Thursday, April 26, 2012

വിധവ




നിന്റെ
  സങ്കല്‍പ്പങ്ങളെ നീ 
തല്ലിയുടക്കരുത്  
സമ്മതമല്ലായിരുന്നു എന്ന് ഓതി മടുത്ത പല്ലവിക്കപ്പുറം 
ജീവിതത്തിന്റെ നേര്‍വരയിലേക്ക്‌  ഇറങ്ങി നടന്നപ്പോള്‍ 
പാതി വഴിയില്‍ മുറിഞ്ഞ നിന്‍ താലിചരടില്‍ 
ഒരു ദുരന്തത്തിന്റെ ശേഷിപ്പുകള്‍ ഉണങ്ങാന്‍ തുടങ്ങുന്നു .

എവിടെ നീ കുഴിച്ചു മൂടും നിന്‍ സ്വപ്നങ്ങളും  , നൊമ്പരങ്ങളും 
ഇനി നിന്നില്‍ പതിയുന്ന നോട്ടങ്ങള്‍ക്ക്‌ 
ഒരു അഭിസാരികയുടെ ഗന്ധം പരത്താന്‍ 
സമൂഹം ഒളിയമ്പുകളയച്ചു  തുടങ്ങിയിരിക്കുന്നു .

വിധിയുടെ താല്‍കാലിക വൃണങ്ങളിലെ 
ചോരനക്കാന്‍  കടിപിടി കൂട്ടുന്ന ഉരഗ വര്‍ഗ്ഗങ്ങള്‍ 
രതി വൈകൃതങ്ങള്‍ വിളയുന്ന അറവുശാലയില്‍ 
കുരുതിക്കായ്‌ തറ മെഴുകുമ്പോള്‍ 
പതറാതിരിക്കാന്‍ നിന്നാവട്ടെ .

ഇത്തിള്‍കണ്ണികളുടെ അരണ്ട ലോകത്തുനിന്നും 
ഒരു വന്‍ വൃക്ഷമായി നീ  വളരണം 
ഇല്ലങ്കില്‍ നാളെ നിന്റെ തണലിനായി 
ഈ മൂക സമൂഹം കൊതിക്കണം 
അതാവട്ടെ ഇനി നിന്റെ കണ്ണുകളില്‍ തിളക്കേണ്ടത്‌ 

കണ്ണീരൊഴുക്കി തേയ്ച്ചു കളയാന്‍ 
നിന്റെ മനസ്സില്‍ കറകളിലാത്ത കാലം വരെ 
നീയായിരിക്കും യഥാര്‍ത്ഥ കന്യക .
ചലനമറ്റ സമൂഹത്തില്‍ നിനക്ക് മുമ്പേ 
പതറിവീണവര്‍ക്കൊപ്പം  നാളെ നീയില്ല .
നീ  സ്ത്രീയാണ് , പരാജയത്തിന്‍ തീച്ചൂളകള്‍
നീ എന്നോ തല്ലിക്കെടുത്തിയതാണ് .

ധര്‍മ്മം കാത്ത വീര പുത്രികള്‍ക്കൊപ്പം
കാലം നിന്റെ  പടം വരച്ചു ചേര്‍ക്കണം 
അന്ന് നിനക്കായ്‌ പെയ്ത മഴയുടെ ശീതളതയില്‍ 
ഈ ഭൂമി തണുക്കട്ടെ .....

Tuesday, April 24, 2012

വേദന



വേദനകളുടെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ 
നനവ്‌ വറ്റിയ സ്വപ്നങ്ങളെ പുഞ്ചിരിക്കുക ,
നെയ്തു തീര്‍ത്ത ശരീരത്തിനുള്ളിലേക്ക്
കുത്തിയിറക്കിയ സൂചിമുനകള്‍ 
വേദനയുടെ ദൂതുമായെത്തുബോളേക്കും 
സിരകളില്‍ ഒഴുകുന്ന  ഉണര്‍വ്വ് ലായനിയില്‍ 
ജീവിതം മുങ്ങി തുടങ്ങിയിരുന്നു 

വേദന ... നീ ലഹരിയാണ് ...
എന്നിലെ ഇരുണ്ട വഴികളിലൂടെ നീ ഇരച്ചു കയറുമ്പോള്‍ 
പാതി മയങ്ങിയ കണ്ണുകളിലൂടെ ഓര്‍മ്മകള്‍ കൊഴിയാന്‍ തുടങ്ങുമ്പോള്‍ 
ആഴമറിയാത്ത ചതുപ്പുകളിലേക്ക് ഞാന്‍ വലിച്ചെറിയപ്പെടുകയോ ?

കട്ടിലില്‍ വരിഞ്ഞു കെട്ടിയ മേനിക്കുള്ളിലൂടെ 
മെനെഞ്ഞെടുത്ത പായ് വഞ്ചിയില്‍ യാത്രയാകുന്ന ഓര്‍മ്മകള്‍ 
എവിടെയോ തകര്‍ന്നടിയുന്നതിന്റെ അപസ്വരങ്ങള്‍ 
ഒരു നേര്‍ത്ത വിങ്ങലായ് എന്നില്‍ വന്നടിയുന്നുണ്ടായിരുന്നു .

വലിച്ചു മുറുക്കി  കെട്ടിയടക്കിയ സ്വാതന്ത്രത്തിന്‍ -
ചങ്ങലക്കൂട്ടങ്ങള്‍ക്കിടയില്‍ ജീവിതം ദ്രവിച്ചു തുടങ്ങി .
നിനക്കെതിരെ കുത്തിയിറക്കിയ മോര്‍ഫിനുകള്‍ 
ഉള്ളിലെ രണഭൂമിയില്‍ പ്രാണനെ പിഴിഞ്ഞെടുത്ത് ഭീതി തീര്‍ക്കുന്നു .

നിന്നിലൂടെ തെഴുത്ത്‌, പൂത്തുലഞ്ഞ മരണമെന്ന രക്ഷകനോ
പ്രത്യാശയുടെ കരി പുരണ്ടു മണ്ണില്‍ വീണു പിടയുന്നു .
ഉള്ളിലോഴുകുന്ന കറുത്ത രക്തത്തിന്‍ ശേഷിപ്പുകള്‍ 
കണ്ണിലൂടെ പൊട്ടിയൊലിക്കുംമ്പോളേക്കും 
ബാക്കിയാകുന്നത് ഇനിയെത്ര രാവുകള്‍ .

ദുരന്തങ്ങളുടെ ഗോപുര വാതിലുകള്‍ക്ക്  മുകളില്‍ 
നിനക്കായ്‌ ഞാന്‍ അലറിവിളിക്കാറുണ്ട്
ശിരസ്സു മുതല്‍ പാദം വരെ നിന്റെ വീര്യം പതഞ്ഞു  പൊന്തുമ്പോള്‍ 
കീഴടങ്ങിയിട്ടില്ലേ  ഞാന്‍ പലവട്ടം ...

ഇനി എനിക്ക് വിജയിക്കണം 
നീ കാര്‍ന്നെടുത്തതെല്ലാം  നിനക്കായ്‌ സമര്‍പ്പിച്ചു 
തോല്‍വിയുടെ ഉപ്പുരസം നിന്‍ നാവില്‍ പടര്‍ത്തി 
നമ്മെ പിരിക്കാന്‍ അവന്‍ വരുന്നു 

കാത്തിരിപ്പിന്റെ  കറുത്ത അദ്ധ്യായങ്ങള്‍ കാറ്റില്‍പ്പറത്തി
ഇനിയും അറിയാത്ത ലോകത്തിലേക്കൊരു കാല്‍വെപ്പ്‌ ..
ഒന്നുമാത്രം , നീയെന്ന ലഹരിക്കപ്പുറത്തു 
ഒരിക്കലും തളരാത്ത ആത്മവീര്യവുമായ് 
പച്ചയായ് എനിക്ക് ജീവിക്കണം ...
ജീവിച്ചു മരിക്കണം .......ഒരായിരം വര്‍ഷങ്ങള്‍ ....

Friday, January 27, 2012

ചോദ്യോത്തരം




മാറാല മറയിട്ട അടുക്കള പാത്രത്തില്‍ 

ഹിമാമായ് തിളങ്ങുന്ന അമ്മതന്‍ ചുടുകണ്ണീര്‍ 

മക്കള്‍ തന്‍ വേദനക്കാശ്വസമായമ്മ 

തുണിയഴിച്ചാടുന്നു ജീവിത വേഷങ്ങള്‍ .


വന്നു ചേര്‍ന്നവര്‍ , പോയി  മറഞ്ഞവര്‍ 

രാത്രിക്ക് കാവലായ് കൂട്ടുകിടന്നവര്‍ 

പകരുന്ന ഉമിനീരിനറപ്പുളവാക്കുന്നോര്‍ 

ഇണ ചേര്‍ന്ന ജീവനും, ഉരഗ വര്‍ഗങ്ങളും .


ഇനിയെത്ര ബാക്കിയീ ജീവിത തോണിയില്‍ 

തുണിയില്ലാതലയുന്ന മാര്‍ഗ്ഗങ്ങളില്‍ വെറും -

ചിറകെട്ടി ഉറയുന്ന ജീവിത ഭാരവും ,

തിരിയിട്ടു തെളിയിച്ച നിലവിളക്കിന്‍ച്ചോട്ടില്‍

ഉരുകി വീഴുന്നതോ ചലിക്കാത്ത ബീജങ്ങള്‍ 


കൊതി വലിക്കുന്നു കാമമരച്ചോട്ടില്‍

അസ്ഥികള്‍ പൂത്തു കരിഞ്ഞുണങ്ങുമ്പോളും

എന്നോ ചതഞ്ഞ വികാരങ്ങള്‍ക്കുള്ളിലെ

എച്ചിലു നുണയുവാന്‍ ഇനിയെത്ര ശുനകന്‍മാര്‍ 


ആരെ പഴിക്കണം ഇനി നമ്മള്‍ 

ആര്‍ക്കുനേരെറിയണം വിഷക്കല്ലുകള്‍ 

അറിയുന്ന നേരിനെ കണ്ണടച്ചിരുട്ടാക്കി 

അടിവസ്ത്ര മുരിയുന്ന സ്ത്രീത്വമോ 

പിന്നെ, കാമ ജ്വരം മൂത്തു
 
കണ്ണിലിരുട്ടാക്കി ഭോഗിച്ചു തളരുന്ന പുരുഷ്വത്വമോ 


മൂല്യച്ച്യുതികള്‍ വളക്കൂറു തീര്‍ത്തു 

കരിഞ്ഞുണങ്ങുന്ന  മനുഷത്വവും കണ്ടു 

മഞ്ഞച്ചോരീ കണ്ണുകളില്‍ വെറും 

കൃമിയായ് നുരക്കുന്നു മനുഷ്യ വര്‍ഗ്ഗം 

Sunday, January 22, 2012

മകന്



പ്രതീക്ഷയില്ലിനീ മനസ്സുകളില്‍ വെറും 
വിരിയാത്ത മരണത്തിന്‍ വസന്തങ്ങളല്ലാതെ,
ഏകനായ് വന്നു ,പാതിയിലലിഞ്ഞ നിന്‍ അമ്മയോന്നിച്ചു -
ജീവിച്ചൊരീ നിമിഷങ്ങളത്രയും 
അര്‍ത്ഥ ശ്യൂന്യങ്ങളായ് കൊഴിഞ്ഞു വീഴുന്നുവോ ?

ഉറങ്ങുന്നു ഞാനിന്നു അനാഥനായ് തലങ്ങളില്‍ 
അലയുന്നു ശോകമുയരുന്ന വഴികളില്‍ -
നിന്‍ വിളിക്കായ് കാതോര്‍ത്തു നിന്നോരീ 
ദിവസങ്ങളെന്നോ മറഞ്ഞു ....

ഇന്നീ മനസ്സിന്റെ  പിടിയഴിയുന്നു
ശ്യൂന്യമായ് തെളിയുന്ന കൈകളും ബാക്കി ,
നഗ്നമാം നിന്‍ മനസ്സില്‍ വിരിയിച്ചൊരു -
സ്നേഹപുഷ്പ്പത്തിലെ കരിയതെപോയരിതളരുത്തു നീ -
ദക്ഷിണയായെങ്കിലും  കാല്‍ക്കല്‍ വെക്കൂ 

ഒരു നിമിഷമെങ്കിലും ഓര്‍ക്കുക നീ 
നിന്‍ ബാല്യത്തിലേക്കൊന്നു  പോകൂ 
കൈപിടിച്ചോടുമോ എനിക്ക് മാത്രമീ -
വാത്സല്യമൊഴുകുന്ന സ്നേഹതീരങ്ങളില്‍ 

കാണാറുണ്ട് ഞാന്‍ സ്വപ്നത്തിലെങ്കിലും 
കാണാതെ പോയ നിന്‍ മക്കള്‍ തന്‍ ശ്രീരൂപം
ലാളിച്ചെടുക്കുവാന്‍ വെമ്പുമീ കൈകളില്‍ 
മുറിവായ്‌ വിതുമ്പുന്ന ചങ്ങല കൂട്ടങ്ങള്‍ 

അറിയുമോ അവരെന്നെ ,
മുത്തശ്ശനെന്നീ വിളിപ്പേരെങ്കിലും 
ഓതുമോ നീ അവരോടെങ്കിലും 
അറിയാതെ പോകുമീ സ്നേഹപ്പൂതണല്‍ 
ചിന്തയിലെങ്കിലും ഉയരട്ടെ വാക്കുകള്‍ 
അവശേഷിക്കുമോ മുത്തശ്ശനെന്ന പേര്‍ 

വരിക നീ അവസാനമായോരുവട്ടം കൂടിയീ-
അഴുകുന്ന ബന്ധത്തിനളവെടുത്തീടുവാന്‍.
തിരക്കിന്റെ  ശബ്ദം മുഴങ്ങുന്നതിന്‍ മുമ്പ് നീ 
പകരുമോ സ്നേഹത്തിന്‍ ഒരു തുള്ളി കണ്ണുനീര്‍ .

നേരുന്നു നന്മകള്‍ 
ഇനിയില്ല ,ഞാനില്ല ഓര്‍മ്മകള്‍ മാത്രം 
ഒഴുകുനീ നിന്‍ തിരക്കിന്റെ വഴികളില്‍ .
ഒരുനാളു തെളിയും നിനക്കായ്‌ മാത്രമീ -
നരവീണു  തുടങ്ങുന്ന കാലത്തിന്‍ മുദ്രകള്‍ .
ഓര്‍ക്കുക അന്നുമാത്രമെന്നെ നീ 
അനുഭവിച്ചറിയുനീ ഒരു അച്ഛന്റെ  വേദന ....

Tuesday, January 17, 2012

യുദ്ധം



സാമ്രാജ്യത്തിന്റെ കല്‍ തുറങ്കുകളില്‍
ചാട്ടവാറേറ്റു പുളയുന്ന സ്മൃതി വരമ്പുകള്‍ .
പഴകി തെറിച്ച വാക്കുകള്‍ .
വിഭൂതികളുടെ മാംസളതയില്‍ വിരിവെച്ചു -
തേടിയലഞ്ഞ ചോദ്യങ്ങള്‍ക്കുമുന്നില്‍ 
വിറയാര്‍ന്ന്, അവശനായ് ഞാനും .

ഈ യുദ്ധഭൂമിയില്‍ ഗര്‍ജ്ജിക്കുന്ന -
പടവാളുകളുടെ ദീന രോദനങ്ങലില്ല ,
കാതടപ്പിക്കുന്ന ഭീതിയുടെ കരിമ്പട്ടുടുത്തു 
കുതിച്ചു പായുന്ന അശ്വരഥങ്ങളില്ല.

കൂരിരുളായ കര്‍മ്മഭൂമിയില്‍ 
ലക്ഷ്യമില്ലാതെ പോയ വികാരങ്ങളുടെ 
കുരുന്നു കതിര്‍ കൊയ്തു ,തേടിയലഞ്ഞ -
വഴികളിലെ തീച്ചൂളകളില്‍ ചുട്ടെടുക്കണം .

എത്തിപിടിച്ച കൊടുമുടികളുടെ 
ഉന്നതങ്ങളില്‍ നിന്ന് കൈവിട്ടു 
എന്നിലെ അഗാതതയിലേക്ക് 
ആഴത്തില്‍ പതിക്കണം ...

വിജയഭേരി മുഴക്കി തിരിഞ്ഞു നടക്കുംമുമ്പ് 
വികാരങ്ങളുടെ രതിമൂര്‍ച്ചകളില്‍
പകര്‍ന്നെഴുതിയ കവിതകളും , സ്വപ്നങ്ങളും -
നേര്‍വരയിലെ മണ്‍കുടങ്ങളില്‍ വരിഞ്ഞു കെട്ടി 
ചക്രവാളത്തിന്‍ നീലിമകളിലേക്ക്  ഒഴുക്കി വിടണം .

ഇന്ദ്രിയങ്ങളുടെ തലപ്പവിനു മുകളില്‍ 
പാടിതഴമ്പിച്ച കുയില്‍ നാദത്തിന്റെ ഈരടികള്‍ 
രണഭൂമികളില്‍ മണ്ണിട്ട്‌ മൂടി 
തിരിഞ്ഞു നടക്കണം .

അക്രമിക്കാതിരിക്കാന്‍ കോട്ട തീര്‍ത്തു 
ചുറ്റി  വളയുന്ന  കാലാള്‍പ്പടകളെ 
വെട്ടി വീഴ്ത്താന്‍ കടിഞ്ഞാന്‍ പണിയണം 

മനസ്സിന്റെ  മാന്ത്രിക കുതിരക്കുമേല്‍ 
അടിമയുടെ ചായം പൂശി 
വഴിത്താരകളിളെല്ലാം വെളിച്ചം വിതറി 
തൂവെള്ള കൊടികളുമായ്
കുതിച്ചു പായട്ടെ ഞാന്‍ 
ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് 

Saturday, January 14, 2012

യാചകന്‍



നഗ്ന പാദന്‍
കണ്ണുകളില്‍ ജരാനരകള്‍ 
വിശപ്പിന്റെ  രോദനങ്ങളലരുന്ന 
വയറിനു കുറുകേ
കെട്ടിയമര്‍ത്തിയ പാതി വസ്ത്രം .
ഊന്നു വടിയില്‍ ഭാരം പടര്‍ത്തി 
വിധിയുടെ തീകനലിലൂടെ അവനും ..

അവന്‍ മനുഷ്യന്‍ 
അവന്റെ മുന്നില്‍ ഇന്നലകളുടെ ചുവര്‍ചിത്രങ്ങളോ ,
നാളയുടെ ദുര്‍നിമിത്തങ്ങളോയില്ല .
തുരുമ്പടുത്ത  ഭിക്ഷ പാത്രത്തിലേക്ക്  
വന്നു വീഴുന്ന വറ്റുകളുടെ ആകെ തുകയായ്
അവനും ജീവിതം മെനയണം.

അവന്‍ മനുഷ്യന്‍ 
വെച്ച് നീട്ടിയ ഓട്ടപാത്രത്തിലേക്ക് 
നീയെറിഞ്ഞ ചില്ലറ തുട്ടുകള്‍ക്ക് 
ആരായുസ്സിന്റെ ,ഗതികേടിന്റെ -
ഇനിയും പിറകാത്ത സ്വപ്നങ്ങളുടെ 
അടങ്ങാത്ത തീക്ഷ്ണതയുണ്ട് .

അവന്‍ മനുഷ്യന്‍ 
നിസ്സഹായതയുടെ കൈവെള്ളയിലേക്ക് 
നീ കാര്‍ക്കിച്ചു തുപ്പുമ്പോള്‍ 
കണ്ണീരില്‍ കഴുകി കളയാന്‍ അവനെന്നേ ശീലിച്ചിരിക്കുന്നു .
രാവിന്റെ തണുത്ത തിരശീലക്കു പിന്നില്‍ 
പൊട്ടിയൊലിക്കുന്ന മുറിവുകളുമായ് തീകായുമ്പോള്‍ 
വിടര്‍ന്നു വന്നത് കയ്പ്പുനീരിന്റെ വസന്തകാലം
 
അവന്‍ മനുഷ്യന്‍ 
വില്‍ക്കാനുണ്ട് അവയവങ്ങള്‍ 
വേദനിപ്പിക്കാതെ കീറിമുറിക്കുക 
ഇനി കണ്ണീരില്ല 
പാതിയായ ആയുസ്സിന്റെ  പേറ്റുനോവില്ലാതെ 
അടിമയക്കപെട്ടവന്റെ  ആത്മരോഷം  
കാലത്തിനു നേരെ അവന്‍ തൊടുത്തു വിടും .
ആയുസ്സ് തീര്‍ന്നു ചീഞ്ഞുനാറുമ്പോള്‍
പുഞ്ചിരിക്കണം അവസാനമായി ...

ഇനി ശാപ വക്കുകളെറിയാന്‍ അവനില്ല 
അവന്റെ  പരമ്പരയുമില്ല  
നീ മാത്രം, നിന്നിലൂടെ അവന്‍ പുനര്‍ജ്ജനിക്കും ,
അവന്റെ  പാതയിലേക്ക് നിന്നെ നയിക്കാന്‍ 
നിന്റെ  മക്കള്‍ കൊതിക്കുവെങ്കില്‍ 
അതവന്റെ  മധുര പ്രതികാരം .
മറിച്ചാണങ്കില്‍ നിന്റെ ജീവിതം അവന്റെ 
വെറും ഔദാര്യവും ...
ജയപരാജയങ്ങളിലാത്ത അവന്റെ 
ജീവിതമോര്‍ത്തു  പുഞ്ചിരിക്കുക   ഒരിക്കല്‍ കൂടി ....


Thursday, January 5, 2012

സഞ്ചാരം



സഞ്ചരിക്കണം ഒരിക്കല്‍ കൂടി ..
പിരിയാന്‍ വെമ്പിയ നിമിഷങ്ങളുടെ നഗ്നതയില്‍ 
ഒരു കഠാര താഴ്ത്തി -
ഒലിച്ചിറങ്ങുന്ന കുരുതി പൂക്കള്‍ക്ക് 
അന്ധക്കാരത്തിന്‍ നിറം പകര്‍ന്നു തിരിഞ്ഞു നടക്കണം .

പുഞ്ചിരിയാര്‍ന്ന ബാല്യം പുനര്‍ജ്ജനിക്കുമെങ്കില്‍
സ്നേഹം തുളുമ്പുന്ന മാതാവിന്റെ  മാറിടങ്ങളില്‍ നിന്നും -
ഒരിക്കല്‍ കൂടി സ്നേഹത്തിന്‍ പാലു നുണയണം.
തല നിവര്‍ത്തിയ പച്ചില കൂട്ടങ്ങളെ ചുബിച്ച്
കുടചൂടുന്ന  കാര്‍മേഘങ്ങളുടെ അകമ്പടിയുമായ്‌
വയല്‍ വരമ്പിലൂടെ പിച്ച വെച്ച് നടക്കണം .

യവ്വനത്തിന്‍ ഗുഹാ മുഖത്ത്
നിറം മങ്ങിയ തൂവലുമായ് പറന്നുയര്‍ന്നപ്പോള്‍ 
ചിതറി വീണ മനസ്സും ,ശരീരത്തിനുമപ്പുറം  ,
വാരി കൂട്ടിയ ഓര്‍മ്മകളുടെ ശേഷിപ്പുകള്‍ 
എനിക്കായ് തിരിച്ചു തന്ന കാലത്തിന്‍  
വിശാല്തയിലിരുന്നു എനിക്ക് കവിത കുറിക്കണം 

പ്രവാസത്തിന്റെ  വിഴിപ്പു ഭാന്ധങ്ങള്‍ 
കുളപ്പുരകളില്‍ മണ്ണിട്ട്‌ മൂടി ..
മാടി വിളിക്കുന്ന ശീതള മേനിയിലൂടെ 
എനിക്ക് നീന്തി തുടിക്കണം 

ഫണമുയര്‍ത്തി ആടിതളര്‍ന്ന ലഹരികള്‍ 
സിരകളില്‍ ഊറി കിടക്കുന്നുണ്ട് 
ഒരു ചെറു കാറ്റില്‍ ഇളകി മറയാന്‍ തുടങ്ങുമ്പോള്‍ 
അവയെ കല്‍ തുറങ്കുകളിലടച്ചു  യാത്ര തുടരണം 

ഡയറിക്കുറിപ്പുകളില്‍ കരിമഷി പുരണ്ട അക്ഷരക്കൂട്ടങ്ങള്‍ക്ക് 
ജീവിതത്തിലെ ഇരുളടഞ്ഞ സ്വപ്നങ്ങളുമായ്‌ പ്രണയമായിരുന്നു .
എഴുതി തീര്‍ക്കാന്‍ ഇനിയെത്ര താളുകള്‍ ..
അതോ അതിന്‍ മുമ്പ് ....
മഷി വറ്റാരായ തൂലികയുടെ അവസാന ശ്വാസവും നിലക്കുമെങ്കില്‍ 
ഇതാവട്ടെ അവസാന ഡയറിക്കുറിപ്പ്‌ 
വീണ്ടും സഞ്ചരിക്കണം ......
ഓര്‍മ്മകളുടെ ഇടവഴികളിലൂടെ ഒരിക്കല്‍ കൂടി ......