അത്താഴം കഴിഞ്ഞു ജോസഫും ഭാര്യയും മകനും കൂടി ഉറങ്ങാന്‍ കിടക്കുകയായിരുന്നു .ഓഫീസ് ആവിശ്യത്തിനായ് മൂന്നു നാല് ദിവസം വിട്ടു നിന്നതിനു ശേഷമുള്ള ആദ്യത്തെ സഹ ശയനത്തില്‍ മകനുറങ്ങുന്നതും കാത്ത് ഭാര്യ ഭര്‍ത്താക്കന്മാര്‍ തൊട്ടു തൊട്ടു കിടന്നു.കളിപ്പാട്ടങ്ങളെ കുറിച്ചും ,സഹപാഠിയായ നീല നിക്കറിട്ട ഒരു സിംഹത്തെ കുറിച്ചും അവന്‍ പറയാന്‍ ശ്രമിച്ചങ്കിലും ആരും അതിനു ചെവി തരുന്നില്ലന്നു കണ്ടു കുട്ടി നിരാശനായി .നാല് ദിവസത്തെ ഇടവേളയ്ക്കു ശേഷം വന്ന അച്ഛനോട് പറയാനായി സംഭരിച്ചു വെച്ച കാര്യങ്ങള്‍ എല്ലാം കൂടി അവന്റെ കുഞ്ഞു മനസ്സില്‍ തിങ്ങി കൂടാന്‍ തുടങ്ങി. അച്ഛനും അമ്മയും പരസ്പരം ഉമ്മ വെയ്ക്കുന്നത് കണ്ടു ശംശയത്തോടെ നോക്കിയ അവനു രണ്ടു പേരില്‍ നിന്നും ധൃതി പിടിച്ച രണ്ടു ഉമ്മകള്‍ കിട്ടി .ഒപ്പം വേഗം ഉറങ്ങണമെന്നുള്ള സ്നേഹം നിറഞ്ഞ ശാസനയും . " ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അപ്പ ചിരിക്കരുത് " അവന്‍ കൈമുട്ടു കുത്തി ഉയര്‍ന്നു കൊണ്ട് ജോസഫിനോട് പട്ടുനൂല്‍ പൊട്ടുന്ന ശബ്ദത്തില്‍ പറഞ്ഞു ."എന്താ കാര്യം മോന്‍ വേഗം പറയൂ " ജോസഫ് അവനെ ഉത്സാഹിപ്പിച്ചു .കുറച്ചു നേരം നേരം ആലോചിച്ചിട്ട് അവന്‍ വീണ്ടും പറഞ്ഞു " വേണ്ട ,ഞാനത് പറഞ്ഞാല്‍ അപ്പ ചിരിക്കും എന്നെ കളിയാക്കും " ആ സരസ സംഭാഷണത്തില്‍ അമ്മയും കൂടി "ഇല്ല കുട്ടാ ,മോന്‍ അമ്മച്ചിയോട് പറയ് !" പക്ഷേ നിര്‍ബന്ധിച്ചിട്ടും അവന്‍ മിണ്ടിയില്ല .കുറച്ചു കഴിഞ്ഞു മുഖം വീര്‍പ്പിച്ചു കൊണ്ട് അവന്‍ ഉറങ്ങുന്നത് കണ്ടു അവന് ഉമ്മകള്‍ വായുവില്‍ എറിഞ്ഞു കൊടുത്തിട്ട് ജോസെഫും ഭാര്യയും ഉറങ്ങാല്‍ കിടന്നു . അതിന്റെ പിറ്റേന്ന് വെളുപ്പിനുണ്ടായ മരണത്തെ കുറിച്ചോര്‍ത്തു നടുങ്ങികൊണ്ട് ജൊസഫ് എന്നോട് പറഞ്ഞു " ഇത്ര കാലത്തിനു ശേഷം പൊടുന്നനെ ഇതാ ഇപ്പോളാണ് ഞാന്‍ ആ സംഭാഷണത്തെ കുറിച്ച് ആദ്യമായ് ഓര്‍ക്കുന്നത് .എത്ര ശ്രമിച്ചിട്ടും ഇപ്പോള്‍ എനിക്കതിന്റെ ഉത്തരം കിട്ടുന്നില്ല " ഒരു നിമിഷം നിര്‍ത്തിയിട്ടു എന്റെ കണ്ണുകളിലേക്കു ഉറ്റുനോക്കി കൊണ്ട് ജോസഫ് വീണ്ടും ചോദിച്ചു : " എന്തായിരുന്നിരിക്കണം ഞാന്‍ ചിരിക്കുമെന്നു ഭയന്ന് അവന്‍ എന്നോട് പറയാതെ പോയ ആ കാര്യം? എന്തായിരുന്നിരിക്കണം അത് ?" സംഭാഷണത്തിലെ ഔപചാരിതയ്ക്കിടയില്‍ ജൊസഫ് അങ്ങനെ ചോദിച്ചു പോയതാണെങ്കിലും ആറു വയാസ്സുകാരന്‍ ജോഫിന്‍ ജോസഫ് അച്ഛനമ്മമാരുടെ ചിരിയെ ഭയന്ന് ഉള്ളിലൊളിപ്പിച്ച ആ കാര്യം എന്തെന്ന് എന്റെ മനസ്സില്‍ പെട്ടെന്ന് വെള്ളിടിവെട്ടി .എന്നാല്‍ സാധാരണ മനുഷ്യരുടെ ഇടയില്‍ പാലിക്കപ്പെടുന്ന സാമാന്യ മര്യാദകളെ പുലര്‍ത്താന്‍ ഞാനത് ജോസേഫിനോട് പറഞ്ഞതേയില്ല. ഈ ഒരു വായനമതി ബുക്കിനെ വിലയിരുത്താന്‍ .....
No comments:
Post a Comment