Sunday, January 5, 2014

പ്രവാസ ഭൂമിയിൽ


ഇവിടെ ഹൃദയ പാളികളിൽ
വിയർപ്പിൻ തുള്ളികൾ അന്തിയുറങ്ങുന്നു .
ആരുടെയോ വഴിതെറ്റിയ കാൽപ്പാടുകൾ
എന്നെയും വഴി തെറ്റിച്ചു ഒഴുകിക്കൊണ്ടിരിക്കുന്നു .

തിളയ്ക്കുന്ന ആകാശ ചെരുവിൽ നിന്നും
ഒഴുകിയെത്തുന്ന കാറ്റിനു
വിങ്ങുന്ന ഹൃദയങ്ങളുടെ രൂക്ഷ ഗന്ധമുണ്ട് .

പൊട്ടി ചിരിച്ചു കുലുങ്ങി  ഒഴുകുന്ന പുഴയുടെ -
നിഷ്കളങ്കതകൾ ഈ വഴി വരാറില്ല
താരാട്ട് പാടുന്ന രാത്രിയുടെ
മാത്രുത്വ ഭാവങ്ങൾ ഇവിടെ കേൾക്കാറില്ല .

ചുട്ടു പഴുത്ത മണൽത്തരികളിൽ
മരണം നിഴലിക്കുന്നത് കൊണ്ടാകാം
മഴ മേഘങ്ങൾ ഇവിടെ  പെയ്തൊഴിയാറില്ല .
സ്നേഹ ബന്ധങ്ങളും ,നീറുന്ന ഓർമ്മകളും
വിഡ്ഢിയായ എന്റെ സഹയാത്രികർ .

ഏകാന്തതയുടെ ശവമഞ്ചവും പേറി
ഈ വഴികളിലൂടെ ചുവടു വെക്കുമ്പോൾ
അറിയുന്നു ഞാൻ എന്നിൽ നിന്നകലുന്ന
സ്നേഹ ബന്ധങ്ങളെ കുറിച്ച് ,

എങ്കിലും ഒന്ന് മാത്രം
ഈ വിയർപ്പിൻ തുള്ളികളും
വീണുടയുന്ന ഓർമ്മകളും
സമ്മാനിക്കുന്ന പുഞ്ചിരിക്കുന്ന
കുറെ മുഖങ്ങളുണ്ടെനിക്ക്
അവരാണ് എന്റെ ജീവനും ആത്മാവും

ഉള്ളിൽ എവിടെയോ പുകയുന്ന മനസ്സിനെ
ഓർമ്മകൾ കൊണ്ട് കീഴടക്കട്ടെ ഞാൻ ,
എനിക്കായ് വിധിയെഴുതിയ നാളുകൾ
ഒരിക്കൽ ഞാൻ തിരിച്ചെടുക്കും

കണ്ണിമകളുടെ കിളിവാതിൽ തുറന്നിട്ട്‌
ഒരിക്കലും അണയാത്ത നിലവിളക്കിൽ
വേദനകളുടെ എണ്ണയൊഴിച്ച്
നാളേക്കായ് ഞാൻ  കാത്തിരിക്കും
അതുവരെ നിലാവ് പരത്തുന്ന
മെഴുകുതിരിയായ് ഞാൻ എരിഞ്ഞു തീരട്ടെ


Thursday, October 24, 2013

കറുത്ത തൂവാല


അരുത് അത് എന്റെ മാത്രമാണ് 
അന്ത്യ ശ്വാസത്തിലും 
വിളറിയ മനസ്സിനു കുറുകേ 
നാണത്താൽ മറച്ചതാണത് 

ചലനവും , പ്രതികരണങ്ങളും 
അകത്തളങ്ങളിൽ ചിതലരിച്ചു തീർന്നു 
സ്നേഹഭാരത്താൽ വിണ്ടുകീറിയ -
തലയോട്ടികളിലൂടെ അരിച്ചിറങ്ങുന്ന 
കറുത്ത രക്തത്തിൽ പിടഞ്ഞു വീണ -
ഞാനും  ,എണ്ണപ്പെട്ട നന്മകളും .

ഇനി എങ്ങോട്ട്?
എനിക്കായ് കാത്തിരുന്ന
പത്തുമാസത്തെ നിർവൃതിയും 
മുറിച്ചുമാറ്റിയ പൊക്കിൾക്കൊടിയും 
ഏകാന്തതയുടെ തീനാളങ്ങളിൽ 
വ്യഥ വലിച്ചെറിഞ്ഞു 
മാതൃത്വത്തിൻ ശവയാത്രയിൽ 
പിച്ചവെച്ചു പഠിച്ചവൻ 

കൂടപിറപ്പിന്റെ അടിവസ്ത്രങ്ങൾക്കിടയിൽ 
രതിയുടെ തീക്കനലുകളർപ്പിച്ചു
ചോരവീണ പുതപ്പുമായ് 
കല്ലറ തേടിയലഞ്ഞ അൽക്കമിസ്റ്റ് 

ശിരസ്സിൽ ചാർത്താൻ 
പൊൻ തൂവലുകളുടെ 
 ഘോഷയാത്ര വരുന്നു 
അതിനു മുമ്പ് ചവറ്റുകൂനയിൽ 
സ്ഥാനം പിടിക്കണം .

ഇതു മാത്രം ഞാൻ എടുക്കുന്നു 
ചത്തു ചീയ്യും വരെയെങ്കിലും 
നാണം മറയ്ക്കാൻ 
ഈ കറുത്ത തൂവാല .
അരുത് അത് എടുക്കരുത് 
അത് എന്റെയാണ് 
എന്റെ മാത്രമാണ് 

Tuesday, March 12, 2013

പാഴ് ജന്മങ്ങള്‍


വഴിതെറ്റിയ പ്രതീക്ഷകളുടെ പാഴ്വഞ്ചിയില്‍ 
തൂങ്ങിയാടുന്ന ദിനരാത്രങ്ങളെ തിരിച്ചെടുത്തു -
പെയ്തൊഴിയാത്ത മഴമേഘങ്ങള്‍ക്കിടയിലൂടെ 
ഒരു തൂവലായ് പൊഴിഞ്ഞു വീഴുമ്പോള്‍ ,
നിലാവ് പെയ്യാത്ത ഇരുണ്ട താഴ്വരകളില്‍ 
പെരുമ്പറ കൊട്ടി കാത്തിരിക്കുന്ന നീതി ദേവതകള്‍ .

കേട്ടു മറന്ന നന്മകളുടെ ഈരടികള്‍ 
 കാലത്തിന്റെ കൈകളില്‍ നിന്നും വഴുതിവീഴുന്നത് 
പിറക്കാന്‍ പോകുന്ന പുതുമയുടെ ശൈശവങ്ങളിലേക്കെങ്കില്‍  
ചോര മണക്കാത്ത പുഴകളും, നീരു വറ്റാത്ത മനസ്സുകളും 
ഒരിക്കല്‍ കൂടി പുനര്‍ജ്ജനിക്കുമായിരുന്നു .

അടുത്തൊരു പിറവിയുണ്ടെങ്കില്‍   അന്ധനായി പിറക്കണം .
മാധുര്യം നുണയുന്ന മുലക്കണ്ണുകളില്‍നിന്നും 
രതിയുടെ വൈകൃതങ്ങളിലേക്ക് മാറി തുടങ്ങുമ്പോളും -
കൈപിടിച്ച് നടത്തേണ്ട കുഞ്ഞിളം കൈകളില്‍ 
ബീജത്തിന്റെ ഉപ്പുരസം പടരുന്നതിന്‍ മുമ്പേയെങ്കിലും 
മങ്ങി തുടങ്ങട്ടെ ഈ നിറ കാഴ്ചകള്‍ .

ചിതറിപ്പോയ ബന്ധങ്ങളുടെ ഇരുണ്ട വഴികളില്‍ 
ചിലന്തിവല നെയ്തു കാത്തിരിക്കുന്ന പാതിച്ചത്ത ജീവനുകള്‍ ,
നിശബ്ദതയെ കീറിമുറിച്ചു ചോരപൊടിഞ്ഞ നിലവിളികള്‍ക്കൊടുവില്‍ 
മാനത്തിന്റെ യോനീമുഖത്ത് മര കുരിശ്ശു തറയ്ക്കുമ്പോള്‍ 
മനുഷ്യനായ് പിറന്നതിന്‍ നാണം മറയ്ക്കാന്‍ 
അലങ്കരിച്ച കല്ലറകള്‍ മതിയാകാതെ വരും .

ദൈവത്തിന്റെ കയ്യബദ്ധങ്ങളില്‍ 
പാളിപോയ ജന്മ സത്യങ്ങള്‍ക്കിടയില്‍ നിന്നും 
മനസ്സ് എന്ന പാഴ്വസ്തുവും കൊത്തി പറച്ചു 
കാലം മുമ്പേ പറന്നകന്നിരിക്കുന്നു .

ഇനി മനുഷ്യനെന്ന പദമില്ല ,
വളര്‍ത്തിയ മാതൃത്വത്തെ ഭോഗിച്ചു സുഖിക്കാം ,
പിറന്നു വീണു കരഞ്ഞു തുടങ്ങും മുമ്പേ വേഴ്ച്ച തുടങ്ങാം ,
കഴിയുമെങ്കില്‍ പാതിവെന്ത ശരീരത്തിലെ 
അവസാന തുള്ളി രക്തം ഊറ്റി കുടിക്കുംവരെയെങ്കിലും 
ജീവനെ പിഴുതെറിയാതിരിക്കുക .

ഒടുവില്‍ ചീഞ്ഞടിയുമ്പോള്‍ 
വാരികൂട്ടിയ സൌഭാഗ്യങ്ങളുടെ ഉന്നതങ്ങളില്‍ നിന്നും 
രണ്ടിറ്റ് കണ്ണീരു കൊണ്ട് ഭൂമി മാതാവിനു 
അന്ത്യ ജലവും നല്‍കി പിന്നണികള്‍ക്ക് 
പാഠമായി മുന്നേ  നടക്കുക.

Friday, October 12, 2012

നിഴലുകള്‍ ..



നിശബ്‌ദതയുടെ രുചി പടര്‍ന്ന പ്രയാണങ്ങളില്‍ 
നിശ്വാസത്തിന്റെ വറ്റാത്ത നീരുറവയുമായി
ജീവിത കാഴ്ചകള്‍ ചായം പുരട്ടിയ ചുമര്‍ചിത്രങ്ങളില്‍ 
എന്നെ കുറിക്കാന്‍ വെമ്പിയ നാളുകള്‍ ,
ഒടുവില്‍ പിന്നിലേക്ക്‌ വഴിമാറപ്പെട്ട  യാമങ്ങള്‍ .

നിന്‍ മേനിയില്‍ ചവിട്ടി മുന്നേറാന്‍ ശ്രമിച്ചു 
നനുത്ത വിജയത്തിന്റെ കൊടിക്കൂറകളുമായി 
നിന്റെ  മുന്നില്‍ തോല്‍വിയുടെ വസ്ത്രമുരിയുമ്പോള്‍ 
നഗ്നതയില്‍ പൂത്ത സ്വപ്നങ്ങള്‍ക്ക് 
നിറം പടരാന്‍ തുടങ്ങുകയാണ് ....

ശൈശവത്തിന്റെ  നിറഭേദങ്ങള്‍  കൊഴിഞ്ഞു -
ജീവിതത്തിന്റെ  കണ്ണീരു കുതിര്‍ന്ന കുപ്പിവളകള്‍ക്കു -
മുകളില്‍ പതിഞ്ഞ പ്രാരാബ്ദത്തിന്‍ കാല്‍പ്പാടുകളില്‍ 
വാര്‍ന്നൊലിക്കുന്ന മധുര മോഹങ്ങള്‍ക്കായ്‌
മണിയറയൊരുക്കുന്ന തിരക്കിലോ ഞാന്‍ 
നിന്നെ അറിയാതെ പോയത് ...

ബാധ്യതയായ് തോന്നുന്ന സ്നേഹത്തിന്റെ  ചവര്‍പ്പും 
ഉമിത്തീയായ് കാര്‍ക്കിച്ചു തുപ്പുന്ന ബന്ധങ്ങളും 
പട്ടിണി ഭ്രാന്തനായ് തെരുവിലലഞ്ഞ നാളുകള്‍ക്കുള്ള -
സമ്മാനമായി കൂടുവിട്ടു പറന്ന സ്വന്തം സൌഹൃദങ്ങള്‍ക്കുമൊടുവില്‍ 
മൃതശരീരത്തിന് കൊള്ളി വെയ്ക്കാന്‍ പാഞ്ഞടുക്കുന്ന -
ഇരുകാലി തെരുവ് നായ്ക്കളും മനസ്സിന്റെ  ഉള്ളറകളില്‍ -
തുടികൊട്ടിയുണര്‍ത്തുമ്പോള്‍ ,അറിഞ്ഞിരുന്നോ ഞാന്‍ 
നീയെന്റെ  പാദങ്ങളെ തഴുകിയുണര്‍ത്തിയത് .

നുരഞ്ഞു പൊങ്ങുന്ന മനുഷ്യ ജന്മങ്ങള്‍ -
തളിരുടുന്ന ഈ സുന്ദര താഴ്വാരത്തിലെ 
കുരുടനായ എന്നെ തിരഞ്ഞെടുക്കാന്‍ മാത്രം 
 അന്ധനായിരുന്നോ നീയും ?

ചവിട്ടി മുന്നേറാന്‍ തീകനലുകള്‍ വിരിച്ച പരവതാനികള്‍ 
സ്നേഹത്തിന്റെ  ചവര്‍പ്പ് , ദാഹജലമായ് കണ്ണുകളില്‍ -
നിന്നും ചുണ്ടിലേക്ക്‌ അരിച്ചിറങ്ങുന്നു .
ഒടുവില്‍ അലഞ്ഞു വിശ്രമിക്കാന്‍ 
പണിതുയര്‍ത്തിയ മണല്‍പ്പരപ്പുകളും ബാക്കി  നിര്‍ത്തി 
നഗ്നനായ് ഞാനിരിക്കുമ്പോളും
നീ എന്തേ എനിക്കൊപ്പം ....

ഇന്ന് തിരിച്ചറിവിന്റെ ചില്ലപ്പൂത്ത ദിനം 
എനിക്കായ് വഴി തെളിക്കാന്‍ , 
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു 
എന്‍ മനസ്സിന്റെ  തീരങ്ങളില്‍ കൈപിടിച്ച് നടത്താന്‍ 
നീ മാത്രമെന്ന സത്യം 
ഈ കല്‍പ്പടവുകളില്‍ ഞാന്‍ കൊത്തിവെക്കുന്നു 

Monday, October 1, 2012

ഭാവി ....


ഇരുള്‍ പരക്കുന്നു
നിറമുള്ള ജീവിത ചിത്രങ്ങളില്‍ 
മാത്സര്യത്തിന്റെ കരിന്തേളുകള്‍
കാലത്തെ കുത്തി മുറിവേല്‍പ്പിക്കുന്നു 

മുലപ്പാല്‍ കിനിയാത്ത മാറിടം കുലുക്കി 
രതി കവാടങ്ങള്‍  തെരുവില്‍ നഗ്നയാക്കി 
സ്വന്തം ശരീരത്തിന് വിലപേശുമ്പോള്‍ 
പതഞ്ഞു പൊങ്ങുന്ന രതിമൂര്‍ച്ചകള്‍ക്കപ്പുറം 
വന്നടിഞ്ഞ ബീജ മുഖങ്ങള്‍ 
നിന്നെ നോക്കി തലക്കുനിക്കും 

പവിത്രമെന്നു പച്ച കുത്തിയ 
പിറവി രഹസ്യങ്ങള്‍ 
ക്യാമറ കണ്ണുകളില്‍ വ്യഭിചരിക്കുമ്പോള്‍ 
നാം മുന്നേറുന്നത് പുറകിലെക്കേന്നു
തിരിച്ചറിയാന്‍ ഇനിയെത്ര ദിവസങ്ങള്‍ 

ചവിട്ടിയരയ്ക്കാന്‍ ഒരുപാട് ബാക്കിയുണ്ട് 
പുലരികളും ,അസ്തമയങ്ങളും
ദിശയറിയാതെ നിരങ്ങി തുടങ്ങി .
പ്രകൃതിയുടെ കണ്ണിലൂടെ 
ഒലിച്ചിറങ്ങിയ രക്ത കറകള്‍
ഇരുളിലേക്ക് വഴി കാണിക്കുമ്പോളും
നാം എവിടേക്ക് ....

അമ്മയുടെ മുലപ്പാലിനേക്കാള്‍ മാധുര്യം 
ശര്‍ദ്ദിച്ചുപോകുന്ന മദ്യത്തിനെന്ന തിരിച്ചറിവും 
മുന്നേറാന്‍ അര്‍പ്പിച്ച കുരുതിപ്പൂക്കളും 
മാതൃത്വത്തെ പച്ചയോടെ മൂടാന്‍ 
നമുക്ക് പ്രചോദനമാകുന്നു 

നടന്ന് നടന്ന് ഗര്‍ഭപാത്രത്തില്‍ 
തിരിചെത്തുമ്പോള്‍ 
 വിറ്റിരിക്കും ,അതും 
ആര്‍ക്കോ വേണ്ടി 
ഏതോ നനഞ്ഞ മോഹങ്ങള്‍ക്കായി 
വറ്റി വരണ്ടിരിക്കും 

പുതുമയുടെ ശവപ്പറമ്പുകള്‍ തേടി 
തളിര്‍കാത്ത പുല്‍നാമ്പുകളുമായി 
വരാനിരിക്കുന്ന പ്രളയത്തെ 
നഗ്നരായി കാത്തിരിക്കാം ....

Monday, September 24, 2012

ലഹരി


അനിവാര്യമായിരുന്നു നീ 
മിന്നി തിളങ്ങുന്ന ചുവപ്പക്കങ്ങള്‍ക്ക് 
ഒരു കടലിനപ്പുറം ചവര്‍പ്പിന്റെ രുചി പടരുമ്പോള്‍ 
ഓര്‍മ്മകളുടെ ചാപിള്ളകളെ ചുട്ടെടുക്കാന്‍ 
നിന്നെ എനിക്ക് വേണമായിരുന്നു .

ജീവിതം തളിര്‍ക്കുന്ന നിറമുള്ള രാവുകളില്‍ 
സ്നേഹത്തിന്റെ  നെറുകയില്‍ തൂവിയ സിന്ദൂരവും 
കാലഹരണപ്പെട്ടുപോകുന്ന  സ്വപ്ന ചിറകുകളും 
വിരഹത്തിന്റെ  തീകാറ്റുകളില്‍ കരിഞ്ഞു വീഴുമ്പോള്‍ 
പിടി വിടുന്ന മനസ്സിന് താങ്ങായ് നീയുണ്ടാവണം

ഈ പൊട്ടിയൊലിക്കുന്ന പ്രവാസത്തിന്‍ വൃണങ്ങളുമായ്
നിന്നെ തേടിയലയുമ്പോള്‍ 
മോഹങ്ങള്‍ക്ക് മീതെ മണ്ണിട്ട്‌ മൂടുന്ന മണല്‍ കാറ്റുകളും 
തുരുബെടുത്തു തുടങ്ങുന്ന ജീവിത രീതികളും 
നിന്നെ എന്നിലേക്ക്‌ വലിച്ചടുപ്പിക്കുകയായിരുന്നു 

ഇനി നീ വരിക എന്നിലേക്ക്‌ 
എന്‍ സിരകളെ ഉണര്‍ത്തി 
കാതലാം മനസ്സിനെ പറിച്ചെടുത്തു 
പറന്നു പോവുക .

സൂര്യനുദിക്കാത്ത നാളുകള്‍ക്കപ്പുറം
ദിനങ്ങള്‍ കൊഴിഞ്ഞു വര്‍ഷങ്ങള്‍ പൂവിടുമ്പോള്‍ 
എന്‍ മനസ്സിനെ നീ തിരിച്ചേല്‍പ്പിക്കുക 
അന്ന് ,ഓര്‍മ്മ തുടിക്കുന്ന ഒരുപിടി പൂച്ചെണ്ടുകള്‍ 
പ്രവാസത്തിന്റെ കുഴിമാടത്തിലര്‍പ്പിച്ചു 
മുളച്ചു തുടങ്ങുന്ന സ്വപ്ന ചിറകുകളുമായ്
എന്‍ മണ്ണില്‍ എനിക്ക് പറന്നിറങ്ങണം 

നീയെന്ന ലഹരി എന്‍ സിരകളിലൂടെ ഇരച്ചു കയറി 
ചിന്തകളുടെ കൊടുമുടികള്‍ക്കുമുകളില്‍ പൊട്ടി വിടരുമ്പോള്‍ 
ഞാന്‍ അനുഭവിക്കുന്ന ഈ നിര്‍വൃതി 
അതുമായ് ഞാന്‍ ജീവിതത്തോട് പട പൊരുതും 
അത് വരെ ഒരിക്കലും പിരിയാത്ത സഹയാത്രികനായ്
ഈ മുള്‍ വഴികള്‍ക്കിടയില്‍  എന്നെ കൈപ്പിടിച്ചു  നടത്തുക 



Friday, June 22, 2012

നഷ്ട്ടപ്പെടലുകള്‍





കണ്‍ പോളകള്‍ തുറക്കും മുമ്പേ 
ഈ പിഞ്ചു പാദങ്ങള്‍ പതിഞ്ഞ അടിവയറും 
ഉറവ വറ്റാത്ത മുലപ്പാലിന്‍ മാധുര്യവും 
അഹന്തതയുടെ നെരിപ്പോടില്‍ പഴുപ്പിച്ചെടുത്തപ്പോള്‍ 
നഷ്ട്ടമായത് ഒരു മാതൃത്വത്തിന്‍ വാത്സല്യവും 
കാരുണ്യത്തിന്റെ നിറം മങ്ങാത്ത കുറേ പുഞ്ചിരികളുമായിരുന്നു 

ചോരമണക്കുന്ന പാതയോരങ്ങളില്‍ പിടയുന്ന ജീവനും 
കണ്ണീരാല്‍ ദാഹം തീര്‍ക്കുന്ന ബാല്യമുഖങ്ങളും 
ലഹരിയുടെ തിരശീലക്കു പിന്നില്‍ അഗ്നി വിതറുമ്പോള്‍
നഷ്ട്ടപ്പെടാന്‍  ഒരായുസ്സിന്റെ മൂല്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു 

കാമമെന്ന പടകുതിരയുമായി
മാനം വെട്ടിപ്പിടിച്ചെടുക്കുമ്പോള്‍
മുന്നില്‍ പതിഞ്ഞ  കന്യകയുടെ സുഖാനുഭൂതികള്‍ക്ക് മുമ്പില്‍ 
തെറിച്ചു വീണ   രക്തത്തുള്ളികള്‍  
എന്നിലേക്കായ്‌  ശാപമുനകളെറിയുമ്പോള്‍ 
നഷ്ട്ടമായത് ബന്ധങ്ങളുടെ പവിത്രതയും 
നേടിയെടുക്കാന്‍ ഒരു പാട് ശാപവാക്കുകളും മാത്രം 

പൊള്ളയായ ആദര്‍ശം കയ്യിലേന്തി 
രാഷ്ട്രീയ നാടകത്തിലെ ഇരട്ട വേഷങ്ങള്‍ ആടി തീര്‍ക്കുമ്പോളും
കുമിഞ്ഞു കൂടിയ നോട്ടുകെട്ടുകള്‍ക്ക് മുകളിലൂടെ 
സ്വസ്ഥത നശിച്ച നേര്‍വരകളില്‍
നിദ്രതന്‍ മാലാഖകള്‍ പിടഞ്ഞു മരിക്കുമ്പോളും
നേടിയുടുത്തത് അവസാനങ്ങളിലേക്കുള്ള 
ചുവടു വെയ്പ്പുകള്‍ മാത്രമായിരുന്നു 

ഇനി ജീവിക്കാന്‍ ആയുസ്സ് ബാക്കുയില്ല  
ചിത കൂട്ടി അവസാന  കൊള്ളിയും 
നെഞ്ചില്‍ ഏറ്റുവാങ്ങുമ്പോള്‍ 
പെറുക്കിയെടുക്കാന്‍ നഷ്ട്ടങ്ങള്‍ മാത്രം ബാക്കിനിര്‍ത്തി 
ഇനിയും ഉദിക്കാത്ത     
പുനര്‍ജ്ജനിക്കായ്‌  മിഴി തുറക്കാം .....