Thursday, January 5, 2012

സഞ്ചാരം



സഞ്ചരിക്കണം ഒരിക്കല്‍ കൂടി ..
പിരിയാന്‍ വെമ്പിയ നിമിഷങ്ങളുടെ നഗ്നതയില്‍ 
ഒരു കഠാര താഴ്ത്തി -
ഒലിച്ചിറങ്ങുന്ന കുരുതി പൂക്കള്‍ക്ക് 
അന്ധക്കാരത്തിന്‍ നിറം പകര്‍ന്നു തിരിഞ്ഞു നടക്കണം .

പുഞ്ചിരിയാര്‍ന്ന ബാല്യം പുനര്‍ജ്ജനിക്കുമെങ്കില്‍
സ്നേഹം തുളുമ്പുന്ന മാതാവിന്റെ  മാറിടങ്ങളില്‍ നിന്നും -
ഒരിക്കല്‍ കൂടി സ്നേഹത്തിന്‍ പാലു നുണയണം.
തല നിവര്‍ത്തിയ പച്ചില കൂട്ടങ്ങളെ ചുബിച്ച്
കുടചൂടുന്ന  കാര്‍മേഘങ്ങളുടെ അകമ്പടിയുമായ്‌
വയല്‍ വരമ്പിലൂടെ പിച്ച വെച്ച് നടക്കണം .

യവ്വനത്തിന്‍ ഗുഹാ മുഖത്ത്
നിറം മങ്ങിയ തൂവലുമായ് പറന്നുയര്‍ന്നപ്പോള്‍ 
ചിതറി വീണ മനസ്സും ,ശരീരത്തിനുമപ്പുറം  ,
വാരി കൂട്ടിയ ഓര്‍മ്മകളുടെ ശേഷിപ്പുകള്‍ 
എനിക്കായ് തിരിച്ചു തന്ന കാലത്തിന്‍  
വിശാല്തയിലിരുന്നു എനിക്ക് കവിത കുറിക്കണം 

പ്രവാസത്തിന്റെ  വിഴിപ്പു ഭാന്ധങ്ങള്‍ 
കുളപ്പുരകളില്‍ മണ്ണിട്ട്‌ മൂടി ..
മാടി വിളിക്കുന്ന ശീതള മേനിയിലൂടെ 
എനിക്ക് നീന്തി തുടിക്കണം 

ഫണമുയര്‍ത്തി ആടിതളര്‍ന്ന ലഹരികള്‍ 
സിരകളില്‍ ഊറി കിടക്കുന്നുണ്ട് 
ഒരു ചെറു കാറ്റില്‍ ഇളകി മറയാന്‍ തുടങ്ങുമ്പോള്‍ 
അവയെ കല്‍ തുറങ്കുകളിലടച്ചു  യാത്ര തുടരണം 

ഡയറിക്കുറിപ്പുകളില്‍ കരിമഷി പുരണ്ട അക്ഷരക്കൂട്ടങ്ങള്‍ക്ക് 
ജീവിതത്തിലെ ഇരുളടഞ്ഞ സ്വപ്നങ്ങളുമായ്‌ പ്രണയമായിരുന്നു .
എഴുതി തീര്‍ക്കാന്‍ ഇനിയെത്ര താളുകള്‍ ..
അതോ അതിന്‍ മുമ്പ് ....
മഷി വറ്റാരായ തൂലികയുടെ അവസാന ശ്വാസവും നിലക്കുമെങ്കില്‍ 
ഇതാവട്ടെ അവസാന ഡയറിക്കുറിപ്പ്‌ 
വീണ്ടും സഞ്ചരിക്കണം ......
ഓര്‍മ്മകളുടെ ഇടവഴികളിലൂടെ ഒരിക്കല്‍ കൂടി ......


Sunday, January 1, 2012

മുറവിളികള്‍



പരമ്പരകളിലെ തായ് വേരുകള്‍ക്കിടയില്‍ 
കണ്ണീരിന്റെ  രുചിഭേദങ്ങള്‍ 
യാന്ത്രികമായ്‌ ഊറ്റിയെടുക്കുമ്പോള്‍
ഒരു വിളിപ്പാടകലെ 
എനിക്കായ് ഒരു ഗാനമുയരുന്നുണ്ട് 

നാളയുടെ വളക്കൂറുകള്‍ക്കായി 
മണ്ണില്‍ അലിയിപ്പിച്ച അരുണ രക്തം 
ചുടുകാട്ടിലൂടെ  ഒഴുകി അകലുമ്പോള്‍ 
കെട്ടണയാത്ത തീ ജ്വാലകള്‍ നെഞ്ചിലേറ്റി 
കാലം കാര്‍ന്നു തിന്ന പച്ചമാംസം -
ബാക്കിയാക്കിയ അസ്ഥികൂടങ്ങള്‍ 
പുനര്‍ജ്ജനിക്കായ്‌ കൊതിക്കുന്നുവെങ്കില്‍ 
അവിടെ ഒരു നാദമുണരും
എനിക്കായ് എഴുതിയ , അവ്യക്തമായ 
ഒരു ശോക ഗാനം ..

മൂകതയുടെ നിലവുപെയ്ത ത്രിസന്ധ്യകളില്‍ 
ബന്ധങ്ങളുടെ അദ്രിശ്യ മതിലുകളില്‍ 
കഴുകന്‍ നഖങ്ങളാല്‍ പോറി വരക്കുമ്പോള്‍ 
അടര്‍ന്നു വീണ സംസ്കാരത്തിന്‍ മാറ്റൊലികള്‍ 
എനിക്കായ് പാടി തുടങ്ങും ...

അഹന്തതയുടെ കളിതോഴനായ് 
നിറക്കൂട്ടുകളില്‍ വിരിയിച്ച പ്രതീക്ഷകള്‍ക്ക് പിന്നില്‍ 
നിഴലുമായ് ഞാന്‍ അണിനിരക്കുമ്പോള്‍
നെച്ചു പിളര്‍ത്തി , പടര്‍ന്നു കയറിയ 
വിഷവള്ളികളില്‍ തളിര്‍ത്ത ശവംനാറി പൂവുകള്‍ 
മനസ്സിന്റെ താഴ്വരകളില്‍ തല്ലികൊഴിച്ച്
പെയ്തിറങ്ങുന്ന ഹിമകണങ്ങളില്‍  
കവിത വിരിയിക്കുമ്പോള്‍ 
അതെന്റെ അവസാന കവിതയായിരിക്കും 

മരണത്തിന്‍ ദൂതുമായെത്തിയ ആത്മാക്കള്‍ 
എനിക്കായ് വീണമീട്ടുമ്പോള്‍
ദേഹം ചുമക്കുന്ന പല്ലക്കുമായ് 
കുഴിമാടങ്ങളിലേക്ക് ചുവടുവേക്കുമ്പോള്‍ 
ഞാന്‍ കേള്‍ക്കും , വ്യക്തമായ 
ശ്രുതിചേര്‍ക്കാത്ത  ഒരു  പ്രണയകാവ്യം 

ഈ ഭൂമിയെ പുളകം കൊള്ളിച്ചു 
ഞാനും അസ്ഥിയായ് പൂത്തുതുടങ്ങും 
വ്യക്തമാക്കിയ വരികള്‍ പകര്‍ത്തിയെഴുതാനാവാതെ 
ഞാനും ഒരു നാദമുതിര്‍ക്കും 
എനിക്കായ് പ്രണയകാവ്യം രചിച്ച 
ആത്മാക്കള്‍ക്ക് വേണ്ടി മാത്രം 
പാടിതുടങ്ങട്ടെ ഞാനും ....


Tuesday, December 27, 2011

കാണാതെ പോയത്



കാര്‍മേഘങ്ങള്‍ കരിനിഴലായ് -
കലങ്ങി മറയുന്ന മനസ്സിന്‍ ഉള്ളറകളില്‍ 
സൌഹൃദത്തിന്‍ വിത്തുപാകി വളര്‍ത്തുമ്പോള്‍ 
അറിഞ്ഞിരുന്നില്ല ഞാന്‍ 
അതില്‍ വിരിയുന്ന പൂവിനു 
 നിന്റെ  പ്രണയത്തിന്‍ സുഗന്ധമുണ്ടെന്ന്.
തൂലികപോലും വെറുത്ത ജീവചരിത്രത്തിലെ -
ചിതലരിച്ച താളുകള്‍ ചിക്കി ചികയുമ്പോള്‍ 
പുഞ്ചിരിയില്‍ നീയോളുപ്പിച്ച പ്രണയകാവ്യങ്ങള്‍ 
എന്റെ നെഞ്ചില്‍ ഉമിത്തീയായ് എരിയാന്‍ തുടങ്ങുന്നു .
 നിന്റെ ഓര്‍മ്മകള്‍  എന്നെ അതിലേക്കു വലിച്ചടുപ്പിക്കുമ്പോള്‍ 
അഗ്നിയില്‍ പിടഞ്ഞു ഞാന്‍ ദഹിക്കുകയോ?
സൌഹൃദത്തിന്‍ നനുത്ത പൂകൊമ്പുകളിലൂടെ
ദിനരാത്രങ്ങള്‍ മാറി  മറഞ്ഞപ്പോള്‍ 
നിന്‍ മിഴിനീരില്‍ തളിര്‍ത്ത ഒരുപൂവെങ്കിലും 
 നിന്റെ  സ്നേഹം എന്നോടോതിയിരുനെങ്കില്‍ 
നീ എന്നേ എന്നില്‍ അലിയുമായിരുന്നു .
എന്തായിരുന്നു നിന്‍ മനസ്സില്‍ 
പങ്കുവെച്ച സ്വകാര്യതകളില്‍ 
പറഞ്ഞു തീര്‍ത്ത കഥകളില്‍ 
പാടി നിര്‍ത്തിയ കവിതകളില്‍ 
ഒരിക്കലും നിന്റെ പ്രണയം 
എന്നെ തഴുകാതെ പോയി ....
നീ എന്നെ അറിയുകയായിരുന്നോ ?
എന്റെ എല്ലാം നിന്‍ മുന്നില്‍ പകര്‍ന്നോതുമ്പോള്‍ 
നീ എനിക്കാരോ ആയിരുന്നങ്കിലും
അതില്‍ പ്രണയിനിതന്‍ രൂപം 
മെനഞ്ഞെടുക്കാന്‍ എനിക്ക് കഴിയാതെ പോയി 
വര്‍ഷങ്ങളുടെ ഇടവേളകള്‍ 
വൈകി എത്തിയ പ്രണയ വസന്തങ്ങള്‍ 
ഇന്ന് ഞാന്‍ നിനക്കായ്‌ എഴുതി തുടങ്ങുന്നു 
തേങ്ങുന്ന നിന്‍  ഹൃദയത്തിലേക്കദ്യമായ്
കുളിര്‍ മഴയായ്  ഞാന്‍ പെയ്തിറങ്ങട്ടെ .
നന്ദി എന്നെ പ്രണയിച്ചതിനു ,
എനിക്ക് വേണ്ടി  കാത്തിരുന്നതിന് ,
പുനര്‍ജ്ജനിക്കട്ടെ  നാം ഒരിക്കലും 
പിരിയാത്ത പ്രണയത്തിന്റെ 
ഒരിക്കലും വറ്റാത്ത നീരുറവായ്....


Friday, December 23, 2011

...സ്ത്രീ .....



അഗ്നി, നീ സാക്ഷിപ്പെടുത്തിയ 
താലി ചരടുകള്‍ക്ക് നിറം മങ്ങി - 
 ഈ സൂര്യതാപത്തില്‍ ഉരുകി വീഴുമ്പോള്‍  
പുതുമയിലെ ബലിപുരകള്‍ക്ക് നീ ശീര്‍ഷകം ചാര്‍ത്തുകയോ?
'അമ്മ' തന്‍ അര്‍ഥം മറഞ്ഞു 
ജീവന്‍ തളിര്‍ത്ത കുഞ്ഞിളം കാലുകള്‍ 
ചില്ല് ഭരണിക്ക് അലങ്കാരമേകുമ്പോള്‍
രതിമൂര്‍ച്ചയില്‍ പിടയുന്ന സ്ത്രീത്വമേ അഹങ്കരിക്കുക .
തീന്‍ മേശയില്‍ നീ വലിച്ചെറിഞ്ഞ നിന്ടെ ചോരതുടിപ്പുകള്‍ 
നിന്നെ നോക്കി പുഞ്ചിരിച്ചു  നിന്നെ മാടിവിളിക്കും 
മൂല്യച്യുതികളില്‍  സാഗരം തീര്‍ക്കുന്ന അമാവാസരാത്രികളില്‍
കാലം നിന്ടെ ചേതനയറ്റ ചിത്രം വരച്ചു ചേര്‍ക്കും 
കറുത്ത രക്തം മണക്കുന്ന അരവുശാലകില്‍ നീ 
ലഹരിയുടെ എച്ചിലുകള്‍ക്കായ്‌   അലയുമ്പോള്‍ 
മുലകളില്‍ നീ വിഷമേന്തി നീ കാത്തിരിക്കുന്നുണ്ടാകും 
അറിയുന്നു ,ലജ്ജിക്കുന്നു നിന്നെയോര്‍ത്തു 
ഈ മനസ്സും ,സമൂഹവും .
നീ രാത്രിയുടെ ഭാവം മാറ്റി  
ഇരുട്ടിന്‍ തോഴിയായ് പൂക്കളറുക്കുമ്പോള്‍ 
നിര്‍വൃതിയടഞ്ഞ സംസ്കാരത്തിന്‍  
അവസാന തീ നാളങ്ങളിലും 
നിന്‍ ഉമിനീര് വീഴ്ത്തി
എല്ലാം ചവിട്ടിയരച്ചു  
തൂവെള്ള പുതപ്പുകളില്‍ ചോരച്ചിന്തുക.
ഈ യുഗത്തിന്‍ നഗ്നമായ  യക്ഷിപുത്രി
നീ തിരിഞ്ഞു നോക്കരുത് 
മുമ്പേ നടക്കുക , 
അകമ്പടിസേവിക്കാന്‍ ശുനകവര്‍ഗം ,
സീമകള്‍ കടന്നു നീ യാത്ര തുടരൂ ...
ഒരിക്കലെങ്കിലും  നിന്ടെ -
കണ്ണീരു പൊടിയുന്നതും  കാത്തു -
ജീവിച്ചു മരിച്ച  പതിവ്രത രത്നങ്ങള്‍
അക്ഷയപാത്രങ്ങളില്‍ കാലത്തിന്ടെ വിഷവുമായി 
നിന്ടെ വഴികളില്‍ കാത്തിരിക്കുന്നു  ...
നടന്നു  കയറുക , 
നിന്ടെ ജന്മം പൂര്‍ത്തിയാകട്ടെ






Tuesday, November 22, 2011

കര്‍ഷകന്‍



ഇതു നിന്‍ ചരമഗീതം 
വിയര്‍പ്പിന്‍ ഗന്ധമൂറുന്ന ഭൂമിതന്‍ വിരിമാറില്‍ 
കവിത വിരിയിക്കുന്ന നിന്‍ ഹസ്ത രേഖയില്‍ -
മരണത്തിന്‍ നിഴല്‍ നീലിച്ചതെങ്ങനെ ?
അമ്മതന്‍ നെറ്റിതടങ്ങളില്‍  അര്‍ച്ചനാ പുഷ്പ്പമായ് 
അടര്‍ന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ 
നിന്‍ പ്രാണനെ പ്രാപിക്കാന്‍ തുടങ്ങുമ്പോള്‍ 
ഇവിടെ  നാളെയുടെ നിലവിളക്കുകള്‍ കെട്ടണയും.

ചോരയോഴുക്കി വരമ്പ് കെട്ടിയ മനസ്സിന്‍ അകത്തളങ്ങളില്‍ 
അടിഞ്ഞു കൂടി , പെറ്റുപെരുകുന്ന ബാധ്യതകള്‍ 
നിന്‍ മേനിക്കു വിലയുറപ്പിക്കുമ്പോള്‍ 
അറിയുന്നു ഞാന്‍ , 
ആഴ കയങ്ങളിലേക്കൊഴുകുന്ന കാലചക്രത്തിന്‍ 
ഇരുളടഞ്ഞ ഇടവഴികളിലെവിടെയോ ഞാനും മുങ്ങിമരിക്കുമെന്ന്

നീ ഈ പുലരുതന്‍ പിത്രുത്വം സ്വീകരിക്കൂ 
നിന്‍ മുന്നില്‍ തലകുനിച്ചു ഈ തലമുറ 
നിനക്ക് പിന്നില്‍ അണിനിരക്കാം
തിരിക വരിക 
അന്നമൂട്ടുന്ന നിന്‍  കൈകളാല്‍ നീ കയറുമുറുക്കുമ്പോള്‍ 
പ്രകൃതന്‍ ആത്മാവ് പിടയുന്നതറിയുക

നാളയുടെ പുസ്തക താളുകളില്‍ നിന്‍ വിളിപ്പേരുകള്‍ 
ശീര്‍ഷകമായ് അച്ചടിച്ചുണരുമ്പോള്‍
ഈ മാതാവിന്‍ ശവകല്ലറയില്‍ 
അവസാന മണ്ണും വീണിരിക്കും 

ശരിയാണ് ഞങ്ങള്‍ നിന്നെ കുത്തി നോവിച്ചു,
നിന്‍ നേരിന്നു നേരെ കത്തി താഴ്ത്തി -
നിന്‍ ഹൃദയങ്ങളുടെ കളിതൊട്ടിലില്‍  സ്മാരകം രചിച്ചു 
ഇനിയില്ല മാപ്പ് , 
തിരികവരിക നീ 
ഇതു ഞാന്‍ വാഴുന്ന തലമുറതന്‍
അഗ്നിയില്‍ പൊള്ളിച്ച വാക്കുകള്‍ 
നിന്‍ പാദ സ്പര്‍ശമേല്‍ക്കാത്ത -
വയല്‍പാടങ്ങളില്‍ ശ്മശാന മൂകത 
നിന്‍ പട്ടുണരാത്ത കൊയ്ത്തു വയലുകളില്‍ 
ശോക രാഗങ്ങള്‍ കവിത മെനയുന്നു 
തിരിക വരിക 
നിന്‍ വരവിനായ് കാത്തിരിപ്പൂ 
ഈ പ്രകൃതിയും മനുഷ്യനും 




Friday, November 18, 2011

ലക്ഷണങ്ങള്‍


മഴക്കാറിന്‍ ആലിംഗനങ്ങളില്‍ 
വേനല്‍പൂവുകള്‍ കരിഞ്ഞുണങ്ങും.  
അരണ്ട വെളിച്ചത്തിന്‍ പ്രാണന്‍ പിടയുന്നു .
സ്വന്തമല്ലാത്ത ജന്മനക്ഷത്രത്തിലെ  പുഴുകുത്തുകള്‍
രാശിപലകളില്‍ കരിനിഴല്‍ വീഴ്ത്തും 
ഹൃദയരക്തം പകര്‍ന്ന തൂലിക തുമ്പുകളില്‍ 
അക്ഷരതെറ്റുകള്‍ കവിതയെ തെരുവിലെരിയും .
ആത്മവിശ്വസത്തിന്‍ കൊടുമുടികളില്‍ 
ജടപിടിച്ച ആത്മാവ് ഉരുകി ഒളിക്കുമ്പോള്‍ 
ചക്രവാളങ്ങളില്‍ ചിതയൊരുക്കി കാത്തിരിക്കാന്‍ 
ഇരുളിന്ടെ ലോകത്ത് പടയൊരുക്കം .
എഴുതിവെച്ച ഗ്രന്ഥകെട്ടുകളില്‍
ശവപൂജനല്‍കുന്ന പരേതാത്മാക്കള്‍ 
അംഗബലതിനായ് പെരുമ്പറ തീര്‍ക്കും 
തളിര്‍ക്കാതെ  പോയ പൂമരങ്ങളില്‍ 
കുരുതി പൂക്കള്‍ കാറ്റിന്നു മരണ മണം പകരുമ്പോള്‍ 
എന്‍ ശിരസ്സ്‌ മണ്ണില്‍ പതിക്കും 
എന്നില്‍നിന്നും ചിതറിവീണ രക്തത്തുള്ളികള്‍ 
മണ്ണിലലിഞ്ഞു കവിതകളായ് ചിറകുവെച്ചുയരുമ്പോള്‍
ചന്ദനമുട്ടികള്‍ ബന്ധനം തീര്‍ത്ത തടവറയില്‍ 
അക്ഷരങ്ങള്‍ എനിക്ക് ദാഹജലം നല്‍കും 
അവസാന കര്‍മ്മവും കഴിഞ്ഞു ഞാന്‍ യാത്രയാകും 
മരണമില്ലാത്ത കണ്ണീര്‍ചുമക്കാത്ത തഴവരയിലേക്ക് 
നന്മകള്‍ അസ്ഥിതറയായി പണിതുയര്‍ത്തി 
അതില്‍ എന്റെ കവിത കൊതിവെക്കാന്‍ ഞാന്‍ വരും 
കൊതി തീരാത്ത ഭൂമിയിലെക്കൊരു തീര്‍ഥയാത്ര 

Monday, November 14, 2011

.....അശിരീരി......



പേപ്പിടിച്ചോടുന്ന ദേഹവും 
ചോര കുടിച്ച ദ്രംഷ്ട്ടകളും മറച്ചു 
നിന്ടെ ഇരയാകള്‍ക്കായി 
അലഞ്ഞു നടക്കുക 

ചായക്കൂട്ടുകള്‍ ചുണ്ടിലണിഞ്ഞു
നിന്‍ വികാര മുണര്ത്തുന്ന മേലടയുമായ് 
അലയുന്ന കാമശിലകളില്‍
നീ നിന്ടെ ശില്‍പ്പം കൊത്തിവെക്കുക .

ഓര്‍ക്കുക ആ മാറിടങ്ങളില്‍ 
സ്നേഹത്തിന്ടെ മുലപ്പാലുകിനിയില്ല ,
തേനോലിക്കുന്ന ചുണ്ടുകളില്‍ 
പോയ്‌ മറഞ്ഞ നിമിഷത്തിന്‍ അനുഭൂതികള്‍ 
ഉമിനീരായ് ഇറ്റുവീഴുമ്പോള്‍ 
നീയത് ഞൊട്ടി നുണയുമ്പോള്‍ 
നിന്ടെ പൌരുഷത്തിനത് വീര്യം പകരട്ടെ .

നിന്ടെ ലോകം അവിടെ മാത്രം .
അവിടെ, രാവില്‍ ഹൃദയങ്ങള്‍ പിളര്‍ന്നു 
ചോരമഴ പെയ്യും 
വെട്ടി നുറുക്കിയ മാംസ കഷണങ്ങളില്‍ 
നിന്‍ മാതൃത്വം അഴുകി തുടങ്ങുമ്പോള്‍ 
ചവച്ചു തുപ്പിയ എച്ചില്‍ പാത്രങ്ങളില്‍ 
നീ നിന്ടെ സഹോദര്യത്തെ ചികഞ്ഞെടുക്കുക ,
നിന്ടെ യസസ്സുയരട്ടെ ..ഉയരങ്ങളിലേക്ക് 

നിന്ടെ സമയം കുറിക്കപെട്ടു
നിന്ടെ നയിച്ച വികാരങ്ങള്‍ 
നീ വിഹരിച്ച  ചളിക്കുണ്ടുകള്‍
എല്ലാം നിന്ടെ സബാദ്യമായ്
അവശേഷിക്കട്ടെ 

നിന്ടെ പ്രാണന്‍ അടര്‍ത്തിയെടുക്കുമ്പോള്‍
എവിടെയോ ,ആരൊക്കെയോ 
പാപ മോക്ഷത്തിന്‍ പുതുമയില്‍ 
നീന്തിത്തുടിക്കുന്നു

കരി പുരണ്ട നിന്‍ ദേഹം 
അഗ്നിയില്‍ ജ്വലിക്കുമ്പോള്‍
ഈ ഭൂമി പുളകിതമാകും

ഇത് പെറ്റമ്മതന്‍ ശാപമോ ?
നിന്ടെ തലമുറ ഉദരത്തില്‍ മുറവിളികൂട്ടുന്നു 
ജനിക്കും മുമ്പേ കാര്‍ന്നെടുത്ത മാതൃത്വം 
നിനക്ക് ജന്മമേകുമ്പോള്‍
നിന്‍ അട്ടഹാസത്തില്‍ ഭൂമി പിളരും 
ആ അമ്മതന്‍ നെഞ്ചില്‍ 
ദക്ഷിണ വെച്ച്  ഇരകളെ കാത്തിരിക്കുക 
തുടങ്ങട്ടെ പുതു ജന്മം 

പിച്ചവെക്കും മുമ്പേ അറിഞ്ഞു വീഴ്ത്തണം കാലുകള്‍ 
കണ്ടു തുടങ്ങും മുമ്പേ ചൂഴ്നെടുക്കണം കണ്ണുകള്‍ 
എല്ലാം എല്ലാം നിന്നില്‍ നിന്ന് അടര്‍ത്തിയെടുക്കുമ്പോള്‍ 
നിന്ടെ തലമുറ നശിക്കട്ടെ 
നീയാകട്ടെ നിന്ടെ പരമ്പരയിലെ
അവസാന ശ്വാസവും ,ജീവനും .....