Tuesday, October 11, 2011

...പുനര്‍ജന്മം ....

അന്തി മയങ്ങുന്നു 
മദ്യ ലഹരി ശരീരത്തെ വല്ലാതെ തളര്‍ത്തുന്നു 
വിശപ്പടക്കിയ പുകച്ചുരുളുകള്‍ എനിക്ക് ചുറ്റും -
തളം  കെട്ടി നില്‍ക്കുമ്പോള്‍ 
എന്നില്‍ തെളിയുന്ന ബോധ മണ്ഡലത്തിന്‍ ആദ്യ കണികകള്‍ 
ശുഭ്രവസ്ത്രധാരികള്‍ , പൂവിതള്‍ പോല്‍ -
മൃദുലമായ കൈകളാല്‍ എന്നെ കോരിയെടുത്തു 
ഉയരങ്ങളിലേക്ക് ചിറകു വെച്ച് പറന്നകലുന്നു 
കുളിരു പകരുന്ന മഴ മേഘങ്ങളിലൂടെ 
മുന്നേറുമ്പോള്‍ എന്‍ മനം ശന്തമായിരുന്നോ ?
തിളങ്ങുന്ന കണ്ണുകളാല്‍ അവരെന്നെ ഉറ്റു നോക്കുമ്പോള്‍ 
എന്തായിരിക്കും അവരുടെ മനസ്സില്‍ 
സ്നേഹമോ ,വെറുപ്പോ അതോ -
പേരറിയാത്ത വികാരങ്ങളോ ?
ആകാശ ചെരുവുകള്‍ , 
വെണ്ണിലാവു പൂത്ത മഴകാടുകളിലൂടെ 
എവിടെക്കോ എന്നെയും കൊണ്ടവര്‍ പറന്നുയരുന്നു 
കൌതുകത്തിന്‍ വെള്ളരിപ്രാവുകള്‍ ചിറകടിച്ചുയരുന്നു.
ഇരു കൈകളില്‍ തളര്‍ന്ന ശരീരം 
എന്തിനോ വേണ്ടി ദാഹിക്കുന്നത് അവരറിയുന്നുവോ?
കല്‍വിളക്കുകള്‍ പ്രകാശം ചൊരിയുന്ന 
കല്‍പ്പടവുകളിലെവിടെയോ  -
അവരെന്നെ നഗ്നനാക്കി കിടത്തി 
വിറയ്ക്കുന്ന ചുണ്ടുകളിലേക്ക്‌ 
തുളസികതിരാല്‍ ദാഹജലം ഇറ്റുവീഴുമ്പോള്‍ 
ഹൃദയ പാളികള്‍ക്കിടക്ക് മരണം കട്ടപിടിച്ചിരിക്കണം
അകലെ എനിക്കായ് ചിത ഒരുങ്ങുന്നു 
നിലവിളികള്‍ ,തേങ്ങലുകള്‍ 
അതേ, ഞാന്‍ മരിച്ചുവോ ?
എന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയോ?
ചേതനയറ്റ എന്റെ മൃതദേഹവും താങ്ങി
ആരൊക്കെയോ നടന്നു നീങ്ങുന്നു 
ദൂരേ ഏതോ ലോകത്തിരുന്നു 
എന്റെ ശവദാഹം ഞാന്‍ നോക്കി കാണുകയോ ?
എന്നെ  കോരിയെടുത്ത മാലാഖമാര്‍ ഇപ്പോള്‍ എനിക്ക്ചുറ്റുമില്ല
ബാക്കി വെച്ചതെല്ലാം തച്ചുടച്ചു അവരെങ്ങോ പോയ്മറഞ്ഞു 
ഇനി എന്ത് ,മുന്നില്‍ വിജനമായ പാതയില്‍ 
പ്രകാശം തട്ടി പ്രതിഫലിക്കുന്നു 
തനിച്ചാണ് , പുതു വഴിയിലൂടെ  പിച്ചവെക്കട്ടെ
വീണ്ടുമൊരു സ്വപ്ന ജീവിതത്തിനായ് .....