Monday, October 19, 2015

THE MUSEUM OF INNOCENCE



പ്രണയമെന്ന വികാരത്തെ വായിച്ചറിഞ്ഞതോ അനുഭവിച്ചറിഞ്ഞതോ ആയ ചിന്തകള്‍ അസ്തമിക്കുന്നിടത്തുനിന്നാണ് ഈ നോവല്‍ സത്യത്തില്‍ ആരംഭിക്കുന്നത്. ഇത്രത്തോളം തീവ്രമായി, ഭ്രാന്താത്മകമായി പ്രണയത്തെ വായിച്ചെടുക്കുമ്പോള്‍ എന്റെ പരിമിത വായനയിലെ ഏറ്റവും സുന്ദരമായ ഒരു വായനയിലൂടെയായിരുന്നു ഞാന്‍ കടന്നുപോയിക്കൊണ്ടിരുന്നത്. 1970-ലെ ഇസ്താംബൂളിലെ പശ്ചാത്തലത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്, സമ്പന്നനായ കെമാല്‍ എന്ന മുപ്പതുകാരന്റെ വിവാഹനിശ്ചയത്തിനപ്പുറം അകന്ന ബന്ധത്തില്‍പ്പെട്ട സെയില്‍സ് ഗേള്‍ ആയ ഫ്യൂസനെ കണ്ടുമുട്ടുന്നത് മുതല്‍ കന്യകാത്വത്തിന്റെ അതില്‍ വരമ്പുകള്‍ ഭേദിച്ച് പ്രണയം തളിര്‍ക്കുന്നതും ,നഷ്ട്ടപ്പെടുന്നതും, തിരിച്ചുപിടിക്കുന്നതും, കാത്തിരിപ്പുകളുടെ വിങ്ങുന്ന വേദനകളും, ഒടുവില്‍ സ്വന്തം പ്രണയത്തിന്റെ ഒര്‍മ്മകളുറങ്ങുന്ന ഒരു ചിത്രശാലയുടെ വേദനാജനകമായ നിര്‍മാണവുമാണ് നോവലിന്റെ ഇതിവൃത്തം.

 കെമാല്‍ ബേ തങ്ങളുടെ ആഗ്രഹങ്ങള്‍ പോലെ ഫ്യൂസന്റെ ഓര്‍മ്മകള്‍ അന്തിയുറങ്ങുന്ന, താങ്കളുടെ മുപ്പതു വര്‍ഷത്തെ പ്രണയ ശേഖരങ്ങള്‍, അവയ്ക്ക് പിന്നിലെ അതേ വേദനകളും സന്തോഷങ്ങളും അതേ തീവ്രതയും കാത്തു സൂക്ഷിച്ചു ഒരു മ്യൂസിയമായി മാറ്റപ്പെട്ടിരിക്കുന്നു. വായനക്കപ്പുറം ഓരോ വായനക്കാരനും ഈ പ്രണത്തെ തിരിച്ചറിഞ്ഞു താങ്കളുടെ നിഷ്കളങ്കമായ ചിത്രശാല തേടിവരിക തന്നെ ചെയ്യും. അത്രയ്ക്ക് വികാര സാന്ദ്രമായി താങ്കളുടെ ആഗ്രഹംപോലെ ഒരു സന്ദര്‍ഭങ്ങളും ഒര്‍ഹാന്‍ പമുക് കുറിച്ച് വെച്ചിട്ടുണ്ട്. ഇനി ആ പ്രണയമാകുന്ന മ്യൂസിയത്തിലേക്കുള്ള വായനക്കാരന്റെ പ്രയാണമാണ്. പ്രണയമെന്നത് ഗാഢമായ ശ്രദ്ധയാണ്, സഹാനുഭൂതിയാണ്. ഇത് ലൈലാ-മജ്നുവിന്റെയും ,ഹസന്‍-ആസകയുടെയും കഥ പോലെ പ്രണയിനികളുടെ വെറും കഥയല്ലന്നും വായനക്കാരന്‍ ഇവിടെ തിരിച്ചറിയുന്നു. വായനയുടെ അവസാനങ്ങളില്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ടും ഇളകിമറിയുന്ന മനസ്സുകൊണ്ടും താളുകള്‍ മറിക്കപ്പെടുമ്പോള്‍ കെമാല്‍ ബേ താങ്കളുടെ പ്രണയത്തിനു മുന്നില്‍, കാത്തിരുന്ന വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കിടയില്‍ പ്രണയത്തിന്റെ നീരൊഴുക്കുമായി ആ തെരുവില്‍ അലഞ്ഞ വേദനകള്‍ക്ക് മുന്നില്‍, അവശേഷിച്ച ചിത്രശാലയിലെ ഓര്‍മകള്‍ക്ക് മുന്നില്‍ അറിയാതെ ശിരസ്സ്‌ കുനിഞ്ഞു പോകുന്നു.വലിയ പുസ്തകത്തിനോടുള്ള എന്റെ ആവേശത്തിന് ഒരിക്കല്‍ കൂടി കൂറ് പുലര്‍ത്തി എന്നെ ആകര്‍ഷിച്ച പ്രണയ പുസ്തകങ്ങളുടെ മുന്‍ നിരയിലേക്ക് ഈ വായനയെ ഞാന്‍ മാറ്റി നിര്‍ത്തുന്നു.

3 comments: