Monday, February 10, 2014

മരണാന്തരംഈ മഴ മേഘങ്ങള്‍ക്കിടയില്‍
 ഞാന്‍ ഒരു ഊഞ്ഞാലു കെട്ടും
അതില്‍ കുളിരണിഞ്ഞ കാറ്റിന്റെ താളത്തില്‍
ഞാന്‍ ആടി രസിക്കും .
എന്നെ സ്നേഹിച്ച മനസ്സുകള്‍ക്ക് മേല്‍
നിലാവ് പെയ്യുന്ന രാവിന്റെ  നീലിമയില്‍ -
മയങ്ങാന്‍ വെമ്പുന്ന മനസ്സുകള്‍ക്ക് മുന്നില്‍
ഒരു താരാട്ട് പാട്ടായ് ഞാന്‍ ഒഴുകിയെത്തും .
നിദ്രതന്‍ ഏതോ യാമങ്ങളില്‍
ഒരു ചെറു സ്വപ്നമായ് നിന്നെ തഴുകി
സ്നേഹത്തിന്റെ ഒരായിരം പൊന്‍ മണി വിത്തുകള്‍
നിങ്ങളില്‍ ഞാന്‍ വാരി വിതറും
പ്രഭാതത്തിന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി ലാളിക്കുന്ന
മനസ്സുകളില്‍ ഒരു ചിരതായ് ഞാന്‍ എരിഞ്ഞു നില്‍ക്കും.
എങ്കിലും എനിക്കറിയാം ഇന്നല്ലങ്കില്‍ നാളെ
ആ മനസ്സുകളില്‍ നിന്നും ഞാന്‍ മാഞ്ഞുപോകും,
ഞാന്‍ എന്നാ മിഥ്യ അവിടെയും പരാജയപ്പെടും
എങ്കിലും ഞാന്‍ കാത്തിരിക്കും ,
ഈ അക്ഷരങ്ങളിലെ തീ കെട്ടണയുന്ന നാള്‍ വരെ
ഈ വാക്കുകളിലെ നീരുറവ വറ്റുന്ന നിമിഷം വരെ
വിതറിയിട്ട വിത്തുകളില്‍ ജീവന്‍ കിളിര്‍ക്കുമ്പോള്‍
തളര്‍ത്തു നില്‍ക്കുന്ന എന്‍ ഓര്‍മകള്‍ക്ക് മേല്‍
ചവിട്ടി അരച്ച് നിങ്ങള്‍ നടന്നു പോക്കുമ്പോള്‍
എന്റെ പതനം വീണ്ടും പൂര്‍ത്തിയാവും
എങ്കിലും എന്നെ സ്നേഹിച്ച മനസ്സുകളെ
നിങ്ങള്‍ക്ക് മുകളില്‍ സ്നേഹത്തിന്റെ  മഴവില്ല്
തീര്‍ത്തു ഞാന്‍ ഉണ്ടാകും ...
ഒരിക്കലും വാടാത്ത പൂച്ചെണ്ടുകളുമായ്.......

Sunday, January 12, 2014

കുഞ്ഞ്

ആദ്യം വേണമെന്ന് ഞാൻ
പിന്നെ അവളും .
ചോരത്തുള്ളികൾ
കുരുതിപ്പൂക്കൾ
അവസാനം നാണത്തോടെ
ഒന്നും വേണ്ടായിരുന്നു .

തലകുത്തി നിന്ന്
കാണാൻ ശ്രമിക്കുക .

പ്രണയം കൊഴുത്തു
കൂടെ അവളും .
ദിവസങ്ങൾ
മാസങ്ങൾ
പിന്നെ പലതും
തെറ്റി പോലും.

ആദ്യം വേണമെന്ന് ഞങ്ങൾ
പെണ്ണ് എന്ന് സംശയം
വേണ്ടാന്ന് ഞാൻ
വാശിയിൽ അവളും

വീണ്ടും എന്റെ വഴി .
കൊലപാതകം ,
കത്തി എടുത്തു മുറിച്ചു
കൊലപാതകൻ  
ഞാൻ തന്നെ ,

പ്രണയവും
കാമവും
ജീവിതവും
മുന്നോട്ട്

ഇപ്പോൾ
പ്രാർത്ഥനകൾ
കണ്ണീരുകൾ

അവസാന തീരുമാനം
ഒരുമിച്ചു തന്നെ
ഇനി ഒന്നുണ്ടങ്കിൽ
അതു 'അവൾ' തന്നെ ,

Sunday, January 5, 2014

പ്രവാസ ഭൂമിയിൽ


ഇവിടെ ഹൃദയ പാളികളിൽ
വിയർപ്പിൻ തുള്ളികൾ അന്തിയുറങ്ങുന്നു .
ആരുടെയോ വഴിതെറ്റിയ കാൽപ്പാടുകൾ
എന്നെയും വഴി തെറ്റിച്ചു ഒഴുകിക്കൊണ്ടിരിക്കുന്നു .

തിളയ്ക്കുന്ന ആകാശ ചെരുവിൽ നിന്നും
ഒഴുകിയെത്തുന്ന കാറ്റിനു
വിങ്ങുന്ന ഹൃദയങ്ങളുടെ രൂക്ഷ ഗന്ധമുണ്ട് .

പൊട്ടി ചിരിച്ചു കുലുങ്ങി  ഒഴുകുന്ന പുഴയുടെ -
നിഷ്കളങ്കതകൾ ഈ വഴി വരാറില്ല
താരാട്ട് പാടുന്ന രാത്രിയുടെ
മാത്രുത്വ ഭാവങ്ങൾ ഇവിടെ കേൾക്കാറില്ല .

ചുട്ടു പഴുത്ത മണൽത്തരികളിൽ
മരണം നിഴലിക്കുന്നത് കൊണ്ടാകാം
മഴ മേഘങ്ങൾ ഇവിടെ  പെയ്തൊഴിയാറില്ല .
സ്നേഹ ബന്ധങ്ങളും ,നീറുന്ന ഓർമ്മകളും
വിഡ്ഢിയായ എന്റെ സഹയാത്രികർ .

ഏകാന്തതയുടെ ശവമഞ്ചവും പേറി
ഈ വഴികളിലൂടെ ചുവടു വെക്കുമ്പോൾ
അറിയുന്നു ഞാൻ എന്നിൽ നിന്നകലുന്ന
സ്നേഹ ബന്ധങ്ങളെ കുറിച്ച് ,

എങ്കിലും ഒന്ന് മാത്രം
ഈ വിയർപ്പിൻ തുള്ളികളും
വീണുടയുന്ന ഓർമ്മകളും
സമ്മാനിക്കുന്ന പുഞ്ചിരിക്കുന്ന
കുറെ മുഖങ്ങളുണ്ടെനിക്ക്
അവരാണ് എന്റെ ജീവനും ആത്മാവും

ഉള്ളിൽ എവിടെയോ പുകയുന്ന മനസ്സിനെ
ഓർമ്മകൾ കൊണ്ട് കീഴടക്കട്ടെ ഞാൻ ,
എനിക്കായ് വിധിയെഴുതിയ നാളുകൾ
ഒരിക്കൽ ഞാൻ തിരിച്ചെടുക്കും

കണ്ണിമകളുടെ കിളിവാതിൽ തുറന്നിട്ട്‌
ഒരിക്കലും അണയാത്ത നിലവിളക്കിൽ
വേദനകളുടെ എണ്ണയൊഴിച്ച്
നാളേക്കായ് ഞാൻ  കാത്തിരിക്കും
അതുവരെ നിലാവ് പരത്തുന്ന
മെഴുകുതിരിയായ് ഞാൻ എരിഞ്ഞു തീരട്ടെ