Sunday, July 26, 2015

ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി





അരുണ്‍ ആര്‍ഷയുടെ ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി .പേരിലെ സൂചന പോലെ തന്നെ ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിനെതിരെ ജൂതന്മാര്‍ നടത്തിയ പോരാട്ടങ്ങളുടെ തീക്ഷണമായ അവതരണമാണ് നോവലിസ്റ്റ് നമുക്ക് മുന്നില്‍ വായനക്കായ് നിരത്തുന്നത് .ഒരു നോവല്‍ എന്ന ലേബലില്‍ ഈ പുസ്തകത്തെ വിലയിരുത്താന്‍ എന്റെ മനസ്സിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം .ഇതിലെ ഓരോ വരിയിലും നിഴലിച്ചു നില്‍ക്കുന്ന അതിജീവനത്തിന്റെയും , പോരാട്ട വീര്യങ്ങളുടെയും ,ജീവനുള്ള തെളിവുകളുമായി ഓരോ താളുകളും മറിക്കപ്പെടുമ്പോള്‍ ഒരു കലാപത്തിലും ഒരു തടങ്കല്‍ പാളയത്തിലും എരിഞ്ഞടങ്ങിയ പ്രേതാത്മാക്കള്‍ താങ്കളില്‍ എന്നപോലെ വായനക്കാരനെയും പിന്തുടരുന്നുണ്ട് .ഇങ്ങനെ ഒരു വിഷയം ചരിത്രവുമായി കൂട്ടി കലര്‍ത്തി അവതരിപ്പിക്കാന്‍ എടുത്ത സാഹസത്തേക്കാള്‍ എത്രയോ മുകളിലായിരിക്കും ഇത് എഴുതി കൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ അനുഭവിച്ച മാനസിക വ്യഥകള്‍ എന്നത് വായനക്കാരന് വരികളിലൂടെ വായിച്ചെടുക്കാം .

ഈ വായന എക്സ്‌ ടെര്‍മിനേഷന്‍ ചേമ്പറില്‍ അകപ്പെട്ട പോരാളിക്ക് നല്‍കപ്പെട്ട മെഴുകുതിരി പോലെയാണ് വായനയുടെ വേറെ ഒരു ലോകത്തിലേക്ക്‌ നമ്മെ നയിച്ച്‌ സമയത്തിന്റെ സിംഹഭാഗവും ഈ വരികള്‍ നക്കിയെടുക്കും .എങ്കിലും ഡോ .ആഡ് ലേയ്ക്കും അസാഫിനും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന ആ അജ്ഞാത ജൂതരക്ഷകന്‍ ആരായിരുന്നു എന്ന ചോദ്യം വായനക്കാരനെ വല്ലാതെ വലയ്ക്കുന്നുണ്ട് . ഓഷ് വിറ്റ്സിനെ പോരാളികളുടെ രക്തസാക്ഷിത്വത്തെ നിരര്‍ത്ഥകമാക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കിലും ആ ചോദ്യം മനസ്സിനെ മഥിച്ചുകൊണ്ടേയിരിക്കുന്നു .സാഹചര്യം കൊണ്ട് മാത്രമാണ് വായന എനിക്ക് പകുതിയില്‍ നിര്‍ത്തേണ്ടി വന്നത് ഇല്ലങ്കില്‍ ഒരു ശ്വാസത്തില്‍ തീര്‍ക്കതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല .ഇതിലെ വരികള്‍ക്കെല്ലാം ജീവനുണ്ട് അവ നമ്മോടു സംവദിക്കുന്നത് അനുഭവങ്ങളാണ് ജീവിതത്തിലെ നിസ്സഹായതക്ക് മുന്നിലും പോരാടി ഒടുവില്‍ പരാജയത്തിന്റെ ഉപ്പുരസമറിഞ്ഞ നേര്‍കാഴ്ചകളെകുറിച്ചാണ് , അവരുടെ പ്രണയത്തെ കുറിച്ചാണ് , അവരുടെ ബന്ധങ്ങളുടെ കുറിച്ചാണ് , ഒരു പക്ഷേ അതിന്റെ തീവ്രത നമ്മുടെ ചിന്തകള്‍ക്കതീതമാണ് എന്നത് തിരിച്ചറിയേണ്ടത് വായനക്കാരാന്റെ കര്‍ത്തവ്യവുമാണ് എന്ന് വിശ്വസിക്കുന്നു . ഈ ഒരു അവതരണത്തിനായ് താങ്കളുടെ പ്രയത്നങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ച ഫലം കാണാതെ പോകില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു . ഇതിലെ ഇതിവൃത്തവുമായി ബന്ധപ്പെട്ട പല സിനിമകളും കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും മനോഹരമായി ഇത്രയും ഇത്രയും ഹൃദയിമിടിപ്പോടെ എന്നെ നയിക്കാന്‍ ഈ വരികളോളം ഒന്നിനും സാധിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തുന്നു . തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം .ഒത്തിരി ഒത്തിരി സന്തോഷത്തോടെ പ്രിയ അരുണേട്ടാ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ .

No comments:

Post a Comment