Sunday, January 5, 2014

പ്രവാസ ഭൂമിയിൽ


ഇവിടെ ഹൃദയ പാളികളിൽ
വിയർപ്പിൻ തുള്ളികൾ അന്തിയുറങ്ങുന്നു .
ആരുടെയോ വഴിതെറ്റിയ കാൽപ്പാടുകൾ
എന്നെയും വഴി തെറ്റിച്ചു ഒഴുകിക്കൊണ്ടിരിക്കുന്നു .

തിളയ്ക്കുന്ന ആകാശ ചെരുവിൽ നിന്നും
ഒഴുകിയെത്തുന്ന കാറ്റിനു
വിങ്ങുന്ന ഹൃദയങ്ങളുടെ രൂക്ഷ ഗന്ധമുണ്ട് .

പൊട്ടി ചിരിച്ചു കുലുങ്ങി  ഒഴുകുന്ന പുഴയുടെ -
നിഷ്കളങ്കതകൾ ഈ വഴി വരാറില്ല
താരാട്ട് പാടുന്ന രാത്രിയുടെ
മാത്രുത്വ ഭാവങ്ങൾ ഇവിടെ കേൾക്കാറില്ല .

ചുട്ടു പഴുത്ത മണൽത്തരികളിൽ
മരണം നിഴലിക്കുന്നത് കൊണ്ടാകാം
മഴ മേഘങ്ങൾ ഇവിടെ  പെയ്തൊഴിയാറില്ല .
സ്നേഹ ബന്ധങ്ങളും ,നീറുന്ന ഓർമ്മകളും
വിഡ്ഢിയായ എന്റെ സഹയാത്രികർ .

ഏകാന്തതയുടെ ശവമഞ്ചവും പേറി
ഈ വഴികളിലൂടെ ചുവടു വെക്കുമ്പോൾ
അറിയുന്നു ഞാൻ എന്നിൽ നിന്നകലുന്ന
സ്നേഹ ബന്ധങ്ങളെ കുറിച്ച് ,

എങ്കിലും ഒന്ന് മാത്രം
ഈ വിയർപ്പിൻ തുള്ളികളും
വീണുടയുന്ന ഓർമ്മകളും
സമ്മാനിക്കുന്ന പുഞ്ചിരിക്കുന്ന
കുറെ മുഖങ്ങളുണ്ടെനിക്ക്
അവരാണ് എന്റെ ജീവനും ആത്മാവും

ഉള്ളിൽ എവിടെയോ പുകയുന്ന മനസ്സിനെ
ഓർമ്മകൾ കൊണ്ട് കീഴടക്കട്ടെ ഞാൻ ,
എനിക്കായ് വിധിയെഴുതിയ നാളുകൾ
ഒരിക്കൽ ഞാൻ തിരിച്ചെടുക്കും

കണ്ണിമകളുടെ കിളിവാതിൽ തുറന്നിട്ട്‌
ഒരിക്കലും അണയാത്ത നിലവിളക്കിൽ
വേദനകളുടെ എണ്ണയൊഴിച്ച്
നാളേക്കായ് ഞാൻ  കാത്തിരിക്കും
അതുവരെ നിലാവ് പരത്തുന്ന
മെഴുകുതിരിയായ് ഞാൻ എരിഞ്ഞു തീരട്ടെ