Wednesday, October 28, 2015

കാടും ക്യാമറയുംനാട്ടില്‍ നിന്നും പുതിയ ബുക്കുകള്‍ എത്തി ആദ്യം തന്നെ നസീര്‍ ഇക്കയുടെ കാടും ക്യാമറയും തന്നെ വായനയ്ക്കായി തിരഞ്ഞെടുത്തു. ആയിരം രൂപ എന്ന വില കേട്ടപ്പോള്‍ ഉള്ളടക്കവും അതിലെ ചിത്രങ്ങളും ഒരിക്കലും നിരാശ സമ്മാനിക്കില്ല എന്ന വിശ്വാസം കാടിനെ ചെന്ന് തൊടുമ്പോള്‍ വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകുന്നതെ ഉള്ളൂ. മൊത്തമായി ആര്‍ട്ട്‌ പേപ്പറില്‍ ആണ് ബുക്ക്‌ നമുക്ക് മുന്നില്‍ എത്തിയിട്ടുള്ളത് അത് തന്നെ ആവണം വില ഇത്രയ്ക്ക് കൂടാന്‍ കാരണം . ഈ ബുക്ക്‌ ഒരു ദൃശ്യ വിരുന്നു തന്നെയാണ്, ഇതിലെ ഓരോ ചിത്രങ്ങള്‍ക്ക് പിന്നിലും ഒരു മനുഷ്യന്റെ കാടിനോടുള്ള പ്രണയമുണ്ട്, വ്യതിചലിച്ചു പോകുന്ന പ്രകൃതി സ്നേഹത്തിനു നല്‍കപ്പെടെണ്ടി വരുന്ന ഭാവിയിലേക്കുള്ള ഭീഷണികളുടെ അടയാളങ്ങളുണ്ട്,  ഇനിയും നന്മകള്‍ ബാക്കിനിര്‍ത്തി പ്രകൃതിയിലേക്ക് തിരിഞ്ഞു നടക്കാന്‍ പ്രേരിപ്പിക്കുന്ന മനോഹാരിതയുണ്ട്. കാട്ടു പുഴയോരങ്ങളിലും പാറകെട്ടുകളിലും ഏറുമാടങ്ങളിലും ആദിവാസി കുടിലുകളിലും തങ്ങി, കാടിനേയും പുഴയേയും മഞ്ഞിനേയും വെയിലിനെയും മഴയെയും നിലാവിനെയും നക്ഷത്രങ്ങളെയും സൂര്യാസ്തമയങ്ങളെയും കണ്ടു മടങ്ങി മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ കാടിന്റെ വശ്യമാനോഹാരിതയില്‍ ജീവിച്ചു ആ അനുഭവങ്ങളും ചിത്രങ്ങളും വായനയിലൂടെ ഓരോ വായനക്കാരയെയും സ്വാദീനിച്ചു, ആ കാടനുഭവങ്ങളുടെ കുളിര്‍മകള്‍ പ്രകൃതി സംരക്ഷണയുടെ ആവിശ്യകതയിലേക്ക് ഓരോ വായനക്കാരനെയും തീര്‍ച്ചയായും എത്തിച്ചിരിക്കും . അത് തന്നെയാവണം ഈ ബുക്കിന്റെ വിജയവും. വേനലില്‍ രാത്രികാലങ്ങളില്‍ ഇത്രയും ദൂരങ്ങള്‍ താണ്ടി അരുവികളിലും പുഴകളിലും കുഴികളെടുത്തു മൃഗങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് കാടിനെ ചെന്ന് തൊടുമ്പോള്‍ എന്ന ആദ്യ പുസ്തകത്തില്‍ വായിച്ചറിഞ്ഞപ്പോള്‍ മുതല്‍ അറിയാതെ ആഗ്രഹിച്ചു പോയാതാണ് താങ്കളെ ഒരിക്കലെങ്കിലും നേരില്‍ കാണണമെന്ന്.

ഇനിയും നമ്മില്‍ ബാക്കിയായിട്ടുള്ള ശിലായുഗവബോധത്തിന്റെ ചാരം മൂടികിടക്കുന്ന കനലുകളെ ഊതിപ്പെരുപ്പിച്ച് അത് ഒരു തീയായ് വളര്‍ന്നു തിടം വെച്ച് തങ്ങളുടെ ജീവിതവീക്ഷണങ്ങളെ മാറ്റി മറിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു പാട് പേര്‍ക്ക് പ്രചോദനമാണ് താങ്കള്‍. ആദ്യ ബുക്കില്‍ വിവരിച്ചിട്ടുള്ള നീലഗിരി മാര്‍ട്ടിന്‍, തവളയാന്‍ പക്ഷി,വെള്ള കാട്ടു പോത്ത് അങ്ങനെ പലതും വീണ്ടും ഈ ബൂക്കിലും ആവര്‍ത്തിച്ചതിനു പകരം അറിയപ്പെടാത്ത പലതും ഉള്‍പ്പെടുത്തമായിരുന്നു എന്ന് തോന്നി കാരണം കാടും കാടിന്റെ വശ്യതയിലും ജീവിക്കുന്ന അങ്ങേയ്ക്ക് കാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ പറഞ്ഞാല്‍ തീരാത്തത്ര അനുഭവസമ്പത്ത് ഉണ്ടാവും എന്നാ പൂര്‍ണ്ണ വിശ്വാസത്തില്‍ ആണ് ഇങ്ങനെ ചിന്തിക്കേണ്ടി വന്നത് എന്ന്കൂടി അറിയിക്കട്ടെ. "വന്യജീവി ഫോട്ടോഗ്രാഫി ഒരു ധ്യാനമാണ്. കാടെന്ന മഹാദ്ഭുതത്തിലേക്കുള്ള ലയനം. അവിടെ ക്യമാറയില്ല, ഫോട്ടോഗ്രാഫറില്ല മുന്‍വിധികളൊന്നുമില്ല, കണക്കു കൂട്ടലുകള്‍ക്കൊന്നും തന്നെ സ്ഥാനമില്ല അവിടെ എല്ലാം സംഭവിക്കുകയാണ്" കാടിനെ ഇത്രയെയേറെ സ്നേഹിക്കുന്ന ഈ വാക്കുകള്‍ ശ്രദ്ധിക്കപ്പെടെണ്ടത് തന്നെയാണ്. കാടിനെ സമീപികേണ്ട രീതി.ഫോട്ടോഗ്രാഫി,ക്യാമറകള്‍, ലെന്‍സുകള്‍,വസ്ത്രങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഉപകാരപ്രദം തന്നെ. കാടിന്റെ ആത്മാവും ഹൃദയമിടിപ്പുകളും ഇത്രത്തോളം എന്നെ സ്വാദീനിച്ച വേറെ വായന എന്നില്‍ ഉണ്ടായിട്ടില്ല.
ആ നല്ല മനസ്സിനു മുന്നില്‍ തലകുനിക്കുന്നു ..പ്രകൃതിയെ അറിയാന്‍, ആ വിസ്മയത്തെ അറിയാന്‍ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.

Monday, October 26, 2015

രതിസാമ്രാജ്യംആധുനിക ശാസ്ത്രീയ തത്വങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ആദ്യത്തെ ആധികാരിക ലൈംഗിക വിജ്ഞാനകൃതിയാണ് നാലപ്പാട്ട് നാരായണമേനോന്റെ രതി സാമ്രാജ്യം. ജീവിവര്‍ഗൈക്യം, ലിംഗഭേദ പരിണാമം,ലിംഗഭേദ വിവരണം, പുംസ്ത്രീ ഭേദം, കാമവികാരം, മതവും കാമവും, സ്വയംഭോഗം, ദിവാ സ്വപ്നം, സ്വപ്നം, നാര്‍സിസം, സ്പര്‍ശേന്ദ്രിയവും അനുരാഗവും, ശ്രവണേന്ദ്രിയവും അനുരാഗവും, ദ്രിഷ്ട്ടിയും അനുരാഗവും, സൗന്ദര്യത്തിന്റെ അംശങ്ങള്‍, അന്യര്‍ സുരതം ചെയ്യുന്നത് കാണുവാനുള്ള വാസന, സാമാന്യ സംഭോഗം, പ്രഥമസംഭോഗം, സംഭോഗത്തില്‍ ഉണ്ടാകുന്ന രതിമൂര്‍ച്ഛ, സംഭോഗനിലകള്‍, കാമ ഭ്രാന്ത്, പല തരത്തിലുള്ള രതി വൈപരീത്യങ്ങള്‍, പ്രതിമാനുരാഗം, സാഡിസവും മസോക്കിസവും, ഗുഹ്യാവയവങ്ങള്‍ തുറന്നു കാണിക്കാനുള്ള വാസന, മൃഗങ്ങളുമായുള്ള സംഭോഗം, ഉപകരണങ്ങള്‍, സ്വവര്‍ഗ്ഗഭോഗം , ഇയോണിസം ,വിവാഹം, ചാരിത്രം, സദാചാരം, ഗണികവൃത്തി, ലജ്ജ ദാമ്പത്യ സൗഖ്യം, ബഹുഭാര്യാത്വവും ഏക ഭാര്യത്വവും, സ്വതന്ത്രാനുരാഗം, ഗര്‍ഭോധാരണം, ഇരട്ട പ്രസവം തുടങ്ങി നിരവധി സങ്കീര്‍ണ്ണ വിഷയങ്ങളെ വളരെ വ്യക്തമായി തന്നെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പല വിഷയങ്ങളെ കുറിച്ചും അല്‍പ്പ ജ്ഞാനം കൈമുതലായുള്ള എല്ലാവര്‍ക്കും ഓരോ വിഷയത്തിന്റെയും അന്തസത്തയെ അറിഞ്ഞിരിക്കേണ്ടതിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്താന്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കപ്പെണ്ട മഹത്തരമായ കൃതി തന്നെയാണ് രതിസാമ്രാജ്യം. പരിണാമം മുതല്‍ ഇതില്‍ വിവരിക്കുന്ന ഓരോ വിഷയങ്ങളുടെയും ആദ്യാവസാന അക്ഷരങ്ങള്‍ മാത്രം ഗ്രഹിച്ചു അഹങ്കരിച്ചു വിഹരിക്കുന്ന നമ്മള്‍ വായനക്കപ്പുറം എത്രത്തോളം വികലമായ ചിന്തകള്‍ക്കാണ് പ്രാണന്‍ നല്‍കിയിരിക്കുന്നത് എന്നത് ചിന്തിക്കുമ്പോള്‍ തികച്ചും ലജ്ജാകരം എന്ന് വായന നമ്മെ ബോധ്യപ്പെടുത്തി തരും.

ഗര്‍ഭ ബീജത്തില്‍ നിന്നും ഒരു കുട്ടിയായി മാറപ്പെടുന്നതിന്റെ ഓരോ ദിവസങ്ങളിലൂടെയും വായന കടന്നുപോകുമ്പോള്‍ , ഇനിയും കണ്ടെന്താന്‍ കഴിയാത്ത ആഴങ്ങള്‍ ജീവന്റെ പരിണാമ രഹസ്യങ്ങള്‍ പ്രകൃതി കാത്തു സൂക്ഷിക്കുമ്പോള്‍ അറിയാതെയെങ്കിലും നാം എല്ലാം എത്രയോ നിസാരനാണ് ബോധ്യപ്പെടെണ്ടതുണ്ട്. ഇങ്ങനെ ഒരു ഗ്രന്ഥത്തിന്റെ രചനയ്ക്കായി അദ്ധേഹം നടത്തിയ പഠനങ്ങള്‍, വായിച്ച പുസ്തകങ്ങള്‍ എന്നിവയെ കുറിച്ച് അവസാനത്തില്‍ കുറിക്കുമ്പോള്‍ ആദ്യത്തെ ആധികാരിക വിജ്ഞാനകൃതി എന്ന ലേബലിനോട് യോജിക്കാതിരിക്കാന്‍ കഴിയില്ല. പല വിവരങ്ങളും പല പുസ്തകങ്ങളില്‍ വിവരണം ആണ് എന്നുള്ളത് വിമര്‍ശകര്‍ എടുത്തു കാണിക്കുന്നുണ്ട് എന്നത് മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ സദാചാര ബോധത്തെയും ലൈംഗിക ധാരണകളെയും തീര്‍ച്ചയായും  ഈ വായന തിരുത്തി കുറിക്കുക തന്നെ ചെയ്യും. വിവാഹത്തിന് മുമ്പ് ഇങ്ങനെ ഒരു വായന എന്തുകൊണ്ടും ഗുണകരമാണ് എന്ന് ഓര്‍മ്മിക്കുമ്പോള്‍ അവ്യക്തമായ പലതിനും വ്യക്തതയോടെ സമീപിക്കാം എന്ന് തെളിയിച്ചു വായനയിലെ ഒരു മുതല്‍ കൂട്ടായി ഈഗ്രന്ഥത്തിനെ മാറ്റി നിര്‍ത്താം.

Tuesday, October 20, 2015

നിഹാരയുടെ കിളിക്കൂട്ഷാജഹാന്‍ നന്മണ്ടയുടെ പതിനഞ്ചു കഥകള്‍ പ്രവാസത്തിന്റെ നെടുവീര്‍പ്പുകള്‍ക്കിടയിലൂടെ കടന്നുപോകവേ ഒട്ടും നിരാശപ്പെടുത്താതെ വായിച്ചു തീര്‍ത്തു. പ്രവാസത്തിന്റെ ഈ വികാരത്തിന് അടിമപ്പെട്ട് പലപ്പോളും ഇത്തരം വിങ്ങലുകള്‍ അനുഭവപ്പെട്ടിട്ടുണ്ടങ്കിലും അവയെല്ലാം ഒരു കഥാരൂപത്തിലേക്ക് ആവാഹിക്കുമ്പോള്‍ വായന വിരസമാകാതെ പൂര്‍ത്തിയാക്കാന്‍ വായനക്കാരന് തീര്‍ച്ചയായും കഴിയും. പ്രവാസത്തിന്റെ തീച്ചൂളകള്‍ക്ക് മുകളില്‍ കാലം പുരോഗതിയെ കൂട്ടുപിടിക്കുമ്പോള്‍ വികാരങ്ങളുടെ തീവ്രത ഒരു പാട് കുറഞ്ഞു പോകുന്നുണ്ടെന്ന് എന്റെ പ്രവാസം എന്നെ പഠിപ്പിക്കുന്നുണ്ട്. അത് ഉള്‍ക്കൊണ്ട്‌ തന്നെയാണ് ഓരോ കഥകളും ഞാന്‍ വായിച്ചു തീര്‍ത്തതും. കടപ്പാടിന്റെ ഓര്‍മ്മയക്ക്‌, ബസ്രയിലെ ക്ഷത്രിയന്‍ എന്നിവ എന്റെ വായനയില്‍ കൂടുതല്‍ തെളിഞ്ഞു നില്‍ക്കുമ്പോള്‍ എന്നെ ഒരുപാട് അതിശയിപ്പിച്ച മറ്റൊരു കാര്യം കഥകളില്‍ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ പേരുകള്‍ ആണ്. കാരണം എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ള എന്നെങ്കിലും ഒരിക്കല്‍ ജീവിതത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി കുറിക്കപ്പെട്ട പേരുകളില്‍ പലതും പല കഥകളിലായി അവതരിപ്പിച്ചത് തികച്ചും ഹൃദ്യമായി തോന്നി.
"ഞാന്‍ മരിച്ചാല്‍ എന്റെ കണ്ണുകള്‍ ചിത്രശലഭങ്ങള്‍ക്ക് പകുത്തു കൊടുക്കുക, കാതുകള്‍ കാറ്റിനും" എന്ന വാചകം ചിത്ര ശലഭങ്ങള്‍ പകുത്ത കണ്ണുകള്‍ എന്നാ കഥയില്‍ നിന്നും എടുത്തു പറയാവുന്ന വാക്കുകളായി തോന്നി. പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്ത ആളിന് എന്റെ പ്രത്യക അഭിനന്ദങ്ങള്‍ 

സ്നേഹം മുറിച്ചോരിവെയ്ക്കും നേരത്ത് ജീവിതം ഉച്ചയോടടുക്കുമ്പോള്‍ എന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് തോല്‍വിയുടെ കഥയാണ് പറയാനുണ്ടാകുക. കാലത്തിന്റെ വാത്സല്യവും ആരോ കല്‍പ്പിച്ചു വെച്ച പ്രമാണം പോലെ എനിക്കുമുണ്ടായിരുന്നു. ഒരു പറിച്ചു നടലിന്റെ നിയോഗവും അവിടെ എന്റെ കഷ്ട്ടം കുടിവെയ്ക്കപ്പെട്ടു കഥനം മുളചേര്‍ക്കപ്പെട്ട എന്നിലെ വര്‍ണ്ണങ്ങളും വാക്കുകളും മുറിച്ചെറിയപ്പെട്ട വെട്ടിയാലും തുണ്ടുകൂടുന്ന ജീവന്റെ തുടിതാളം കൊണ്ട് മെനെഞ്ഞടുത്ത പ്രവാസ ജാതകത്തിന്റെ മിഴിനീരോപ്പുന്ന ഈ കഥകള്‍ ഈ വൈകിയ വേളയില്‍ തികഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്നു. പ്രിയ കഥാകൃത്തിന് അഭിനന്ദങ്ങള്‍ ...

Monday, October 19, 2015

THE MUSEUM OF INNOCENCEപ്രണയമെന്ന വികാരത്തെ വായിച്ചറിഞ്ഞതോ അനുഭവിച്ചറിഞ്ഞതോ ആയ ചിന്തകള്‍ അസ്തമിക്കുന്നിടത്തുനിന്നാണ് ഈ നോവല്‍ സത്യത്തില്‍ ആരംഭിക്കുന്നത്. ഇത്രത്തോളം തീവ്രമായി, ഭ്രാന്താത്മകമായി പ്രണയത്തെ വായിച്ചെടുക്കുമ്പോള്‍ എന്റെ പരിമിത വായനയിലെ ഏറ്റവും സുന്ദരമായ ഒരു വായനയിലൂടെയായിരുന്നു ഞാന്‍ കടന്നുപോയിക്കൊണ്ടിരുന്നത്. 1970-ലെ ഇസ്താംബൂളിലെ പശ്ചാത്തലത്തില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്, സമ്പന്നനായ കെമാല്‍ എന്ന മുപ്പതുകാരന്റെ വിവാഹനിശ്ചയത്തിനപ്പുറം അകന്ന ബന്ധത്തില്‍പ്പെട്ട സെയില്‍സ് ഗേള്‍ ആയ ഫ്യൂസനെ കണ്ടുമുട്ടുന്നത് മുതല്‍ കന്യകാത്വത്തിന്റെ അതില്‍ വരമ്പുകള്‍ ഭേദിച്ച് പ്രണയം തളിര്‍ക്കുന്നതും ,നഷ്ട്ടപ്പെടുന്നതും, തിരിച്ചുപിടിക്കുന്നതും, കാത്തിരിപ്പുകളുടെ വിങ്ങുന്ന വേദനകളും, ഒടുവില്‍ സ്വന്തം പ്രണയത്തിന്റെ ഒര്‍മ്മകളുറങ്ങുന്ന ഒരു ചിത്രശാലയുടെ വേദനാജനകമായ നിര്‍മാണവുമാണ് നോവലിന്റെ ഇതിവൃത്തം.

 കെമാല്‍ ബേ തങ്ങളുടെ ആഗ്രഹങ്ങള്‍ പോലെ ഫ്യൂസന്റെ ഓര്‍മ്മകള്‍ അന്തിയുറങ്ങുന്ന, താങ്കളുടെ മുപ്പതു വര്‍ഷത്തെ പ്രണയ ശേഖരങ്ങള്‍, അവയ്ക്ക് പിന്നിലെ അതേ വേദനകളും സന്തോഷങ്ങളും അതേ തീവ്രതയും കാത്തു സൂക്ഷിച്ചു ഒരു മ്യൂസിയമായി മാറ്റപ്പെട്ടിരിക്കുന്നു. വായനക്കപ്പുറം ഓരോ വായനക്കാരനും ഈ പ്രണത്തെ തിരിച്ചറിഞ്ഞു താങ്കളുടെ നിഷ്കളങ്കമായ ചിത്രശാല തേടിവരിക തന്നെ ചെയ്യും. അത്രയ്ക്ക് വികാര സാന്ദ്രമായി താങ്കളുടെ ആഗ്രഹംപോലെ ഒരു സന്ദര്‍ഭങ്ങളും ഒര്‍ഹാന്‍ പമുക് കുറിച്ച് വെച്ചിട്ടുണ്ട്. ഇനി ആ പ്രണയമാകുന്ന മ്യൂസിയത്തിലേക്കുള്ള വായനക്കാരന്റെ പ്രയാണമാണ്. പ്രണയമെന്നത് ഗാഢമായ ശ്രദ്ധയാണ്, സഹാനുഭൂതിയാണ്. ഇത് ലൈലാ-മജ്നുവിന്റെയും ,ഹസന്‍-ആസകയുടെയും കഥ പോലെ പ്രണയിനികളുടെ വെറും കഥയല്ലന്നും വായനക്കാരന്‍ ഇവിടെ തിരിച്ചറിയുന്നു. വായനയുടെ അവസാനങ്ങളില്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ടും ഇളകിമറിയുന്ന മനസ്സുകൊണ്ടും താളുകള്‍ മറിക്കപ്പെടുമ്പോള്‍ കെമാല്‍ ബേ താങ്കളുടെ പ്രണയത്തിനു മുന്നില്‍, കാത്തിരുന്ന വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കിടയില്‍ പ്രണയത്തിന്റെ നീരൊഴുക്കുമായി ആ തെരുവില്‍ അലഞ്ഞ വേദനകള്‍ക്ക് മുന്നില്‍, അവശേഷിച്ച ചിത്രശാലയിലെ ഓര്‍മകള്‍ക്ക് മുന്നില്‍ അറിയാതെ ശിരസ്സ്‌ കുനിഞ്ഞു പോകുന്നു.വലിയ പുസ്തകത്തിനോടുള്ള എന്റെ ആവേശത്തിന് ഒരിക്കല്‍ കൂടി കൂറ് പുലര്‍ത്തി എന്നെ ആകര്‍ഷിച്ച പ്രണയ പുസ്തകങ്ങളുടെ മുന്‍ നിരയിലേക്ക് ഈ വായനയെ ഞാന്‍ മാറ്റി നിര്‍ത്തുന്നു.

Saturday, October 3, 2015

THE MOONSTONEഇംഗ്ലീഷ് സാഹിത്യത്തിലെ പ്രഥമ അപ സര്‍പ്പക നോവലെന്ന് കണക്കാക്കുന്ന കൃതി. ഭാരതത്തില്‍ നിന്നും ഒരു ബ്രട്ടീഷ് ഓഫീസര്‍ കടത്തികൊണ്ടു പോയ അപൂര്‍വ്വ അമൂല്യ രത്നം വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനില്‍ നിന്നും കളവു പോകുന്നതും തുടര്‍ന്നുള്ള അന്വേഷങ്ങള്‍ ഉദ്വോഗജനകമായ സംഭവപരമ്പരകള്‍ക്കാണ് തുടക്കം കുറിക്കുന്നതും. ആദ്യം മുതല്‍ അവസാനം വരെ പൂര്‍ണ്ണമായും സസ്പെന്‍സ് കാത്തു ശൂക്ഷിച്ചു ഇന്ത്യക്കാര്‍ വജ്രകല്ല് ഭാരതത്തില്‍ എത്തിക്കുമ്പോളെക്കും വില്‍കി കോളിന്‍സ് എന്ന സാഹിത്യകാരനുമൊപ്പം വായനക്കാരന്‍ അതേ മാനസികമായ ആകാംക്ഷകളോടെ ഏകദേശം അറനൂറു താളുകള്‍ പിന്നിട്ടിരിക്കും . 

അന്വേഷണ സാഹിത്യവും സസ്പെന്‍സുകളും ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നോവല്‍.1799- മുതല്‍ 1850 വരെയുള്ള കാലഘട്ടത്തില്‍ ആണ് കഥ നടക്കുന്നത് ഇന്ത്യന്‍ പുരാവൃത്ത കഥകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന ചതുര്‍ഭുജനായ ഒരു ദൈവത്തിന്റെ നെറ്റിയില്‍ വിലസിയിരുന്ന ചന്ദ്രകാന്തകല്ല്‌ പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗിസ്നിയുടെ അക്രമകാലത്ത് സോമനാഥ് ക്ഷേത്രത്തില്‍ നിന്നും ബനാറസ്സിലേക്ക് അതിവിദഗ്ദമായി മാറ്റപ്പെടുകയും ആ പവിത്ര രത്നം സംരക്ഷിക്കാന്‍ കാലാകാലങ്ങളായി മൂന്നു ബ്രാമണന്‍ മാരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. കാലങ്ങള്‍ക്കപ്പുറം തലമുറകള്‍ മാറി മാറി വജ്രകല്ലിനെ സംരക്ഷിച്ചു കൊണ്ടിരിക്കുകയും പതിനെട്ടാം നൂറ്റാണ്ടില്‍ മുഗള്‍ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്ത് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഒരു സേനാധിപന്‍ വജ്രകല്ല് കൈക്കലാക്കുകയും ഇംഗ്ലണ്ടിലേക്ക് കടത്തുകയും ചെയ്യുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത് അവസാനം സംരക്ഷണ ചുമതലയുള്ള ബ്രാമണന്‍മാരുടെ തലമുറകള്‍ വിജയകരമായി വജ്രകല്ല് തിരിച്ചെടുക്കുന്നതും അതിനിടയില്‍ സംഭവിക്കുന്നതായ വിഷയങ്ങളാണ് നോവലിന്റെ ഇതിവൃത്തം 

നോവല്‍ ആവസാനിക്കുന്നതിന് മുമ്പ് ആ മോഷണം തെളിയിക്കുന്ന രംഗം മാത്രം ചെറിയ അഭംഗിയായി അവതരിപ്പിച്ചു എന്നാ അഭിപ്രായം മാറ്റി നിര്‍ത്തിയാല്‍, ഘട്ടം ഘട്ടമായി വായനയെ കൊണ്ട് പോകുന്ന രീതിയും, പത്തിരുപത്തഞ്ച് കഥാപാത്രങ്ങളും അവരുടെ വെളിപ്പെടുത്തലുകളും പലയിടത്തുമായി പ്രതിപാദിച്ചു അവസാനം എല്ലാം കൂട്ടിയോജിപ്പിച്ച് സസ്പെന്‍സുകളും ആകാംഷകളും ബാക്കി നിര്‍ത്തി പാതി വഴിയില്‍ ഒരിക്കലും വായന അവസാനിപ്പിക്കാന്‍ കഴിയാത്ത രീതില്‍ വായന മുന്നേറുമ്പോള്‍ ഒരു കുറ്റാന്വേഷണ നോവലില്‍ നിന്നും ഒരു വായനക്കാരന് ലഭിക്കുന്ന എല്ലാ വായനാനുഭവവും ഈ വായനയിലും പൂര്‍ണ്ണമായും എന്നെ തേടിവന്നു എന്ന്‍ തിരിച്ചറിയുന്നു.

കഴുമരംമരണം!
എന്റെ നിശബ്ദതയെ നെരിച്ചമര്‍ത്തികൊണ്ട് മരണം ഒരു പെരുമ്പാമ്പിനെപോലെ ഇഴഞ്ഞു കയറുന്നു. എനിക്കിപ്പോള്‍ ഭയമില്ല. എന്റെ മുഖത്ത് ആനന്ദത്തിന്റെ അവസാന കേളി തുടങ്ങാന്‍ പോകുകയാണ്. വരൂ എന്റെ മിത്രമേ, നിനക്ക് സ്വാഗതം എന്ന് ഞാന്‍ മന്ത്രിച്ചു.ഞാനെന്തു മാറിയിരിക്കുന്നു.

ഓര്‍മകളിലേക്ക് പറന്നു പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. കഷ്ട്ടം,ചിറകുകള്‍ കരിഞ്ഞമര്‍ന്നിരിക്കുന്നു. ഒരു പക്ഷിയുടെ അവസാന പിടച്ചില്‍ പോലൊന്നു നെഞ്ചിനുള്ളില്‍ ഞരങ്ങുന്നുണ്ട്. അസ്ഥികള്‍ നുറുങ്ങി അമരുന്നതിന്റെ വേദന എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. എങ്കിലും എന്റെ മുഖത്ത് നിന്നും ആനന്ദത്തിന്റെ തെളിദീപം കെട്ടുപോയിട്ടില്ല.
അകലെ നിന്ന് ഒരു വെളിച്ചം എന്നെ ലക്ഷ്യമാക്കിവരുന്നത്‌ പോലെ. അതെ, പ്രകാശത്തിന്റെ അവസാന നൃത്തം സമാരംഭിക്കാന്‍ പോകുന്നു. എനിക്ക് ചുറ്റും ഒരു ദീപപ്രഭ വിരിഞ്ഞു. അതിനപ്പുറം നക്ഷത്രമുഖമുള്ള പെണ്‍കുട്ടിയുടെ ചടുല നൃത്തം. അത് കണ്ടു നില്‍ക്കുന്ന എന്റെ കൂട്ടുകാര്‍, ഇവെരെല്ലാം എപ്പോളാണ് എവിടെ വന്നത്. ഞാന്‍ ആരെയും ക്ഷണിച്ചില്ലല്ലോ. ഇന്നെന്റെ ജന്മദിനമാണോ, വിവാഹ വാര്‍ഷികമോ മറ്റോ ആണോ?


കഴു മരത്തിലേക്ക് കൊരുത്തു കെട്ടിയ വര്‍ണ്ണ തൂവലുകള്‍. കാറ്റിലിളകുമ്പോള്‍ അതൊരു ഉദ്യാനം പോലെ തോന്നുന്നു. ഇനി എല്ലാവരും കാത്തിരിക്കുന്നത് എന്റെ പ്രേത നൃത്തം കാണാനാണ്. അതിനു അനുയോജ്യമായ വേഷം ധരിച്ചാണ് ഞാനിവിടെ നില്‍ക്കുന്നത്. അരങ്ങൊരുങ്ങി കഴിഞ്ഞാല്‍ ഞാന്‍ നൃത്തം തുടങ്ങുകയായി.

ആരുടേയും കാരുണ്യം ഞാന്‍ ഇനി പ്രതീക്ഷിക്കുന്നില്ല. കാരുണ്യം എന്ന പദം തന്നെ മനുഷ്യരുടെ ഇടയിലെ ഒരു ശുദ്ധ തട്ടിപ്പാണ്. ദൈവത്തിന്റെ കാരുണ്യം ഞാന്‍ അവസാനം വരെയും പ്രതീക്ഷിക്കും. എനിക്കതില്‍ പ്രതീക്ഷയുണ്ട്. എന്നെ സൃഷ്ട്ടിച്ച ദൈവത്തിനു മാത്രമേ എന്നെ നയിക്കുവാനും കൊല്ലുവാനും കഴിയൂ. അല്ലാതുള്ളതെല്ലാം ശുദ്ധ തട്ടിപ്പാണ്. പക്ഷേ എന്നെ സൃഷ്ട്ടിച്ച ദൈവം ഇന്നെവിടെയാണ്‌. എന്നെ രക്ഷിക്കാനായി ആ കൈകള്‍ ഒരുങ്ങി നില്‍ക്കുകയാണോ ? ആ കൈകള്‍ ശക്തിയില്ല എന്ന് വരുമോ? ആര്‍ക്കറിയാം അതിന്റെ രഹസ്യങ്ങള്‍?
പുരോഹിതന്റെ കയ്യില്‍ നിന്നും കുരിശുവാങ്ങി ഞാന്‍ അമര്‍ത്തി ചുംബിച്ചു. കരുണാമയനായ ദൈവമേ എനിക്ക് മാപ്പ് തരണേ! എനിക്ക് മാപ്പ് തരണേ !
കുരുശില്‍ നിന്നും മുഖമുയര്‍ത്തി ഞാന്‍ മുന്‍പോട്ടു നോക്കി

കഴുമരം !

അതെന്റെനേര്‍ക്ക്‌ മെല്ലെ ചലിക്കുന്നുണ്ടായിരുന്നു.
മരിക്കാന്‍ പോകുന്നവന്റെ വികാരം ഇത്ര തീവ്രമായി വരച്ചിടുമ്പോള്‍ വിക്റ്റര്‍ യൂഗോ വീണ്ടും വീണ്ടും ഉന്നതങ്ങള്‍ കയ്യടക്കുന്നു. ചെറുതെങ്കിലും വലിയ വായന സമ്മാനിച്ച് ,മനസ്സു കീഴടക്കിയ സുന്ദര വായന