Monday, March 21, 2016

ദൃഷ്ട്ടിച്ചാവേര്‍



ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള വായന. ആഖ്യാന ശൈലി കൊണ്ട് അമ്പരപ്പിച്ച വായന. എല്ലാം സാധാരണ വായനയുടെ ചട്ടക്കൂടില്‍ നിന്നും വായിച്ചാല്‍ പിടി തരാത്ത കഥകള്‍. ഒരു കഥയുടെയും ഒഴുക്ക് ഒരു വായനക്കാരനും മുന്‍കൂട്ടി ഗണിക്കാന്‍ വയ്യാതെ ഒരിക്കലും പ്രതീക്ഷിക്കാത്ത മാനസികമായ തലങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ വായന തികച്ചും വേറിട്ടതാകുന്നു.
ലൈംഗികതയുടെ വിരക്തമായ ഒരു മുഖം പലപ്പോളും പല വരികളിലും വായനക്കാരന് വായിച്ചെടുക്കാം. തന്തതാഴ്,പ്രതി ശീര്‍ഷഭോഗം, കരിസ്മാറ്റിക് ശവം, അപസ്മാരകം, ദൃഷ്ട്ടിച്ചാവേര്‍, ബീജഗണിതം,മരിപ്പുകള്‍,തിക്കുറിശ്ശി ഒരു കൊറിയന്‍ പദമാണ്, എന്നീ എട്ടു കഥകളും വ്യത്യസ്ത ശൈലിയില്‍ അസാധാരണമായി അവതരിപ്പിക്കുമ്പോള്‍ വായന ഒരിക്കലും നിരാശപ്പെടുത്തിയില്ല. കരിസ്മാറ്റിക് ശവത്തിന്റെ വായനയില്‍ വായനക്കാരന് ശരിക്കും ശ്വാസം മുട്ടുക തന്നെ ചെയ്യും. അപ്സ്മാരകവും പ്രതിശീര്‍ഷഭോഗവും ദൃഷ്ട്ടിച്ചാവേറും കഥകളില്‍ മുന്നില്‍ നില്‍ക്കുന്നു. എല്ലാ വായനക്കാരനും വായന സുഖിക്കും എന്നാ അഭിപ്രായം ഇല്ല. കരിസ്മാറ്റിക് ശവത്തിലെ പോലെ കാലുകള്‍ ശീര്‍ഷകമായി തല തിരഞ്ഞു ചിന്തിക്കാന്‍ കൂടി തയ്യാറായാല്‍ വായനയെ വേറെ തലത്തിലേക്ക് നയിക്കാന്‍ കഴിയും എന്ന് വിശ്വസിക്കാം. പ്രമോദ് രാമന്‍ എനിക്ക് വായനയില്‍ പുതുമുഖമാണ് അത് കൊണ്ട് തന്നെ അദ്ധേഹത്തിന്റെ വേറെ കൃതികള്‍ ഇനിയും തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ നന്നായി വായനക്കപ്പുറം ചിത്രം എന്തൊക്കെയോ വിളിച്ചു പറയുന്നപോലെ. എനിക്ക് നല്ലൊരു വായന സമ്മാനിച്ച പുസ്തകം സൗഹൃദങ്ങള്‍ വായിച്ചു തീരുമാനിക്കൂ


പബ്ലിഷര്‍ : ഡി. സി ബുക്സ്
വില : 80 രൂപ

Wednesday, December 16, 2015

പാണ്ഡവപുരം



ദേവീ ... നീ മനസ്സില്‍ നിന്നും മായുന്നില്ലല്ലോ, കുന്നുകളുടെ വിടവിലൂടെ മുഖം കറുപ്പിച്ച ആകാശം താഴേക്കിറങ്ങി വന്നു. ചാഞ്ഞു വീഴുന്ന മഴനാരുകളെ ചീറ്റിപറത്തിക്കൊണ്ടു , കലിപൂണ്ട്, വിറകൊണ്ടു, മുടി അഴിച്ചാടി അവള്‍ കുന്നില്‍ ചെരുവിലൂടെ ഇറങ്ങി. അവളുടെ അലര്‍ച്ച കേട്ട്, അവളുടെ ചിലമ്പൊലി കേട്ട് മാമരങ്ങള്‍ വിറച്ചു. പൊന്തകാടുകളില്‍ പതിയിരുന്ന കുറുക്കന്‍മാര്‍ ഞെട്ടിപിടഞ്ഞു ഓരിയിട്ടു. അവളുടെ മൂക്കുത്തിയുടെ തിളക്കം ഇടിവളായി പാഞ്ഞുപോയി. അവളുടെ കാലടികള്‍ പതിഞ്ഞ വിഷ മുള്ളുകളില്‍ നിന്നും കൊടും വിഷം ഒലിച്ചിറങ്ങി. അവളുടെ കടവായിലൂടെ ഒലിച്ചിറങ്ങിയ ചോരത്തുള്ളികള്‍ തെറിച്ചു വീണ് തെച്ചികള്‍ പൂത്തു. കനത്തു വരുന്ന മഴയുടെ ശവവ്യൂഹം പിളര്‍ന്നു കൊണ്ട് അവള്‍ മദിച്ചിറങ്ങി. അവളുടെ മദം പൂണ്ട ശരീരത്തിന്റെ തീക്ഷണമായ ചൂടില്‍ അലിഞ്ഞു തീരുന്ന പകലില്‍, വിയര്‍പ്പിന്‍ തുള്ളികള്‍ ഉരുണ്ടുകൂടി ....


സേതു സാറിനെ വായിക്കുക എളുപ്പമല്ല. തലകുത്തി നിന്ന് വേണം ചിലപ്പോള്‍ വായനയെ സമീപികേണ്ടത്. വായന ദഹിപ്പിക്കാന്‍ ദേവിയെ തന്നെ ആവാഹിക്കണം. അസ്വസ്ഥ മനസ്സിലെ പാണ്ഡവപുരം ഒരു പ്രതീകമാണ്, ഇതുപോലെയുള്ള മാനസിക വ്യാപാരങ്ങളില്‍ കുടുങ്ങി ജീവിക്കുന്നപലരും വായനക്കപ്പുറം ദേവിയായി പുനര്‍ജനിക്കുനുണ്ടാകാം. ജീവിത്തിന്റെ താളം നഷ്ട്ടപ്പെടുത്തിയ ഭൂതകാലത്തിനു പുതിയൊരു സാങ്കല്‍പ്പിക ചിത്രം നല്‍കി അതിലൂടെ ജീവിക്കുന്ന കഥാപാത്രം വായനയെ എവിടെക്കെയോ ചെന്നെത്തിക്കുന്നു. സൂക്ഷ്മതയോടെ വേണം ഈ വായനയെ സമീപിക്കേണ്ടത് എന്ന മുന്നറിയിപ്പ് പാലിച്ചത് വായനയെ കുറച്ചൊന്നുമല്ല സഹായിച്ചത്. അവസാനം നോവലിന്റെ അവസാനത്തിലെ പഠനം വായിക്കുമ്പോള്‍ ഈ വായന ഉള്‍ക്കൊള്ളാന്‍ മാത്രം ഇതിലെ അര്‍ത്ഥ വ്യതാസങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ പൂര്‍ണ്ണമായും എന്റെ വായനയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് തിരിച്ചറിയുന്നു.
" അടയ്ക്കാനാണ് പറഞ്ഞത്! അവള്‍ അലറുകയായിരുന്നു.
അവളുടെ കണ്ണുകളില്‍ തീനാമ്പുകള്‍ പുളയുന്നുണ്ടായിരുന്നു.അയാളുടെ കണ്‍മുമ്പില്‍ ആ ചുവന്ന ജ്വാല ഉലഞ്ഞു. വിറച്ചു. നെറുകയിലെ സിന്ദൂരം പടര്‍ന്നു മുഖമാകെ ചുവന്നു. അവള്‍ മുടികെട്ടഴിച്ചപ്പോള്‍ തെച്ചിപ്പൂക്കള്‍ കിടക്കയില്‍ ചിതറി വീണു. അവളുടെ അപൂര്‍വമായ സുഗന്ധം മുറിയിലാകെ പരന്നു ഒരു ആവരണമായി അയാളെ പൊതിഞ്ഞു. ആ കണ്ണുകളില്‍ നിന്ന്, ചുണ്ടുകളില്‍ നിന്ന് ചിതറിയ ആസക്തിയുടെ തീപ്പൊരികള്‍ അയാള്‍ക്ക്‌ ചുറ്റും ഒരു ചിതയായി എരിഞ്ഞു.വിയര്‍ത്തു നനഞ്ഞ കഴുത്തില്‍ വിരലുകളമര്‍ത്തികൊണ്ട് അയാള്‍ വാ പൊളിച്ചു നനവുള്ള ഒരു കവിള്‍ വായു ആര്‍ത്തിയോടെ വിഴുങ്ങി.അയാളുടെ മുടിയിഴകളിലൂടെ പാഞ്ഞു വരുന്ന വിരലുകള്‍ തലയോട്ടില്‍ ചൂടുള്ള വൃത്തങ്ങള്‍ വരച്ചു. പുറത്തു സീല്‍ക്കാരത്തോടെ ഒരു കാറ്റൂതി. അസംഖ്യം നാഗത്താന്‍മാര്‍ അതേറ്റുപിടിച്ചു കാറ്റിന്റെ ചൂളം വിളിക്കിടയില്‍ ഒരു ചാറ്റല്‍മഴ തൂവി. ചുട്ടു പഴുത്ത മുഖത്തേക്ക് വെള്ളത്തുള്ളികള്‍ പാറി വീണു.
'ആ ജനലടയ്ക്കൂ...' അവളുടെ ശബ്ദം ചെവിക്കടുത്ത്‌ കേട്ടു.അയാള്‍ പതുക്കെ , ശബ്ദമില്ലാതെ ജനല്‍ ചാരി പിന്നെ ആ ചിതയിലേക്ക് വീണു " അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ സാറിന്റെ മാസ്മരികള്‍ വരികള്‍ വായനയെ പിടിച്ചുലയ്ക്കുന്നു.
"പുറത്തു, ആകാശക്കീറിനെ പാടെ മറച്ചു കൊണ്ട് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി.കരിമ്പനകള്‍ക്കിടയില്‍ ഇടി മിന്നി,താഴ്ന്നു വെട്ടി, മിന്നലിന്റെ വികൃതമായ തെളിച്ചത്തില്‍, പാറകെട്ടുകളുടെ പശ്ചാത്തലത്തില്‍ ,കറമ്പനകല്‍ ആടിയുലഞ്ഞു. പാല ചുവട്ടില്‍ മയങ്ങി കിടന്ന നാഗത്താന്‍മാര്‍ ഞെട്ടിയുണര്‍ന്നു ഉറക്കെ ചീറ്റാന്‍ തുടങ്ങി. പാമ്പിന്‍ വിഷത്തിന്റെ, പാലപ്പൂവിന്റെ ഗന്ധമുള്ള കാറ്റ് ജാലകത്തില്‍ തല്ലിയലച്ചു .
വെള്ളാരം കല്ലുകള്‍പോലെ ഓട്ടിന്‍പുറത്ത് മഴത്തുള്ളികള്‍ വീണു .
പെട്ടന്ന്,മിന്നലിന്റെ വെളിച്ചത്തില്‍, ഇടവഴിയുടെ തുടക്കത്തില്‍ ഒരു കറുത്ത രൂപം അനങ്ങുന്നത് അയാള്‍ കണ്ടു.അയാള്‍ നടുക്കത്തോടെ ഓര്‍ത്തു .
അവന്‍!
എന്നെ പിന്തുടരേണ്ടവന്‍ എനിക്ക് ശേഷം ഈ മുറിക്കകത്ത് ജീര്‍ണ്ണിച്ചു പൊടിയാകേണ്ടവന്‍...
പലപ്പോളും കയ്യില്‍ നിന്നും വഴുതിപോയ പുസ്തകമാണിത്, തികച്ചും അപ്രതീക്ഷിതമായി കയ്യില്‍ വന്നു പെട്ടപ്പോള്‍ വായന വല്ലാതെ അതിശയിപ്പിക്കുന്നു.
പാണ്ഡവപുരം ജീവിക്കുന്നു ഈ വായനയുടെ ലഹരി മനസ്സില്‍ പതിഞ്ഞ എല്ലാവരിലൂടെയും ... ഇനിയും ജീവിച്ചു കൊണ്ടേയിരിക്കും ...
സേതുസാറിനെ അഭിനന്ദിക്കാന്‍ പോലും വളര്‍ന്നിട്ടില്ല ... എന്നാലും വൈകിപോയ വായനയ്ക്ക് മാപ്പ് ....




Saturday, December 12, 2015

ആരോഗ്യനികേതനം



രാത്രി അവസാനിക്കാറായപ്പോള്‍ ആ ചെറിയ ദ്വാരത്തിലൂടെ മൃത്യു കടന്നുവന്നു. നെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. നെഞ്ചില്‍ കരികല്ല്‌ കയറ്റി വെച്ചത് പോലെ ഹൃദയ പിണ്ഡം രക്ഷിക്കണേ രക്ഷിക്കണേ എന്ന് കരയാന്‍ തുടങ്ങി. മസ്തിഷ്കത്തിലെ സിരകളും സ്നായുകളും മയക്കത്തിലാണ്ടു. വിശാലമായ ഏതോ ശ്യൂനതയില്‍ ചെന്ന് എല്ലാ അനുഭൂതികളും വിലയം പ്രാപിച്ചു.

തലയിണയില്‍ ചാരി പകുതി കിടന്ന മട്ടില്‍ കണ്ണടച്ച് അബോധാവസ്ഥയിലെന്നവണ്ണം ഇരിക്കുകയായിരുന്നു. മൃത്യുവിനെ കാത്തിരിക്കുകയായിരുന്നു. അവള്‍ വരുന്നു എന്ന് അറിയാമായിരിന്നു. ആദ്യം ആക്രമണം മുതല്‍ അദ്ധേഹത്തിന് അറിയാമായിരുന്നു എന്നാല്‍ അത് പോരാ അവസാന നിമിഷം അദ്ദേഹത്തിന് മുഖത്തോട് മുഖം കാണണം, അവള്‍ക്കു രൂപമുണ്ടങ്കില്‍ കാണണം, ശബ്ദമുണ്ടങ്കില്‍ കേള്‍ക്കണം, ഗന്ധമുണ്ടെങ്കില്‍ ശ്വാസത്തില്‍ അത് സ്വീകരിക്കണം. സ്പര്‍ശനമുണ്ടെങ്കില്‍ അതനുഭവിക്കണം.


ഇടയ്ക്ക് കനത്ത മൂടല്‍ മഞ്ഞിന്‍ എന്ന വണ്ണം എല്ലാം മറന്നു പോകുന്ന കഴിഞ്ഞകാലം, വര്‍ത്തമാനകാലം, സ്ഥലം, ഓര്‍മ്മ, കാലം എല്ലാം മറഞ്ഞു പോകുന്നു. പിന്നെ അതെല്ലാം തിരികെ വരുന്നു. കണ്ണ് തുറന്നു നോക്കുന്നു അവള്‍ വന്നോ? ഇതൊക്കെ ആരാണ്, വളരെ ദൂരെ അവ്യക്തമായ നിഴല്‍ ചിത്രം പോരെ കാണുന്ന അവര്‍ എന്താണ്, തീരെ തെളിയാത്ത രീതിയില്‍ അവ്യക്തമായ രീതിയില്‍ അവര്‍ എന്താണ് പറയുന്നത്.

ബംഗാളി സാഹിത്യത്തിലെ വിഖ്യാതനായ താരാശങ്കര്‍ ബാന്ദ്യോപാദ്ധ്യായയുടെ ലോക ക്ലാസ്സിക്കുകളോട് കടപിടിക്കുന്ന ഇന്ത്യന്‍ കൃതി. മാനുഷികമായ വിവരണങ്ങളും, മനസ്സിലെ നന്മയും ഉയര്‍ത്തി പിടിക്കുന്ന അമൂല്യ വായന സമ്മാനിച്ച വായന. മൃത്യു, രോഗം, വൈദ്യം തുടങ്ങി ജീവിതത്തിലെ ചൂഴ്ന്നു നില്‍ക്കുന്ന വിഷയങ്ങള്‍ ഒരു പരിശോധനയക്ക് ഇവിടെ വിധേയമാകുന്നു. ആത്മീയ പൂര്‍ണ്ണമായ ആഖ്യാനമാണ് ഇതിലെ എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത. വൈദ്യവൃത്തി ഒരു തപസ്സാണ് അങ്ങനെയുള്ളവര്‍ക്കെ അതില്‍ വിജയിക്കാനാവൂ എന്നും നോവല്‍ പറയുന്നു. പറമ്പര്യ ചികിത്സകനും നാഡീ പരിശോദകനുമായ ജീവന്‍ മാശായിയുടെ ജീവിതമാണ് താരാശങ്കര്‍ ഈ നോവലിലൂടെ പറയുന്നതെങ്കിലും കാലാതിവര്‍ത്തിയായ അനേകം ആശയങ്ങളുടെ പ്രകാശം ഈ പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നു . തീര്‍ച്ചയായും വായനയ്ക്കായി തിരെഞ്ഞെടുക്കേണ്ട പുസ്തകം. ഇതില്‍ മൃത്യുവിനെ തിരിച്ചറിയുന്ന, ആ കാലൊച്ചകള്‍ നാഡികളില്‍ ശ്രവിക്കാന്‍ കഴിയുന്ന ഒരു പാരമ്പര്യ വൈദ്യ ശ്രേഷ്ഠന്റെ ജീവിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സ്വാര്‍ത്ഥ ലാഭാങ്ങള്‍ക്കല്ലാതെ മനുഷ്യത്വത്തിന്നു പ്രാധാന്യം കൊടുത്തു ഒരു നാടിന്റെ ജീവനായി തുടരുന്ന ജീവന്‍ മാശായി നേരിരുന്ന വെല്ലുവിളികളും ആശങ്കളും വായനകാരന്റെ ഹൃദയത്തില്‍ തട്ടി തന്നെ കടന്നു പോകും. കാലം എത്ര പുരോഗമിച്ചാലും എത്ര ഫലപ്രദമായ മരുന്നുകളും ഗവേഷണങ്ങളും നടന്നാലും മൃത്യു അതിനെല്ലാം ഉപരിയാണ് എന്ന് അറിയാമെങ്കിലും വായനയില്‍ ഒരുപടി മുമ്പേ തന്നെ മൃത്യു മുന്നോട്ടു നില്‍ക്കുന്നു എന്ന് വായന ബോധ്യപ്പെടുത്തി തരുന്നു.
""സൃഷ്ടി കര്‍മ്മത്തില്‍ മുഴുകിയിരുന്ന ബ്രഹ്മാവ് അനിയന്ത്രിതമായ സൃഷ്ടിയാല്‍ നിറഞ്ഞു കവിഞ്ഞ ഭൂമിയുടെ വിലാപം കേട്ടാണു മൃത്യു കന്യയെ സൃഷ്ടിക്കുന്നത്.സംഹാരമാണു തന്റെ ലക്ഷ്യമെന്നറിഞ്ഞ ദേവത ബന്ധുജനങ്ങളുടെ ഹൃദയമലിയിക്കുന്ന കരച്ചിലില്‍ നിന്നും,കാഴ്ചകളില്‍ നിന്നും തനിക്കൊരു ജീവനെയും എടുക്കാന്‍ സാദ്ധ്യമല്ലെന്നു പറഞ്ഞു വിലപിച്ചതിന്റെ ഫലമായി അദ്ദേഹം അവളെ അന്ധയും,ബധിരയുമാക്കുന്നു.യഥാസമയം എത്തിച്ചേരേണ്ട സ്ഥലങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടു പോവാന്‍ മക്കളായി രോഗങ്ങളെയും അദ്ദേഹം സൃഷ്ടിച്ചു നല്‍കി.അതിനാല്‍ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ മനുഷ്യ ശരീരത്തിലേക്ക് മൃത്യുവിനു കടക്കാനായി എപ്പോഴും ഒരു വാതില്‍ തുറന്നിട്ടിട്ടുണ്ടാവും.അതു അറിഞ്ഞോ അറിയാതെയുള്ള അശ്രദ്ധ,മദ്യപാനം,കാമം,മാത്സര്യം തുടങ്ങി കര്‍മ്മഫലങ്ങള്‍ എന്തുമാവാം.അതിലൂടെ രോഗങ്ങളാല്‍ നയിക്കപ്പെട്ടു പിംഗള കേശിനിയായി മന്ദം മന്ദം അവള്‍ വന്നെത്തും" ഈ സങ്കല്‍പ്പത്തിലൂടെ വായന പുരോഗമിക്കുമ്പോള്‍ തീര്‍ച്ചയായും പറയാം ഇതൊരു ഇന്ത്യന്‍ ക്ലാസ്സിക്‌ തന്നെ എന്ന്.പലരും പലവട്ടം വായനയ്ക്കായി നിര്‍ദേശിച്ചതാണ് നല്ല വായന എപ്പോളും വൈകാറാണല്ലോ പതിവ് അത് ഇന്നും പാലിക്കുന്നു. സന്തോഷത്തോടെ ഒരു വായനകൂടി അവസാനിക്കുന്നു.


പബ്ലിഷര്‍ : മാത്രുഭൂമി
വില : 300



Friday, December 11, 2015

കരിക്കോട്ടക്കരി



അധികാര കുടുംബത്തില്‍ കറുത്തവനായി ജനിച്ച ഇറാനിമോസിനെ മുന്നില്‍ നിര്‍ത്തി ക്രിസ്ത്യന്‍ കുടിയേറ്റവും, ദളിത്‌ ക്രൈസ്തവ ജീവിതവും നോവലായി മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഈയിടെ വായിച്ച ഏറ്റവും നല്ല വായനയായി ഈ ബുക്ക്‌ മാറപ്പെടുകയായിരുന്നു. വെളുത്ത കുടുംബത്തില്‍ കറുത്തവനായി ജനിച്ച ഇറാനിമോസിന്റെ മാനസികമായ വ്യഥകളും പിരിമുറുക്കങ്ങളും അവഗണനകളും കരികോട്ടക്കരിയിലേക്ക് അവനെ നയിക്കുകയായിരുന്നു. ഉന്നതമായ അധികാര കുടുംബത്തില്‍ നിന്നും കരിക്കോട്ടക്കരിയിലെത്തുന്ന ഇറാനിമോസിനെ കാത്തിരുന്നത് ഈ നോവലില്‍ ഏറ്റവും പ്രധാനപ്പെട്ട നിക്കോളാസ് അച്ഛനും സ്വന്തം സുഹൃത്തുമായിരുന്നു. അവിടെ നിന്നും കഥ ഗതിമാറി ഒഴുകാന്‍ തുടങ്ങുകയാണ്. ജാര സന്തതി എന്ന പാപഭാരത്തില്‍ നിന്ന് മുക്തിനേടാന്‍ സ്വന്തം തായ് വേരുകള്‍ തേടി അലയുന്ന ഇറാനിമോസ് ഓരോ വായനക്കരനെയും വായനയുടെ പ്രത്യേക തലങ്ങളില്‍ എത്തിച്ചിരിക്കും. കരിക്കോട്ടക്കരിയിലെ ജീവിതത്തിലൂടെ കഥ മുന്നോട്ടു പോകുമ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി ഗതി മാറി വായന എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.പന്നിയച്ചന്‍,യോന്നാച്ചന്‍,സെബാന്‍,എമിലി ചേച്ചി,സണ്ണി ചേട്ടന്‍,ബിന്ദു ,കണ്ണു കാണാത്ത മരങ്ങനും, കപ്ലിയും, വെളുത്തച്ഛന്‍, ചാഞ്ചന്‍ വല്യച്ചന്‍,കണ്ണമ്മ ചേച്ചി, സ്വന്തം അച്ഛനും അമ്മയും എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികവോടെ വായനയില്‍ ഒരു വശ്യത തീര്‍ക്കുന്നു. അത് തന്നെയാവും തുടര്‍ച്ചയായി കണ്ണുകളെടുക്കാതെ വായിച്ചു തീര്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചതും.

"കണ്ണമ്മ ചേച്ചി ചീന്തിയ ഒരു വാഴയിലയില്‍ നെല്ലും ചെമ്പരത്തി പൂക്കളും തല വെട്ടിയ ഒരു കരിക്കും എന്റെ കയ്യില്‍ തന്നു. "വല്യപ്പച്ചന് കൊണ്ട് പോയി കൊടുക്ക്‌". ചേച്ചി ഇലവുമരത്തിന്റെ നേരെ നോക്കി നെഞ്ചില്‍ കൈവെച്ചു. കരിക്കുമായി ചെല്ലുമ്പോള്‍ വല്യച്ഛന്‍ വടിയിലൂന്നി കുത്തിയിരിക്കുകയായിരുന്നു.കൈകൊണ്ടു എന്നോടും ഇരിക്കാന്‍ ആംഗ്യം കാട്ടി. വല്യച്ഛന്‍ അവ്യക്തമായ ഒരു മരണഗാനം ഇഴഞ്ഞ് പാടാന്‍ തുടങ്ങി. പാട്ടിനിടയില്‍ നെല്‍മണികള്‍ വാരി കല്ലുകള്‍ക്ക് നേരെ എറിഞ്ഞു. പിന്നെ ഓരോ ചെമ്പരത്തിപ്പൂവെടുത്തു ഇതള്‍ പറിച്ചെറിഞ്ഞു. അവസാന ഇതളും എറിഞ്ഞു കഴിഞ്ഞു കല്ലുകള്‍ക്ക് നേരെ മരിച്ചത് പോലെ കുമ്പിട്ടു വീണു " എന്നെ സ്പര്‍ശിച്ച ഈ വരികളുടെ അര്‍ത്ഥമറിയണമെങ്കില്‍ , അതിന്റെ ആഴവും പരപ്പും അതേ വികാരത്തോടെ അനുഭവിക്കണമെങ്കില്‍ ഈ വായനയെ നെഞ്ചിലേറ്റുക തന്നെ വേണം. ഇന്നത്തെ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും മതമാറ്റ പ്രവര്‍ത്തങ്ങള്‍ സുലഭമായി നടന്നു പോകുമ്പോള്‍ പുലയ- ക്രൈസ്തവ അധികാരമാറ്റവും മതമാറ്റ വിഷയവും , അതില്‍ തെറ്റു തിരിച്ചറിഞ്ഞു അതില്‍ നിന്നുള്ള ഒരു തിരിച്ചു പോക്കും ഇത്ര ധീരതയോടെ നോവലായി അവതരിപ്പിക്കാന്‍ എടുത്ത ചങ്കൂറ്റത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല. " ഈറ്റു ചേട്ടായിക്കറിയോ ഈ കാരിക്കോട്ടകരിയിലെ എല്ലാ മനുഷ്യ ജീവികളും ആഗ്രഹികുന്നത് പുലയരാവാനാ.. നിവൃത്തിക്കേട്‌ കൊണ്ട് മാത്രമാ എല്ലാവരും ക്രിസ്ത്യാനിയായിരിക്കുന്നതും ഞാനീ പള്ളീടെ കീഴില്‍ പണിയെടുക്കുന്നതും" എല്ലാം ഈ വാക്കുകളില്‍ അതെല്ലാം നോവലിസ്റ്റ് വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ഒരു പ്രണയം അവിടെ തകരുന്നെകിലും വായനക്കിടയില്‍ മനസ്സില്‍ തട്ടിയ വാക്കുകള്‍ വായനയെ കൂടുതല്‍ വികാര ഭരിതമാക്കി.

എടുത്തു പറയാന്‍ ഒരുപാട് സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഈ വായനയുടെ ക്ലൈമാക്സ് എടുത്തു പറയേണ്ടത് തന്നെയാണ്. ഇത്ര മനോഹരമായി ഇതില്‍ കൂടുതല്‍ ഈ നോവല്‍ അവസാനിപ്പിക്കാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ എന്റെ പരിമിതമായ വായനാശീലം വെച്ച് എനിക്ക് കഴിയില്ല എന്ന് തീര്‍ച്ചപ്പെടുത്തുന്നു . "ഞാനീ മേലോത്ത് തന്നെയുണ്ടാകും ക്രിസ്ത്യാനിയായല്ല പുലയനായി" ഇറാനിമോസ് അവസാനം പ്രഖ്യാപിക്കുന്നു. ജാതി രാഷ്ട്രീയം കേരളത്തില്‍ വലിയ കോളിളക്കങ്ങള്‍ക്ക് വഴി തുറക്കുന്ന ഈ സമയത്ത് ഈ നോവലിനെ വിലയിരുത്താന് വായനക്കാരന് വിട്ടു കൊടുക്കുന്നു .നന്ദി നന്ദി നന്ദി ഇങ്ങനെ ഒരു വായനയെ ഞങ്ങള്‍ക്കായി കാത്തു വെച്ചതിന്. തീര്‍ച്ചയായും വായിക്കപ്പെടേണ്ട പുസ്തകം. തികഞ്ഞ സന്തോഷത്തോടെ സൌഹൃദങ്ങള്‍ക്ക് വായനക്കായി മുന്നില്‍ വെയ്ക്കുന്നു.

ഡി.സി .ബുക്സ്
വില:100 രൂപ

Saturday, November 7, 2015

ഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍



പ്രിയ സുഹൃത്തിന് ആദ്യമേ അഭിനന്ദനങ്ങള്‍. തനി നാടന്‍ ഭാഷയുടെ ചാരുതയും, ഗ്രാമീണ ഹൃദയ തുടിപ്പുകള്‍ വ്യക്തമായി വരച്ചുകാട്ടി ഗൃഹാതുരമായ ഓര്‍മ്മയിലൂടെ എന്നെയും നയിച്ച്‌ വേറിട്ട ഒരു വായാനാനുഭവം സമ്മാനിച്ചതിന് നന്ദി. ബാല്യവും പ്രണയവും,ജീവിതവും, കെട്ടുപിണഞ്ഞു നിലാവത്ത് അലയാന്‍ വിട്ട ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവരിക തന്നെയായിരുന്നു വായനയിലെ ഓരോ മുഹൂര്‍ത്തങ്ങളും. ആദ്യം മുതലുള്ള ഒഴുക്ക് അവസാന ഭാഗങ്ങളിലേക്കടുക്കുമ്പോള്‍ വേഗത കൂടി നിയന്ത്രിക്കാന്‍ വായനകാരന്‍ വല്ലാതെ വിയര്‍ക്കുക തന്നെ ചെയ്യും. നിരഞ്ജനയോടടുക്കുമ്പോള്‍ വായനയുടെ തീവ്രവായ ഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിന്റെ വായനാനുഭവം മനസ്സില്‍ തങ്ങി നില്‍ക്കുന്നത് കൊണ്ടാകും തലമുറയുടെ കഥപറയുമ്പോള്‍ നിരഞ്ജനയടക്കം പലതും ചുരുക്കി എഴുതപ്പെട്ടു എന്ന് തോന്നിപോകുന്നു. വ്യക്തമായ വിവരണം വായിച്ചറിയാനുള്ള വായനക്കാരന്റെ ആഗ്രഹം പങ്കുവെച്ചു എന്ന് കണക്കാക്കി ആ വിഷയം അവസാനിപ്പിക്കുന്നു.എങ്കിലും കാലഘട്ടങ്ങളിലൂടെ വളര്‍ച്ചയും,ചരിത്രങ്ങളും വ്യക്തമായി രേഖപ്പെടുത്തുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.  ഉമ്മയും,ഉപ്പയും,ഒത്തുപള്ളിയും,അയ്‌ലക്കുന്നും,സീമന്തിനി ദേവിയും,ബി.എം.എസ്സും, സെയ്ത് മൊല്ലാക്കയുമെല്ലാം അതിനു കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട്‌.  മലബാര്‍ കലാപം,കലഹാന്തര കാലം, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരൂന്നല്‍, അടിയന്തരാവസ്ഥകാലം, മത തീവ്രവാദത്തിന്റെ കാലം, എന്നിങ്ങനെ കാലഘട്ടത്തിന്റെ കഥ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ തനി നാടന്‍ ശൈലിയില്‍ വിവരിക്കുമ്പോള്‍ ഇത് വായനക്കപ്പുറവും ഓര്‍മ്മയിലെ ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകളായി അവശേഷിക്കുന്നു.പലതും പെട്ടന്ന് പറഞ്ഞു നിര്‍ത്തി എന്ന തോന്നല്‍ ബാക്കി നിര്‍ത്തി വായനയെ ഇഷ്ട്ടത്തോടെ നെഞ്ചോടു ചേര്‍ക്കുന്നു.

Wednesday, October 28, 2015

കാടും ക്യാമറയും



നാട്ടില്‍ നിന്നും പുതിയ ബുക്കുകള്‍ എത്തി ആദ്യം തന്നെ നസീര്‍ ഇക്കയുടെ കാടും ക്യാമറയും തന്നെ വായനയ്ക്കായി തിരഞ്ഞെടുത്തു. ആയിരം രൂപ എന്ന വില കേട്ടപ്പോള്‍ ഉള്ളടക്കവും അതിലെ ചിത്രങ്ങളും ഒരിക്കലും നിരാശ സമ്മാനിക്കില്ല എന്ന വിശ്വാസം കാടിനെ ചെന്ന് തൊടുമ്പോള്‍ വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകുന്നതെ ഉള്ളൂ. മൊത്തമായി ആര്‍ട്ട്‌ പേപ്പറില്‍ ആണ് ബുക്ക്‌ നമുക്ക് മുന്നില്‍ എത്തിയിട്ടുള്ളത് അത് തന്നെ ആവണം വില ഇത്രയ്ക്ക് കൂടാന്‍ കാരണം . ഈ ബുക്ക്‌ ഒരു ദൃശ്യ വിരുന്നു തന്നെയാണ്, ഇതിലെ ഓരോ ചിത്രങ്ങള്‍ക്ക് പിന്നിലും ഒരു മനുഷ്യന്റെ കാടിനോടുള്ള പ്രണയമുണ്ട്, വ്യതിചലിച്ചു പോകുന്ന പ്രകൃതി സ്നേഹത്തിനു നല്‍കപ്പെടെണ്ടി വരുന്ന ഭാവിയിലേക്കുള്ള ഭീഷണികളുടെ അടയാളങ്ങളുണ്ട്,  ഇനിയും നന്മകള്‍ ബാക്കിനിര്‍ത്തി പ്രകൃതിയിലേക്ക് തിരിഞ്ഞു നടക്കാന്‍ പ്രേരിപ്പിക്കുന്ന മനോഹാരിതയുണ്ട്. കാട്ടു പുഴയോരങ്ങളിലും പാറകെട്ടുകളിലും ഏറുമാടങ്ങളിലും ആദിവാസി കുടിലുകളിലും തങ്ങി, കാടിനേയും പുഴയേയും മഞ്ഞിനേയും വെയിലിനെയും മഴയെയും നിലാവിനെയും നക്ഷത്രങ്ങളെയും സൂര്യാസ്തമയങ്ങളെയും കണ്ടു മടങ്ങി മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ കാടിന്റെ വശ്യമാനോഹാരിതയില്‍ ജീവിച്ചു ആ അനുഭവങ്ങളും ചിത്രങ്ങളും വായനയിലൂടെ ഓരോ വായനക്കാരയെയും സ്വാദീനിച്ചു, ആ കാടനുഭവങ്ങളുടെ കുളിര്‍മകള്‍ പ്രകൃതി സംരക്ഷണയുടെ ആവിശ്യകതയിലേക്ക് ഓരോ വായനക്കാരനെയും തീര്‍ച്ചയായും എത്തിച്ചിരിക്കും . അത് തന്നെയാവണം ഈ ബുക്കിന്റെ വിജയവും. വേനലില്‍ രാത്രികാലങ്ങളില്‍ ഇത്രയും ദൂരങ്ങള്‍ താണ്ടി അരുവികളിലും പുഴകളിലും കുഴികളെടുത്തു മൃഗങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് കാടിനെ ചെന്ന് തൊടുമ്പോള്‍ എന്ന ആദ്യ പുസ്തകത്തില്‍ വായിച്ചറിഞ്ഞപ്പോള്‍ മുതല്‍ അറിയാതെ ആഗ്രഹിച്ചു പോയാതാണ് താങ്കളെ ഒരിക്കലെങ്കിലും നേരില്‍ കാണണമെന്ന്.

ഇനിയും നമ്മില്‍ ബാക്കിയായിട്ടുള്ള ശിലായുഗവബോധത്തിന്റെ ചാരം മൂടികിടക്കുന്ന കനലുകളെ ഊതിപ്പെരുപ്പിച്ച് അത് ഒരു തീയായ് വളര്‍ന്നു തിടം വെച്ച് തങ്ങളുടെ ജീവിതവീക്ഷണങ്ങളെ മാറ്റി മറിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു പാട് പേര്‍ക്ക് പ്രചോദനമാണ് താങ്കള്‍. ആദ്യ ബുക്കില്‍ വിവരിച്ചിട്ടുള്ള നീലഗിരി മാര്‍ട്ടിന്‍, തവളയാന്‍ പക്ഷി,വെള്ള കാട്ടു പോത്ത് അങ്ങനെ പലതും വീണ്ടും ഈ ബൂക്കിലും ആവര്‍ത്തിച്ചതിനു പകരം അറിയപ്പെടാത്ത പലതും ഉള്‍പ്പെടുത്തമായിരുന്നു എന്ന് തോന്നി കാരണം കാടും കാടിന്റെ വശ്യതയിലും ജീവിക്കുന്ന അങ്ങേയ്ക്ക് കാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ പറഞ്ഞാല്‍ തീരാത്തത്ര അനുഭവസമ്പത്ത് ഉണ്ടാവും എന്നാ പൂര്‍ണ്ണ വിശ്വാസത്തില്‍ ആണ് ഇങ്ങനെ ചിന്തിക്കേണ്ടി വന്നത് എന്ന്കൂടി അറിയിക്കട്ടെ. "വന്യജീവി ഫോട്ടോഗ്രാഫി ഒരു ധ്യാനമാണ്. കാടെന്ന മഹാദ്ഭുതത്തിലേക്കുള്ള ലയനം. അവിടെ ക്യമാറയില്ല, ഫോട്ടോഗ്രാഫറില്ല മുന്‍വിധികളൊന്നുമില്ല, കണക്കു കൂട്ടലുകള്‍ക്കൊന്നും തന്നെ സ്ഥാനമില്ല അവിടെ എല്ലാം സംഭവിക്കുകയാണ്" കാടിനെ ഇത്രയെയേറെ സ്നേഹിക്കുന്ന ഈ വാക്കുകള്‍ ശ്രദ്ധിക്കപ്പെടെണ്ടത് തന്നെയാണ്. കാടിനെ സമീപികേണ്ട രീതി.ഫോട്ടോഗ്രാഫി,ക്യാമറകള്‍, ലെന്‍സുകള്‍,വസ്ത്രങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഉപകാരപ്രദം തന്നെ. കാടിന്റെ ആത്മാവും ഹൃദയമിടിപ്പുകളും ഇത്രത്തോളം എന്നെ സ്വാദീനിച്ച വേറെ വായന എന്നില്‍ ഉണ്ടായിട്ടില്ല.
ആ നല്ല മനസ്സിനു മുന്നില്‍ തലകുനിക്കുന്നു ..പ്രകൃതിയെ അറിയാന്‍, ആ വിസ്മയത്തെ അറിയാന്‍ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.

Monday, October 26, 2015

രതിസാമ്രാജ്യം



ആധുനിക ശാസ്ത്രീയ തത്വങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ആദ്യത്തെ ആധികാരിക ലൈംഗിക വിജ്ഞാനകൃതിയാണ് നാലപ്പാട്ട് നാരായണമേനോന്റെ രതി സാമ്രാജ്യം. ജീവിവര്‍ഗൈക്യം, ലിംഗഭേദ പരിണാമം,ലിംഗഭേദ വിവരണം, പുംസ്ത്രീ ഭേദം, കാമവികാരം, മതവും കാമവും, സ്വയംഭോഗം, ദിവാ സ്വപ്നം, സ്വപ്നം, നാര്‍സിസം, സ്പര്‍ശേന്ദ്രിയവും അനുരാഗവും, ശ്രവണേന്ദ്രിയവും അനുരാഗവും, ദ്രിഷ്ട്ടിയും അനുരാഗവും, സൗന്ദര്യത്തിന്റെ അംശങ്ങള്‍, അന്യര്‍ സുരതം ചെയ്യുന്നത് കാണുവാനുള്ള വാസന, സാമാന്യ സംഭോഗം, പ്രഥമസംഭോഗം, സംഭോഗത്തില്‍ ഉണ്ടാകുന്ന രതിമൂര്‍ച്ഛ, സംഭോഗനിലകള്‍, കാമ ഭ്രാന്ത്, പല തരത്തിലുള്ള രതി വൈപരീത്യങ്ങള്‍, പ്രതിമാനുരാഗം, സാഡിസവും മസോക്കിസവും, ഗുഹ്യാവയവങ്ങള്‍ തുറന്നു കാണിക്കാനുള്ള വാസന, മൃഗങ്ങളുമായുള്ള സംഭോഗം, ഉപകരണങ്ങള്‍, സ്വവര്‍ഗ്ഗഭോഗം , ഇയോണിസം ,വിവാഹം, ചാരിത്രം, സദാചാരം, ഗണികവൃത്തി, ലജ്ജ ദാമ്പത്യ സൗഖ്യം, ബഹുഭാര്യാത്വവും ഏക ഭാര്യത്വവും, സ്വതന്ത്രാനുരാഗം, ഗര്‍ഭോധാരണം, ഇരട്ട പ്രസവം തുടങ്ങി നിരവധി സങ്കീര്‍ണ്ണ വിഷയങ്ങളെ വളരെ വ്യക്തമായി തന്നെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പല വിഷയങ്ങളെ കുറിച്ചും അല്‍പ്പ ജ്ഞാനം കൈമുതലായുള്ള എല്ലാവര്‍ക്കും ഓരോ വിഷയത്തിന്റെയും അന്തസത്തയെ അറിഞ്ഞിരിക്കേണ്ടതിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്താന്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കപ്പെണ്ട മഹത്തരമായ കൃതി തന്നെയാണ് രതിസാമ്രാജ്യം. പരിണാമം മുതല്‍ ഇതില്‍ വിവരിക്കുന്ന ഓരോ വിഷയങ്ങളുടെയും ആദ്യാവസാന അക്ഷരങ്ങള്‍ മാത്രം ഗ്രഹിച്ചു അഹങ്കരിച്ചു വിഹരിക്കുന്ന നമ്മള്‍ വായനക്കപ്പുറം എത്രത്തോളം വികലമായ ചിന്തകള്‍ക്കാണ് പ്രാണന്‍ നല്‍കിയിരിക്കുന്നത് എന്നത് ചിന്തിക്കുമ്പോള്‍ തികച്ചും ലജ്ജാകരം എന്ന് വായന നമ്മെ ബോധ്യപ്പെടുത്തി തരും.

ഗര്‍ഭ ബീജത്തില്‍ നിന്നും ഒരു കുട്ടിയായി മാറപ്പെടുന്നതിന്റെ ഓരോ ദിവസങ്ങളിലൂടെയും വായന കടന്നുപോകുമ്പോള്‍ , ഇനിയും കണ്ടെന്താന്‍ കഴിയാത്ത ആഴങ്ങള്‍ ജീവന്റെ പരിണാമ രഹസ്യങ്ങള്‍ പ്രകൃതി കാത്തു സൂക്ഷിക്കുമ്പോള്‍ അറിയാതെയെങ്കിലും നാം എല്ലാം എത്രയോ നിസാരനാണ് ബോധ്യപ്പെടെണ്ടതുണ്ട്. ഇങ്ങനെ ഒരു ഗ്രന്ഥത്തിന്റെ രചനയ്ക്കായി അദ്ധേഹം നടത്തിയ പഠനങ്ങള്‍, വായിച്ച പുസ്തകങ്ങള്‍ എന്നിവയെ കുറിച്ച് അവസാനത്തില്‍ കുറിക്കുമ്പോള്‍ ആദ്യത്തെ ആധികാരിക വിജ്ഞാനകൃതി എന്ന ലേബലിനോട് യോജിക്കാതിരിക്കാന്‍ കഴിയില്ല. പല വിവരങ്ങളും പല പുസ്തകങ്ങളില്‍ വിവരണം ആണ് എന്നുള്ളത് വിമര്‍ശകര്‍ എടുത്തു കാണിക്കുന്നുണ്ട് എന്നത് മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ സദാചാര ബോധത്തെയും ലൈംഗിക ധാരണകളെയും തീര്‍ച്ചയായും  ഈ വായന തിരുത്തി കുറിക്കുക തന്നെ ചെയ്യും. വിവാഹത്തിന് മുമ്പ് ഇങ്ങനെ ഒരു വായന എന്തുകൊണ്ടും ഗുണകരമാണ് എന്ന് ഓര്‍മ്മിക്കുമ്പോള്‍ അവ്യക്തമായ പലതിനും വ്യക്തതയോടെ സമീപിക്കാം എന്ന് തെളിയിച്ചു വായനയിലെ ഒരു മുതല്‍ കൂട്ടായി ഈഗ്രന്ഥത്തിനെ മാറ്റി നിര്‍ത്താം.