Saturday, July 25, 2015

ബാര്‍കോഡ്

കഥകള്‍ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം ,താങ്കളെ ആദ്യമായാണ്‌ വായിക്കുന്നത് , വൈകി പോയി എന്നറിയാം
വായനയുടെ ഊര്‍ജ്ജം കൊണ്ടായിരിക്കണം ബുക്ക്‌ തീര്‍ന്നതറിഞ്ഞില്ല .
ബാക്കി ഉള്ള ബുക്സ് ഒന്നും ഞാന്‍ വാങ്ങിയില്ലല്ലോ എന്നാ സങ്കടം ബാക്കി വെച്ച്
അവയ്ക്കായ് കാത്തിരിക്കുന്നു , കഥകളില്‍ ഏറ്റവും ഹൃദ്യം മാംസഭുക്കുകള്‍ തന്നെ ..
എല്ലാവിദ ആശംസകളും സുസ്മേഷ് ഭായ് .......

അവള്‍ ഭയശങ്കയോടെ പിന്നില്‍ നിന്ന വിവേകിനെ നോക്കി സാരമില്ലന്ന മട്ടില്‍ വിവേക് ചിരിച്ചു ,അടുത്ത നിമിഷം വിവേക് എന്തോ എടുക്കുന്നത് അവള്‍ കണ്ടു .അവള്‍ക്കു ചിന്തിക്കാന്‍ ഇടും കിട്ടും മുമ്പ് വിവേക് കയ്യിലിരുന്ന ഇരുമ്പ് സിറിലിന്റെ തലയില്‍ അടിച്ചിറക്കി .തല്‍ക്ഷണം സിറില്‍ ഭാര്യക്ക് മുന്നില്‍ മറിച്ചു വീണു .പരവതാനിയില്‍ രക്തം പരക്കുന്നതും രക്തത്തിന്റെ മണ മറിഞ്ഞ കഴുകന്‍ ഇരുട്ടിലും പിന്നാലെ ബാല്‍കണിയില്‍ ചിറകടിക്കുന്നതും അവള്‍ അറിഞ്ഞു .
"വിവേക് നീ "
അമ്പരന്ന സാറയ്ക്ക് ചോദിക്കാനായോള്ളൂ ,അവന്‍ അവളെ നോക്കി ചിരിച്ചു
"ഇപ്പോളിത് ചെയ്തില്ലങ്കില്‍ കഴുകന്‍ നിന്റെ വയറും നെഞ്ചും കൊത്തി തിന്നും .എനിക്കൊന്നും ബാക്കി കിട്ടില്ല ,അടുക്കള കതകു തുറക്ക് ... കഴുകന് ചൂട് പോകാത്ത ഇറച്ചി വേണം ഇറച്ചി "
വിവേക് പറഞ്ഞു .അവള്‍ നോക്കി അല്‍പ്പം മുമ്പ് വരെ തന്റെ ഭര്‍ത്താവായിരുന്ന സിറില്‍ ദിവ്യനെ പോലെ നിലതായ് മറിച്ചു കിടക്കുന്നു
മുഖത്തൊരു പുഞ്ചിരിയുണ്ടോ അതോ തോന്നുന്നതോ ..
അവള്‍ അനങ്ങാതെ നില്‍ക്കുന്നത് കണ്ടു അക്ഷമനായ വിവേക് തനിയെ അടുക്കള വാതില്‍ തുറന്നു ,പിന്നെ അയാള്‍ സിറിലിന്റെ
ശരീരം കാലുകളില്‍ പിടിച്ചു വലിചിഴച്ചു .സാറ അത് നിശബ്ദമായ് നോക്കി നിന്നും .വലിക്കുന്നതിനിടയില്‍ സിറിലിന്റെ ഒരു ഷൂസ് ഊരി പ്പോകുന്നത് അവള്‍ കണ്ടു, അല്‍പ്പനേരം മുമ്പ് വരെ സിറിളിനോടുള്ള സ്നേഹത്തോടെ അത് അവളെടുത്തു ചെരുപ്പ് തട്ടില്‍ വെച്ചു .
കാലത്ത് താനെടുത്തു കൊടുത്ത വെള്ള നിറമുള്ള സോക്സാണ് സിറില്‍ ഇട്ടിരിക്കുന്നതെന്ന് അവള്‍ ഓര്‍മിച്ചു .രോമം കൊഴിഞ്ഞ കുമ്മായ കോലുകൊണ്ട് വലിച്ച വലിപോലെ പരവതാനിക്ക്‌ മേല്‍ രക്തത്തിന്റെ പാട് ശവം പോയ വഴിക്ക് കാണപ്പെട്ടു .
ശവത്തിന്റെ വരവ് കണ്ടു കഴുകന്‍ കനത്ത ചിറകുകള്‍ വിരിച്ചു ഭിത്തി ഭേദിക്കനോരുങ്ങി ,അത് ചിരിക്കുന്നതായിട്ടാണ് സാറയ്ക്ക് തോന്നിയത്
സിറിലിന്റെ ശരീരം വലിച്ചു കഴുകന് മുന്നിലിട്ട ശേഷം വിവേക് കതകടച്ചു.
ചിറകടിയുടെ ആരവത്തോടെയും ആഹ്ലാദത്തോടെയും ശവത്തിനുമേല്‍ പറന്നിറങ്ങിയ കഴുകന്‍ ദയയില്ലാതെ സിറിലിന്റെ നെഞ്ചു കൊത്തിപ്പറിക്കാന്‍ തുടങ്ങി .അത് നോക്കി നില്‍ക്കെ തന്റെ ചുമലില്‍ വിവേകിന്റെ കൈ ആര്‍ത്തിയോടെ പതിയുന്നത് സാറ അറിഞ്ഞു

കുടിയേറ്റക്കാരന്റെ വീട്

"ചിലപ്പോള്‍ മലയാളികളില്‍ നിന്നും അറബികള്‍ മാന്ത്രിക ജീവിതം അനുഭവിക്കുന്നത് കണ്ടിട്ടുണ്ട് .
പലയിടത്തായി ടീ ബോയായി ജോലി ചെയ്തു മക്കളെ കെട്ടിച്ചു വീടുവെച്ചു നട്ടില്‍ കാറു വാങ്ങിച്ച ഒരാളുടെതാണ് അതില്‍ ഏറ്റവും തീവ്രമായത്.ഇളയ മകളെ കല്യാണം കഴിപ്പിച്ചയച്ചു ഈ കഠിനാധ്വനി തിരിച്ചു ജിദ്ദയില്‍ എത്തിയപ്പോള്‍
ജോലി എടുക്കുന്ന ഒരു ഓഫീസറെ കല്യാണ ആല്‍ബം കാണിച്ചു.അപ്പോളാണ് സ്ഥാപനത്തിന്റെ മാനേജറായിരുന്ന അറബി ഞെട്ടിയത്
,അറബിയുടെ സങ്കല്‍പ്പത്തില്‍ ഇല്ലാത്ത വീട് ,കാറ് ,സൗകര്യങ്ങള്‍ ,മകളുടെ വിവാഹ ചടങ്ങിന്റെ സമ്പന്നത -ഇതെല്ലാം ഈ ചായക്കാരന്റെ
തന്നെയോ എന്ന് അയാള്‍ ഏറെ നേരം വാ പൊളിച്ചു നിന്നു ,ഇനി തന്നെ സര്‍ എന്ന് വിളിക്കണ്ടന്നും പറഞ്ഞു ..അത്തരത്തിലൊരു വീടുണ്ടാക്കുന്ന കാര്യം അറബി ആലോചിച്ചിരുന്നില്ല ,മലയാളിയവട്ടെ ഗള്‍ഫില്‍ വന്നിറങ്ങുമ്പോള്‍ തന്നെ തറ കെട്ടി തുടങ്ങിയിരിക്കും.
ഇടുങ്ങിയ മുറിയില്‍ ഇവിടെ ജീവിക്കുമ്പോള്‍ വിശാലമായ മുറികളും അങ്കണവും കേരളത്തിലുണ്ടാകണമെന്നു ഒരു ഗള്‍ഫ്‌കാരനും ആഗ്രഹിക്കും അങ്ങനെ രണ്ടു തരത്തില്‍ വിഭജിക്കപ്പെട്ട ജീവിതം ഒരാള്‍ തന്നെ ജീവിച്ചു തീര്‍ക്കുന്ന അസാധാരണ പ്രതിഭാസമാണ് മലയാളിയുടെ ഗള്‍ഫ്‌ അറേബ്യയിലെ ജീവിതം "
ഒരു നാല് വര്‍ഷത്തെ പ്രവാസം അനുഭവത്തില്‍ ഉള്ള എനിക്ക് പിന്നിലേക്ക്‌ തിരിച്ചു നോക്കാന്‍ പ്രരിപ്പിച്ച ബുക്ക് ആണങ്കില്‍ ഒരു ശരാശരി പ്രവാസി എങ്ങനെയാവും ഈ ബുക്കിനെ വിലയിരുത്തുക ,എഴുതിയ ഓരോ വരികളും വ്യതി ചലിക്കാതെ മുന്നോട്ട് തന്നെ വിരല്‍ ചൂണ്ടുന്നു , പ്രവാസം അതിന്റെ തീവ്രതയോടെ എന്നെ മാടിവിളിക്കുന്നു ....
എന്റെ വരികള്‍ വീണ്ടും കുറിക്കപ്പെടുമ്പോള്‍ ചോദ്യചിഹ്നങ്ങള്‍ എനിക്ക് മുന്നില്‍ തലയുയര്‍ത്തി പുഞ്ചിരിക്കുന്നുണ്ടാകണം

ഇവിടെ ഹൃദയ പാളികളിൽ
വിയർപ്പിൻ തുള്ളികൾ അന്തിയുറങ്ങുന്നു .
ആരുടെയോ വഴിതെറ്റിയ കാൽപ്പാടുകൾ
എന്നെയും വഴി തെറ്റിച്ചു ഒഴുകിക്കൊണ്ടിരിക്കുന്നു .

തിളയ്ക്കുന്ന ആകാശ ചെരുവിൽ നിന്നും
ഒഴുകിയെത്തുന്ന കാറ്റിനു
വിങ്ങുന്ന ഹൃദയങ്ങളുടെ രൂക്ഷ ഗന്ധമുണ്ട് .

പൊട്ടി ചിരിച്ചു കുലുങ്ങി ഒഴുകുന്ന പുഴയുടെ -
നിഷ്കളങ്കതകൾ ഈ വഴി വരാറില്ല
താരാട്ട് പാടുന്ന രാത്രിയുടെ
മാത്രുത്വ ഭാവങ്ങൾ ഇവിടെ കേൾക്കാറില്ല .

ചുട്ടു പഴുത്ത മണൽത്തരികളിൽ
മരണം നിഴലിക്കുന്നത് കൊണ്ടാകാം
മഴ മേഘങ്ങൾ ഇവിടെ പെയ്തൊഴിയാറില്ല .
സ്നേഹ ബന്ധങ്ങളും ,നീറുന്ന ഓർമ്മകളും
വിഡ്ഢിയായ എന്റെ സഹയാത്രികർ .

ഏകാന്തതയുടെ ശവമഞ്ചവും പേറി
ഈ വഴികളിലൂടെ ചുവടു വെക്കുമ്പോൾ
അറിയുന്നു ഞാൻ എന്നിൽ നിന്നകലുന്ന
സ്നേഹ ബന്ധങ്ങളെ കുറിച്ച് ,

എങ്കിലും ഒന്ന് മാത്രം
ഈ വിയർപ്പിൻ തുള്ളികളും
വീണുടയുന്ന ഓർമ്മകളും
സമ്മാനിക്കുന്ന പുഞ്ചിരിക്കുന്ന
കുറെ മുഖങ്ങളുണ്ടെനിക്ക്

അവരാണ് എന്റെ ജീവനും ആത്മാവും
ഉള്ളിൽ എവിടെയോ പുകയുന്ന മനസ്സിനെ
ഓർമ്മകൾ കൊണ്ട് കീഴടക്കട്ടെ ഞാൻ ,

എനിക്കായ് വിധിയെഴുതിയ നാളുകൾ
ഒരിക്കൽ ഞാൻ തിരിച്ചെടുക്കും
കണ്ണിമകളുടെ കിളിവാതിൽ തുറന്നിട്ട്‌
ഒരിക്കലും അണയാത്ത നിലവിളക്കിൽ
വേദനകളുടെ എണ്ണയൊഴിച്ച്
നാളേക്കായ് ഞാൻ കാത്തിരിക്കും

അതുവരെ നിലാവ് പരത്തുന്ന
മെഴുകുതിരിയായ് ഞാൻ എരിഞ്ഞു തീരട്ടെ

പാമ്പും കോണിയും

ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കഥ , ഉയര്‍ച്ചയും താഴ്ച്ചയും, പാമ്പും കോണിയും ഈ പേര് തന്നെ നോവലിന് സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു

സ്തീ പ്രവാസത്തെ കുറിച്ച് ആകെ ബാര്‍സ വായിച്ച പരിചയം മാത്രമുള്ള ഞാന്‍ പാമ്പും കോണിയും വായിച്ചു തുടങ്ങുമ്പോള്‍ എങ്ങനെ എറിഞ്ഞാലും നാല് കാലിലെ നില്‍ക്കൂ എന്നാ സ്വഭാവത്തിലൂടെ സാലിയുടെ ചിന്തകളും ജീവിതവും വളരെ മനോഹരമായി തന്നെ
വരച്ചിട്ടിരിക്കുന്നു, , പലപ്പോളും പ്രവാസത്തെ കുറിച്ച്മനസ്സില്‍ പറഞ്ഞു പഠിപ്പിച്ച അവസ്ഥ കൊണ്ടാകാം എന്ന് തോന്നുന്നു വായനയുടെ പകുതിയില്‍ ചെറുതായി കൈവിട്ടു പോയോ എന്നൊരു തോന്നല്‍ എനിക്കുണ്ടായത് .രണ്ടു മൂന്ന് തലമുറകളിലൂടെ വായന കടന്നു പോകുമ്പോള്‍ നോവലിനപ്പുറം കാനഡയിലെയും നാട്ടിലെയും ജീവിത സാഹചരങ്ങളിലൂടെയും എന്നെയും വലിച്ചു
വായന കടന്നു പോകുന്നുണ്ടായിരുന്നു . ഓരോ നിമിഷത്തെയും ആറ്റിക്കുറുക്കി നാല് ചുവരുകള്‍ക്കിടയില്‍ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ ,ഉയര്‍ച്ചയില്‍ നിന്നും താഴ്ചയിലേക്കും താഴ്ചയില്‍ നിന്നും ഉയര്ച്ചയിലേക്കും തൂങ്ങിയാടുന്ന സ്ത്രീ പ്രവാസത്തിന്റെ കാണാപുറങ്ങള്‍
സാലിയിലൂടെ തുറന്നു കാട്ടിയതിനു നിര്‍മല ചേച്ചിക്കു അഭിനന്ദങ്ങള്‍

തമോവേദം


സാത്താന്‍ ജയിക്കട്ടെ - ഞാന്‍ ഉറക്കെ പറഞ്ഞു
ചേങ്കിലകള്‍ ശബ്ദിച്ചു
ഞാന്‍ വീണ്ടും ഉറക്കെ പറഞ്ഞു : ഷെം ഹാ മെഫോറാഷ്
വിശ്വാസികള്‍ ആവേശത്തോടെ അത് ഏറ്റുചൊല്ലി
വീണ്ടും ചേങ്കിലകള്‍ ശബ്ദിച്ചു .
ലിവ്യതന്റെ പുസ്തകം തുറന്നു വെച്ച് ഞാന്‍ ഉച്ചത്തില്‍ സാത്താനെ ക്ഷണിച്ചു
അവന്‍ ഞങ്ങള്‍ക്കിടയിലെക്കെത്തുന്നത് ഞാനറഞ്ഞിരുന്നു.
അവന്റെ ഊര്‍ജ്ജം ഞങ്ങള്‍ക്കു മേല്‍ പ്രസരിച്ചു
ആവേശം സര്‍പ്പത്തെ പോലെ ഞങ്ങളുടെ നട്ടെല്ലിലൂടെ ഇഴഞ്ഞു കയറി .
വിശുദ്ദ ഗ്രന്ഥങ്ങള്‍ മേശമേല്‍ നിരത്തി വെച്ച് അതിലേക്കു തുപ്പി ,പിന്നെ അവ സദസ്സിലേക്ക്
എറിഞ്ഞു കൊടുത്തു ,ആള്‍കൂട്ടം കോപത്തോടെ അവ നിലത്തു ചവിട്ടി ,
ചിലര്‍ അതില്‍ മൂത്രമൊഴിച്ചു .തലയോട്ടിയില്‍ കരുതിയിരുന്ന ആര്‍ത്തവരക്തം കരോലിന എനിക്ക് കൈമാറി
ഞാന്‍ അത് തല കീഴായ്‌ കുരിശിലേക്കു ചെരിഞ്ഞു
ഷെം ഹാ മെഫോറാഷ്- ഞാന്‍ ഉറക്കെ പറഞ്ഞു .
സദസ്സ് അതേറ്റു പറഞ്ഞു
ചേങ്കിലകള്‍ ശബ്ദിച്ചു .
ഈനോക്കിയന്‍ ഭാഷയിലുള്ള ആദ്യത്തെ മന്ത്രം ഞാന്‍ ഉച്ചത്തില്‍ ചൊല്ലി
ഓല്‍ സോനുഫ് വാ ഓപേസാജി ,ഗോഹു ഐയാദ് ബാലതാ .
............
ഹാളിനുള്ളില്‍ സാത്താന്റെ സാന്നിധ്യം നിറഞ്ഞു
വികാരങ്ങള്‍ക്ക് തീപ്പിടിച്ചു .......

"ഒരു നെഗറ്റീവ് വായന ഇത്രയും നേരം എന്നെ പിടിച്ചിരുത്തുന്നത് ആദ്യമായി തന്നെയാണ് ...
നന്മകളെ കാറ്റില്‍ പരത്തി തിന്മകള്‍ക്കു പുതിയ അര്‍ഥങ്ങള്‍ മെനഞ്ഞു വായനകാരനെയും കൊണ്ട് കഥ സഞ്ചരിക്കുകയാണ്
ജനനം മുതല്‍ മരണം വരെ ജീവിത്തിലെ വന്നുപോയ നിമിഷങ്ങള്‍ ഒരിക്കല്‍ തിരിഞ്ഞു നോക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും
എന്ന് വായന എവിടെയോ എന്നോട് മന്ത്രിക്കുന്ന പോലെ ,ഇതുപോലെ സാത്താന്റെ സന്തതിയായി ചിലപ്പോളെങ്കിലും നാം മാറുന്നുണ്ടാകാം.
എന്തൊക്കെയായാലും വിശ്വം എന്നാ കഥാപാത്രത്തിനെ വെറുക്കാന്‍ വായനക്കാരന് കഴിയില്ല ,
അത്രക്ക് മനോഹരമായാണ് വരികള്‍ ആവിഷ്കരിച്ചിരിക്കുന്നത് ,
അതുതന്നെയാണ് നോവലിന്റെ ആത്മാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു.അവാസാനത്തിലേക്ക് കടക്കുമ്പോള്‍
രണ്ടു ദിശകളില്‍ സഞ്ചരിച്ചു ഒരു സസ്പെന്‍സോടു നോവല്‍ അവസാനിക്കുമ്പോള്‍ മനസ്സ് ശൂന്യം ......
ഒരു വത്യസ്ഥ വായാനനുഭവം സമ്മാനിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് സ്നേഹത്തോടെ നന്ദി നന്ദി നന്ദി

ദേവദാസി തെരുവുകളിലൂടെ


സൗന്തത്തി യെല്ലമ്മ ക്ഷേത്രത്തിലെ വൃദ്ധ ദേവദാസി തെരുവുകള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയാണ് .വെപ്പാട്ടികളും ഗ്രാമ വേശ്യകളും ആയി ജീവിതത്തിന്റെ നല്ല കാലം ബലി കഴിച്ചവര്‍ ഒടുവില്‍ യെല്ലമ്മയുടെ നടയ്ക്കല്‍ ഭിക്ഷാടനത്തിനിരുന്നു മരണം കിനാവ്‌ കാണുന്നു .ഭക്തിയുടെയും വിശ്വാസത്തിന്റെയും ഇരകളായ അവര്‍ ഇത്രയേറെ ദുരിതങ്ങള്‍ സഹിച്ചിട്ടും അവര്‍ യെല്ലമ്മയുടെ ഭക്തരായി കഴിയുന്നതിനു പിന്നില്‍ അന്ധമായ വിശ്വാസത്തിന്റെ കാന്ത ശക്തിയാനുള്ളത് .ദേവദാസി ജീവിതത്തിന്റെ കയ്പ്പുനീര്‍ ഏറെ കുടിച്ചവര്‍ തന്നെ അവരുടെ പെണ്മക്കളെ യല്ലമ്മ ദേവിക്ക് സമര്‍പ്പിക്കുന്നത് ഏറെ ദുരൂഹമായിരിക്കുന്നു.അഴുക്കുചാലിന്റെ ദുര്‍ഗന്ധം വമിക്കുന്ന ചേരി പ്രദേശത്താണ് പല ദേവദാസികളും താമസിക്കുന്നത് ,ദീനം പിടിച്ച കോളനിക്കകത്ത് ഇടിഞ്ഞു പൊളിഞ്ഞ ജീവിതങ്ങള്‍ ,മാനം വിറ്റിട്ടും ഒരു നേരത്തെ അന്നത്തിനു വക കിട്ടാത്തവര്‍ , ഈ ബുക്ക്‌ വായിക്കുന്നത് വരെ ഒരു ഒരു വേശ്യയുടെ അല്ലങ്കില്‍ അവരുടെ കുറച്ചു മുകളില്‍ ആയിരുന്നു എന്റെ മനസ്സില്‍ ദേവദാസികളുടെ സ്ഥാനം ,ഇന്നിപ്പോ എല്ലാം തല കുത്തനെയായി ,ഒരു കാലകെട്ടതിലും ഓരോ തലമുറകളും വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും ആ സമയത്തെ ജീവിത രീതിയെ എങ്ങനെ ബാധിക്കുന്നു എന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ പുസ്തകം , എത്ര വിചിത്രമാണ് നമ്മുടെ പൂര്‍വികള്‍ നടന്നു വന്ന പാതകള്‍, അതിലെ അഴുക്കും പേറി ഇനിയും നമ്മള്‍ എത്ര ദൂരം സഞ്ചരിക്കണം, തിരുത്തി കുറിക്കേണ്ടത്‌ എന്നായാലും കാലത്തിന്റെ ആനുകൂല്യമില്ലാതെ തിരുത്തി കുറിക്കുക തന്നെ വേണം എന്ന് ഓര്‍മ്മിക്കുന്നു വായനയുടെ അവസാന നിമിഷങ്ങള്‍

സൗണ്ട് പ്രൂഫ്‌

വളരെ ആഹ്ലാദത്തോടെയാണ്  പുസ്തകം വായിച്ചു തീര്‍ത്തത് .ബാല്യവും ,പ്രണയവും ,ഗൃഹതുരത്വവുമെല്ലാം വളരെ മനോഹരമായി വരികളിലൂടെ കുറിച്ചിട്ടത്‌ കൊണ്ട് എന്നെ പോലെയുള്ളവരെ പിടിച്ചിരുതാന്‍ അക്ഷരങ്ങള്‍ക്ക് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടതായി വന്നു  തോന്നുന്നില്ല.എങ്കിലും ഓരോ കഥയിലും പ്രണയത്തിന്റെ, നഷട്ടത്തിന്റെ,വശ്യതയില്‍ നിന്നും മോചിതയാകാത്തതു പോലെ പലപ്പോളും വായനക്കിടയില്‍ അനുഭവപ്പെട്ടു .മഞ്ഞര്‍ളി പൂക്കളിലെ നിരഞ്ജനും ഗംഗയും കിഷനും , സ്വദേശിയിലെ ദീപ്തിയും ദിനകറും രാജീവും ഒരു നാണയത്തിലെ ഇരുവശങ്ങള്‍ പോലെ വായനക്കിടയില്‍ മുഴച്ചു നില്‍ക്കുന്നു .വരികള്‍ക്കിടയില്‍ ഇപ്പോഴും വിഷാദം മയങ്ങിക്കിടക്കുന്നത് ആരോടൊക്കെയോ പലതും  വിളിച്ചോതാന്‍ വെമ്പുന്ന മനസ്സിന്റെ ബാക്കിയായ നിശ്വാസങ്ങള്‍ ആയിരുന്നു എന്ന് വായനക്കാരന് ഊഹിച്ചെടുക്കാം .എല്ലാം കൊണ്ടും മനോഹരമായ ഉദ്യാനത്തിലെ മഞ്ഞര്‍ളി പൂക്കളുടെ മനോഹരമായ സാഹിത്യം ഞാനാകുന്ന വായനക്കാരന്റെ മനസ്സില്‍ കുറച്ചു നാളെങ്കിലും വാടാതെ പുഷ്പ്പിച്ചു തന്നെ നില്‍ക്കും .സൗണ്ട് പ്രൂഫ്‌ കഥയിലെ കഥാശം പലപ്പോളും എന്നെയും ചിന്തിപ്പിച്ച വിഷയം തന്നെ ആണ് .ഒരുപാട് നന്മകളും ,നന്മകളും ,പൈതൃകവുമെല്ലാമാണ് നിഷേദിക്കപ്പെടുന്നത് എന്ന് ഈ പ്രവാസജീവിതം എന്നില്‍ നേരിട്ട് അനുഭവപ്പെടുത്തി തന്നിട്ടുള്ളതാണ് .സ്വന്തം ജീവിതത്തില്‍ നാം സുന്ദരമെന്നു വിശ്വസിച്ചു അനുഭവിച്ചറിഞ്ഞത് പുതുതലമുറയിലേക്കു പകര്‍ത്താന്‍ നമുക്ക് കഴിയാതെ പോകുന്നു അല്ലങ്കില്‍ സാഹചര്യം നമ്മെ അതില്‍ നിന്നും വിലക്കി നിര്‍ത്തുന്നു
അയലത്തെ ഇലഞ്ഞി പൂക്കളിലെ ആ കൊച്ചു പെണ്‍കുട്ടിയും നമ്മെയെല്ലാം ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട് ,അറിഞ്ഞോ അറിയാതെയോ നാമും ഒരു പക്ഷേ പലരെയും വേദനിപ്പിച്ചു കൊണ്ടായിരിക്കും ജീവിക്കുന്നത് എന്തോ പലപ്പോളും സ്നേഹത്തിന്റെ അകലങ്ങളില്‍ എല്ലാം അറിയാതെ പോകുന്നു .അമ്മയ്ക്കുള്ള എഴുത്ത് ഈ ഒരു വിഷയം ഒരു കവിതയിലേക്ക് പടര്‍ത്താന്‍ എന്റെ മനസ്സ് മുമ്പേ ശ്രമിച്ചിരുന്നു അതും പാതിവഴിയില്‍ ഉപേക്ഷിച്ചു താങ്കളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍
" നിങ്ങള്‍ക്കും അങ്ങനെയൊരണ്ണം എഴുതിക്കൂടെ ? "
"എനിക്കതിനു കഴിയില്ല .ആസ്വദിക്കുന്നതു പോലയല്ല എഴുതുന്നത്‌ .അതിത്തിരി കടുപ്പമാണ് "
നല്ലരൊരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി .. പുതിയ വരികള്‍ എഴുതുബോളും അവയെല്ലാം പുസ്തകരൂപത്തില്‍ പറവി കൊള്ളുമ്പോളും  എന്നെയും അറിയിക്കുക
ഒരിക്കല്‍ കൂടി നന്ദി ,എല്ലാവിദ ആശംസകളും നേര്‍ന്നുകൊണ്ട്  സ്നേഹത്തോടെ ...........


Monday, February 10, 2014

മരണാന്തരം



ഈ മഴ മേഘങ്ങള്‍ക്കിടയില്‍
 ഞാന്‍ ഒരു ഊഞ്ഞാലു കെട്ടും
അതില്‍ കുളിരണിഞ്ഞ കാറ്റിന്റെ താളത്തില്‍
ഞാന്‍ ആടി രസിക്കും .
എന്നെ സ്നേഹിച്ച മനസ്സുകള്‍ക്ക് മേല്‍
നിലാവ് പെയ്യുന്ന രാവിന്റെ  നീലിമയില്‍ -
മയങ്ങാന്‍ വെമ്പുന്ന മനസ്സുകള്‍ക്ക് മുന്നില്‍
ഒരു താരാട്ട് പാട്ടായ് ഞാന്‍ ഒഴുകിയെത്തും .
നിദ്രതന്‍ ഏതോ യാമങ്ങളില്‍
ഒരു ചെറു സ്വപ്നമായ് നിന്നെ തഴുകി
സ്നേഹത്തിന്റെ ഒരായിരം പൊന്‍ മണി വിത്തുകള്‍
നിങ്ങളില്‍ ഞാന്‍ വാരി വിതറും
പ്രഭാതത്തിന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി ലാളിക്കുന്ന
മനസ്സുകളില്‍ ഒരു ചിരതായ് ഞാന്‍ എരിഞ്ഞു നില്‍ക്കും.
എങ്കിലും എനിക്കറിയാം ഇന്നല്ലങ്കില്‍ നാളെ
ആ മനസ്സുകളില്‍ നിന്നും ഞാന്‍ മാഞ്ഞുപോകും,
ഞാന്‍ എന്നാ മിഥ്യ അവിടെയും പരാജയപ്പെടും
എങ്കിലും ഞാന്‍ കാത്തിരിക്കും ,
ഈ അക്ഷരങ്ങളിലെ തീ കെട്ടണയുന്ന നാള്‍ വരെ
ഈ വാക്കുകളിലെ നീരുറവ വറ്റുന്ന നിമിഷം വരെ
വിതറിയിട്ട വിത്തുകളില്‍ ജീവന്‍ കിളിര്‍ക്കുമ്പോള്‍
തളര്‍ത്തു നില്‍ക്കുന്ന എന്‍ ഓര്‍മകള്‍ക്ക് മേല്‍
ചവിട്ടി അരച്ച് നിങ്ങള്‍ നടന്നു പോക്കുമ്പോള്‍
എന്റെ പതനം വീണ്ടും പൂര്‍ത്തിയാവും
എങ്കിലും എന്നെ സ്നേഹിച്ച മനസ്സുകളെ
നിങ്ങള്‍ക്ക് മുകളില്‍ സ്നേഹത്തിന്റെ  മഴവില്ല്
തീര്‍ത്തു ഞാന്‍ ഉണ്ടാകും ...
ഒരിക്കലും വാടാത്ത പൂച്ചെണ്ടുകളുമായ്.......