Friday, December 11, 2015

കരിക്കോട്ടക്കരി



അധികാര കുടുംബത്തില്‍ കറുത്തവനായി ജനിച്ച ഇറാനിമോസിനെ മുന്നില്‍ നിര്‍ത്തി ക്രിസ്ത്യന്‍ കുടിയേറ്റവും, ദളിത്‌ ക്രൈസ്തവ ജീവിതവും നോവലായി മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഈയിടെ വായിച്ച ഏറ്റവും നല്ല വായനയായി ഈ ബുക്ക്‌ മാറപ്പെടുകയായിരുന്നു. വെളുത്ത കുടുംബത്തില്‍ കറുത്തവനായി ജനിച്ച ഇറാനിമോസിന്റെ മാനസികമായ വ്യഥകളും പിരിമുറുക്കങ്ങളും അവഗണനകളും കരികോട്ടക്കരിയിലേക്ക് അവനെ നയിക്കുകയായിരുന്നു. ഉന്നതമായ അധികാര കുടുംബത്തില്‍ നിന്നും കരിക്കോട്ടക്കരിയിലെത്തുന്ന ഇറാനിമോസിനെ കാത്തിരുന്നത് ഈ നോവലില്‍ ഏറ്റവും പ്രധാനപ്പെട്ട നിക്കോളാസ് അച്ഛനും സ്വന്തം സുഹൃത്തുമായിരുന്നു. അവിടെ നിന്നും കഥ ഗതിമാറി ഒഴുകാന്‍ തുടങ്ങുകയാണ്. ജാര സന്തതി എന്ന പാപഭാരത്തില്‍ നിന്ന് മുക്തിനേടാന്‍ സ്വന്തം തായ് വേരുകള്‍ തേടി അലയുന്ന ഇറാനിമോസ് ഓരോ വായനക്കരനെയും വായനയുടെ പ്രത്യേക തലങ്ങളില്‍ എത്തിച്ചിരിക്കും. കരിക്കോട്ടക്കരിയിലെ ജീവിതത്തിലൂടെ കഥ മുന്നോട്ടു പോകുമ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ഗതി മാറി വായന എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.പന്നിയച്ചന്‍,യോന്നാച്ചന്‍,സെബാന്‍,എമിലി ചേച്ചി,സണ്ണി ചേട്ടന്‍,ബിന്ദു ,കണ്ണു കാണാത്ത മരങ്ങനും, കപ്ലിയും, വെളുത്തച്ഛന്‍, ചാഞ്ചന്‍ വല്യച്ചന്‍,കണ്ണമ്മ ചേച്ചി, സ്വന്തം അച്ഛനും അമ്മയും എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികവോടെ വായനയില്‍ ഒരു വശ്യത തീര്‍ക്കുന്നു. അത് തന്നെയാവും തുടര്‍ച്ചയായി കണ്ണുകളെടുക്കാതെ വായിച്ചു തീര്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചതും.

"കണ്ണമ്മ ചേച്ചി ചീന്തിയ ഒരു വാഴയിലയില്‍ നെല്ലും ചെമ്പരത്തി പൂക്കളും തല വെട്ടിയ ഒരു കരിക്കും എന്റെ കയ്യില്‍ തന്നു. "വല്യപ്പച്ചന് കൊണ്ട് പോയി കൊടുക്ക്‌". ചേച്ചി ഇലവുമരത്തിന്റെ നേരെ നോക്കി നെഞ്ചില്‍ കൈവെച്ചു. കരിക്കുമായി ചെല്ലുമ്പോള്‍ വല്യച്ഛന്‍ വടിയിലൂന്നി കുത്തിയിരിക്കുകയായിരുന്നു.കൈകൊണ്ടു എന്നോടും ഇരിക്കാന്‍ ആംഗ്യം കാട്ടി. വല്യച്ഛന്‍ അവ്യക്തമായ ഒരു മരണഗാനം ഇഴഞ്ഞ് പാടാന്‍ തുടങ്ങി. പാട്ടിനിടയില്‍ നെല്‍മണികള്‍ വാരി കല്ലുകള്‍ക്ക് നേരെ എറിഞ്ഞു. പിന്നെ ഓരോ ചെമ്പരത്തിപ്പൂവെടുത്തു ഇതള്‍ പറിച്ചെറിഞ്ഞു. അവസാന ഇതളും എറിഞ്ഞു കഴിഞ്ഞു കല്ലുകള്‍ക്ക് നേരെ മരിച്ചത് പോലെ കുമ്പിട്ടു വീണു " എന്നെ സ്പര്‍ശിച്ച ഈ വരികളുടെ അര്‍ത്ഥമറിയണമെങ്കില്‍ , അതിന്റെ ആഴവും പരപ്പും അതേ വികാരത്തോടെ അനുഭവിക്കണമെങ്കില്‍ ഈ വായനയെ നെഞ്ചിലേറ്റുക തന്നെ വേണം. ഇന്നത്തെ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും മതമാറ്റ പ്രവര്‍ത്തങ്ങള്‍ സുലഭമായി നടന്നു പോകുമ്പോള്‍ പുലയ- ക്രൈസ്തവ അധികാരമാറ്റവും മതമാറ്റ വിഷയവും , അതില്‍ തെറ്റു തിരിച്ചറിഞ്ഞു അതില്‍ നിന്നുള്ള ഒരു തിരിച്ചു പോക്കും ഇത്ര ധീരതയോടെ നോവലായി അവതരിപ്പിക്കാന്‍ എടുത്ത ചങ്കൂറ്റത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല. " ഈറ്റു ചേട്ടായിക്കറിയോ ഈ കാരിക്കോട്ടകരിയിലെ എല്ലാ മനുഷ്യ ജീവികളും ആഗ്രഹികുന്നത് പുലയരാവാനാ.. നിവൃത്തിക്കേട്‌ കൊണ്ട് മാത്രമാ എല്ലാവരും ക്രിസ്ത്യാനിയായിരിക്കുന്നതും ഞാനീ പള്ളീടെ കീഴില്‍ പണിയെടുക്കുന്നതും" എല്ലാം ഈ വാക്കുകളില്‍ അതെല്ലാം നോവലിസ്റ്റ് വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഒരു പ്രണയം അവിടെ തകരുന്നെകിലും വായനക്കിടയില്‍ മനസ്സില്‍ തട്ടിയ വാക്കുകള്‍ വായനയെ കൂടുതല്‍ വികാര ഭരിതമാക്കി.

എടുത്തു പറയാന്‍ ഒരുപാട് സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഈ വായനയുടെ ക്ലൈമാക്സ് എടുത്തു പറയേണ്ടത് തന്നെയാണ്. ഇത്ര മനോഹരമായി ഇതില്‍ കൂടുതല്‍ ഈ നോവല്‍ അവസാനിപ്പിക്കാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ എന്റെ പരിമിതമായ വായനാശീലം വെച്ച് എനിക്ക് കഴിയില്ല എന്ന് തീര്‍ച്ചപ്പെടുത്തുന്നു . "ഞാനീ മേലോത്ത് തന്നെയുണ്ടാകും ക്രിസ്ത്യാനിയായല്ല പുലയനായി" ഇറാനിമോസ് അവസാനം പ്രഖ്യാപിക്കുന്നു. ജാതി രാഷ്ട്രീയം കേരളത്തില്‍ വലിയ കോളിളക്കങ്ങള്‍ക്ക് വഴി തുറക്കുന്ന ഈ സമയത്ത് ഈ നോവലിനെ വിലയിരുത്താന് വായനക്കാരന് വിട്ടു കൊടുക്കുന്നു .നന്ദി നന്ദി നന്ദി ഇങ്ങനെ ഒരു വായനയെ ഞങ്ങള്‍ക്കായി കാത്തു വെച്ചതിന്. തീര്‍ച്ചയായും വായിക്കപ്പെടേണ്ട പുസ്തകം. തികഞ്ഞ സന്തോഷത്തോടെ സൌഹൃദങ്ങള്‍ക്ക് വായനക്കായി മുന്നില്‍ വെയ്ക്കുന്നു.

ഡി.സി .ബുക്സ്
വില:100 രൂപ

Saturday, November 7, 2015

ഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍



പ്രിയ സുഹൃത്തിന് ആദ്യമേ അഭിനന്ദനങ്ങള്‍. തനി നാടന്‍ ഭാഷയുടെ ചാരുതയും, ഗ്രാമീണ ഹൃദയ തുടിപ്പുകള്‍ വ്യക്തമായി വരച്ചുകാട്ടി ഗൃഹാതുരമായ ഓര്‍മ്മയിലൂടെ എന്നെയും നയിച്ച്‌ വേറിട്ട ഒരു വായാനാനുഭവം സമ്മാനിച്ചതിന് നന്ദി. ബാല്യവും പ്രണയവും,ജീവിതവും, കെട്ടുപിണഞ്ഞു നിലാവത്ത് അലയാന്‍ വിട്ട ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവരിക തന്നെയായിരുന്നു വായനയിലെ ഓരോ മുഹൂര്‍ത്തങ്ങളും. ആദ്യം മുതലുള്ള ഒഴുക്ക് അവസാന ഭാഗങ്ങളിലേക്കടുക്കുമ്പോള്‍ വേഗത കൂടി നിയന്ത്രിക്കാന്‍ വായനകാരന്‍ വല്ലാതെ വിയര്‍ക്കുക തന്നെ ചെയ്യും. നിരഞ്ജനയോടടുക്കുമ്പോള്‍ വായനയുടെ തീവ്രവായ ഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിന്റെ വായനാനുഭവം മനസ്സില്‍ തങ്ങി നില്‍ക്കുന്നത് കൊണ്ടാകും തലമുറയുടെ കഥപറയുമ്പോള്‍ നിരഞ്ജനയടക്കം പലതും ചുരുക്കി എഴുതപ്പെട്ടു എന്ന് തോന്നിപോകുന്നു. വ്യക്തമായ വിവരണം വായിച്ചറിയാനുള്ള വായനക്കാരന്റെ ആഗ്രഹം പങ്കുവെച്ചു എന്ന് കണക്കാക്കി ആ വിഷയം അവസാനിപ്പിക്കുന്നു.എങ്കിലും കാലഘട്ടങ്ങളിലൂടെ വളര്‍ച്ചയും,ചരിത്രങ്ങളും വ്യക്തമായി രേഖപ്പെടുത്തുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.  ഉമ്മയും,ഉപ്പയും,ഒത്തുപള്ളിയും,അയ്‌ലക്കുന്നും,സീമന്തിനി ദേവിയും,ബി.എം.എസ്സും, സെയ്ത് മൊല്ലാക്കയുമെല്ലാം അതിനു കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട്‌.  മലബാര്‍ കലാപം,കലഹാന്തര കാലം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരൂന്നല്‍, അടിയന്തരാവസ്ഥകാലം, മത തീവ്രവാദത്തിന്റെ കാലം, എന്നിങ്ങനെ കാലഘട്ടത്തിന്റെ കഥ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ തനി നാടന്‍ ശൈലിയില്‍ വിവരിക്കുമ്പോള്‍ ഇത് വായനക്കപ്പുറവും ഓര്‍മ്മയിലെ ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകളായി അവശേഷിക്കുന്നു.പലതും പെട്ടന്ന് പറഞ്ഞു നിര്‍ത്തി എന്ന തോന്നല്‍ ബാക്കി നിര്‍ത്തി വായനയെ ഇഷ്ട്ടത്തോടെ നെഞ്ചോടു ചേര്‍ക്കുന്നു.

Wednesday, October 28, 2015

കാടും ക്യാമറയും



നാട്ടില്‍ നിന്നും പുതിയ ബുക്കുകള്‍ എത്തി ആദ്യം തന്നെ നസീര്‍ ഇക്കയുടെ കാടും ക്യാമറയും തന്നെ വായനയ്ക്കായി തിരഞ്ഞെടുത്തു. ആയിരം രൂപ എന്ന വില കേട്ടപ്പോള്‍ ഉള്ളടക്കവും അതിലെ ചിത്രങ്ങളും ഒരിക്കലും നിരാശ സമ്മാനിക്കില്ല എന്ന വിശ്വാസം കാടിനെ ചെന്ന് തൊടുമ്പോള്‍ വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകുന്നതെ ഉള്ളൂ. മൊത്തമായി ആര്‍ട്ട്‌ പേപ്പറില്‍ ആണ് ബുക്ക്‌ നമുക്ക് മുന്നില്‍ എത്തിയിട്ടുള്ളത് അത് തന്നെ ആവണം വില ഇത്രയ്ക്ക് കൂടാന്‍ കാരണം . ഈ ബുക്ക്‌ ഒരു ദൃശ്യ വിരുന്നു തന്നെയാണ്, ഇതിലെ ഓരോ ചിത്രങ്ങള്‍ക്ക് പിന്നിലും ഒരു മനുഷ്യന്റെ കാടിനോടുള്ള പ്രണയമുണ്ട്, വ്യതിചലിച്ചു പോകുന്ന പ്രകൃതി സ്നേഹത്തിനു നല്‍കപ്പെടെണ്ടി വരുന്ന ഭാവിയിലേക്കുള്ള ഭീഷണികളുടെ അടയാളങ്ങളുണ്ട്,  ഇനിയും നന്മകള്‍ ബാക്കിനിര്‍ത്തി പ്രകൃതിയിലേക്ക് തിരിഞ്ഞു നടക്കാന്‍ പ്രേരിപ്പിക്കുന്ന മനോഹാരിതയുണ്ട്. കാട്ടു പുഴയോരങ്ങളിലും പാറകെട്ടുകളിലും ഏറുമാടങ്ങളിലും ആദിവാസി കുടിലുകളിലും തങ്ങി, കാടിനേയും പുഴയേയും മഞ്ഞിനേയും വെയിലിനെയും മഴയെയും നിലാവിനെയും നക്ഷത്രങ്ങളെയും സൂര്യാസ്തമയങ്ങളെയും കണ്ടു മടങ്ങി മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ കാടിന്റെ വശ്യമാനോഹാരിതയില്‍ ജീവിച്ചു ആ അനുഭവങ്ങളും ചിത്രങ്ങളും വായനയിലൂടെ ഓരോ വായനക്കാരയെയും സ്വാദീനിച്ചു, ആ കാടനുഭവങ്ങളുടെ കുളിര്‍മകള്‍ പ്രകൃതി സംരക്ഷണയുടെ ആവിശ്യകതയിലേക്ക് ഓരോ വായനക്കാരനെയും തീര്‍ച്ചയായും എത്തിച്ചിരിക്കും . അത് തന്നെയാവണം ഈ ബുക്കിന്റെ വിജയവും. വേനലില്‍ രാത്രികാലങ്ങളില്‍ ഇത്രയും ദൂരങ്ങള്‍ താണ്ടി അരുവികളിലും പുഴകളിലും കുഴികളെടുത്തു മൃഗങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് കാടിനെ ചെന്ന് തൊടുമ്പോള്‍ എന്ന ആദ്യ പുസ്തകത്തില്‍ വായിച്ചറിഞ്ഞപ്പോള്‍ മുതല്‍ അറിയാതെ ആഗ്രഹിച്ചു പോയാതാണ് താങ്കളെ ഒരിക്കലെങ്കിലും നേരില്‍ കാണണമെന്ന്.

ഇനിയും നമ്മില്‍ ബാക്കിയായിട്ടുള്ള ശിലായുഗവബോധത്തിന്റെ ചാരം മൂടികിടക്കുന്ന കനലുകളെ ഊതിപ്പെരുപ്പിച്ച് അത് ഒരു തീയായ് വളര്‍ന്നു തിടം വെച്ച് തങ്ങളുടെ ജീവിതവീക്ഷണങ്ങളെ മാറ്റി മറിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു പാട് പേര്‍ക്ക് പ്രചോദനമാണ് താങ്കള്‍. ആദ്യ ബുക്കില്‍ വിവരിച്ചിട്ടുള്ള നീലഗിരി മാര്‍ട്ടിന്‍, തവളയാന്‍ പക്ഷി,വെള്ള കാട്ടു പോത്ത് അങ്ങനെ പലതും വീണ്ടും ഈ ബൂക്കിലും ആവര്‍ത്തിച്ചതിനു പകരം അറിയപ്പെടാത്ത പലതും ഉള്‍പ്പെടുത്തമായിരുന്നു എന്ന് തോന്നി കാരണം കാടും കാടിന്റെ വശ്യതയിലും ജീവിക്കുന്ന അങ്ങേയ്ക്ക് കാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ പറഞ്ഞാല്‍ തീരാത്തത്ര അനുഭവസമ്പത്ത് ഉണ്ടാവും എന്നാ പൂര്‍ണ്ണ വിശ്വാസത്തില്‍ ആണ് ഇങ്ങനെ ചിന്തിക്കേണ്ടി വന്നത് എന്ന്കൂടി അറിയിക്കട്ടെ. "വന്യജീവി ഫോട്ടോഗ്രാഫി ഒരു ധ്യാനമാണ്. കാടെന്ന മഹാദ്ഭുതത്തിലേക്കുള്ള ലയനം. അവിടെ ക്യമാറയില്ല, ഫോട്ടോഗ്രാഫറില്ല മുന്‍വിധികളൊന്നുമില്ല, കണക്കു കൂട്ടലുകള്‍ക്കൊന്നും തന്നെ സ്ഥാനമില്ല അവിടെ എല്ലാം സംഭവിക്കുകയാണ്" കാടിനെ ഇത്രയെയേറെ സ്നേഹിക്കുന്ന ഈ വാക്കുകള്‍ ശ്രദ്ധിക്കപ്പെടെണ്ടത് തന്നെയാണ്. കാടിനെ സമീപികേണ്ട രീതി.ഫോട്ടോഗ്രാഫി,ക്യാമറകള്‍, ലെന്‍സുകള്‍,വസ്ത്രങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഉപകാരപ്രദം തന്നെ. കാടിന്റെ ആത്മാവും ഹൃദയമിടിപ്പുകളും ഇത്രത്തോളം എന്നെ സ്വാദീനിച്ച വേറെ വായന എന്നില്‍ ഉണ്ടായിട്ടില്ല.
ആ നല്ല മനസ്സിനു മുന്നില്‍ തലകുനിക്കുന്നു ..പ്രകൃതിയെ അറിയാന്‍, ആ വിസ്മയത്തെ അറിയാന്‍ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.

Monday, October 26, 2015

രതിസാമ്രാജ്യം



ആധുനിക ശാസ്ത്രീയ തത്വങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ആദ്യത്തെ ആധികാരിക ലൈംഗിക വിജ്ഞാനകൃതിയാണ് നാലപ്പാട്ട് നാരായണമേനോന്റെ രതി സാമ്രാജ്യം. ജീവിവര്‍ഗൈക്യം, ലിംഗഭേദ പരിണാമം,ലിംഗഭേദ വിവരണം, പുംസ്ത്രീ ഭേദം, കാമവികാരം, മതവും കാമവും, സ്വയംഭോഗം, ദിവാ സ്വപ്നം, സ്വപ്നം, നാര്‍സിസം, സ്പര്‍ശേന്ദ്രിയവും അനുരാഗവും, ശ്രവണേന്ദ്രിയവും അനുരാഗവും, ദ്രിഷ്ട്ടിയും അനുരാഗവും, സൗന്ദര്യത്തിന്റെ അംശങ്ങള്‍, അന്യര്‍ സുരതം ചെയ്യുന്നത് കാണുവാനുള്ള വാസന, സാമാന്യ സംഭോഗം, പ്രഥമസംഭോഗം, സംഭോഗത്തില്‍ ഉണ്ടാകുന്ന രതിമൂര്‍ച്ഛ, സംഭോഗനിലകള്‍, കാമ ഭ്രാന്ത്, പല തരത്തിലുള്ള രതി വൈപരീത്യങ്ങള്‍, പ്രതിമാനുരാഗം, സാഡിസവും മസോക്കിസവും, ഗുഹ്യാവയവങ്ങള്‍ തുറന്നു കാണിക്കാനുള്ള വാസന, മൃഗങ്ങളുമായുള്ള സംഭോഗം, ഉപകരണങ്ങള്‍, സ്വവര്‍ഗ്ഗഭോഗം , ഇയോണിസം ,വിവാഹം, ചാരിത്രം, സദാചാരം, ഗണികവൃത്തി, ലജ്ജ ദാമ്പത്യ സൗഖ്യം, ബഹുഭാര്യാത്വവും ഏക ഭാര്യത്വവും, സ്വതന്ത്രാനുരാഗം, ഗര്‍ഭോധാരണം, ഇരട്ട പ്രസവം തുടങ്ങി നിരവധി സങ്കീര്‍ണ്ണ വിഷയങ്ങളെ വളരെ വ്യക്തമായി തന്നെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പല വിഷയങ്ങളെ കുറിച്ചും അല്‍പ്പ ജ്ഞാനം കൈമുതലായുള്ള എല്ലാവര്‍ക്കും ഓരോ വിഷയത്തിന്റെയും അന്തസത്തയെ അറിഞ്ഞിരിക്കേണ്ടതിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്താന്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കപ്പെണ്ട മഹത്തരമായ കൃതി തന്നെയാണ് രതിസാമ്രാജ്യം. പരിണാമം മുതല്‍ ഇതില്‍ വിവരിക്കുന്ന ഓരോ വിഷയങ്ങളുടെയും ആദ്യാവസാന അക്ഷരങ്ങള്‍ മാത്രം ഗ്രഹിച്ചു അഹങ്കരിച്ചു വിഹരിക്കുന്ന നമ്മള്‍ വായനക്കപ്പുറം എത്രത്തോളം വികലമായ ചിന്തകള്‍ക്കാണ് പ്രാണന്‍ നല്‍കിയിരിക്കുന്നത് എന്നത് ചിന്തിക്കുമ്പോള്‍ തികച്ചും ലജ്ജാകരം എന്ന് വായന നമ്മെ ബോധ്യപ്പെടുത്തി തരും.

ഗര്‍ഭ ബീജത്തില്‍ നിന്നും ഒരു കുട്ടിയായി മാറപ്പെടുന്നതിന്റെ ഓരോ ദിവസങ്ങളിലൂടെയും വായന കടന്നുപോകുമ്പോള്‍ , ഇനിയും കണ്ടെന്താന്‍ കഴിയാത്ത ആഴങ്ങള്‍ ജീവന്റെ പരിണാമ രഹസ്യങ്ങള്‍ പ്രകൃതി കാത്തു സൂക്ഷിക്കുമ്പോള്‍ അറിയാതെയെങ്കിലും നാം എല്ലാം എത്രയോ നിസാരനാണ് ബോധ്യപ്പെടെണ്ടതുണ്ട്. ഇങ്ങനെ ഒരു ഗ്രന്ഥത്തിന്റെ രചനയ്ക്കായി അദ്ധേഹം നടത്തിയ പഠനങ്ങള്‍, വായിച്ച പുസ്തകങ്ങള്‍ എന്നിവയെ കുറിച്ച് അവസാനത്തില്‍ കുറിക്കുമ്പോള്‍ ആദ്യത്തെ ആധികാരിക വിജ്ഞാനകൃതി എന്ന ലേബലിനോട് യോജിക്കാതിരിക്കാന്‍ കഴിയില്ല. പല വിവരങ്ങളും പല പുസ്തകങ്ങളില്‍ വിവരണം ആണ് എന്നുള്ളത് വിമര്‍ശകര്‍ എടുത്തു കാണിക്കുന്നുണ്ട് എന്നത് മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ സദാചാര ബോധത്തെയും ലൈംഗിക ധാരണകളെയും തീര്‍ച്ചയായും  ഈ വായന തിരുത്തി കുറിക്കുക തന്നെ ചെയ്യും. വിവാഹത്തിന് മുമ്പ് ഇങ്ങനെ ഒരു വായന എന്തുകൊണ്ടും ഗുണകരമാണ് എന്ന് ഓര്‍മ്മിക്കുമ്പോള്‍ അവ്യക്തമായ പലതിനും വ്യക്തതയോടെ സമീപിക്കാം എന്ന് തെളിയിച്ചു വായനയിലെ ഒരു മുതല്‍ കൂട്ടായി ഈഗ്രന്ഥത്തിനെ മാറ്റി നിര്‍ത്താം.

Tuesday, October 20, 2015

നിഹാരയുടെ കിളിക്കൂട്



ഷാജഹാന്‍ നന്മണ്ടയുടെ പതിനഞ്ചു കഥകള്‍ പ്രവാസത്തിന്റെ നെടുവീര്‍പ്പുകള്‍ക്കിടയിലൂടെ കടന്നുപോകവേ ഒട്ടും നിരാശപ്പെടുത്താതെ വായിച്ചു തീര്‍ത്തു. പ്രവാസത്തിന്റെ ഈ വികാരത്തിന് അടിമപ്പെട്ട് പലപ്പോളും ഇത്തരം വിങ്ങലുകള്‍ അനുഭവപ്പെട്ടിട്ടുണ്ടങ്കിലും അവയെല്ലാം ഒരു കഥാരൂപത്തിലേക്ക് ആവാഹിക്കുമ്പോള്‍ വായന വിരസമാകാതെ പൂര്‍ത്തിയാക്കാന്‍ വായനക്കാരന് തീര്‍ച്ചയായും കഴിയും. പ്രവാസത്തിന്റെ തീച്ചൂളകള്‍ക്ക് മുകളില്‍ കാലം പുരോഗതിയെ കൂട്ടുപിടിക്കുമ്പോള്‍ വികാരങ്ങളുടെ തീവ്രത ഒരു പാട് കുറഞ്ഞു പോകുന്നുണ്ടെന്ന് എന്റെ പ്രവാസം എന്നെ പഠിപ്പിക്കുന്നുണ്ട്. അത് ഉള്‍ക്കൊണ്ട്‌ തന്നെയാണ് ഓരോ കഥകളും ഞാന്‍ വായിച്ചു തീര്‍ത്തതും. കടപ്പാടിന്റെ ഓര്‍മ്മയക്ക്‌, ബസ്രയിലെ ക്ഷത്രിയന്‍ എന്നിവ എന്റെ വായനയില്‍ കൂടുതല്‍ തെളിഞ്ഞു നില്‍ക്കുമ്പോള്‍ എന്നെ ഒരുപാട് അതിശയിപ്പിച്ച മറ്റൊരു കാര്യം കഥകളില്‍ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ പേരുകള്‍ ആണ്. കാരണം എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ള എന്നെങ്കിലും ഒരിക്കല്‍ ജീവിതത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി കുറിക്കപ്പെട്ട പേരുകളില്‍ പലതും പല കഥകളിലായി അവതരിപ്പിച്ചത് തികച്ചും ഹൃദ്യമായി തോന്നി.
"ഞാന്‍ മരിച്ചാല്‍ എന്റെ കണ്ണുകള്‍ ചിത്രശലഭങ്ങള്‍ക്ക് പകുത്തു കൊടുക്കുക, കാതുകള്‍ കാറ്റിനും" എന്ന വാചകം ചിത്ര ശലഭങ്ങള്‍ പകുത്ത കണ്ണുകള്‍ എന്നാ കഥയില്‍ നിന്നും എടുത്തു പറയാവുന്ന വാക്കുകളായി തോന്നി. പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്ത ആളിന് എന്റെ പ്രത്യക അഭിനന്ദങ്ങള്‍ 

സ്നേഹം മുറിച്ചോരിവെയ്ക്കും നേരത്ത് ജീവിതം ഉച്ചയോടടുക്കുമ്പോള്‍ എന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് തോല്‍വിയുടെ കഥയാണ് പറയാനുണ്ടാകുക. കാലത്തിന്റെ വാത്സല്യവും ആരോ കല്‍പ്പിച്ചു വെച്ച പ്രമാണം പോലെ എനിക്കുമുണ്ടായിരുന്നു. ഒരു പറിച്ചു നടലിന്റെ നിയോഗവും അവിടെ എന്റെ കഷ്ട്ടം കുടിവെയ്ക്കപ്പെട്ടു കഥനം മുളചേര്‍ക്കപ്പെട്ട എന്നിലെ വര്‍ണ്ണങ്ങളും വാക്കുകളും മുറിച്ചെറിയപ്പെട്ട വെട്ടിയാലും തുണ്ടുകൂടുന്ന ജീവന്റെ തുടിതാളം കൊണ്ട് മെനെഞ്ഞടുത്ത പ്രവാസ ജാതകത്തിന്റെ മിഴിനീരോപ്പുന്ന ഈ കഥകള്‍ ഈ വൈകിയ വേളയില്‍ തികഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്നു. പ്രിയ കഥാകൃത്തിന് അഭിനന്ദങ്ങള്‍ ...

Monday, October 19, 2015

THE MUSEUM OF INNOCENCE



പ്രണയമെന്ന വികാരത്തെ വായിച്ചറിഞ്ഞതോ അനുഭവിച്ചറിഞ്ഞതോ ആയ ചിന്തകള്‍ അസ്തമിക്കുന്നിടത്തുനിന്നാണ് ഈ നോവല്‍ സത്യത്തില്‍ ആരംഭിക്കുന്നത്. ഇത്രത്തോളം തീവ്രമായി, ഭ്രാന്താത്മകമായി പ്രണയത്തെ വായിച്ചെടുക്കുമ്പോള്‍ എന്റെ പരിമിത വായനയിലെ ഏറ്റവും സുന്ദരമായ ഒരു വായനയിലൂടെയായിരുന്നു ഞാന്‍ കടന്നുപോയിക്കൊണ്ടിരുന്നത്. 1970-ലെ ഇസ്താംബൂളിലെ പശ്ചാത്തലത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്, സമ്പന്നനായ കെമാല്‍ എന്ന മുപ്പതുകാരന്റെ വിവാഹനിശ്ചയത്തിനപ്പുറം അകന്ന ബന്ധത്തില്‍പ്പെട്ട സെയില്‍സ് ഗേള്‍ ആയ ഫ്യൂസനെ കണ്ടുമുട്ടുന്നത് മുതല്‍ കന്യകാത്വത്തിന്റെ അതില്‍ വരമ്പുകള്‍ ഭേദിച്ച് പ്രണയം തളിര്‍ക്കുന്നതും ,നഷ്ട്ടപ്പെടുന്നതും, തിരിച്ചുപിടിക്കുന്നതും, കാത്തിരിപ്പുകളുടെ വിങ്ങുന്ന വേദനകളും, ഒടുവില്‍ സ്വന്തം പ്രണയത്തിന്റെ ഒര്‍മ്മകളുറങ്ങുന്ന ഒരു ചിത്രശാലയുടെ വേദനാജനകമായ നിര്‍മാണവുമാണ് നോവലിന്റെ ഇതിവൃത്തം.

 കെമാല്‍ ബേ തങ്ങളുടെ ആഗ്രഹങ്ങള്‍ പോലെ ഫ്യൂസന്റെ ഓര്‍മ്മകള്‍ അന്തിയുറങ്ങുന്ന, താങ്കളുടെ മുപ്പതു വര്‍ഷത്തെ പ്രണയ ശേഖരങ്ങള്‍, അവയ്ക്ക് പിന്നിലെ അതേ വേദനകളും സന്തോഷങ്ങളും അതേ തീവ്രതയും കാത്തു സൂക്ഷിച്ചു ഒരു മ്യൂസിയമായി മാറ്റപ്പെട്ടിരിക്കുന്നു. വായനക്കപ്പുറം ഓരോ വായനക്കാരനും ഈ പ്രണത്തെ തിരിച്ചറിഞ്ഞു താങ്കളുടെ നിഷ്കളങ്കമായ ചിത്രശാല തേടിവരിക തന്നെ ചെയ്യും. അത്രയ്ക്ക് വികാര സാന്ദ്രമായി താങ്കളുടെ ആഗ്രഹംപോലെ ഒരു സന്ദര്‍ഭങ്ങളും ഒര്‍ഹാന്‍ പമുക് കുറിച്ച് വെച്ചിട്ടുണ്ട്. ഇനി ആ പ്രണയമാകുന്ന മ്യൂസിയത്തിലേക്കുള്ള വായനക്കാരന്റെ പ്രയാണമാണ്. പ്രണയമെന്നത് ഗാഢമായ ശ്രദ്ധയാണ്, സഹാനുഭൂതിയാണ്. ഇത് ലൈലാ-മജ്നുവിന്റെയും ,ഹസന്‍-ആസകയുടെയും കഥ പോലെ പ്രണയിനികളുടെ വെറും കഥയല്ലന്നും വായനക്കാരന്‍ ഇവിടെ തിരിച്ചറിയുന്നു. വായനയുടെ അവസാനങ്ങളില്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ടും ഇളകിമറിയുന്ന മനസ്സുകൊണ്ടും താളുകള്‍ മറിക്കപ്പെടുമ്പോള്‍ കെമാല്‍ ബേ താങ്കളുടെ പ്രണയത്തിനു മുന്നില്‍, കാത്തിരുന്ന വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കിടയില്‍ പ്രണയത്തിന്റെ നീരൊഴുക്കുമായി ആ തെരുവില്‍ അലഞ്ഞ വേദനകള്‍ക്ക് മുന്നില്‍, അവശേഷിച്ച ചിത്രശാലയിലെ ഓര്‍മകള്‍ക്ക് മുന്നില്‍ അറിയാതെ ശിരസ്സ്‌ കുനിഞ്ഞു പോകുന്നു.വലിയ പുസ്തകത്തിനോടുള്ള എന്റെ ആവേശത്തിന് ഒരിക്കല്‍ കൂടി കൂറ് പുലര്‍ത്തി എന്നെ ആകര്‍ഷിച്ച പ്രണയ പുസ്തകങ്ങളുടെ മുന്‍ നിരയിലേക്ക് ഈ വായനയെ ഞാന്‍ മാറ്റി നിര്‍ത്തുന്നു.

Saturday, October 3, 2015

THE MOONSTONE



ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രഥമ അപ സര്‍പ്പക നോവലെന്ന് കണക്കാക്കുന്ന കൃതി. ഭാരതത്തില്‍ നിന്നും ഒരു ബ്രട്ടീഷ് ഓഫീസര്‍ കടത്തികൊണ്ടു പോയ അപൂര്‍വ്വ അമൂല്യ രത്നം വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനില്‍ നിന്നും കളവു പോകുന്നതും തുടര്‍ന്നുള്ള അന്വേഷങ്ങള്‍ ഉദ്വോഗജനകമായ സംഭവപരമ്പരകള്‍ക്കാണ് തുടക്കം കുറിക്കുന്നതും. ആദ്യം മുതല്‍ അവസാനം വരെ പൂര്‍ണ്ണമായും സസ്പെന്‍സ് കാത്തു ശൂക്ഷിച്ചു ഇന്ത്യക്കാര്‍ വജ്രകല്ല് ഭാരതത്തില്‍ എത്തിക്കുമ്പോളെക്കും വില്‍കി കോളിന്‍സ് എന്ന സാഹിത്യകാരനുമൊപ്പം വായനക്കാരന്‍ അതേ മാനസികമായ ആകാംക്ഷകളോടെ ഏകദേശം അറനൂറു താളുകള്‍ പിന്നിട്ടിരിക്കും . 

അന്വേഷണ സാഹിത്യവും സസ്പെന്‍സുകളും ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നോവല്‍.1799- മുതല്‍ 1850 വരെയുള്ള കാലഘട്ടത്തില്‍ ആണ് കഥ നടക്കുന്നത് ഇന്ത്യന്‍ പുരാവൃത്ത കഥകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന ചതുര്‍ഭുജനായ ഒരു ദൈവത്തിന്റെ നെറ്റിയില്‍ വിലസിയിരുന്ന ചന്ദ്രകാന്തകല്ല്‌ പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗിസ്നിയുടെ അക്രമകാലത്ത് സോമനാഥ് ക്ഷേത്രത്തില്‍ നിന്നും ബനാറസ്സിലേക്ക് അതിവിദഗ്ദമായി മാറ്റപ്പെടുകയും ആ പവിത്ര രത്നം സംരക്ഷിക്കാന്‍ കാലാകാലങ്ങളായി മൂന്നു ബ്രാമണന്‍ മാരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. കാലങ്ങള്‍ക്കപ്പുറം തലമുറകള്‍ മാറി മാറി വജ്രകല്ലിനെ സംരക്ഷിച്ചു കൊണ്ടിരിക്കുകയും പതിനെട്ടാം നൂറ്റാണ്ടില്‍ മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്ത് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഒരു സേനാധിപന്‍ വജ്രകല്ല് കൈക്കലാക്കുകയും ഇംഗ്ലണ്ടിലേക്ക് കടത്തുകയും ചെയ്യുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത് അവസാനം സംരക്ഷണ ചുമതലയുള്ള ബ്രാമണന്‍മാരുടെ തലമുറകള്‍ വിജയകരമായി വജ്രകല്ല് തിരിച്ചെടുക്കുന്നതും അതിനിടയില്‍ സംഭവിക്കുന്നതായ വിഷയങ്ങളാണ് നോവലിന്റെ ഇതിവൃത്തം 

നോവല്‍ ആവസാനിക്കുന്നതിന് മുമ്പ് ആ മോഷണം തെളിയിക്കുന്ന രംഗം മാത്രം ചെറിയ അഭംഗിയായി അവതരിപ്പിച്ചു എന്നാ അഭിപ്രായം മാറ്റി നിര്‍ത്തിയാല്‍, ഘട്ടം ഘട്ടമായി വായനയെ കൊണ്ട് പോകുന്ന രീതിയും, പത്തിരുപത്തഞ്ച് കഥാപാത്രങ്ങളും അവരുടെ വെളിപ്പെടുത്തലുകളും പലയിടത്തുമായി പ്രതിപാദിച്ചു അവസാനം എല്ലാം കൂട്ടിയോജിപ്പിച്ച് സസ്പെന്‍സുകളും ആകാംഷകളും ബാക്കി നിര്‍ത്തി പാതി വഴിയില്‍ ഒരിക്കലും വായന അവസാനിപ്പിക്കാന്‍ കഴിയാത്ത രീതില്‍ വായന മുന്നേറുമ്പോള്‍ ഒരു കുറ്റാന്വേഷണ നോവലില്‍ നിന്നും ഒരു വായനക്കാരന് ലഭിക്കുന്ന എല്ലാ വായനാനുഭവവും ഈ വായനയിലും പൂര്‍ണ്ണമായും എന്നെ തേടിവന്നു എന്ന്‍ തിരിച്ചറിയുന്നു.