ജീവിതത്തിന്റെ വെളിച്ചത്തിന് നേരെ കണ്ണടച്ച് രാവ് മുഴുവനും ഉണര്‍ന്നിരിക്കുന്ന ആ പക്ഷിയെ പോലെ മരണത്തിന്റെ മുന്നോടിയായി വന്നെത്തുന്ന ആകാംഷയും , ഭയവും,സ്നേഹവും സ്നേഹഭംഗവും, എല്ലാം വികാരപരമായി വരച്ചിട്ടിരിക്കുന്ന നോവല്‍ , വായിച്ചു വായിച്ചു ഭ്രാന്ത് പിടിപ്പിക്കുന്ന അപ്പൂര്‍വ്വം വായനകളില്‍ ഒന്ന് .ഒരു പക്ഷേ അദ്ധേഹത്തിന്റെ ആത്മഹത്യയുടെ കാരണങ്ങളിലേക്ക് ഇറങ്ങി നടക്കുമ്പോള്‍ ഏതെങ്കിലും ഒരു പ്രത്യക സന്ദര്‍ഭങ്ങളില്‍ ഒരു പക്ഷേ ഈ വായനയുമായി നാം കൂട്ടി മുട്ടേണ്ടിവരുമായിരിക്കും . എനിക്ക് അക്ഷരങ്ങളിലൂടെ കൂടുതല്‍ വിവരിച്ചു തരാന്‍ കഴിയാതെപോയ വിചിത്ര വായന സമ്മാനിച്ച മനോഹരമായ പുസ്തകം, ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട, വായനയെ സ്നേഹിക്കുന്ന ആര്‍ക്കും തിരഞ്ഞെടുക്കാവുന്ന നോവല്‍ .


ORIGINAL NAME : BOOF-E-KOOR

ENGLISH : THE BLIND OWL

MALAYALAM : KURUDAN KOOMAN

Thursday, August 13, 2015

അഗ്നിയും കഥകളും



സിതാര യുടെ അഗ്നിയും കഥകളും , കാല്‍പ്പനികതയുടെ ചട്ട ക്കൂടുകള്‍ക്ക് അപ്പുറത്ത് പെണ്ണെഴുത്തിന്റെ അതിര്‍വരമ്പുകള്‍ താണ്ടി തുറന്നെഴുതാന്‍ കാണിച്ച ഈ ശൈലി തന്നെയാണ് കഥകള്‍ എന്ന നിലയില്‍ ഈ വായനയെ ഇഷ്ട്ടപ്പെടാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം. സിതാര ചേച്ചിയെ ആദ്യമായല്ല ഞാന്‍ വായിച്ചു തുടങ്ങുന്നത് സൌദിയിലെ പ്രവാസകാലത്ത് ഏതോ സൌദിയിലെ ഒരു പ്രാന്തപ്രദേശങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു ലേഖനം പോലെ ഒന്ന് വായിച്ചത് ഇപ്പോളും മനസ്സില്‍ തടഞ്ഞു നില്‍ക്കുന്നുണ്ട് , ആ പോസ്റ്റ്‌ വീണ്ടും വായിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടുകിട്ടാതെ ഉപേക്ഷിക്കേണ്ടി വന്നു, കഥകളിലെ ആദ്യ വായനയിലെ പ്രിയ ശരിക്കും ഞെട്ടിച്ചു കളഞ്ഞു, ശരിക്കും ഒരു അഗ്നിയായ് പലരേയും എരിച്ചടക്കി അവള്‍ ജീവിക്കുമ്പോള്‍ ആ ജീവിതത്തിനായി അവള്‍ കാണിക്കുന്ന മനോധൈര്യം ഇന്ന് നമ്മുടെ സഹോദരിമാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് അറിയാത്ത ആഗ്രഹിച്ചു പോകുന്നു .തന്റെ ആര്‍ത്തവ രക്തത്തില്‍ പോലും വകവെയ്കാതെ മൂന്ന് മുഷ്ട്ടികള്‍ക്കിടയില്‍ നെരിഞ്ഞമര്‍ന്നപ്പോളും ജീവിതം തിരിച്ചു പിടിച്ചു സ്വന്തം മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ തച്ചുടക്കാതെ " നിങ്ങള്‍ക്ക് കരുത്തു കുറവുണ്ട് , ഒരു പെണ്ണിനെ പോലും പൂര്‍ണ്ണമായി തൃപ്തിപ്പെടുത്താന്‍ തനിക്കാവില്ല " എന്ന് മുഖത്ത് നോക്കി പറയാന്‍ , അതിലൂടെ മാനസികമായി വിജയിക്കാന്‍ പ്രിയയെ നയിച്ച മനസാനിധ്യത്തിനു ,അതിനെ സൃഷ്ട്ടിച്ച എഴുത്തുകാരിക്ക് സമൂഹത്തോട് പറയാന്‍ ഇതില്‍ കൂടുതല്‍ എന്ത് ഉദാഹരമാണ് അവതരിപ്പിക്കേണ്ടത് .

ജലദോഷ കാറ്റിലെ അന്നയും, സ്നേഹ വിഭ്രമത്തിലെ സെയ്റയും മായയും കഥാപാത്രങ്ങല്‍ക്കപ്പുറം വിളിച്ചോതുന്നത്‌ വായനക്കാരനെ പലതും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വിഷ നിഴലിലെ ആനി പീറ്റര്‍ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി. ഒരു ചിത്രകാരന്റെ ജീവിതവും ജീവിത തലങ്ങളും വരച്ചു കാട്ടിയ സാല്‍വദോര്‍ദാലി മലയാളത്തിലെ ഒരു സിനിമയെ പോലെ സുന്ദരമാണ് .സ്പര്‍ശത്തിലെ മാട്രയും മറിയവും ലെസ്ബിയന്‍ കഥപറയുമ്പോള്‍ തുറന്നെഴുത്തിന്റെ മറ്റൊരു മുഖം കൂടി വീണ്ടും വ്യതമാകുമ്പോള്‍ ഇങ്ങനെ ഒരു കഥ വായനക്കരന്റെ മുന്നിലേക്ക്‌ തന്നതിന് കഥാകാരിക്ക് തീര്‍ച്ചയായും അഭിമാനിക്കാം. ചാരുവിന്റെ കഥയും ഏകാന്ത സഞ്ചാരങ്ങളും വായിച്ചു അവസാനിക്കുമ്പോള്‍ സിതാര കഥകള്‍ എന്ന പുസ്തകം വാങ്ങാതെ പോയതിന്റെ നഷ്ട്ടബോധമാണ് മുന്നില്‍ നില്‍ക്കുന്നത് സ്വന്തം സൌഹൃദത്തില്‍ ഏകദേശം നാല് വര്‍ഷത്തിനു മുകളില്‍ ഉണ്ടായിട്ടും , സൌദിയിലെ കയ്യെത്തും ദൂരത്തു ഉണ്ടായിരുന്നിട്ടും ഈ ഒരു വായന ഇത്രേയധികം നീണ്ടു പോയത് എന്നിലെ വായനയുടെ പോരായ്മ തന്നെ , സിതാര ചേച്ചി വൈകിയ അഭിനന്ദനങ്ങള്‍ വൈകാതെ സിതാര കഥകളുമായി വീണ്ടും വരാം ...

Wednesday, August 12, 2015

അമര്‍നാഥ് ഗുഹയിലേക്ക്



രാജന്‍ കാക്കനാടന്റെ അടുത്ത യാത്രാവിവരണം അമര്‍നാഥ് ഗുഹയിലേക്ക് , ഈ വായന നമ്മെ സഞ്ചരിപ്പിക്കുന്നത് അനുഭവങ്ങളിലെക്കാണ് , അമരത്വകഥ ഉപദേശിക്കാന്‍ വേണ്ടി മഹേശ്വരന്‍ സ്വന്തം സന്തത സഹാചാരികളെ എല്ലാം ഉപേക്ഷിച്ചു ആരാലും എത്തിപ്പെടാന്‍ കഴിയാത്ത അമര്‍നാഥ് ഗുഹയില്‍ താമസിച്ചു എന്ന ഐതിഹ്യത്തിന്റെ തിരുശേഷിപ്പുകള്‍ തേടി ആ ദര്‍ശനത്തിന്റെ വിവരിക്കാനാവാത്ത അനുഭൂതികള്‍ തേടിയുള്ള യാത്രയാണ് എല്ലാവരെയും അമര്‍നാഥ് ഗുഹയിലേക്ക് ആകര്‍ഷിക്കുന്നത്. വായനയില്‍ വിവരിക്കുന്ന പഹല്‍ഗം ആവിടെ നിന്ന് പതിനാറു കിലോമീറ്റര്‍ യാത്ര ചെയ്തു എത്തുന്ന ചന്ദന്‍വാലി, യാത്രയില്‍ ഉടനീളം കണ്ടെത്തുന്ന നാഗ സന്യാസിമാര്‍ , സഹയാത്രികര്‍ , അന്തരീക്ഷത്തിലെ തണുപ്പും കഞ്ചാവിന്റെ സുഖം പേറുന്ന മുഹൂര്‍ത്തങ്ങളും , ഭക്ഷണമോ, മരംകോച്ചുന്ന തണുപ്പത്ത് ഒരു പുതപ്പില്ലാതെ അലഞ്ഞു തിരിഞ്ഞ യാത്രികന്‍ എല്ലാം എല്ലാം അനുഭങ്ങള്‍ക്കൊപ്പം വായനയുടെ മാസ്മരികത സൃഷ്ട്ടിക്കുന്നുണ്ട് .അവസാനം പതിമൂന്നായിരത്തിലധികം ഉയരങ്ങളില്‍ ശ്രീ നഗറില്‍ നിന്നും നൂറ്റി മുപ്പത്താറു കിലോമീറ്റല്‍ വിദൂരതയില്‍ ചുറ്റും മഞ്ഞു മലകളാല്‍ മൂടപ്പെട്ടു ,ഒരിക്കലും സൂര്യ കിരങ്ങള്‍ പതിക്കാത്ത ,ഒരിക്കലും അലിഞ്ഞു തീരാത്ത ഹിമലിംഗത്തിന്റെ മുന്നില്‍ വന്നെത്തുമ്പോള്‍ മാത്രം അനുഭവിക്കാവുന്ന ആ ശൂന്യതയില്‍ എല്ലാം മറക്കുന്ന ആ മുഹൂര്‍ത്തത്തിന്റെ വിഭൂതി വായനക്കാരനില്‍ ഒരു പരിധിവരെ എത്തിക്കാന്‍ യാത്രികന് കഴിഞ്ഞിട്ടുണ്ട് . 


ഹിമവാന്റെ മുകള്‍ തട്ടില്‍ എന്ന കാക്കനാടന്റെ കൃതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വായനയുടെ ആദ്യ നിമിഷങ്ങളില്‍ വിരസമായോ എന്നൊരു സംശയം ബാക്കി നില്‍ക്കുബോള്‍ , കഴിഞ്ഞ കൃതി ഹിമാലയത്തിന്റെ മൊത്തം യാത്രാവിവരണം ആണ് എന്നതിനാലും ചെറിയ ചെറിയ ഇടവേളകളില്‍ സുന്ദരമായ സ്ഥലങ്ങളെ സന്ധിക്കുന്നു എന്നതിനാലും ആവണം ഇത്ര മനോഹരമാക്കാന്‍ കഴിഞ്ഞത് , ഇത് ഒരു ലക്ഷ്യത്തിലേക്ക് മാത്രമുള്ള സഞ്ചാരമാണ് എന്ന് കൂടി തിരിച്ചറിയുമ്പോള്‍ വായനയെടെ ആദ്യ വിരസതയെ തള്ളി പറയാന്‍ നിര്‍വാഹമില്ല എന്നും ചിന്തിക്കേണ്ടതാണ് , ഈ ഒരു യാത്രാവിവരണം നമുക്ക് മുന്നില്‍ തുറന്നു വെയ്ക്കുന്നതിന് യാത്രികന്‍ വഹിച്ച ത്യാഗവും വേദനകളും മുന്നില്‍ നിര്‍ത്തി വായനക്കാരന്‍ വായിച്ചു തുടങ്ങുമ്പോള്‍ വിജയം ആരുടെതാണ് എന്ന് വിലയിരുത്തേണ്ടത് വായനക്കാരന്‍ തന്നെയാണ് .സുന്ദര മുഹൂര്‍ത്തങ്ങള്‍ കൊണ്ട് മനസ്സിനെ കീഴടക്കിയ പുസ്തകം ,വായനയില്‍ ഒരു പൊന്‍തൂവല്‍കൂടി തിരുകി വെച്ച് കാക്കനാടന്‍ വീണ്ടും നടന്നു കൊണ്ടേയിരിക്കുന്നു

Friday, August 7, 2015

ഹിമവാന്റെ മുകള്‍ത്തട്ടില്‍



രാജന്‍ കാക്കനാടന്റെ ഹിമാലയം യാത്രാവിവരണം , യാത്രാ വിവരങ്ങള്‍ എപ്പോളും മനസ്സിന് സന്തോഷം തന്നെയാണ് എനിക്ക് എത്തിപിടിക്കാന്‍ കഴിയാത്തത് ഒട്ടേറെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കൈപിടിയില്‍ ഒതുക്കി ഒരു സാഹസിക യാത്രികന്‍ അക്ഷരങ്ങളിലൂടെ വിവരിച്ചു തരുമ്പോള്‍ സന്തോഷത്തിനൊപ്പം ഇത്തിരി അസൂയകൂടി കൂട്ടുപിടിച്ചാണ് എനിക്ക് വായനയെ പിന്തുടരാന്‍ കഴിയാറോള്ളൂ . ഹരിദ്വാറില്‍ നിന്നും കേദാര്‍ നാഥ് ,ബദരിനാഥ്‌ തുംഗ നാഥ് എന്നിവിടങ്ങളിലേക്ക് സാഹസികയും ആവശ്വസനീയമായി ഏകാകിയായി യാത്ര ചെയ്ത കാക്കനാടന്‍ വായനയുടെ അവസാന പേജു വരേയ്ക്കും ഓട്ടേറെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ കൊണ്ട് മനസ്സിനെ പിടിച്ചുലക്കുന്നുണ്ട് . അതിലും കൂടുതലായി ഇങ്ങനെയുള്ള ദുര്‍ഘടമായ അവസ്ഥകളില്‍ കൂടി അതും മരണത്തിന്റെ വക്കില്‍ തട്ടിനില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും പിന്തിരിയാതെ മുന്നേറാന്‍ അദ്ധേഹത്തിനെ നയിച്ചത് എന്താവും ? ബുക്കില്‍ വിവരിക്കുന്നത് പോലെ ആ മഞ്ഞുമലകളിലൂടെ ആരാരും കൂട്ടിനില്ലാത്ത ഒന്നലറി വിളിച്ചാല്‍ പോലും കേള്‍ക്കാന്‍ ആളിലാത്ത അവസ്ഥകളില്‍ കയ്യില്‍ വേണ്ടത്ര ഭക്ഷണമോ വെള്ളമോ ഇല്ലാതെ സഞ്ചരിക്കേണ്ട വഴികള്‍ പോലും കൃത്യമായി അറിയാതെ അലഞ്ഞു തിരിഞ്ഞ ഒരു മനുഷ്യന്റെ പൂര്‍ണ്ണ ചിത്രം കൂടി മനസ്സില്‍ പതിപ്പിച്ചു വേണം വായന തുടങ്ങാന്‍ എന്നത് ഒരു അഭിപ്രായമായി മാനിക്കേണ്ടതാന് .

 യാത്രകള്‍ക്കിടയില്‍ കണ്ടു മുട്ടിയ സ്വാമിമാര്‍ , അവധൂതര്‍ എന്ന് വിശേഷിച്ച വ്യക്തിത്വങ്ങള്‍ , കഞ്ചാവിന്റെയും ഭാംഗിന്റെയും അനുഭൂതികള്‍ , വ്യക്തമായ ചിത്രങ്ങല്‍ വരച്ചു തന്ന ഗുപ്ത കാശി , സോനാ പ്രയാഗ് ,സ്വര്‍ഗാരോഹന്‍ ,മന്ദാകിനി ,ഹനുമാന്‍ ഘട്ട് ,കാഞ്ചന ഗംഗ ,എന്നിവയുടെ സുന്ദരമായ ദ്രിശ്യങ്ങള്‍ എല്ലാം മനസ്സിന്റെ സമനിലതെറ്റിപ്പിക്കബോളും എന്റെതായ ഭാവനയില്‍ പടുത്തുയര്‍ത്തി വായന എന്നെ കെട്ടി വലിക്കുന്നുണ്ടായിരുന്നു . ഇതൊരു ത്രസിപ്പിക്കുന്ന വായന തന്നെയാണ് വായിച്ചു പോകുന്ന ഓരോ വരികളിലും കാക്കനാടന്‍ തനിയെ എങ്കിലും വായിച്ചു കൊണ്ടിരിക്കുന്ന ഒരു വായനക്കാരനെയും കൂട്ടെ കൂട്ടാന്‍ അദ്ധേഹത്തിന്റെ അക്ഷങ്ങള്‍ക്കായി എന്നത് തുറന്നു സമ്മതിക്കുന്നു . യാത്രാവിവരണങ്ങളില്‍ എന്നെ സ്വാധീനിച്ച, യാത്രകളും സാഹസികതകളും ഇഷ്ട്ടപ്പെടുന്ന ആര്‍ക്കും നഷ്ട്ടബോധം വരില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കാവുന്ന പുസ്തകം ,


പബ്ലിക്കേഷന്‍സ് : പൂര്‍ണ്ണ
വില : 120

Monday, August 3, 2015

അഗ്നി ചിറകുകള്‍





ഇത് ഒരു പ്രചോദനത്തിന്റെ ജീവ ചരിത്രമാണ് .ഭാരതം എന്ന ദേശത്തിന്റെ യുവരക്തം സിരകളില്‍ വഹിക്കുന്ന ഓരോരുത്തര്‍ക്കും ജീവിതത്തില്‍ പകര്‍ത്താവുന്ന വ്യക്തതയാര്‍ന്ന വീക്ഷങ്ങള്‍ .അന്ഗ്നി ചിറകുകള്‍ എന്റെ മൂന്നാമത്തെ വായനയാണ് ,ഒരു ബുക്ക്‌ പലവട്ടം വായിക്കുന്ന പതിവ് എനിക്ക് ഇല്ല എങ്കിലും അന്ഗ്നി ചിറകുകള്‍ എനിക്ക് മുകളില്‍ ഓര്‍മ്മപ്പെടുത്തലുകളുമായി എപ്പോളും വീശികൊണ്ടിരിക്കുന്നു ."കാലമാകുന്ന മണല്‍പ്പരപ്പില്‍ നിങ്ങളുടെ കാല്‍പ്പാടുകള്‍ അവശേഷിക്കണമെന്നുണ്ട് നിങ്ങള്‍ക്കെങ്കില്‍ വലിച്ചിഴക്കാതിരിക്കുക നിങ്ങളുടെ കാലുകള്‍ " പറഞ്ഞിരുന്ന ഓരോ വാക്കുകളിലും യുവത്വങ്ങല്‍ക്കായ്‌ ഊര്‍ജ്ജം കരുതിവെക്കുകയായിരുന്നോ താങ്കള്‍


" നിങ്ങളുടെ ആശകളും സ്വപ്ങ്ങളും ലക്ഷ്യങ്ങളുംമൊക്കെ തകര്‍ന്നു വീഴുമ്പോള്‍ അവയ്ക്കിടയില്‍ ഒന്ന് തിരഞ്ഞു നോക്കുക ആ തകര്‍ച്ചയുടെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന സുവര്‍ണ്ണാവസരം നിങ്ങള്‍ കണ്ടെത്തിയെക്കാം " ഓരോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അതിജീവിക്കുമ്പോള്‍ ആ ചരിത്രങ്ങള്‍ വരികളിലൂടെ വായിക്കപ്പെടുമ്പോള്‍ എവിടെയാണ് എന്ന് സ്വയം തിരിച്ചറിയപ്പെടുകയാണ് നാം ഓരോരുത്തരും . രണ്ടു പ്രാവിശ്യം പരാജയമണഞ്ഞ അന്ഗ്നിയുടെ വിക്ഷേപണത്തിന് ശേഷം "നീണ്ട മൌനത്തിനപ്പുറം പ്രതിരോധ വകുപ്പ് മന്ത്രി എന്നോട് ചോദിച്ചു കലാം , നാളെ അന്ഗ്നിയുടെ വിജയം ആഘോഷിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?. എന്താണ് വേണ്ടിയിരുന്നത് ? എനിക്കില്ലാത്തത് എന്തായിരുന്നു ? എന്നെ എന്താണ് സന്തോഷവാനാക്കുക? അപ്പോള്‍ എനിക്കൊരു ഉത്തരം കിട്ടി ' ആര്‍ .സി .ഐ യ്യില്‍ നടാന്‍ ഞങ്ങള്‍ക്കൊരുലക്ഷം വൃക്ഷ തൈകള്‍ വേണം ' ഞാന്‍ പറഞ്ഞു സൌഹൃദത്തിന്റെതായ ഒരു പ്രകാശം അദ്ദേഹത്തിന്റെ മുഖത്ത് പറന്നു 'അഗ്നിക്ക് വേണ്ടി താങ്കള്‍ വാങ്ങുന്നത് ഭൂമിമാതാവിന്റെ അനുഗ്രഹമാണല്ലോ' പിറ്റേന്നു രാവിലെ അന്ഗ്നി ആകാശത്തിലേക്ക് കുതിച്ചുയര്‍ന്നു .


"ഇത് എന്റെ കഥ, രാമേശ്വര ദ്വീപിലെ മോസ്ക് സ്ട്രീറ്റില്‍ നൂറു വര്‍ഷത്തിലധികം ജീവിച്ചു അവിടെ തന്നെ മൃതിയടഞ്ഞ ജൈനുലാബ്ദീന്റെ പുത്രന്റെ കഥ, തന്റെ സഹോദരനെ സഹായിക്കാന്‍ വര്‍ത്തമാന പത്രങ്ങള്‍ വിറ്റുനടന്ന ബാലന്റെ കഥ ,ശിവ സുബ്രഹ്മണ്യ അയ്യനാലും ,ഇയ്യാ ദുരൈ സോളമനാലും വളര്‍ത്തിയെടുക്കപ്പെട്ട കൊച്ചു ശിഷ്യന്റെ കഥ, എ.ജി .കെ മേനോനാല്‍ കണ്ടത്തപ്പെട്ട, ഐതിഹാസിക പ്രൊ .സാരാഭായിയാല്‍ വളര്‍ത്തപ്പെട്ട എഞ്ചിനീയറുടെ കഥ,പരാജയങ്ങളാലും തിരിച്ചടികളാലും പരീക്ഷിക്കപ്പെട്ടൊരു ശാസ്ത്രജ്ഞന്റെ കഥ, അതി മിടുക്കന്മാരും സമര്‍പ്പിതരായ വിദഗ്ധരുടെ വലിയൊരു ടീമാല്‍ പിന്തുണക്കപ്പെട്ട ഒരു ലീഡറിന്റെ കഥ, ഐഹികമായ അര്‍ത്ഥത്തില്‍ ഞാനൊന്നും നേടിയിട്ടില്ല ,ഒന്നും നിര്‍മിച്ചിട്ടില്ല ,ഒന്നും കൈവശം വെക്കുന്നുമില്ല -കുടുംബമോ ,പുത്രന്മാരോ,പുത്രിമാരോ യാതൊന്നും . " പറഞ്ഞ വാക്കുകള്‍ അര്‍ത്ഥവതാക്കി താങ്കള്‍ മറഞ്ഞപ്പോള്‍ ,സാരാഭായുടെയും ,സതീഷ്‌ ധവാന്റെയും ,ബ്രഹ്മ പ്രകാശിന്റെയും പാരമ്പര്യം കാത്തു സൂക്ഷിച്ചു യവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ താങ്കളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ഒരായിരം യുവത്വങ്ങളുണ്ടാകും ഇനിയും ഉണ്ടായികൊണ്ടിരിക്കും അതിലേക്കായി ഒരിക്കലും അണയാത്ത നില വിളക്കിലേക്ക് ഉണര്‍വ്വിന്റെ പ്രചോദനത്തിന്റെ ഒരിക്കലും വറ്റാത്ത ഉറവകള്‍ ബാക്കി നിര്‍ത്തിയാണ് താങ്കള്‍ മടങ്ങിയത് ,ആ അന്ഗ്നി ജ്വലിച്ചു കൊണ്ടിരിക്കും ഒരായിരം വര്‍ഷങ്ങള്‍ ....