Sunday, July 26, 2015

ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി





അരുണ്‍ ആര്‍ഷയുടെ ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി .പേരിലെ സൂചന പോലെ തന്നെ ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിനെതിരെ ജൂതന്മാര്‍ നടത്തിയ പോരാട്ടങ്ങളുടെ തീക്ഷണമായ അവതരണമാണ് നോവലിസ്റ്റ് നമുക്ക് മുന്നില്‍ വായനക്കായ് നിരത്തുന്നത് .ഒരു നോവല്‍ എന്ന ലേബലില്‍ ഈ പുസ്തകത്തെ വിലയിരുത്താന്‍ എന്റെ മനസ്സിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം .ഇതിലെ ഓരോ വരിയിലും നിഴലിച്ചു നില്‍ക്കുന്ന അതിജീവനത്തിന്റെയും , പോരാട്ട വീര്യങ്ങളുടെയും ,ജീവനുള്ള തെളിവുകളുമായി ഓരോ താളുകളും മറിക്കപ്പെടുമ്പോള്‍ ഒരു കലാപത്തിലും ഒരു തടങ്കല്‍ പാളയത്തിലും എരിഞ്ഞടങ്ങിയ പ്രേതാത്മാക്കള്‍ താങ്കളില്‍ എന്നപോലെ വായനക്കാരനെയും പിന്തുടരുന്നുണ്ട് .ഇങ്ങനെ ഒരു വിഷയം ചരിത്രവുമായി കൂട്ടി കലര്‍ത്തി അവതരിപ്പിക്കാന്‍ എടുത്ത സാഹസത്തേക്കാള്‍ എത്രയോ മുകളിലായിരിക്കും ഇത് എഴുതി കൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ അനുഭവിച്ച മാനസിക വ്യഥകള്‍ എന്നത് വായനക്കാരന് വരികളിലൂടെ വായിച്ചെടുക്കാം .

ഈ വായന എക്സ്‌ ടെര്‍മിനേഷന്‍ ചേമ്പറില്‍ അകപ്പെട്ട പോരാളിക്ക് നല്‍കപ്പെട്ട മെഴുകുതിരി പോലെയാണ് വായനയുടെ വേറെ ഒരു ലോകത്തിലേക്ക്‌ നമ്മെ നയിച്ച്‌ സമയത്തിന്റെ സിംഹഭാഗവും ഈ വരികള്‍ നക്കിയെടുക്കും .എങ്കിലും ഡോ .ആഡ് ലേയ്ക്കും അസാഫിനും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ആ അജ്ഞാത ജൂതരക്ഷകന്‍ ആരായിരുന്നു എന്ന ചോദ്യം വായനക്കാരനെ വല്ലാതെ വലയ്ക്കുന്നുണ്ട് . ഓഷ് വിറ്റ്സിനെ പോരാളികളുടെ രക്തസാക്ഷിത്വത്തെ നിരര്‍ത്ഥകമാക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും ആ ചോദ്യം മനസ്സിനെ മഥിച്ചുകൊണ്ടേയിരിക്കുന്നു .സാഹചര്യം കൊണ്ട് മാത്രമാണ് വായന എനിക്ക് പകുതിയില്‍ നിര്‍ത്തേണ്ടി വന്നത് ഇല്ലങ്കില്‍ ഒരു ശ്വാസത്തില്‍ തീര്‍ക്കതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല .ഇതിലെ വരികള്‍ക്കെല്ലാം ജീവനുണ്ട് അവ നമ്മോടു സംവദിക്കുന്നത് അനുഭവങ്ങളാണ് ജീവിതത്തിലെ നിസ്സഹായതക്ക് മുന്നിലും പോരാടി ഒടുവില്‍ പരാജയത്തിന്റെ ഉപ്പുരസമറിഞ്ഞ നേര്‍കാഴ്ചകളെകുറിച്ചാണ് , അവരുടെ പ്രണയത്തെ കുറിച്ചാണ് , അവരുടെ ബന്ധങ്ങളുടെ കുറിച്ചാണ് , ഒരു പക്ഷേ അതിന്റെ തീവ്രത നമ്മുടെ ചിന്തകള്‍ക്കതീതമാണ് എന്നത് തിരിച്ചറിയേണ്ടത് വായനക്കാരാന്റെ കര്‍ത്തവ്യവുമാണ് എന്ന് വിശ്വസിക്കുന്നു . ഈ ഒരു അവതരണത്തിനായ് താങ്കളുടെ പ്രയത്നങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ച ഫലം കാണാതെ പോകില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു . ഇതിലെ ഇതിവൃത്തവുമായി ബന്ധപ്പെട്ട പല സിനിമകളും കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും മനോഹരമായി ഇത്രയും ഇത്രയും ഹൃദയിമിടിപ്പോടെ എന്നെ നയിക്കാന്‍ ഈ വരികളോളം ഒന്നിനും സാധിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തുന്നു . തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം .ഒത്തിരി ഒത്തിരി സന്തോഷത്തോടെ പ്രിയ അരുണേട്ടാ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ .

അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍



ബെന്യാമിന്റെ ഞാന്‍ വായിച്ച കൃതികളില്‍ ഏറ്റവും വിരസമായ വായന സമ്മാനിച്ച പുസ്തകം , ഒരു നോവല്‍ എന്നതിലുപരി ഒരു ചരിത്രപുസ്തകം വായിക്കുന്ന പോലെ തോന്നി , ഒരു പകുതി വരെ വായന കൊണ്ടെത്തിക്കാന്‍ വല്ലാതെ കഷ്ട്ടപ്പെട്ടു .ക്രൈസ്തവ സമുദായത്തിലെ സഭാവഴക്കിന്റെ പാശ്ചാത്തലത്തില്‍ രചിച്ച നോവല്‍ ,ചരിത്രം ഇഷട്ടപ്പെടുന്നവര്‍ക്ക് പരീക്ഷിച്ചു നോക്കാം,ആടുജീവിതം ,മഞ്ഞവെയില്‍ മരണങ്ങള്‍ ,അല്‍ അറേബിയന്‍ നോവല്‍ ഫാക്ടറി ,മുല്ലപ്പൂ നിറമുള്ള പകലുകള്‍ , ഇ . എം .സും പെണ്‍കുട്ടിയും എല്ലാം സ്വീകരിച്ച എനിക്ക് ബെന്യാമിന്‍ ഇഷ്ട്ടപെട്ട നോവലിസ്റ്റ് തന്നെ എന്ന് വിലയിരുത്തുന്നു .

എന്റെ കഥകള്‍



മിനി യുടെ ഇരുപത്തിരണ്ടു് കഥകള്‍ .പുതുമകളോ ,നിരാശപ്പെടുത്തലുകളോ ,കൂടുതല്‍ ആകര്‍ഷണപ്പെടുത്തലുകളോ ഇല്ലാതെ വായന അവസാനിപ്പിച്ചു .കഥകള്‍ക്ക് എന്റെ മനസ്സില്‍ ആയിസ്സു കുറവായിരുന്നു എന്ന് തോന്നി അതുകൊണ്ട് മനസ്സ് കീഴടക്കാന്‍ കഴിയാതെ പോയ പോലെ .സാറോഗേറ്റ് മദര്‍,കാലാപികരുടെ ലോകം ,ഒരുക്കം ,ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും സ്നേഹപ്പൂര്‍വ്വം ഒറോറോ ബോറിയാലിസ് ,എന്നിവ മികച്ചു നില്‍ക്കുന്നു .ഹാപ്പി ന്യൂയിറില്‍ ഒരു പുതുമയുണ്ട് , നമുക്ക് എല്ലാം പിന്തുടരാവുന്ന ഒരു സന്ദേശം. കഥാപാത്രങ്ങളുടെ വ്യത്യസ്ഥമായ പേരുകള്‍ തിരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹം .വാക്കുകളുടെ ധാരാളിത്തമില്ലാതെ ശൈലി വീണ്ടും തുടരുക .വായന ഒരിക്കലും മുഷിപ്പിക്കാതെ കൊണ്ടുപോകാന്‍ കഴിഞ്ഞു ,എന്നാലും കൂടുതല്‍ പ്രതീക്ഷിച്ചു ,ഇനിയും കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു സ്നേഹാശംസകള്‍ ...

നടന്നു പോയവള്‍



എങ്ങനെയാണ് ഈ ഓര്‍മ്മക്കുറിപ്പുകളെ വിലയിരുത്തേണ്ടത് , തളര്‍ന്ന് പോയേക്കാവുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഇന്ന് ഇത്ര ദൂരം താങ്കള്‍ക്ക് സഞ്ചരിക്കനായെങ്കില്‍ അത് താങ്കളുടെ മനസ്സിന്റെ നന്മകൊണ്ടു മാത്രമാണ് . ജീവിതം തുടങ്ങുന്ന എന്നെ പോലെയുള്ളവര്‍ നിങ്ങളില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട് .രോഗങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി പോകുന്നു മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങി നടക്കാന്‍ പ്രേരിപ്പിച്ചത് സ്വന്തം അനുഭവങ്ങളോ ,അതോ സ്വന്തം പിതാവിന്റെ മഹത്തരമായ പാരമ്പര്യമോ ? ഇന്ന് ഇതുപോലെ നരകയാതന അനുഭവിക്കുന്ന ഒരു സമൂഹമുണ്ട് എന്നത് പോലും അറിയാതെയാണ് പുതു തലമുറ ജീവിക്കുന്നത് എന്നത് തന്നെയാവും എനിക്കെല്ലാം സംഭവിച്ച പരാജയവും.ഇന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മഷിപുരണ്ട ഈ ഓര്‍മ്മക്കുറിപ്പുകള്‍ മറിക്കുമ്പോള്‍ , എന്തിനും ഏതിനും കുറ്റത്തിന്റെ അലങ്കാരങ്ങള്‍ ചാര്‍ത്തുന്ന എന്നെ പോലെയുള്ളവര്‍ ഇനി എവിടെ നിന്നാണ് തുടങ്ങേണ്ടത് ,സാഹചര്യങ്ങള്‍ എന്നാ ഓമനപ്പേരിട്ട് ഒഴിഞ്ഞു മാറുന്ന എന്നെ പോലെയുള്ളവര്‍ക്ക് ഈ ബുക്ക്‌ ഒരു പ്രചോദനമാകുകയാണ് .ഈ ശീര്‍ഷകം തന്നെ എത്രയോ അര്‍ത്ഥങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട് സത്യത്തില്‍ ഞങ്ങള്‍ക്കെല്ലാം വഴികാട്ടിയായ്‌ മുന്നേ നടന്നു പോകുന്നവള്‍ തന്നെയാണ് താങ്കള്‍. ഇനി ആ മാസ്മരിക വരികളിലേക്ക് ."വയറോട്ടി നെഞ്ചിന്‍കൂടിന്റെ എല്ലുകള്‍ മാത്രം കാണാം .എന്നാല്‍ അയാളുടെ കൈകള്‍ക്ക് മാത്രം ക്ഷീണം ബാധിച്ചിട്ടില്ല .ഞാന്‍ ആ കൈകളില്‍ പിടിച്ചു .പതുക്കെ ചുണ്ടുകള്‍ വിടര്‍ന്നു .ഒരു ചെറിയ ചിരി. എന്നെ സമാധാനിപ്പിക്കാന്‍ ആയിരുന്നോ ചിരിച്ചത് ? എന്റെ കയ്യില്‍ രാജന്‍ അമര്‍ത്തി പിടിച്ചു . കണ്ണുകളില്‍ നനവ്‌ .കട്ടിലിന്റെ തലയ്ക്കല്‍ കിടന്ന തുണിയെടുത്ത് ഞാനാ കണ്ണുകള്‍ തുടച്ചു .തീയ്യില്‍ തൊട്ടതു പോലെ ഞാന്‍ കൈ വലിച്ചു 'ഞാന്‍ എന്താണീ ചെയ്തത്' .ആ കണ്ണീര്‍ തുടയ്ക്കാന്‍ ഞാന്‍ തുണി എടുത്തത്‌ എന്തിനാണ് ' പിന്നെ എന്റെ കൈവിരല്‍ കൊണ്ട് വേദനിപ്പിക്കാതെ ഞാന്‍ ആ കണ്ണുകള്‍ തുടച്ചു .കറുപ്പും വെളുപ്പുമാര്‍ന്ന ആ മുടിയിഴകളിലൂടെ ഞാന്‍ വിരലോടിച്ചു .അപ്പോള്‍ രാജന്‍ അനുഭവിച്ച സുഖം എന്റെ വിരല്‍തുമ്പില്‍ ഞാന്‍ അറിഞ്ഞു ." അറിയപ്പെടെണ്ട പ്രിയ ചേച്ചി താങ്കള്‍ക്ക് എന്റെ ഒരു കാള്‍ പ്രതീക്ഷിക്കാം ....

പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍



പുതുമഴ ചൂരുള്ള ചുംബനങ്ങള്‍ ,ഈയിടെ വായിച്ച ചെറുകഥാ സമാഹാരങ്ങളില്‍ എല്ലാ കഥകളും എന്നെ ആകര്‍ഷിച്ച പുസ്തകം . പതിനാലു കഥകള്‍ , പതിനാലു വിധത്തില്‍ , പതിനാലു തലങ്ങളില്‍ മനസ്സിനെ കീഴടക്കുന്നു .പക്വതയാര്‍ന്ന എഴുത്ത് .തള്ളപ്പൂച്ചയിലെ അവസാന രംഗങ്ങള്‍ മനസ്സില്‍ ഒരു ചിത്രമായി മായാതെ കിടപ്പുണ്ട് . കടലും കടല്‍ക്കാറ്റും കച്ചവട കുട്ടികളും കഥാകാരിയുടെ ഇഷ്ട്ട വിഷയങ്ങള്‍ ആയതുകൊണ്ടാകാം ഇടയ്ക്കു ആവര്‍ത്തിക്കുന്നത് .'ഞാന്‍' എന്നാ വാക്കിനു ഒരു ലിംഗഭേദമില്ലാത്തത് കൊണ്ട് കഥാപാത്രങ്ങളെ ചിലയിടങ്ങളില്‍ മനസ്സിലാക്കാന്‍ വീണ്ടും പുറകിലേക്ക് മറിക്കേണ്ടി വന്നു .ഒളി നോട്ടത്തിലെ പരിഭ്രമങ്ങള്‍ , പുതുമഴ ചൂരിലെ അവസാന ചുംബനം ,പ്രണയത്തിനപ്പുറം പുരുഷനെ തിരയുന്ന കാമുകി , വൃദ്ധയോട് ആഡ്ജെസ്റ്റ് ചോദിക്കുന്ന തലമുറ ,സ്വര്‍ഗ്ഗരതി,ബസന്തിനെ കൊലപാതകത്തിലേക്ക് നയിക്കുന്ന കുഞ്ഞു മനസ്സിന്റെ വിങ്ങലുകള്‍ ,യന്ത്രപ്പാവയും ,തോടും ,ആന്‍സിയുടെ പുതിയ ജീവിത പ്രതീക്ഷകളും എല്ലാം വായനക്കപ്പുറം എവിടെക്കയോ ചെന്ന് തൊടുന്നുണ്ട് അല്ലങ്കില്‍ എവിടെക്കയോ കൊത്തിവലിക്കുന്നുണ്ട് .ഈ ചുംബനത്തിന്റെ ചൂട് കുറച്ചു കാലം നിലനിലക്കും എന്ന് തോന്നുന്നു .നിരാശപ്പെടുത്തില്ല എന്നാ പൂര്‍ണ്ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കവുന്ന പുസ്തകം .മുബീന്‍ ഇത്താ ഈ ബുക്ക്‌ നിര്‍ദേശിക്കുന്നത് മുമ്പ് തന്നെ വാങ്ങിയിരുന്നു എന്നതാണ് സത്യം . ഇങ്ങനെ ഒരു വായന സമ്മാനിച്ചത്തിനു നന്ദി നന്ദി.... ഹൃദയം നിറഞ്ഞ ആശംസകള്‍

I PHOOLAN DEVI



മാനവ നാഗരിതയും മനുഷ്യസ്നേഹവും എന്നും അന്യമായി കരുതുന്ന ജാതികോമരങ്ങളുടെ ഉരുക്കു മുഷ്ട്ടികളില്‍ കിടന്നു പിച്ചി ചീന്തപ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ചരിത്ര പുസ്തകത്തില്‍ വ്യക്തമായ അടയാളങ്ങള്‍ ബാക്കിനിര്‍ത്തിയാണ് ഫൂലന്‍ ദേവി രക്തസാക്ഷിത്വം വരിച്ചത്‌ .ഈ ബുക്കില്‍ ഫൂലന്‍ ദേവിയുടെ വ്യക്തമായ ജീവിതം വിവരിക്കപ്പെട്ടിട്ടുണ്ട് .വികാര സാന്ദ്രമായ അന്തരീക്ഷം ,ജീവിതത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ ,സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ വെച്ച് ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു കൊച്ചു പെണ്‍കുട്ടിയുടെ പ്രതികാരം ,ശൈശവ വിവാഹവും തുടര്‍ന്നുള്ള പീഡനവും ,ജാതി വ്യവസ്ഥിതിയും അടിച്ചമര്‍ത്തപ്പെട്ടവരുടെ കണ്ണീരും വിലാപങ്ങളും ,എല്ലാം എല്ലാം വരികളിലൂടെ വായനക്കാരനെ കാത്തിരിക്കുന്നുണ്ട് .ഓരോ വായനയുടെ അവസാനത്തിലും ലഭിക്കുന്ന അനുഭൂതിക്കപ്പുറം ശൂന്യമായിരുന്നു മനസ്സ് ,സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ ദിശ തെറ്റുന്ന ജീവിതത്തിനു ഉത്തമ ഉദാഹരണമായി ഈ ജീവ ചരിത്രം നീലിച്ചു നില്‍ക്കുന്നു .വേറിട്ട ഒരു വായന സമ്മാനിച്ച നീറുന്ന പുസ്തകം .

കാലം തെറ്റി പൂത്ത ഗുല്‍മോഹറുകള്‍



 റോസ് ലി ചേച്ചിയുടെ  പതിനാറു കഥകള്‍ അടങ്ങിയ ചെറുകഥാ സമാഹാരം .പ്രണയം ,പ്രണയ ഭംഗം ,ദാമ്പത്യം ,ജീവിത സാഹചര്യങ്ങള്‍ എന്നിവ വായനയില്‍ സ്ഥിരം വഴികള്‍ ആണെങ്കിലും ഭാരതത്തിലെ വ്യത്യസ്ഥ സംസ്ക്കാരങ്ങളും ജീവിത പരിസരങ്ങളും കോര്‍ത്തിണക്കി അവതരിപ്പിച്ചപ്പോള്‍ കഥകള്‍ക്ക് മാറ്റ് കൂടി എന്ന് കരുതാം .താജ്മഹല്‍ , മെഹക്,കിളികളുടെ ഭാഷ ,കൈതപ്പൂവിനുമുണ്ട് കഥ പറയാന്‍ ,ഊര്‍മ്മിള എന്നീ കഥകള്‍ മാത്രം സ്വീകരിക്കുന്നു എന്നത് വായനക്കാരന്റെ സ്വാതന്ത്രമായി കാണുക .പല ചെറുകഥാ സമാഹരണങ്ങളിലും ഒരു വിഷയത്തിന്റെ തന്നെ വക ഭേദങ്ങള്‍ ആയി പല കഥകളും വായിക്കേണ്ടി വരാറുണ്ടെങ്കിലും ഇതിലെ പതിനാറു കഥകളും വ്യത്യസ്ഥ ആശയവും ,സാഹചര്യങ്ങളും കൊണ്ട് സമ്പന്നമായത് ജീവിതത്തിലെ കഥാകാരിയുടെ ഭാരത പര്യടനം കൊണ്ട് തന്നെ എന്നത് വായനക്കാരന് വിശ്വസിക്കേണ്ടി വരും . ഊര്‍മ്മിള എന്നാ അവസാന കഥ വേറിട്ട്‌ നില്‍ക്കുമ്പോള്‍ താജ്മഹല്‍ വെട്ടി ചുരുക്കി ചെറുതാക്കിയതിനു പകരം .ഒരു നോവലാക്കി മാറ്റാമായിരുന്നു എന്ന് തോന്നി . കൂടുതല്‍ സന്തോഷമോ കൂടുതല്‍ നിരാശയോ ഇല്ലാതെ വായന നിര്‍ത്തുന്നു .റോസ് ലി ചേച്ചി ആശംസകള്‍

ഇന്ദുലേഖ



ഏകദേശം 126 വര്‍ഷങ്ങള്‍ക്കു മുമ്പ് ,അക്കാലത്തെ സാമൂഹ്യ വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇങ്ങനെ ഒരു കൃതി ഉണ്ടായി എന്നത് തന്നെയാണ് ചന്തുമേനോന്റെ ഇന്ദുലേഖയെ ഇന്നും വ്യത്യസ്ഥമാക്കുന്നത് .ഈശ്വര നിരീശ്വര വാദവും ,ബ്രട്ടീഷ് ഭരണവും എന്നീ സംവാദങ്ങള്‍ ആ കാലഘട്ടത്തിലെ ആചാരങ്ങളും രീതി സമ്പ്രദായങ്ങളെയും കുറിച്ച് വിശദമായ സൂചന നല്‍കുന്നുണ്ടെങ്കിലും വായനയ്ക്കിടയില്‍ അരോചകമായി തീര്‍ന്നു എന്ന് കരുതാനേ വകയോള്ളൂ .സ്ത്രീ ശാക്തീകരണത്തിലും,സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ആധുനിക വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവിശ്യകത നോവലില്‍ വ്യക്തമായി ബോധ്യപ്പെടുത്തുന്നു .മുമ്പ് എന്നോ വായനയില്‍ വന്നതെങ്കിലും വ്യക്തമായ ധാരണ തന്നത് ഈ വായനയാണ് .മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത വിഖ്യാത നോവല്‍ തലമുറകള്‍ക്കപ്പുറവും ആസ്വദിച്ചു വായിക്കമെന്നതിനാല്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഗണത്തില്‍പ്പെടുത്തുന്നു

മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം



സ്ത്രീ കഥാപാത്രങ്ങളുടെ വിരഹവും , നൊമ്പരങ്ങളും ,ജീവിതവും കോർത്തിണക്കിയ ചെറുകഥാ സമാഹാരം , എഴുതി തെളിഞ്ഞ തൂലിക ,ലളിത സുന്ദര ശൈലി ,ജീവനുള്ള കഥാപാത്രങ്ങൾ .. എല്ലാം വിജയം തന്നെ .സ്ത്രീ കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി പോയോഎന്നൊരു സംശയം ബാക്കി നിർത്തുന്നു .കിളിനോച്ചിയിലെ ശലഭങ്ങൾ ,കാഴ്ച , ബ്രഹ്മഗിരിയിൽ മഞ്ഞുപെയ്യുന്നു ,മകൾ ,മൃണാളിനിയുടെ കഥ താരയുടെയും ,നിന്റെ ഓർമ്മകൾ എന്നീ കഥകൾ എന്നിവ മനസ്സിൽ പതിഞ്ഞു .ഇന്ദുവും ,ചാരുലതയും ,ലൂസിയും ,താരയുമെല്ലം ശക്തമായ കഥാപാത്രങ്ങളായി അവതരിക്കുമ്പോൾ മനു പ്രവാസത്തിന്റെ നൊമ്പരങ്ങൾ ബാക്കി നിർത്തുന്നു ,അവിടെയും പ്രതീക്ഷകൾ വായനയ്ക്ക് വല്ലാത്തെ സൌന്ദര്യം നൽകുന്നുണ്ട് .ഓരോ കഥകൾ ഓരോ അനുഭവങ്ങളായി വായനക്കാരനിൽ പുനർജ്ജനിക്കുമ്പോൾ വിജയിക്കുന്നത് ഗ്രന്ഥകാരി തന്നെ .മുൻവിധികൾ ഇല്ലാതെ തിരഞ്ഞെടുത്ത ഈ പുസ്തകം ഒരിക്കലും നിരാശപ്പെടുത്തിയില്ല .ഇവരിൽ നിന്നും ഇനിയും കൂടുതൽ പ്രതീക്ഷിക്കാം ... ആശംസകൾ ...ആശംസകൾ ...ആശംസകൾ ...

THE OLD MAN AND SEA



ഒരു മഹത്തായ ഗ്രന്ഥം എന്ന് വിലയിരുത്തുന്നില്ല ,എങ്കിലും ഒറ്റയാള്‍ കഥാപാത്രമുള്ള നോവലുകള്‍ എന്റെ വായനയില്‍ ഇതാദ്യം . ജീവിതത്തെപറ്റി,പ്രത്യാശയെപറ്റി,പരാജയത്തെപറ്റി എല്ലാം വിലയിരുത്തലാണ് ഈ പുസ്തകം .നോവല്‍ വായിക്കുന്നതിനു മുമ്പ് ഹെമിംഗ്‌വേയുടെ കുത്തഴിഞ്ഞ ജീവിത രീതികളും ,വികാരവിചാരങ്ങളും ,ആത്മഹത്യയുമെല്ലാം അറിഞ്ഞാല്‍ വായനയെ വേറെ തലത്തിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കും .ഒരു വൃദ്ധനായ മനുഷ്യന്‍ ഒറ്റയ്ക്ക് കടലില്‍ പോയി മീന്‍ പിടിച്ചു തിരിച്ചു വരുന്നു എന്ന ചെറിയ വിഷയം ഒരു നോവലായി അവതരിപ്പിക്കുമ്പോള്‍ വായനയ്ക്കൊപ്പം സഞ്ചരിക്കാന്‍ സസ്പെന്‍സുകളോ,കഥാപാത്രങ്ങളോ,ആകാംഷകളോ കൂട്ടിനുണ്ടാകില്ല .ഇതൊരു ജീവിതത്തിന്റെ പകര്‍ത്തെഴുത്താണ് ,സ്വന്തം വികാരങ്ങള്‍ വരികളില്‍ പകര്‍ത്തി ആത്മഹത്യ ചെയ്തു പോയ ഒരു മനുഷ്യന്റെ വികാരങ്ങളുടെ സുന്ദരമായ ആവിഷ്കാരം .ഒന്നുമില്ല എന്ന് തോന്നിയെങ്കിലും എന്തൊക്കെയോ വിളിച്ചോതുന്ന തുറന്ന പുസ്തകം ..

THE DA VINCI CODE



ഒരു മ്യൂസിയത്തില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ തുടങ്ങുമ്പോള്‍ വായന സഞ്ചരിക്കുന്നത് യേശുവിന്റെ ചരിത്രത്തിന്റെയും അതിനെക്കാള്‍ നിഗൂഡമായ പഴമയുടെ രഹസ്യങ്ങളിലേക്കുമാണ് .ഐന്‍ജ്ജല്‍സ് ആന്റ് ഡെമണ്‍‌സ് എന്ന നോവലുമായി താരതമ്യം ചെയ്‌താല്‍ ഡാവിഞ്ചി കോഡ് ഒരിക്കലും ഡാന്‍ ബ്രൌണിന്റെ മാസ്റ്റര്‍ പീസ്‌ എന്ന് വിലയിരുത്താന്‍ കഴിയാതെ വരും , സസ്പെന്‍സ് എത്രത്തോളം വായനയെ സ്വാദീനിക്കും എന്നതിന് ഉത്തമ ഉദാഹരമായി വേണമെങ്കില്‍ ഈ നോവലിനെ വിലയിരുത്താം , വിവാദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഡാന്‍ ബ്രൌണ്‍ന്റെ ഭാഷയ്ക്ക്‌ മുന്നില്‍ ആകാംഷ നിര്‍ഭരമായി വായിച്ചു തീര്‍ക്കാവുന്ന ഒരു ഉഗ്രന്‍ പുസ്തകം .

സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍



സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍ , സാജിദ അബ്ദുറഹിമാന്റെ ഹൃദ്യമായ ഓസ്ട്രലിയന്‍ യാത്രാവിവരണം .ഓരോ കഴ്ച്ചകള്‍ക്കും അനുഭവങ്ങള്‍ക്കൊപ്പവും അവയുടെ ചരിത്ര പ്രാധാന്യവും ,വിശേഷണങ്ങളും ,ജീവിത രീതിയുമെല്ലാം വിശദമായി വിവരിക്കുമ്പോള്‍ യാത്രാവിവരണം എന്നാ ലേബലിനോട്‌ നീതി പുലര്‍ത്താന്‍ ഗ്രന്ഥക്കാരിക്കായി എന്ന് വിശ്വസിക്കുന്നു .ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളും ,അതിലെ വ്യക്തതയില്ലായ്മയും ശരിക്കും വായനയ്ക്ക് അരോചകമായി തോന്നി എന്നത് വിഷമത്തോടെ എടുത്തു പറയുന്നു .വശ്യതയാര്‍ന്ന ഭാഷ തന്നെയാണ് വായനയെ സാങ്കല്‍പ്പിക ലോകത്തിലേക്ക്‌ നയിക്കുന്നതും ,നവ്യമായ യാത്രാനുഭൂതി സമ്മാനിക്കുന്നതും,കൂടാതെ അബോര്‍ജിനലുകളെ കുറിച്ചുള്ള വിവരണവും അഭിനന്ദനാര്‍ഹം .'ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്നാ അദ്ധ്യായം എനിക്ക് ഏറെ ഹൃദയമായി തോന്നി . സന്തോഷത്തോടെ സ്വീകരിക്കുന്നു , എല്ലാവിദ ഭാവുകങ്ങളും

THE SECRET OF NAGAS



വായനയുടെ സങ്കല്‍പ്പിക ലോകത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തി വീണ്ടും അമീഷിന്റെ ശിവപുരാണ ശ്രേണിയിലെ രണ്ടാമത്തെ പുസ്തകം നാഗന്മാരുടെ രഹസ്യം .തീര്‍ച്ചയായും മുഴുവന്‍ സസ്പെന്‍സും അടുത്ത ബുക്കിലേക്കും കൂടി ബാക്കി നിര്‍ത്തിയാണ് വായന അവസാനിപ്പിക്കുന്നത് .ശിവ ഭഗവാന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സംസ്കൃതിയുടെ കാല്‍പനികമായ വിവരണമാണ് പുസ്തകത്തിന്റെ ഇതിവൃത്തം .ഭാരതീയ പുരാണങ്ങളിലേക്ക് , അതിലെ കഥാപാത്രങ്ങളിലെ മാനുഷിക മൂല്യങ്ങളുടെ തൃവ്രതയിലേക്ക് , നിഗൂഡമായ യാത്ര വിവരങ്ങളിലേക്കു , നന്മ തിന്മകളുടെ വ്യതിയാനങ്ങളിലേക്ക് എല്ലാം വായന കടന്നു ചെല്ലുന്നുണ്ട് . ഇനി വായു പുത്രന്മാരുടെ ശപഥവും കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ വായന പൂര്‍ത്തിയാക്കാമെന്ന് വിശ്വസിക്കുന്നു .
ഭക്തിയും , ഭയവും ,ആകാംഷയും എല്ലാം കൂടി കൂടികലര്‍ന്ന വായന , നിരാശയ്ക്ക് വകയില്ലാത്ത വിധം ആവേശത്തോടെ വായന പൂര്‍ത്തിയാക്കാം

THE IMMORTALS OF MELUHA


തിബറ്റിന്റെ താഴ് വാരങ്ങളില്‍ നിന്ന് മെലൂഹയുടെ സംസ്ക്കാരവിശേഷത്തിലേക്ക് കുടിയേറുന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ തന്റെ കർമ്മ കാണ്ഡത്തിലൂടെ മഹാദേവനാകുന്ന കഥയാണിത്‌. കുട്ടി കാലത്ത് കേട്ട് ശീലിച്ച ശിവപുരാണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി ദൈവീക പരിവേഷങ്ങള്‍ ഇല്ലാതെ ശിവ ഭഗവാനെ അവതരിപ്പിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ പഴയകഥകളും വായനയും തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍ ചെറിയ ഒരു താമസം നേരിട്ട് എന്നത് തിരിച്ചറിയുന്നു . ദക്ഷന്‍ , സതി , നന്തി എന്നീ കഥാപാത്രങ്ങള്‍ക്ക് ഇങ്ങനെയും ജീവിതം ഉണ്ടായിരുന്നു എന്നത് എവിടെയും മുമ്പ് വായിച്ചതായി ഓര്‍ക്കുന്നില്ല ,ഒരു പച്ചയായ മനുഷ്യ രൂപത്തിൽ ശിവ ഭാഗവാന്റെ ജീവിതത്തിലൂടെ വായന മുന്നേറുമ്പോള്‍ ഒരു കഥാപാത്രങ്ങള്‍ക്കും പുതിയ ഭാവങ്ങള്‍ , പുതിയ രൂപങ്ങള്‍ .... കൂടാതെ ശിവ ഭഗവാനെ ശ്രീരാമാദേവനുനുമായി താരതമ്യം ചെയ്യുമ്പോള്‍ വായനയെയാണോ പുരാണങ്ങളെയാണോ വേറെ വീക്ഷണകോണില്‍ കാണേണ്ടത് എന്ന സംശയം ബാക്കി നില്‍ക്കുന്നു .ഈ പരമ്പരയിലെ നാഗന്‍മാരുടെ രഹസ്യവും , വായുപുത്രന്മാരുടെ പ്രതിജ്ഞയും കൂട്ടി വായിക്കുമ്പോള്‍ മാത്രമേ വായന പൂര്‍ണ്ണമാകൂ എന്ന് വിശ്വസിക്കുന്നു ..

ഫ്രാന്‍സിസ് ഇട്ടിക്കോര


സാധാരണയായി കാണാറുള്ള ഒരു ചട്ടക്കൂടില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഇതിലെ അവതരണം ,ലൈഗികതയുടെ അതിപ്രസരവും , ഗണിത ശാസ്ത്രവും ,ചരിത്രവും ,യാത്രകളും , ഹൈപ്പേഷ്യന്‍ സ്കൂളിനും ,മിത്തുകളും എല്ലാം ഒന്നിനൊന്നു മേന്മയോടെ കൂട്ടി വായിക്കപ്പെടുമ്പോള്‍ പുതിയൊരു വായനാനുഭവം തന്നെയാണ് വായനക്കാരനെ കാത്തിരിക്കുന്നത് .ഇടയ്ക്കിടയ്ക്ക് നോവലില്‍ വന്നു ചേരുന്ന ഈമെയിലില്‍ കൂടെ ചരിത്രത്തിന്റെ ആകാംഷകള്‍ വായനക്കാരനില്‍ ഉളവാകാന്‍ കഥാകൃത്തിനു കഴിഞ്ഞു എന്നത് ശ്രദ്ധേയം , ചരിത്രവും നോവലും കൂടികുഴയുമ്പോള്‍ പലപ്പോളും വിക്കിപീഡിയ വഴി തിരഞ്ഞു പിടിച്ചു കൊണ്ട് തന്നെയാണ് എന്റെയും വായന കടന്നു പോയത് , ഹൈപ്പേഷ്യയുടെ ഒരു പുതിയ അറിവായിരുന്നു അതുവഴി ഗണിത ശാസ്ത്രത്തിന്റെ പഴമയിലൂടെ നെറ്റില്‍ പരതി കുറച്ചു സമയം അങ്ങനെയും ചിലവഴിക്കേണ്ടി വന്നു .ഗണിത ശാസ്ത്രത്തിലെ ചഡാംശുചന്ദ്രാധമകുംഭിപാലയും,പൈയും ,ഗോള്‍ഡന്‍ തിയറിയുമെല്ലാം വിവരിച്ചു എഴുതുമ്പോള്‍ പലതും മനസ്സിലാവാതെ നിന്നത് കൊണ്ടും അത് എന്റെ മാത്രം ഗണിത ശാസ്ത്രത്തിലെ വിജ്ഞാനത്തിന്റെ പോരായ്മയായത്‌ കൊണ്ടും കണക്കിന്റെ അതിപ്രസരം വായനക്ക് മങ്ങലേല്‍പ്പിച്ചു എന്ന അഭിപ്രായമില്ല .അകെ കുഴഞ്ഞു മറിഞ്ഞ ആഷാമേനോന്റെ പഠനമാണ് ആദ്യം വായിച്ചത് ,അത് വായിച്ചപ്പോള്‍ നോവല്‍ എന്നതിനപ്പുറം ഒരു വിഞ്ജാനപുസ്തകമാണ് എന്ന് വരെ തോന്നുകയുണ്ടായി ,ഈ മിത്തും ചരിത്രവും എല്ലാം അദ്ധേഹത്തിന്റെ സുഗന്ധി എന്നാ ആണ്ടാള്‍ ദേവനായകിയും ഉപയോഗിച്ചിരിക്കുന്നു എങ്കിലും ആവര്‍ത്തന വിരസതക്ക് യാതൊരു സാധ്യതയുമില്ലാതെ വായന മുന്നോട്ടുകൊണ്ട് പോകാം എന്നത് വായനയുടെ വിജയത്തില്‍ ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.ഇനി ആല്‍ഫയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഇതേ ചരിത്രവും മിത്തുകളും കണ്ടുമുട്ടേണ്ടി വരുമോ ആവോ ?ഈയിടെ വായിച്ച പുസ്തകങ്ങളില്‍ നിന്നും ഇഷ്ട്ടമായ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അതില്‍ ഒന്ന് തീര്‍ച്ചയായും ഫ്രാന്‍സിസ് ഇട്ടിക്കോര തന്നെയായിരിക്കും .പലരും വായനക്കായി മുമ്പേ നിര്‍ദേശിച്ച ഈ വായന ഇത്ര വൈകിച്ചതില്‍ ഖേദിക്കുന്നു .

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി



വിപ്ലവത്തിന്റെയും ,ജനാധിപത്യത്തിന്റെയും ,സമാധാനത്തിന്റെയും വികസനത്തിന്റെയുമെല്ലാം കുപ്പായമിട്ട് വരുന്ന ഫാസിസത്തിന്റെ മുന്നില്‍ നിസ്സാഹായരായി പ്പോയ ഒരു ജനതയുടെ കഥ ,ചരിത്രത്തിന്റെയും, മിത്തിന്റെയും ഭാവനയുടെയും അനവദ്യ സുന്ദരമായ ഇഴചേരലില്‍ രൂപപ്പെട്ട കൃതി .മലയാളികള്‍ക്ക് ഏറെ സമീപ സ്ഥലമായ ശ്രീലങ്കയിലെ വളരെ ക്രൂരമായ വംശഹത്യയുടെയും ,ആഭ്യന്തര സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ രചിച്ചിരിക്കുന്ന ,പോരാട്ടങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന സാധാരണക്കാരന്റെ വേദനയെ ചിത്രീകരിക്കുന്ന ടി .ഡി .രാമകൃഷ്ണന്റെ പുതിയ നോവല്‍ . സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ പോരാടിയ ഡോ .രജനി തിരണഗാമയെ പറ്റിയുള്ള ഒരു സിനിമാ നിര്‍മ്മാണം തുടങ്ങുന്നിടത്ത് നിന്ന് നോവല്‍ ആരംഭിക്കുന്നു.അതിനെ കാന്തള്ളൂര്‍ ശാലയിലെ ദൈവീക പരിവേഷമുള്ള ദേവനായകിയുമായി കൂടി കലര്‍ത്തി സുഗന്ധി എന്നാ ആണ്ടാള്‍ ദേവനായകിയുമായി കഥ മുന്നേറുമ്പോള്‍ ചരിത്രത്തിന്റെയും മിത്തുകളുടെയും അകമ്പടിയിടോടെ വായന പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു ,എന്നെ പോലെയുള്ള വായനക്കരന്റെ എല്ലാ ബലഹീനതകളും ഉപയോഗപ്പെടുത്താന്‍ കഥാ കൃത്തിനു കഴിഞ്ഞു എന്ന് നിസംശയം പറയാം. ബെന്യാമിന്റെ അല്‍ അറേബിയന്‍ നോവല്‍ ഫാക്ടറിയും ,മുല്ലപ്പൂ നിറമുള്ള പകലുകളും ഈ നോവലുമായി എവിടെക്കെയോ വായനയില്‍ കൂട്ടി മുട്ടുന്നുണ്ട് .പുതിയ ലോകവും പഴയ ജീവിതവും വളരെ ചിട്ടയോടു കൂടി തന്നെ തുന്നി ചേര്‍ത്തിരിക്കുന്നു . ഒരിക്കലും നിരാശനായി വായിച്ചു നിര്‍ത്തേണ്ടി വരില്ല എന്നാ ഉറപ്പോടെ അവസാന ഫേസ് ബുക്ക്‌ സ്റ്റാറ്റസോടുകൂടി നിര്‍ത്തുന്നു .

"ഭൂരിപക്ഷമാളുകളും മത ഭ്രാന്തന്മാരോ ,ഭീരുക്കളോ സ്വാര്‍ത്ഥന്മാരോ ആയൊരു സമൂഹത്തില്‍ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്നവര്‍ വിഡ്ഢികളായിരിക്കാം. പക്ഷേ ഞങ്ങള്‍ക്ക് ആ സ്വപ്നത്തിനു വേണ്ടി ജീവന്‍ ബലി കഴിക്കാതിരിക്കാനാവില്ല .സ്വാതന്ത്രത്തെക്കാള്‍ വലുതായി ഞങ്ങള്‍ക്കൊന്നുമില്ല .ഏകാധിപതിയുടെ കൈകളില്‍ നിന്ന് അധികാരം പിടിച്ചടക്കാനായി കൊളുംബ് നഗരത്തിലേക്ക് ജനങ്ങളിരബി വരുന്നൊരു ദിവസം ഞങ്ങള്‍ ഇപ്പോളും സ്വപ്നം കാണുന്നുണ്ട് .അതിനു വേണ്ടിയുള്ള നിരന്തരമായ പോരാട്ടത്തിനു ഞങ്ങളുടെ ജീവത്യാഗം പ്രചോദനമാകുമെന്ന പ്രതീക്ഷയോടെ .... എല്ലാ സുഹൃത്തുക്കള്‍ക്കും ഗുഡ് ബൈ .... "

ഭ്രാന്ത് ചില നിറമാണ രഹസ്യങ്ങള്‍


പി. ജെ. ജെ ആന്റണിയുടെ ഒന്‍പതു ചെറുകഥകള്‍ അടങ്ങിയ പുസ്തകം .വിരസം എന്ന് ഒറ്റവാക്കില്‍ വിലയിരുത്തുമ്പോള്‍ ലാഹോര്‍ 1928,ഭ്രാന്ത്‌ ചില നിര്‍മാണ രഹസ്യങ്ങള്‍ എന്നിവ വിസ്മരിക്കുന്നില്ല ,ലാഹോര്‍ 1928 ,കാല ദംശനം എന്നിവ ചരിത്രത്തിന്റെ ചോരപ്പാടുകള്‍ ഉള്ളത് കൊണ്ട് മാത്രം സ്വീകരിക്കേണ്ടി വന്നു എന്ന് പറയേണ്ടി വരും .ഒരു പ്രാവിശ്യം വായിച്ചു അവസാനിപ്പിക്കാം .

സ്കൂള്‍ ഡയറി


പഴയ ഫലിതങ്ങളും പുതിയ വിദ്യാലയാന്തരീക്ഷത്തിന്റെ സൃഷ്ടികളായ തകര്‍പ്പന്‍ നേരമ്പോക്കുകളും കലര്‍ന്ന് സമ്പുഷ്ടമാണ് അക്‍ബറിന്റെ ശൈലി . അശ്ലീലമെന്ന് പെട്ടെന്ന് തോന്നിക്കുന്ന യാഥാര്‍ഥ്യങ്ങളെ മറവില്ലാതെ ലേഖകന്‍ അവതരിപ്പിക്കുന്നു . വല്ലപ്പോഴും അശ്ലീലവും അതിശയോക്തിയും മര്യാദയുടെ സീമ വിടുന്നുണ്ടോ എന്ന് സംശയം തോന്നുമെങ്കിലും സാമാന്യമായ ഔചിത്യം ഉടനീളം ദീക്ഷിച്ചിട്ടുണ്ടെന്ന് സമ്മതിക്കണം. ഒരു സംശയം ഇപ്പോളും നമ്മുടെ സ്കൂള്‍ എല്ലാം ഇങ്ങനെ തന്നെ ആണോ ? എന്തായായും അദ്ധ്യാപകന്‍ ഏതൊക്കെ സഹിക്കണം, എന്നിരുന്നാലും ഈ ഭൂമിയില്‍ ഏറ്റവും ഉന്നതമായ ജോലി ഏതാ എന്ന് എന്നോട് ചോദിച്ചാല്‍ എന്റെ ഉത്തരം അധ്യാപകന്‍ എന്നവാവും .

ചുരം കയറുകയാണ് ഇറങ്ങുകയാണ്


ആദ്യമായിട്ടാണ് വായന അര്‍ഷാദ് ബത്തേരിയില്‍ എത്തുന്നത്‌ .തികച്ചു ലളിതമായി അവതരിപ്പിച്ച ഓര്‍മ്മക്കുറിപ്പുകള്‍ ,എല്ലാം മനസ്സിനെ സ്വാദീനിച്ചില്ല എങ്കിലും പെണ്ണേ നീ എനിക്കെന്ത് ,മഴ നനഞ്ഞ നോമ്പ് , പനി പിടിച്ച നിലവിളികള്‍ ,ആ കടം തീര്‍ക്കാന്‍ ഇനി എത്ര കാലം കഴിയണം എന്നിവ ഹൃദയസ്പര്‍ശിയായി .പൊതുവേ ഓര്‍മ്മക്കുറിപ്പുകള്‍ ലേഖനങ്ങള്‍ ,ചെറുകഥകള്‍ എന്നിവ വായനയ്ക്ക് തിരഞ്ഞെടുക്കാത്ത പ്രകൃതമാണ് എനിക്കുള്ളത് .എന്റെ വായനയ്ക്ക് എന്നും ഇഷ്ട്ടം വലിയ പുസ്തകങ്ങളോടാണ് .ഒരു ദിവസം കൊണ്ട് വായിച്ചു തീരില്ല എന്നത് കൊണ്ടും ,കഥാപാത്രങ്ങളുമായി കൂടുതല്‍ സമയം സഞ്ചരിക്കാം എന്നത് കൊണ്ടും ബാക്കി വായിക്കാനുള്ള ആകാംഷ ഭരിതമായ കാത്തിരിപ്പും ആവാം എന്നെ അതിനു പ്രേരിപ്പിക്കുന്നത് .ഇതിനിടയില്‍ വിപരീതമായി പല വായനകളും വന്നു മനസ്സ് കീഴടക്കി പോയെങ്കിലും വീണ്ടും വീണ്ടും അങ്ങന തന്നെ ആവാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ .ഒരു മാറ്റം അനിവാര്യമായി തോന്നുന്നത് കൊണ്ടും സൌഹൃദങ്ങളുടെ സ്നേഹപ്പൂര്‍വ്വമായ ശാസനകളും സ്വീകരിച്ചു എന്റെ വായന ഇവിടെ നിന്ന് പലവഴികളായി പിരിയുകയാണ് .അതില്‍ ആദ്യത്തെ വഴി ചെന്നെത്തിയത് അര്‍ഷദ് ബത്തേരിയിലും .ഈ ഓര്‍മ്മകുറിപ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇതില്‍ ജീവനുള്ള വികാരങ്ങളുണ്ട് ,ജീവനുള്ള ബാല്യകാലമുണ്ട്, വിരഹമുണ്ട് ,നൊമ്പരങ്ങളുണ്ട് എല്ലാത്തിനും മുകളില്‍ അതിനുള്ളിലെ നിറവും നിറവ്യതാസങ്ങളും താരതമ്യപെടുത്തുമ്പോള്‍ പുസ്തകത്തിന്റെ ശീര്‍ഷകവും ,വായനയും ,ജീവിതവും ഒരു ബിന്ദുവില്‍ സന്ധിച്ചു കടന്നു പോകുന്നു.നിരാശപ്പെടുത്താതെ വായനയെ മാധവിക്കുട്ടിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഞാന്‍ "നക്ഷത്രങ്ങളില്ലാത്ത കറുത്ത ആകാശം കണ്ടു അസ്വസ്ഥനായി "

വാടകയ്ക്ക് ഒരു ഹൃദയം



മനസ്സിന്റെ ശ്യൂന്യമായ ജലാശയത്തില്‍ പലകുറി മുങ്ങിയപ്പോഴും മുത്തുകള്‍ക്കു പകരം കദനത്തിന്റെ കനല്‍ കല്ലുകള്‍ മാത്രം കിട്ടിയ മനുഷ്യാത്മാക്കളുടെ സങ്കീര്‍ത്തനമാണ് ഈ നോവല്‍ .പൌര്‍ണമി വീണു കിടക്കുന്ന പാരിജാതമലരിന്റെ വ്രതശുദ്ധി അനുഭവിക്കുന്ന ഭാഷയില്‍ എഴുതപ്പെട്ട മനുഷ്യകഥ .യഥാര്‍ത്ഥ മാനവികതയിലേക്ക് വളരാന്‍ വെമ്പുന്ന മനുഷ്യരുടെ ഹൃദയ നൊമ്പരങ്ങളുടെ പുസ്തകം. വീണ്ടും ഒരിക്കല്‍ കൂടി പത്മരാജന്‍ മാജിക്

MANUSCRIPT FOUND IN ACCRA



ക്രിസ്തു വചനങ്ങള്‍ എന്നറിയപ്പെടുന്ന ഒരു ലിഖിതം ഈജിപ്തത്തിലെ ഒരു ഗുഹയില്‍ നിന്നും രണ്ടു സഹോദരങ്ങള്‍ കണ്ടെടുക്കുന്നതും , ആ സന്ദേശങ്ങള്‍ ബൂക്കിലൂടെ പകര്‍ത്തി എഴുതുകയുമാണ് വിഖ്യാതനായ പൌലോ കൊയ്‌ലോ ഈ കൃതിയിലൂടെ നിര്‍വഹിച്ചിരിക്കുന്നത് , ഇതില്‍ തോല്‍വി ,ഭയം ,ആത്മാവ് ,സ്നേഹം ,സത്യം , സെക്സ് ,കുടുംബം , ഭാഗ്യം ,ആകാംഷ എനിങ്ങനെയുള്ള എല്ലാത്തിനും വ്യക്തമായ നിര്‍വചനം നല്കി വായനയെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം .ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒന്ന് . പൌലോ കൊയ് ലോയേ വായിക്കുമ്പോള്‍ പ്രതേകിച്ചും ജീവിതത്തിലേക്ക് പ്രചോദനം നല്‍കുന്ന ഒരു പാട് കാര്യങ്ങള്‍ അതില്‍ വായിച്ചെടുക്കാന്‍ ആവും എന്നതാണ് , അതിനു ഉദാഹരമായി ഇത് വരെ അല്‍ക്കമിസ്റ്റ് ,സഹീര്‍ , ബ്രിഡ , എന്നിവയായിരുന്നു ഞാന്‍ തെളിവായി സൂക്ഷിച്ചിരുന്നത് ആ ശ്രേണിയിലേക്ക് ഇപ്പൊ കൂടുതല്‍ പ്രചോദനമായി ഇതും .അത് കൊണ്ട് തന്നെ ആവും ലോകത്തിലെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ എന്ന പദവിയിലേക്ക് അദ്ദേഹത്തെ നയിച്ചതും .ഇത് വായിച്ചു തീര്‍ക്കേണ്ട ഒന്നല്ല മറിച്ചു മനസ്സില്‍ സൂക്ഷിക്കേണ്ട ഒന്നാണ് എന്ന തിരിച്ചറിവോടെ വായന വീണ്ടും തുടങ്ങുന്നു .

ബ്ലഡി മേരി



മൂന്ന് ദൈര്‍ഘ്യമുള്ള കഥകളുടെ ചുരുക്കെഴുത്ത് എന്ന് അവകാശപ്പെടുന്നു .മനുഷ്യന് ഒരു ആമുഖത്തിന്റെ വായനയ്ക്ക് ശേഷം സുഭാഷ് ചന്ദ്രന്റെ നിലവാരം ഉയര്‍ത്തിയതാണോ ബ്ലെഡി മേരിയും പറുദീസാ നഷ്ട്ടവും വിരസമായി തോന്നിയത് എന്ന് സംശയിക്കുന്നു .വല്യ ആവേശത്തോടെ വായിക്കാന്‍ തുടങ്ങിയത് ശ്യൂന്യമായി അവസാനിപ്പികേണ്ടി വന്നു .മൂന്ന് കഥകളില്‍ ബ്ലെഡി മേരിക്ക് ഒരു മാര്‍ക്ക് കൂടുതല്‍ കൊടുത്ത് അവസാനിപ്പിക്കാം

TOTTO-CHAN



ടോട്ടോച്ചാന്‍ ,തെത് സുകോ കുറോയാനഗി യുടെ വിഖ്യാതമായ നോവല്‍ ,ജപ്പാനിലെ പുസ്തക പ്രസാധന ചരിത്രത്തില്‍ റെക്കോര്‍ഡ്‌ ,ഒരു സ്ത്രീ ഗ്രന്ഥ രചനനിര്‍വഹിച്ചു ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ നോവല്‍ ,നോവലിന്റെ പ്രാധാന്യത്തെ കുറിച്ച് വരെ പുസ്തകമിറങ്ങിയ നോവല്‍ , തെത് -സുകോ യെ unicef ന്റെ അംബാസിഡറായി തിരെഞ്ഞെടുത്ത നോവല്‍, അങ്ങനെ അങ്ങനെ കുറേ വിശേഷങ്ങള്‍ കൊണ്ട് പ്രശസ്തിയാര്‍ജിച്ച കൃതി ,ഒരു പക്ഷേ എല്ലാ അധ്യാപകരും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വായിച്ചിരിക്കേണ്ടതായ കൃതി എന്ന് എന്റെ ചെറിയ വായനയില്‍ തോന്നുന്നു ,പലപ്പോളും സ്വന്തം ബാല്യകാലത്തിലെ പ്രാഥമിക വിദ്യാഭ്യാസവും ,സ്കൂളും താരതമ്യം ചെയ്യാന്‍ കഴിയാതെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാനും , മനസ്സിന്റെ ഉള്ളില്‍ ഓരോ ടോട്ടോച്ചാമാര്‍ തന്നെ ആയിരുന്നു നാം എല്ലാവരും ,നമ്മെയെല്ലാം ഈ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ അധ്യാപര്‍ക്കുള്ള മഹത്തരമായ പങ്ക് മറച്ചു വെക്കാതെ തന്നെ റ്റോമോയും കൊബായാഷി മാഷെപ്പോലെയുള്ള ഒരു അധ്യാപകനും ബാല്യത്തില്‍ ഉണ്ടായിരുന്നെകില്‍ എന്ന് അറിയാതെ ആശിച്ചു പോകുന്നു .തെത് സുകോയുടെ സ്വന്തം ബാല്യം തന്നെ അതീവ സുന്ദരമായി പകര്‍ത്തിയെഴുതി മനസ്സില്‍ ഇടപിടിച്ചു,ബാല്യത്തിന്റെ ഹാങ്ങ്‌ ഓവര്‍ അവസാനിക്കാതെ ടോട്ടോച്ചാന്‍ വായനയും അവസാനിക്കുന്നു .

HALF GIRLFRIEND



ഒരിക്കലും വായന നിരാശപ്പെടുത്തിയില്ല, വായിച്ചു തീരുമ്പോള്‍ എന്നോ കേട്ട് മറന്ന പോലെ തോന്നി, വായനയുടെ മദ്ധ്യത്തില്‍ ഹൃദയ സ്പര്‍ശിയായ കത്തും , ഒരു നല്ല പ്രസംഗവും ലഭിച്ചു എന്നത് വ്യക്തതയോടെ തിരിച്ചറിയുന്നു , ഇതൊരു പ്രണയ കഥ, മാധവ് ജയും പ്രണയിനി റിയ സോമാനിയുടെയും വിചിത്രമായ പ്രണയവും ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും കോര്‍ത്തിണക്കിയ വായന , വെളിപ്പെടുത്തലുകള്‍ അടുത്ത വായനയെ നിരാശപ്പെടുത്തും എന്നത് ഇവിടെ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു ,കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാതെ ,നഷ്ട്ടങ്ങള്‍ ഇല്ലാതെ വായിച്ചു തീര്‍ക്കാം, വളരെ സൗമ്യമായ ഭാഷ കൊണ്ട് അനുഗ്രഹീതം .സ്വപ്നത്തെ സാക്ഷാല്‍കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രചോദനമായി ,പുതുമ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാ നിരാശയോടു കൂടി നോവല്‍ അവസാനിക്കുന്നു ....

ആനയുടെ സവാരി



പോര്‍ച്ചുഗീസ് രാജാവ് ഡോം ജോ മൂന്നാമന്‍ ആര്‍ച് ഡ്യുക്ക് മക്സ്മിലന് അസാധാരണമായ ഒരു വിവാഹ സമ്മാനമാണ് നല്‍കാന്‍ തീരുമാനിച്ചത് 'സോളമന്‍ ' എന്നാ ഇന്ത്യന്‍ ആന ! ദേശങ്ങള്‍ താണ്ടിയുള്ള സോളമന്റെയും പപ്പാന്‍ സുബ്രോയുടെയും യാത്രകള്‍ .മഞ്ഞു മൂടിയ മല നിരകളും ഭീതിദമായ ചുരങ്ങളും കടന്നുള്ള യാത്ര .നോബല്‍ സമ്മാനാര്‍ഹമായ സരമാഗുവിന്റെ സുന്ദരമായ നോവല്‍

ഭാരത പര്യടനം

മഹാഭാരതമെന്ന ഇതിഹാസത്തിലെ വ്യത്യസ്തമായ പ്രമേയങ്ങള്‍ തിരഞ്ഞെടുത്ത് അദ്ധേത്തിന്റെതായ വീക്ഷണ കോണിലൂടെ തെളിവ് സഹിതം നമുക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ശ്രീ കുട്ടികൃഷണമാരാര്‍ .ഇത്രയും വലിയ ഒരു ഗ്രന്ഥത്തെ വിശകലനം ചെയ്യാന്‍  തിരഞ്ഞെടുക്കുമ്പോള്‍ തന്നെ അദ്ധേഹത്തിന്റെ അറിവ് വിളിച്ചോതുന്നു .ഇവിടെ വിശദീകരിച്ച പല സന്ദര്‍ഭങ്ങളും പലപ്പോഴും സംശയ ദ്രിഷ്ട്ടിയില്‍ മുമ്പ് നോക്കി കണ്ടിരുന്നെങ്കിലും ഒരു സംശയ നിവാരണത്തിന് സാധിച്ചത് ഈ വായനയിലൂടെ എന്നത് വായനയെ ഉയര്‍ച്ചയിലെത്തിക്കുന്നു .ഓരോ ആശയങ്ങളും ആശയ വ്യതാസങ്ങളും മനസ്സില്‍ പതിപ്പിക്കാന്‍ ഇരട്ടിയിലധികം സമയം വേണ്ടിവന്നെങ്കിലും ഒരിക്കലും നഷ്ട്ടബോധം തോന്നിയില്ല .സാഹിത്യ രത്നം ,സാഹിത്യ നിപുണന്‍ എന്നിങ്ങനെയുള്ള എല്ലാ അംഗികാരങ്ങളും അദ്ദേഹം അര്‍ഹിക്കുന്നത് തന്നെ എന്ന് വായന തെളിയിച്ചു തരുന്നു

നിന്ദിതരും പീഡിതരും


ഫോയ്ഡോര്‍ ഡോസ്റ്റോയെവിസ്കി കുറിച്ചുള്ള ആദ്യവായന ,മഹത്തരമായ കൃതി ,പ്രത്യേകിച്ചും നെല്ലി എന്ന കഥാപാത്രം വല്ലാത്ത നോവാണ് സമ്മാനിച്ചത്‌ , നിന്റെ വരവ് തന്നെയാണ് വായനയെ പിടിച്ചിരുതിയത്.നീ പിച്ച തെണ്ടി എറിഞ്ഞുടച്ച കപ്പു വാങ്ങുന്നതും ,അപ്പൂപ്പന് പൈസ വലിച്ചെറിഞ്ഞു കൊടുക്കുന്നതും ,അവസാനം അപ്പൂപ്പനെ മരിച്ചു കിടക്കുന്ന അമ്മയുടെ അടുത്ത് എത്തിക്കുന്നത് എല്ലാം കുറച്ചു കാലമെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കുമെന്ന് തീര്‍ച്ച .വാനിയായും, നടാഷയും,കാതറിനു മെല്ലാം ശക്തമായ കഥാപാത്രങ്ങള്‍ ആണെങ്കിലും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നത് നീ തന്നെ . നിന്നെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത വായനക്കാര്‍ക്ക് സര്‍പ്രൈസ് പോകും എന്നതിനാല്‍ ഇവിടെ കുറിക്കാന്‍ മുതിരുന്നില്ല .എന്‍ .കെ . ദാമോദരന്റെ വിവര്‍ത്തനത്തില്‍ വാക്കുകള്‍ കുറച്ചു കട്ടിയായോ എന്നൊരു സംശയമൊഴിച്ചാല്‍ .നല്ലൊരു സര്‍പ്രൈസോടുകൂടി വായനക്കാരെ കാത്തിരിക്കുന്ന ,തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതായ മഹത്തരമായ നോവല്‍

അന്നാ കരെനീന



ഒരു സാധാരണ വായനയില്‍ കൂടുതൽ ഒന്നും ഈ വിശ്വവിഖ്യാത കൃതിൽ നിന്നും എനിക്ക് നേടാൻ കഴിഞ്ഞില്ല എന്നതാണ് സത്യം , അത് ഒരു പക്ഷെ എന്റെ വായനയുടെ പോരായ്മയോണോ അതോ പരിഭാഷയുടെ പോരായ്മയോ എന്ന് തിരിച്ചറിയാൻ എനിക്ക് കഴിയുന്നില്ല .


ഈ നോവലിൽ അന്നയും കാരെനീന എന്ന കഥാ പാത്രങ്ങളെക്കൾ മൂല്യമുള്ള കഥാ പാത്രങ്ങൾ ഉണ്ട് എന്നതിനാൽ പേരിനോട് കൂറ് പുലർത്താനും കഴിയാതെ പോകുന്നു .വായന ഒരിക്കലും വിരസത വരുത്തിയില്ല എന്ന് നിസംശയം പറയാം .സ്നേഹിക്കലും സ്നേഹിക്കപ്പെടെണ്ടതും എങ്ങനെ എന്നത് വ്യക്തമായ ധാരണ ഇല്ലാത്തവരാണ് നമ്മളിൽ പലരും അത് പരാജയപ്പെടുന്നതാവാം പല ജീവിതങ്ങളുടെയും തകര്‍ച്ചക്ക് കാരണം എന്ന് നോവൽ നമുക്ക് മുന്നിൽ തുറന്നു കാട്ടുന്നു .അതൊകൊണ്ട് തന്നെയാവും അന്നയ്ക്ക് സംഭവിച്ചതും ഒടിവിൽ ഒരു ട്രെയിനിനു മുന്നില് ജീവിതം അവസാനിപ്പിക്കേണ്ടി വന്നതും . ഒരു വശത്ത് ദാമ്പത്യവും അവിഹിതബന്ധവും ദയനീയ പരാജയങ്ങളും മറുവശത്ത് ശാന്തവും സുന്ദരമായ ജീവിതവുമായി മുന്നേറുന്ന കഥാപാത്രങ്ങളും എല്ലാം കൂട്ടി വായിക്കപ്പെടുമ്പോള്‍ നോവല്‍ പൂര്‍ണ്ണമാകുന്നു .

ലെയ്ക്ക


ആദ്യമേ തന്നെ പറയട്ടെ ഇത് കഥയാണോ , ചരിത്രമോ ,നോവലാണോ എന്ന് വായനക്കാരന് തിരഞ്ഞെടുക്കാം ,ആകാശത്തിന്റെ അതിർവരമ്പുകൾ താണ്ടാൻ വിധിക്കപ്പെട്ട സ്പുട്നിക് 1ലെ ലയ് ക്ക എന്നാ നായയെ ചുറ്റി പറ്റി വായന നീങ്ങുന്നു , ചെറുതാണെങ്കിലും പതിവുപോലെ തന്നെ ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിരിക്കുന്നു ,പ്രത്യേകിച്ചും പ്രിയങ്ക കഥാപാത്രം . ഒടുവിൽ ഏറ്റവും തീവ്രമായ നടാഷയുടെ കത്തും . ജെയിംസ്‌ സാറിന്റെ കൃതികൾ വായിച്ചതിൽ എനിക്ക് ഇഷട്ടമായവ എന്റെ മാത്രം വിലയിരുത്തലിൽ
1) പുറപ്പാടിന്റെ പുസ്തകം
2) ദത്താപഹാരം
3) ലൈയ് ക്ക
4) നിരീശ്വരൻ
5) ചോരശാസ്ത്രം

യയാതി


1974-ലെ ജ്ഞാനപീഠപുരസ്‌കാരം നേടിയ വി എസ് ഖണ്ഡേക്കറിന്റെ യയാതിയുടെ മലയാളപരിഭാഷ,കുറേ കാലത്തിനു ശേഷമ്മുള്ള ഒരു പൗരാണിക വായന, ചെറുപ്പത്തില്‍ കേട്ട കഥയാണെങ്കിലും പൂര്‍ണ്ണത തന്നത് ഈ വായനയാണ് ..വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍ ഒന്ന്

' സുഖത്തിലും ദുഖത്തിലും എല്ലായ്പ്പോഴും ഒരു കാര്യം ഓര്‍മയിലിരിക്കട്ടെ.കാമവും അര്‍ത്ഥവും പുരുഷാര്‍ത്ഥങ്ങളാണ് ,പ്രേരകങ്ങലായ പുരുഷാര്‍ത്ഥങ്ങള്‍.എന്നാല്‍ ഈ പുരുഷാര്‍ത്ഥങ്ങള്‍ സ്വച്ഛന്ദം ഓടുന്നവയാണ് .ഈ പുരുഷാര്‍ത്ഥങ്ങള്‍ അന്ധമായി തീരുമെന്ന് വിശ്വസിക്കാന്‍ വയ്യ .അവയുടെ കടിഞ്ഞാല്‍ എപ്പോളും ധര്‍മ്മത്തിന്റെ കയ്യിലായിരിക്കണം

നിരീശ്വരന്‍


ഏതൊരു വിഡ്ഢി സങ്കല്‍പ്പങ്ങളും എത്ര നിസാരമായാണ് ഇന്ന് നമുക്കിടയില്‍ ചിലവാകുന്നത് എന്നതിന്റെ ഉത്തമ ഉദാഹരമായി നോവലിനെ കണക്കാക്കാം. ഈശ്വരനും നിരീശ്വരനും ഇടകലര്‍ന്ന ജീവിതത്തില്‍ 'ബോധം' എന്നതു തിരിച്ചറിയാന്‍ കഴിയാതെ ആഭാസന്മാരെന്നു സ്വയം സങ്കല്‍പ്പിക്കുന്ന ജനതയെ എത്രമാത്രം ചൂഷണം ചെയ്യപ്പെടാം എന്ന് ലളിതമായി തന്നെ നോവല്‍ വിവരിക്കുന്നു എന്നത് പ്രദമ ദ്രിഷ്ട്ടിയില്‍പ്പെടുത്താം . വിശ്വാസം മനുഷ്യ മനസ്സുകളില്‍ ചെലുത്തുന്ന സ്വാധീനം അതിനെ പല വഴികളില്‍ നയിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന അപാകതകള്‍ തിരിച്ചറിയേണ്ടത് നാം തന്നെയാണ് .ഓരോ വായനക്കാരനും ഓരോ തലങ്ങളില്‍ ഇരുന്നു ഈ നോവലിനെ വിലയിരുത്താം.തിരഞ്ഞെടുക്കേണ്ടത് നമ്മളാണ് ,അവരവരുടെ ബോധമനസ്സ് തിരഞ്ഞെടുക്കട്ടെ സ്വന്തം സഞ്ചാര പാതകള്‍ ,ജെയിംസ് സര്‍ ഒരിക്കല്‍ കൂടി മനസ്സ് കീഴടക്കുന്നു .
" കണ്ണുള്ളവര്‍ കാണട്ടെ
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ
ജീവിച്ചിരിക്കതന്നെ
അവര്‍ വീണ്ടും ജനിക്കും
ഓം നിരീശ്വരായ നമ :"