Sunday, July 26, 2015

ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി





അരുണ്‍ ആര്‍ഷയുടെ ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി .പേരിലെ സൂചന പോലെ തന്നെ ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിനെതിരെ ജൂതന്മാര്‍ നടത്തിയ പോരാട്ടങ്ങളുടെ തീക്ഷണമായ അവതരണമാണ് നോവലിസ്റ്റ് നമുക്ക് മുന്നില്‍ വായനക്കായ് നിരത്തുന്നത് .ഒരു നോവല്‍ എന്ന ലേബലില്‍ ഈ പുസ്തകത്തെ വിലയിരുത്താന്‍ എന്റെ മനസ്സിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം .ഇതിലെ ഓരോ വരിയിലും നിഴലിച്ചു നില്‍ക്കുന്ന അതിജീവനത്തിന്റെയും , പോരാട്ട വീര്യങ്ങളുടെയും ,ജീവനുള്ള തെളിവുകളുമായി ഓരോ താളുകളും മറിക്കപ്പെടുമ്പോള്‍ ഒരു കലാപത്തിലും ഒരു തടങ്കല്‍ പാളയത്തിലും എരിഞ്ഞടങ്ങിയ പ്രേതാത്മാക്കള്‍ താങ്കളില്‍ എന്നപോലെ വായനക്കാരനെയും പിന്തുടരുന്നുണ്ട് .ഇങ്ങനെ ഒരു വിഷയം ചരിത്രവുമായി കൂട്ടി കലര്‍ത്തി അവതരിപ്പിക്കാന്‍ എടുത്ത സാഹസത്തേക്കാള്‍ എത്രയോ മുകളിലായിരിക്കും ഇത് എഴുതി കൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ അനുഭവിച്ച മാനസിക വ്യഥകള്‍ എന്നത് വായനക്കാരന് വരികളിലൂടെ വായിച്ചെടുക്കാം .

ഈ വായന എക്സ്‌ ടെര്‍മിനേഷന്‍ ചേമ്പറില്‍ അകപ്പെട്ട പോരാളിക്ക് നല്‍കപ്പെട്ട മെഴുകുതിരി പോലെയാണ് വായനയുടെ വേറെ ഒരു ലോകത്തിലേക്ക്‌ നമ്മെ നയിച്ച്‌ സമയത്തിന്റെ സിംഹഭാഗവും ഈ വരികള്‍ നക്കിയെടുക്കും .എങ്കിലും ഡോ .ആഡ് ലേയ്ക്കും അസാഫിനും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ആ അജ്ഞാത ജൂതരക്ഷകന്‍ ആരായിരുന്നു എന്ന ചോദ്യം വായനക്കാരനെ വല്ലാതെ വലയ്ക്കുന്നുണ്ട് . ഓഷ് വിറ്റ്സിനെ പോരാളികളുടെ രക്തസാക്ഷിത്വത്തെ നിരര്‍ത്ഥകമാക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും ആ ചോദ്യം മനസ്സിനെ മഥിച്ചുകൊണ്ടേയിരിക്കുന്നു .സാഹചര്യം കൊണ്ട് മാത്രമാണ് വായന എനിക്ക് പകുതിയില്‍ നിര്‍ത്തേണ്ടി വന്നത് ഇല്ലങ്കില്‍ ഒരു ശ്വാസത്തില്‍ തീര്‍ക്കതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല .ഇതിലെ വരികള്‍ക്കെല്ലാം ജീവനുണ്ട് അവ നമ്മോടു സംവദിക്കുന്നത് അനുഭവങ്ങളാണ് ജീവിതത്തിലെ നിസ്സഹായതക്ക് മുന്നിലും പോരാടി ഒടുവില്‍ പരാജയത്തിന്റെ ഉപ്പുരസമറിഞ്ഞ നേര്‍കാഴ്ചകളെകുറിച്ചാണ് , അവരുടെ പ്രണയത്തെ കുറിച്ചാണ് , അവരുടെ ബന്ധങ്ങളുടെ കുറിച്ചാണ് , ഒരു പക്ഷേ അതിന്റെ തീവ്രത നമ്മുടെ ചിന്തകള്‍ക്കതീതമാണ് എന്നത് തിരിച്ചറിയേണ്ടത് വായനക്കാരാന്റെ കര്‍ത്തവ്യവുമാണ് എന്ന് വിശ്വസിക്കുന്നു . ഈ ഒരു അവതരണത്തിനായ് താങ്കളുടെ പ്രയത്നങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ച ഫലം കാണാതെ പോകില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു . ഇതിലെ ഇതിവൃത്തവുമായി ബന്ധപ്പെട്ട പല സിനിമകളും കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും മനോഹരമായി ഇത്രയും ഇത്രയും ഹൃദയിമിടിപ്പോടെ എന്നെ നയിക്കാന്‍ ഈ വരികളോളം ഒന്നിനും സാധിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തുന്നു . തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം .ഒത്തിരി ഒത്തിരി സന്തോഷത്തോടെ പ്രിയ അരുണേട്ടാ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ .

അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍



ബെന്യാമിന്റെ ഞാന്‍ വായിച്ച കൃതികളില്‍ ഏറ്റവും വിരസമായ വായന സമ്മാനിച്ച പുസ്തകം , ഒരു നോവല്‍ എന്നതിലുപരി ഒരു ചരിത്രപുസ്തകം വായിക്കുന്ന പോലെ തോന്നി , ഒരു പകുതി വരെ വായന കൊണ്ടെത്തിക്കാന്‍ വല്ലാതെ കഷ്ട്ടപ്പെട്ടു .ക്രൈസ്തവ സമുദായത്തിലെ സഭാവഴക്കിന്റെ പാശ്ചാത്തലത്തില്‍ രചിച്ച നോവല്‍ ,ചരിത്രം ഇഷട്ടപ്പെടുന്നവര്‍ക്ക് പരീക്ഷിച്ചു നോക്കാം,ആടുജീവിതം ,മഞ്ഞവെയില്‍ മരണങ്ങള്‍ ,അല്‍ അറേബിയന്‍ നോവല്‍ ഫാക്ടറി ,മുല്ലപ്പൂ നിറമുള്ള പകലുകള്‍ , ഇ . എം .സും പെണ്‍കുട്ടിയും എല്ലാം സ്വീകരിച്ച എനിക്ക് ബെന്യാമിന്‍ ഇഷ്ട്ടപെട്ട നോവലിസ്റ്റ് തന്നെ എന്ന് വിലയിരുത്തുന്നു .

എന്റെ കഥകള്‍



മിനി യുടെ ഇരുപത്തിരണ്ടു് കഥകള്‍ .പുതുമകളോ ,നിരാശപ്പെടുത്തലുകളോ ,കൂടുതല്‍ ആകര്‍ഷണപ്പെടുത്തലുകളോ ഇല്ലാതെ വായന അവസാനിപ്പിച്ചു .കഥകള്‍ക്ക് എന്റെ മനസ്സില്‍ ആയിസ്സു കുറവായിരുന്നു എന്ന് തോന്നി അതുകൊണ്ട് മനസ്സ് കീഴടക്കാന്‍ കഴിയാതെ പോയ പോലെ .സാറോഗേറ്റ് മദര്‍,കാലാപികരുടെ ലോകം ,ഒരുക്കം ,ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും സ്നേഹപ്പൂര്‍വ്വം ഒറോറോ ബോറിയാലിസ് ,എന്നിവ മികച്ചു നില്‍ക്കുന്നു .ഹാപ്പി ന്യൂയിറില്‍ ഒരു പുതുമയുണ്ട് , നമുക്ക് എല്ലാം പിന്തുടരാവുന്ന ഒരു സന്ദേശം. കഥാപാത്രങ്ങളുടെ വ്യത്യസ്ഥമായ പേരുകള്‍ തിരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹം .വാക്കുകളുടെ ധാരാളിത്തമില്ലാതെ ശൈലി വീണ്ടും തുടരുക .വായന ഒരിക്കലും മുഷിപ്പിക്കാതെ കൊണ്ടുപോകാന്‍ കഴിഞ്ഞു ,എന്നാലും കൂടുതല്‍ പ്രതീക്ഷിച്ചു ,ഇനിയും കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു സ്നേഹാശംസകള്‍ ...

നടന്നു പോയവള്‍



എങ്ങനെയാണ് ഈ ഓര്‍മ്മക്കുറിപ്പുകളെ വിലയിരുത്തേണ്ടത് , തളര്‍ന്ന് പോയേക്കാവുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഇന്ന് ഇത്ര ദൂരം താങ്കള്‍ക്ക് സഞ്ചരിക്കനായെങ്കില്‍ അത് താങ്കളുടെ മനസ്സിന്റെ നന്മകൊണ്ടു മാത്രമാണ് . ജീവിതം തുടങ്ങുന്ന എന്നെ പോലെയുള്ളവര്‍ നിങ്ങളില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട് .രോഗങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി പോകുന്നു മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങി നടക്കാന്‍ പ്രേരിപ്പിച്ചത് സ്വന്തം അനുഭവങ്ങളോ ,അതോ സ്വന്തം പിതാവിന്റെ മഹത്തരമായ പാരമ്പര്യമോ ? ഇന്ന് ഇതുപോലെ നരകയാതന അനുഭവിക്കുന്ന ഒരു സമൂഹമുണ്ട് എന്നത് പോലും അറിയാതെയാണ് പുതു തലമുറ ജീവിക്കുന്നത് എന്നത് തന്നെയാവും എനിക്കെല്ലാം സംഭവിച്ച പരാജയവും.ഇന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മഷിപുരണ്ട ഈ ഓര്‍മ്മക്കുറിപ്പുകള്‍ മറിക്കുമ്പോള്‍ , എന്തിനും ഏതിനും കുറ്റത്തിന്റെ അലങ്കാരങ്ങള്‍ ചാര്‍ത്തുന്ന എന്നെ പോലെയുള്ളവര്‍ ഇനി എവിടെ നിന്നാണ് തുടങ്ങേണ്ടത് ,സാഹചര്യങ്ങള്‍ എന്നാ ഓമനപ്പേരിട്ട് ഒഴിഞ്ഞു മാറുന്ന എന്നെ പോലെയുള്ളവര്‍ക്ക് ഈ ബുക്ക്‌ ഒരു പ്രചോദനമാകുകയാണ് .ഈ ശീര്‍ഷകം തന്നെ എത്രയോ അര്‍ത്ഥങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട് സത്യത്തില്‍ ഞങ്ങള്‍ക്കെല്ലാം വഴികാട്ടിയായ്‌ മുന്നേ നടന്നു പോകുന്നവള്‍ തന്നെയാണ് താങ്കള്‍. ഇനി ആ മാസ്മരിക വരികളിലേക്ക് ."വയറോട്ടി നെഞ്ചിന്‍കൂടിന്റെ എല്ലുകള്‍ മാത്രം കാണാം .എന്നാല്‍ അയാളുടെ കൈകള്‍ക്ക് മാത്രം ക്ഷീണം ബാധിച്ചിട്ടില്ല .ഞാന്‍ ആ കൈകളില്‍ പിടിച്ചു .പതുക്കെ ചുണ്ടുകള്‍ വിടര്‍ന്നു .ഒരു ചെറിയ ചിരി. എന്നെ സമാധാനിപ്പിക്കാന്‍ ആയിരുന്നോ ചിരിച്ചത് ? എന്റെ കയ്യില്‍ രാജന്‍ അമര്‍ത്തി പിടിച്ചു . കണ്ണുകളില്‍ നനവ്‌ .കട്ടിലിന്റെ തലയ്ക്കല്‍ കിടന്ന തുണിയെടുത്ത് ഞാനാ കണ്ണുകള്‍ തുടച്ചു .തീയ്യില്‍ തൊട്ടതു പോലെ ഞാന്‍ കൈ വലിച്ചു 'ഞാന്‍ എന്താണീ ചെയ്തത്' .ആ കണ്ണീര്‍ തുടയ്ക്കാന്‍ ഞാന്‍ തുണി എടുത്തത്‌ എന്തിനാണ് ' പിന്നെ എന്റെ കൈവിരല്‍ കൊണ്ട് വേദനിപ്പിക്കാതെ ഞാന്‍ ആ കണ്ണുകള്‍ തുടച്ചു .കറുപ്പും വെളുപ്പുമാര്‍ന്ന ആ മുടിയിഴകളിലൂടെ ഞാന്‍ വിരലോടിച്ചു .അപ്പോള്‍ രാജന്‍ അനുഭവിച്ച സുഖം എന്റെ വിരല്‍തുമ്പില്‍ ഞാന്‍ അറിഞ്ഞു ." അറിയപ്പെടെണ്ട പ്രിയ ചേച്ചി താങ്കള്‍ക്ക് എന്റെ ഒരു കാള്‍ പ്രതീക്ഷിക്കാം ....

പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍



പുതുമഴ ചൂരുള്ള ചുംബനങ്ങള്‍ ,ഈയിടെ വായിച്ച ചെറുകഥാ സമാഹാരങ്ങളില്‍ എല്ലാ കഥകളും എന്നെ ആകര്‍ഷിച്ച പുസ്തകം . പതിനാലു കഥകള്‍ , പതിനാലു വിധത്തില്‍ , പതിനാലു തലങ്ങളില്‍ മനസ്സിനെ കീഴടക്കുന്നു .പക്വതയാര്‍ന്ന എഴുത്ത് .തള്ളപ്പൂച്ചയിലെ അവസാന രംഗങ്ങള്‍ മനസ്സില്‍ ഒരു ചിത്രമായി മായാതെ കിടപ്പുണ്ട് . കടലും കടല്‍ക്കാറ്റും കച്ചവട കുട്ടികളും കഥാകാരിയുടെ ഇഷ്ട്ട വിഷയങ്ങള്‍ ആയതുകൊണ്ടാകാം ഇടയ്ക്കു ആവര്‍ത്തിക്കുന്നത് .'ഞാന്‍' എന്നാ വാക്കിനു ഒരു ലിംഗഭേദമില്ലാത്തത് കൊണ്ട് കഥാപാത്രങ്ങളെ ചിലയിടങ്ങളില്‍ മനസ്സിലാക്കാന്‍ വീണ്ടും പുറകിലേക്ക് മറിക്കേണ്ടി വന്നു .ഒളി നോട്ടത്തിലെ പരിഭ്രമങ്ങള്‍ , പുതുമഴ ചൂരിലെ അവസാന ചുംബനം ,പ്രണയത്തിനപ്പുറം പുരുഷനെ തിരയുന്ന കാമുകി , വൃദ്ധയോട് ആഡ്ജെസ്റ്റ് ചോദിക്കുന്ന തലമുറ ,സ്വര്‍ഗ്ഗരതി,ബസന്തിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുഞ്ഞു മനസ്സിന്റെ വിങ്ങലുകള്‍ ,യന്ത്രപ്പാവയും ,തോടും ,ആന്‍സിയുടെ പുതിയ ജീവിത പ്രതീക്ഷകളും എല്ലാം വായനക്കപ്പുറം എവിടെക്കയോ ചെന്ന് തൊടുന്നുണ്ട് അല്ലങ്കില്‍ എവിടെക്കയോ കൊത്തിവലിക്കുന്നുണ്ട് .ഈ ചുംബനത്തിന്റെ ചൂട് കുറച്ചു കാലം നിലനിലക്കും എന്ന് തോന്നുന്നു .നിരാശപ്പെടുത്തില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കവുന്ന പുസ്തകം .മുബീന്‍ ഇത്താ ഈ ബുക്ക്‌ നിര്‍ദേശിക്കുന്നത് മുമ്പ് തന്നെ വാങ്ങിയിരുന്നു എന്നതാണ് സത്യം . ഇങ്ങനെ ഒരു വായന സമ്മാനിച്ചത്തിനു നന്ദി നന്ദി.... ഹൃദയം നിറഞ്ഞ ആശംസകള്‍

I PHOOLAN DEVI



മാനവ നാഗരിതയും മനുഷ്യസ്നേഹവും എന്നും അന്യമായി കരുതുന്ന ജാതികോമരങ്ങളുടെ ഉരുക്കു മുഷ്ട്ടികളില്‍ കിടന്നു പിച്ചി ചീന്തപ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ചരിത്ര പുസ്തകത്തില്‍ വ്യക്തമായ അടയാളങ്ങള്‍ ബാക്കിനിര്‍ത്തിയാണ് ഫൂലന്‍ ദേവി രക്തസാക്ഷിത്വം വരിച്ചത്‌ .ഈ ബുക്കില്‍ ഫൂലന്‍ ദേവിയുടെ വ്യക്തമായ ജീവിതം വിവരിക്കപ്പെട്ടിട്ടുണ്ട് .വികാര സാന്ദ്രമായ അന്തരീക്ഷം ,ജീവിതത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ ,സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ വെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു കൊച്ചു പെണ്‍കുട്ടിയുടെ പ്രതികാരം ,ശൈശവ വിവാഹവും തുടര്‍ന്നുള്ള പീഡനവും ,ജാതി വ്യവസ്ഥിതിയും അടിച്ചമര്‍ത്തപ്പെട്ടവരുടെ കണ്ണീരും വിലാപങ്ങളും ,എല്ലാം എല്ലാം വരികളിലൂടെ വായനക്കാരനെ കാത്തിരിക്കുന്നുണ്ട് .ഓരോ വായനയുടെ അവസാനത്തിലും ലഭിക്കുന്ന അനുഭൂതിക്കപ്പുറം ശൂന്യമായിരുന്നു മനസ്സ് ,സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ ദിശ തെറ്റുന്ന ജീവിതത്തിനു ഉത്തമ ഉദാഹരണമായി ഈ ജീവ ചരിത്രം നീലിച്ചു നില്‍ക്കുന്നു .വേറിട്ട ഒരു വായന സമ്മാനിച്ച നീറുന്ന പുസ്തകം .

കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍



 റോസ് ലി ചേച്ചിയുടെ  പതിനാറു കഥകള്‍ അടങ്ങിയ ചെറുകഥാ സമാഹാരം .പ്രണയം ,പ്രണയ ഭംഗം ,ദാമ്പത്യം ,ജീവിത സാഹചര്യങ്ങള്‍ എന്നിവ വായനയില്‍ സ്ഥിരം വഴികള്‍ ആണെങ്കിലും ഭാരതത്തിലെ വ്യത്യസ്ഥ സംസ്ക്കാരങ്ങളും ജീവിത പരിസരങ്ങളും കോര്‍ത്തിണക്കി അവതരിപ്പിച്ചപ്പോള്‍ കഥകള്‍ക്ക് മാറ്റ് കൂടി എന്ന് കരുതാം .താജ്മഹല്‍ , മെഹക്,കിളികളുടെ ഭാഷ ,കൈതപ്പൂവിനുമുണ്ട് കഥ പറയാന്‍ ,ഊര്‍മ്മിള എന്നീ കഥകള്‍ മാത്രം സ്വീകരിക്കുന്നു എന്നത് വായനക്കാരന്റെ സ്വാതന്ത്രമായി കാണുക .പല ചെറുകഥാ സമാഹരണങ്ങളിലും ഒരു വിഷയത്തിന്റെ തന്നെ വക ഭേദങ്ങള്‍ ആയി പല കഥകളും വായിക്കേണ്ടി വരാറുണ്ടെങ്കിലും ഇതിലെ പതിനാറു കഥകളും വ്യത്യസ്ഥ ആശയവും ,സാഹചര്യങ്ങളും കൊണ്ട് സമ്പന്നമായത് ജീവിതത്തിലെ കഥാകാരിയുടെ ഭാരത പര്യടനം കൊണ്ട് തന്നെ എന്നത് വായനക്കാരന് വിശ്വസിക്കേണ്ടി വരും . ഊര്‍മ്മിള എന്നാ അവസാന കഥ വേറിട്ട്‌ നില്‍ക്കുമ്പോള്‍ താജ്മഹല്‍ വെട്ടി ചുരുക്കി ചെറുതാക്കിയതിനു പകരം .ഒരു നോവലാക്കി മാറ്റാമായിരുന്നു എന്ന് തോന്നി . കൂടുതല്‍ സന്തോഷമോ കൂടുതല്‍ നിരാശയോ ഇല്ലാതെ വായന നിര്‍ത്തുന്നു .റോസ് ലി ചേച്ചി ആശംസകള്‍