Saturday, July 25, 2015

മുല്ലപ്പൂനിറമുള്ള പകലുകള്‍

ആദ്യം വായിക്കപ്പെടെണ്ടത് മുല്ലപ്പൂ നിറമുള്ള പകലുകള്‍ തന്നെ .സമീറ എത്ര മനോഹരമായാണ് നിന്നെ ചിത്രീകരിച്ചിരിക്കുന്നത് ,ബഹ്റിനിലെ മുല്ലപ്പൂ വിപ്ലവിത്തിന്റെ ഇടയില്‍ എന്നെ തേടിയെത്തിയ അനുഭങ്ങള്‍ നിന്നെ വായിക്കുമ്പോള്‍ എത്രയോ അകലെയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു .ജീവിതത്തിലും സമരത്തിലും തോറ്റുപോയവര്‍ക്ക് ,വിജയങ്ങള്‍ക്കായ് ദാഹിച്ചിരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ നോവല്‍ സമര്‍പ്പിക്കപ്പെടെണ്ടത് തന്നെ .ഒരു പക്ഷേ ജീവിതവും മരണവും സംഗീതവും പ്രണയവും എല്ലാം വായിക്കപ്പെടുമ്പോള്‍ ,സമീറ നിന്നിലൂടെ ഒരിക്കല്‍ കൂടി രചയിതാവ് വിജയിച്ചിരിക്കുന്നു , ഈ സമരങ്ങള്‍ ഓരോന്നും ഓരോ തീ കനലുകള്‍ ആണ് .അണച്ചാലും അണച്ചാലും നീറി നീറി ഒരിക്കല്‍ അത് ആളി കത്തുകതന്നെ ചെയ്യും കാലം നമുക്ക് മുന്നില്‍ അത് തെളിയിച്ചു കൊണ്ടിരിക്കുന്നു .......

അല്‍ അറേബിയന്‍ നോവല്‍ ഫാക്ടറി

അറബ് ജീവിതവും അവരുടെ ജനാധിപത്യത്തിനും അവകാശങ്ങല്‍ക്കുമായുള്ള വിപ്ലവങ്ങളും പരാജയങ്ങളും എല്ലാം വളരെ മനോഹരമായി തന്നെ നോവലിൽ അവതരിപ്പിക്കുന്നു . മഞ്ഞവെയിൽ മരണങ്ങളിൽ എന്ന പോലെ വായനയിലുടനീളം ഒരു സർപ്രൈസ് നിലനിര്‍ത്താൻ കഴിഞ്ഞു എന്നത് കൊണ്ടും, ഈ അറബു ജീവിതങ്ങളുമായി കുറച്ചു വർഷത്തെ ജീവിത പരിചയമുള്ളതു കൊണ്ടും നോവലിസ്റ്റിന്റെ വരികളോട് നീതി പുലര്‍ത്താന്‍ വായനക്കായി എന്നതുമാവാം ഈ വായനയെ ഇഷ്ട്ടപ്പെടാന്‍ എന്നെ നിര്‍ബന്ധിതനാക്കിയ കാരണങ്ങള്‍ .അത് തന്നെയാണ് തുടര്‍ച്ചയായി എട്ടു മണികൂര്‍ കൊണ്ട് വായിച്ചു തീര്‍ക്കാന്‍ എന്നെ പ്രേരിതനാക്കിയതും ,എന്നാല്‍ മഞ്ഞ വെയില്‍ മരണങ്ങളിലെ പോലെ അവസാനം ചെറിയ നിരാശ ഇല്ലാതെ തന്നെ ഈ നോവല്‍ പൂര്‍ത്തിയാകാന്‍ വായനക്കാരന് കഴിയുന്നു എന്നത് ബെന്യാമിന്റെ വിജയം തന്നെ എന്ന് അനുമാനിക്കാം .ജാസ്മിന്‍ ചെറിയ വേദനയായി മനസ്സില്‍ അവശേഷിപ്പിച്ചു ഇനി സമീറയുടെ നിരോധിക്കപ്പെട്ട മുല്ലപ്പൂ നിറമുള്ള പകലുകളിലേക്ക് ....

ദത്താപഹാരം


ഒരു പക്ഷേ ഈ കൃതിയും നസീര്‍ ഇക്കയുടെ കാടിനെ ചെന്ന് തൊടുമ്പോള്‍ എന്ന കൃതിയും കൂട്ടി വായിക്കപ്പെടെണ്ടാതാണ് എന്ന് തോന്നുന്നു ,
ഇതിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും സ്വന്തം ഉള്ളിലേക്കുള്ള ഒരു തിരിച്ചു പോക്ക് തന്നെ ആവാം വിളിച്ചോതുന്നത്‌ , ചോര ശാസ്ത്രവും ,ദത്താപഹാരവും ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന പുറപ്പാടിന്റെ പുസ്തകവും എല്ലാം തികച്ചും വ്യത്യസ്ഥമായ അവതരണം കൊണ്ട് വായനക്കാരെ അതിശയിപ്പിക്കുന്നതാണ് ,എന്തായാലും ചോരശാസ്തത്തെക്കാള്‍ ഒരു പടി മുന്നില്‍ തന്നെ ദത്താപഹാരം

കാടിനെ ചെന്ന് തൊടുമ്പോള്‍

വായനയില്‍ ഉടനീളവും ഓരോ വരികളും മനസ്സിനെ വന്നു തൊടുന്നുണ്ടായിരുന്നു ,പ്രകൃതിയെ സ്നേഹിക്കുന്ന ഓരോ മനുഷ്യനും തീര്‍ച്ചയും വായിച്ചിരിക്കേണ്ട പുസ്തകം ,പലപ്പോളും നസീര്‍ ഇക്കയുടെ മനോഹരമായ ഫോട്ടോകള്‍ കാണാറുണ്ടങ്കിലും അതിലും വിശാലമായ അദ്ധേഹത്തിന്റെ മനസ്സ് ഓരോ വരികളിലൂടെയും വായിച്ചെടുക്കുകയായിരുന്നു ഞാന്‍ .ഓരോ യാത്രകളിലും സത്യത്തില്‍ അദ്ദേഹം കാടിനെ ചെന്ന് തൊടുകതന്നെ ആയിരിക്കണം . നമുക്ക് തരുന്ന ഓരോ മുന്നറിയിപ്പുകളുമായി താളുകള്‍ മറിയുമ്പോള്‍ പലപ്പോളും ഇതുപോലെ ഒരു ജീവിതം ആഗ്രഹിച്ചു പോകുന്നു .ഈ വായന സമ്മാനിച്ച മനോഭാവത്തോടെ പുതിയ യാത്രകള്‍ തിരുത്താം ശ്രമിക്കാം ഞാനും, താങ്കളെപോലെ ഉള്ളവരാണ് പുതു തലമുറകള്‍ക്ക് പ്രചോദനമായി ചൂണ്ടി കാണിക്കപ്പെടെണ്ടത് പ്രകൃതിക്കും മനുഷ്യനും ഇടയില്‍ വികസനത്തിന്റെ പേരിലെ വിടവ് കൂടി വരുന്ന ഈ കാലത്തില്‍ താങ്കളും ഈ വരികളും ഞങ്ങള്‍ക്ക് പ്രചോദനമാകട്ടെ .....

ഒതപ്പ്

ഒരു ആവശേത്തോടെ വായിച്ചു തീര്‍ത്ത നോവല്‍ ,സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കള്‍ എന്ന നോവലിനേക്കാള്‍ എത്രയോ മനോഹരമായ കൃതി ,തിരുവസ്ത്രത്തിന്റെ പരിധിക്കപ്പുറം മാനുഷ്യക മൂല്യങ്ങള്‍ക്ക് വേണ്ടി പോരാടിയ മാര്‍ഗലീത്തയും ,ഫ്രാന്‍സിസ് കരീക്കനും കുറച്ചു ദിവസങ്ങള്‍ എങ്കിലും മനസ്സില്‍ ജീവിച്ചിരിക്കും ,സത്യസന്ധത കൊണ്ട് വഴിമാറിപോയ ജീവിതവും അതിനോട് പടപൊരുതിയ ഒരു സ്ത്രീ ജീവിതവും നമ്മെ പലതും പഠിപ്പിക്കുന്നുണ്ട് ,ഇത് പോലെ എത്രയോ മാര്‍ഗലീത്തമാര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ടാകാം, അല്ലങ്കില്‍ ജീവിച്ചു മരിച്ചിട്ടുണ്ടാകാം , നോവലിന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വേര്‍പിരിയല്‍ പര്യവസാനം ഇതൊക്കെ തന്നെയായിരിക്കും ഈ നോവലിന്റെ വിജയവും എന്നെ സന്തോഷിപ്പിച്ച ഘടകങ്ങളും ...

മനുഷ്യന് ഒരു ആമുഖം

ഇതൊരു യാത്രയാണ് ഓരോ താളുകളും മറിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങളുമായി വായന നമ്മെ മുന്നോട്ടു നയിക്കുന്നു . വിവര്‍ത്തന ശൈലി കൊണ്ട് ഓരോ കഥാപാത്രങ്ങളും എന്നിലൂടെ ജീവിച്ചു മരിച്ച അനുഭൂതിയുമായി വായന അവസാനിക്കുമ്പോള്‍ നോവലിനെ കുറിച്ചെഴുതാന്‍ ആ വരികള്‍ തന്നെ കടമെടുക്കുന്നു

"ധീരനും സ്വതന്ത്രനും സർവ്വോപരി സർഗ്ഗാത്മകനുമായ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷം കൊണ്ട് ,ഭീരുവും പരതന്ത്രനുമായിത്തീർന് ,സ്വന്തം സൃഷ്ടിപരത വംശവൃധിക്കുവേണ്ടി മാത്രം ചെലവിട്ട് ,ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്നതിനെയാണ് മനുഷ്യജീവിതം എന്ന് പറയുന്നതെങ്കിൽ പ്രിയപ്പെട്ടവളെ,മനുഷ്യനായിപ്പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല ."

മൂന്നാമിടങ്ങള്‍

ചെറിയ ഒരു ഇടവേളയ്ക്കു ശേഷമുള്ള ആദ്യ വായന ... മൂന്നാമിടങ്ങൾ ....
വ്യത്യസ്ഥമായ പ്രമേയം ...വായനയുടെ അവസാനങ്ങളിൽ ആണ് ശീർഷകത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നത്‌ .
അവതരണ മികവു കൊണ്ട് തന്നെ വായനക്കിടയിൽ ഒരിക്കൽ പോലും നിരാശപ്പെടുത്തിയില്ല ...
ആശംസകൾ മണിയേട്ടാ ... ഹൃദയം തട്ടിയുള്ള അഭിനന്ദങ്ങൾ ..

അന്ധകാരനഴി

വിപ്ലവത്തിന്റെ നെരിപ്പോടില്‍ സ്വന്തം വാക്കുകളെ ഊതിക്കാച്ചിയ കാല്പ്പനികനായ ഒരു കവിയുടെയും ,വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ക്ക് കാതോര്‍ത്തു ആയുധമെടുത്ത ഒരു വിപ്ലവകാരിയുടെയും ജീവിത വിപര്യയങ്ങളിലൂടെ അധികാരത്തിന്റെ ജീര്‍ണ്ണതകളെ ആവിഷ്കരിക്കുന്ന നോവല്‍ ,പ്രത്യയ ശാസ്ത്രത്തിന്റെ പ്രായോഗിക വൈകല്യങ്ങള്‍ക്ക് പോലും ന്യായീകരണങ്ങള്‍ തീരത്ത് അന്ധകാരത്തിന്റെ തുരുത്തില്‍ അഭയം തേടുന്ന വിപ്ലവകാരി പോയകാലത്തിന്റെ നിഷ്ഫലമായ രാഷ്ട്രീയ വേനലുകളെ ഓര്‍മ്മപ്പെടുത്തുന്നു .....
ബെന്യാമന്റെ മഞ്ഞ വെയില്‍ മരണങ്ങള്‍ക്ക് ശേഷം അതേ വികാരത്തോടെ വായിച്ചു തീര്‍ത്ത മലയാളത്തിലെ അടുത്ത നോവല്‍
അന്ധകാരനഴി .....

ഡോണ്‍ ശാന്തമായി ഒഴുകുന്നു

റഷ്യന്‍ സാഹിത്യത്തിലെ വിശ്വസാഹിത്യം തിരിച്ചറിഞ്ഞ എക്കാലത്തെയും മികച്ച സാഹിത്യകാരന്‍ മിഖയേല്‍ ഷോളോകോവ് , ഒക്ടോബര്‍ വിപ്ലവത്തിന്റെയും അതേ തുടര്‍ന്നുണ്ടായ ഭീകരമായ ജന സഹനത്തിന്റെയും നേര്‍സാക്ഷ്യമെന്നു വായനാലോകം വിധി എഴുതിയ ഗ്രന്ഥം .
കുറച്ചു ദിവസമായി ഒരു കൊസ്സാക്കായിരുന്നു ,റഷ്യയിലെ ഡോണ്‍ നദീതടത്തിലൂടെ ,അവരുടെ മഞ്ഞു വീഴുന്ന പുലര്‍ക്കാലത്തിലെ ദിനചര്യകളുമായി, ചരിത്രവും ,യുദ്ധ രംഗങ്ങളും ,ഗ്രാമീണ ജീവിതവും ,രാഷ്ട്രീയ പരിപ്രവര്‍ത്തനങ്ങളും എല്ലാം എല്ലാമായി ഒരു സഞ്ചാരം
ചിലയിടങ്ങള്‍ വായന കൈവിട്ടു പോയതോഴിച്ചാല്‍ നല്ല ഗ്രന്ഥം , 

പറുദീസാ നഷ്ട്ടം

അത്താഴം കഴിഞ്ഞു ജോസഫും ഭാര്യയും മകനും കൂടി ഉറങ്ങാന്‍ കിടക്കുകയായിരുന്നു .ഓഫീസ് ആവിശ്യത്തിനായ് മൂന്നു നാല് ദിവസം വിട്ടു നിന്നതിനു ശേഷമുള്ള ആദ്യത്തെ സഹ ശയനത്തില്‍ മകനുറങ്ങുന്നതും കാത്ത് ഭാര്യ ഭര്‍ത്താക്കന്മാര്‍ തൊട്ടു തൊട്ടു കിടന്നു.കളിപ്പാട്ടങ്ങളെ കുറിച്ചും ,സഹപാഠിയായ നീല നിക്കറിട്ട ഒരു സിംഹത്തെ കുറിച്ചും അവന്‍ പറയാന്‍ ശ്രമിച്ചങ്കിലും ആരും അതിനു ചെവി തരുന്നില്ലന്നു കണ്ടു കുട്ടി നിരാശനായി .നാല് ദിവസത്തെ ഇടവേളയ്ക്കു ശേഷം വന്ന അച്ഛനോട് പറയാനായി സംഭരിച്ചു വെച്ച കാര്യങ്ങള്‍ എല്ലാം കൂടി അവന്റെ കുഞ്ഞു മനസ്സില്‍ തിങ്ങി കൂടാന്‍ തുടങ്ങി. അച്ഛനും അമ്മയും പരസ്പരം ഉമ്മ വെയ്ക്കുന്നത് കണ്ടു ശംശയത്തോടെ നോക്കിയ അവനു രണ്ടു പേരില്‍ നിന്നും ധൃതി പിടിച്ച രണ്ടു ഉമ്മകള്‍ കിട്ടി .ഒപ്പം വേഗം ഉറങ്ങണമെന്നുള്ള സ്നേഹം നിറഞ്ഞ ശാസനയും . " ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അപ്പ ചിരിക്കരുത് " അവന്‍ കൈമുട്ടു കുത്തി ഉയര്‍ന്നു കൊണ്ട് ജോസഫിനോട് പട്ടുനൂല്‍ പൊട്ടുന്ന ശബ്ദത്തില്‍ പറഞ്ഞു ."എന്താ കാര്യം മോന്‍ വേഗം പറയൂ " ജോസഫ് അവനെ ഉത്സാഹിപ്പിച്ചു .കുറച്ചു നേരം നേരം ആലോചിച്ചിട്ട് അവന്‍ വീണ്ടും പറഞ്ഞു " വേണ്ട ,ഞാനത് പറഞ്ഞാല്‍ അപ്പ ചിരിക്കും എന്നെ കളിയാക്കും " ആ സരസ സംഭാഷണത്തില്‍ അമ്മയും കൂടി "ഇല്ല കുട്ടാ ,മോന്‍ അമ്മച്ചിയോട്‌ പറയ്‌ !" പക്ഷേ നിര്‍ബന്ധിച്ചിട്ടും അവന്‍ മിണ്ടിയില്ല .കുറച്ചു കഴിഞ്ഞു മുഖം വീര്‍പ്പിച്ചു കൊണ്ട് അവന്‍ ഉറങ്ങുന്നത് കണ്ടു അവന് ഉമ്മകള്‍ വായുവില്‍ എറിഞ്ഞു കൊടുത്തിട്ട് ജോസെഫും ഭാര്യയും ഉറങ്ങാല്‍ കിടന്നു . അതിന്റെ പിറ്റേന്ന് വെളുപ്പിനുണ്ടായ മരണത്തെ കുറിച്ചോര്‍ത്തു നടുങ്ങികൊണ്ട് ജൊസഫ് എന്നോട് പറഞ്ഞു " ഇത്ര കാലത്തിനു ശേഷം പൊടുന്നനെ ഇതാ ഇപ്പോളാണ് ഞാന്‍ ആ സംഭാഷണത്തെ കുറിച്ച് ആദ്യമായ് ഓര്‍ക്കുന്നത് .എത്ര ശ്രമിച്ചിട്ടും ഇപ്പോള്‍ എനിക്കതിന്റെ ഉത്തരം കിട്ടുന്നില്ല " ഒരു നിമിഷം നിര്‍ത്തിയിട്ടു എന്റെ കണ്ണുകളിലേക്കു ഉറ്റുനോക്കി കൊണ്ട് ജോസഫ്‌ വീണ്ടും ചോദിച്ചു : " എന്തായിരുന്നിരിക്കണം ഞാന്‍ ചിരിക്കുമെന്നു ഭയന്ന് അവന്‍ എന്നോട് പറയാതെ പോയ ആ കാര്യം? എന്തായിരുന്നിരിക്കണം അത് ?" സംഭാഷണത്തിലെ ഔപചാരിതയ്ക്കിടയില്‍ ജൊസഫ് അങ്ങനെ ചോദിച്ചു പോയതാണെങ്കിലും ആറു വയാസ്സുകാരന്‍ ജോഫിന്‍ ജോസഫ്‌ അച്ഛനമ്മമാരുടെ ചിരിയെ ഭയന്ന് ഉള്ളിലൊളിപ്പിച്ച ആ കാര്യം എന്തെന്ന് എന്റെ മനസ്സില്‍ പെട്ടെന്ന് വെള്ളിടിവെട്ടി .എന്നാല്‍ സാധാരണ മനുഷ്യരുടെ ഇടയില്‍ പാലിക്കപ്പെടുന്ന സാമാന്യ മര്യാദകളെ പുലര്‍ത്താന്‍ ഞാനത് ജോസേഫിനോട് പറഞ്ഞതേയില്ല. ഈ ഒരു വായനമതി ബുക്കിനെ വിലയിരുത്താന്‍ .....

ഖസാക്കിന്‍റെ ഇതിഹാസം

വായിക്കുംതോറും അടുക്കുന്ന പുസ്തകം

പൂട്ടിയടഞ്ഞ വാതിലില്‍ രവി ഇത്തിരി നേരം നോക്കി കുടയും സഞ്ചിയുമായി ഇറങ്ങുമ്പോള്‍ ഒരു നിമിഷത്തേക്ക് രവി കണ്ണുകള്‍ ചിമ്മി .സായാഹ്ന യാത്രകളുടെ അച്ഛാ ,രവി പറഞ്ഞു ,വിട തരുക .മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ ഈ പുനര്ജ്ജനിയിലൂടെ കൂടുവിട്ട് ഞാന്‍ വീണ്ടും യാത്രയാവുകയാണ്
തോട് മുറിച്ചു രവി നെടുവരമ്പിലൂടെ നടന്നു .കരിമ്പനയുടെ കാനലുകള്‍ ഉടിലുപോലെ പൊട്ടി വീണു .പിന്നെ മഴ തുളിച്ചു.മഴ കനത്തു പിടിച്ചു
കനക്കുന്ന മഴയിലൂടെ രവി നടന്നു
ഇടിയും മിന്നലുമില്ലാത്ത കാലവര്‍ഷത്തിന്റെ വെളുത്ത മഴമാത്രം നിന്ന് പെയ്തു .
കൂമന്‍കാവങ്ങാടിയുടെ ഏറുമാടങ്ങളത്രയും കൊടുംകാറ്റില്‍ നിലം പൊത്തിയിരുന്നു .അപ്പുറത്ത് ബസ്സുകാര്‍ ഉപയോഗിച്ചിരുന്ന ഒരു മണ്‍ പുര ഇടിഞ്ഞു വീണിരുന്നു മണ്‍ചുമരിന്റെ വലിയ കട്ടകള്‍ കുമിഞ്ഞു കിടന്നു .മാവുകളുടെ കനാലില്‍ അവ പിന്നെയും കുതിര്‍ന്നു .കൂമന്‍കാവങ്ങാടിയില്‍ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല .ആളുകളാരും അവിടെ നിന്നില്ല.എല്ലാം ശമിച്ചിരുന്നു.ഒറ്റയ്ക്ക് ,രവി അവിടെ നിന്നു ..ബസ്സുകള്‍ വരാന്‍ ഇനിയും നേരമുണ്ട് . രവി കട്ടകളെ പതുക്കെ കാലുകൊണ്ടുലര്‍ത്തി .
നീല നിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്പ്പോട്ട് നോക്കി .ഇണര്‍ന്നു പൊട്ടിയ കറുത്ത നാക്ക് പുറത്തേക്കു വെട്ടിച്ചു .പാമ്പിന്റെ പത്തിവിടരുന്നതു രവി കൗതുകത്തോടെ നോക്കി .വാത്സല്യത്തോടെ ,കാല്പടത്തില്‍ പല്ലുകള്‍ അമര്‍ന്നു .പല്ലുമുളയ്ക്കുന്ന ഉണ്ണികുട്ടന്റെ വികൃതിയാണ് .കല്പടത്തില്‍ വീണ്ടും വീണ്ടും അത് പതിഞ്ഞു ,പത്തി ചുരുക്കി ,കൗതുകത്തോടെ ,വാത്സല്യത്തോടെ ,രവിയെ നോക്കീട്ട് അവന്‍ വീണ്ടും മണ്‍കട്ടകള്‍ക്കിടയിലേക്ക് നുഴഞ്ഞു പോയി .
മഴ പെയ്യുന്നു .മഴ മാത്രമേയുള്ളൂ .കാലവര്‍ഷത്തിന്റെ വെളുത്ത മഴ .മഴ ഉറങ്ങി .മഴ ചെറുതായി .രവി ചാഞ്ഞു കിടന്നു .അയാള്‍ ചിരിച്ചു .അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം .ചുറ്റും പുല്‍കൊടികളില്‍ മുളപൊട്ടി .രോമകൂപങ്ങളിലൂടെ പുല്‍കൊടികള്‍ വളര്‍ന്നു .മുകളില്‍ ,വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി .
ബസ്സ് വരാനായി രവി കാത്തു കിടന്നു 

ബാര്‍കോഡ്

കഥകള്‍ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം ,താങ്കളെ ആദ്യമായാണ്‌ വായിക്കുന്നത് , വൈകി പോയി എന്നറിയാം
വായനയുടെ ഊര്‍ജ്ജം കൊണ്ടായിരിക്കണം ബുക്ക്‌ തീര്‍ന്നതറിഞ്ഞില്ല .
ബാക്കി ഉള്ള ബുക്സ് ഒന്നും ഞാന്‍ വാങ്ങിയില്ലല്ലോ എന്നാ സങ്കടം ബാക്കി വെച്ച്
അവയ്ക്കായ് കാത്തിരിക്കുന്നു , കഥകളില്‍ ഏറ്റവും ഹൃദ്യം മാംസഭുക്കുകള്‍ തന്നെ ..
എല്ലാവിദ ആശംസകളും സുസ്മേഷ് ഭായ് .......

അവള്‍ ഭയശങ്കയോടെ പിന്നില്‍ നിന്ന വിവേകിനെ നോക്കി സാരമില്ലന്ന മട്ടില്‍ വിവേക് ചിരിച്ചു ,അടുത്ത നിമിഷം വിവേക് എന്തോ എടുക്കുന്നത് അവള്‍ കണ്ടു .അവള്‍ക്കു ചിന്തിക്കാന്‍ ഇടും കിട്ടും മുമ്പ് വിവേക് കയ്യിലിരുന്ന ഇരുമ്പ് സിറിലിന്റെ തലയില്‍ അടിച്ചിറക്കി .തല്‍ക്ഷണം സിറില്‍ ഭാര്യക്ക് മുന്നില്‍ മറിച്ചു വീണു .പരവതാനിയില്‍ രക്തം പരക്കുന്നതും രക്തത്തിന്റെ മണ മറിഞ്ഞ കഴുകന്‍ ഇരുട്ടിലും പിന്നാലെ ബാല്‍കണിയില്‍ ചിറകടിക്കുന്നതും അവള്‍ അറിഞ്ഞു .
"വിവേക് നീ "
അമ്പരന്ന സാറയ്ക്ക് ചോദിക്കാനായോള്ളൂ ,അവന്‍ അവളെ നോക്കി ചിരിച്ചു
"ഇപ്പോളിത് ചെയ്തില്ലങ്കില്‍ കഴുകന്‍ നിന്റെ വയറും നെഞ്ചും കൊത്തി തിന്നും .എനിക്കൊന്നും ബാക്കി കിട്ടില്ല ,അടുക്കള കതകു തുറക്ക് ... കഴുകന് ചൂട് പോകാത്ത ഇറച്ചി വേണം ഇറച്ചി "
വിവേക് പറഞ്ഞു .അവള്‍ നോക്കി അല്‍പ്പം മുമ്പ് വരെ തന്റെ ഭര്‍ത്താവായിരുന്ന സിറില്‍ ദിവ്യനെ പോലെ നിലതായ് മറിച്ചു കിടക്കുന്നു
മുഖത്തൊരു പുഞ്ചിരിയുണ്ടോ അതോ തോന്നുന്നതോ ..
അവള്‍ അനങ്ങാതെ നില്‍ക്കുന്നത് കണ്ടു അക്ഷമനായ വിവേക് തനിയെ അടുക്കള വാതില്‍ തുറന്നു ,പിന്നെ അയാള്‍ സിറിലിന്റെ
ശരീരം കാലുകളില്‍ പിടിച്ചു വലിചിഴച്ചു .സാറ അത് നിശബ്ദമായ് നോക്കി നിന്നും .വലിക്കുന്നതിനിടയില്‍ സിറിലിന്റെ ഒരു ഷൂസ് ഊരി പ്പോകുന്നത് അവള്‍ കണ്ടു, അല്‍പ്പനേരം മുമ്പ് വരെ സിറിളിനോടുള്ള സ്നേഹത്തോടെ അത് അവളെടുത്തു ചെരുപ്പ് തട്ടില്‍ വെച്ചു .
കാലത്ത് താനെടുത്തു കൊടുത്ത വെള്ള നിറമുള്ള സോക്സാണ് സിറില്‍ ഇട്ടിരിക്കുന്നതെന്ന് അവള്‍ ഓര്‍മിച്ചു .രോമം കൊഴിഞ്ഞ കുമ്മായ കോലുകൊണ്ട് വലിച്ച വലിപോലെ പരവതാനിക്ക്‌ മേല്‍ രക്തത്തിന്റെ പാട് ശവം പോയ വഴിക്ക് കാണപ്പെട്ടു .
ശവത്തിന്റെ വരവ് കണ്ടു കഴുകന്‍ കനത്ത ചിറകുകള്‍ വിരിച്ചു ഭിത്തി ഭേദിക്കനോരുങ്ങി ,അത് ചിരിക്കുന്നതായിട്ടാണ് സാറയ്ക്ക് തോന്നിയത്
സിറിലിന്റെ ശരീരം വലിച്ചു കഴുകന് മുന്നിലിട്ട ശേഷം വിവേക് കതകടച്ചു.
ചിറകടിയുടെ ആരവത്തോടെയും ആഹ്ലാദത്തോടെയും ശവത്തിനുമേല്‍ പറന്നിറങ്ങിയ കഴുകന്‍ ദയയില്ലാതെ സിറിലിന്റെ നെഞ്ചു കൊത്തിപ്പറിക്കാന്‍ തുടങ്ങി .അത് നോക്കി നില്‍ക്കെ തന്റെ ചുമലില്‍ വിവേകിന്റെ കൈ ആര്‍ത്തിയോടെ പതിയുന്നത് സാറ അറിഞ്ഞു

കുടിയേറ്റക്കാരന്റെ വീട്

"ചിലപ്പോള്‍ മലയാളികളില്‍ നിന്നും അറബികള്‍ മാന്ത്രിക ജീവിതം അനുഭവിക്കുന്നത് കണ്ടിട്ടുണ്ട് .
പലയിടത്തായി ടീ ബോയായി ജോലി ചെയ്തു മക്കളെ കെട്ടിച്ചു വീടുവെച്ചു നട്ടില്‍ കാറു വാങ്ങിച്ച ഒരാളുടെതാണ് അതില്‍ ഏറ്റവും തീവ്രമായത്.ഇളയ മകളെ കല്യാണം കഴിപ്പിച്ചയച്ചു ഈ കഠിനാധ്വനി തിരിച്ചു ജിദ്ദയില്‍ എത്തിയപ്പോള്‍
ജോലി എടുക്കുന്ന ഒരു ഓഫീസറെ കല്യാണ ആല്‍ബം കാണിച്ചു.അപ്പോളാണ് സ്ഥാപനത്തിന്റെ മാനേജറായിരുന്ന അറബി ഞെട്ടിയത്
,അറബിയുടെ സങ്കല്‍പ്പത്തില്‍ ഇല്ലാത്ത വീട് ,കാറ് ,സൗകര്യങ്ങള്‍ ,മകളുടെ വിവാഹ ചടങ്ങിന്റെ സമ്പന്നത -ഇതെല്ലാം ഈ ചായക്കാരന്റെ
തന്നെയോ എന്ന് അയാള്‍ ഏറെ നേരം വാ പൊളിച്ചു നിന്നു ,ഇനി തന്നെ സര്‍ എന്ന് വിളിക്കണ്ടന്നും പറഞ്ഞു ..അത്തരത്തിലൊരു വീടുണ്ടാക്കുന്ന കാര്യം അറബി ആലോചിച്ചിരുന്നില്ല ,മലയാളിയവട്ടെ ഗള്‍ഫില്‍ വന്നിറങ്ങുമ്പോള്‍ തന്നെ തറ കെട്ടി തുടങ്ങിയിരിക്കും.
ഇടുങ്ങിയ മുറിയില്‍ ഇവിടെ ജീവിക്കുമ്പോള്‍ വിശാലമായ മുറികളും അങ്കണവും കേരളത്തിലുണ്ടാകണമെന്നു ഒരു ഗള്‍ഫ്‌കാരനും ആഗ്രഹിക്കും അങ്ങനെ രണ്ടു തരത്തില്‍ വിഭജിക്കപ്പെട്ട ജീവിതം ഒരാള്‍ തന്നെ ജീവിച്ചു തീര്‍ക്കുന്ന അസാധാരണ പ്രതിഭാസമാണ് മലയാളിയുടെ ഗള്‍ഫ്‌ അറേബ്യയിലെ ജീവിതം "
ഒരു നാല് വര്‍ഷത്തെ പ്രവാസം അനുഭവത്തില്‍ ഉള്ള എനിക്ക് പിന്നിലേക്ക്‌ തിരിച്ചു നോക്കാന്‍ പ്രരിപ്പിച്ച ബുക്ക് ആണങ്കില്‍ ഒരു ശരാശരി പ്രവാസി എങ്ങനെയാവും ഈ ബുക്കിനെ വിലയിരുത്തുക ,എഴുതിയ ഓരോ വരികളും വ്യതി ചലിക്കാതെ മുന്നോട്ട് തന്നെ വിരല്‍ ചൂണ്ടുന്നു , പ്രവാസം അതിന്റെ തീവ്രതയോടെ എന്നെ മാടിവിളിക്കുന്നു ....
എന്റെ വരികള്‍ വീണ്ടും കുറിക്കപ്പെടുമ്പോള്‍ ചോദ്യചിഹ്നങ്ങള്‍ എനിക്ക് മുന്നില്‍ തലയുയര്‍ത്തി പുഞ്ചിരിക്കുന്നുണ്ടാകണം

ഇവിടെ ഹൃദയ പാളികളിൽ
വിയർപ്പിൻ തുള്ളികൾ അന്തിയുറങ്ങുന്നു .
ആരുടെയോ വഴിതെറ്റിയ കാൽപ്പാടുകൾ
എന്നെയും വഴി തെറ്റിച്ചു ഒഴുകിക്കൊണ്ടിരിക്കുന്നു .

തിളയ്ക്കുന്ന ആകാശ ചെരുവിൽ നിന്നും
ഒഴുകിയെത്തുന്ന കാറ്റിനു
വിങ്ങുന്ന ഹൃദയങ്ങളുടെ രൂക്ഷ ഗന്ധമുണ്ട് .

പൊട്ടി ചിരിച്ചു കുലുങ്ങി ഒഴുകുന്ന പുഴയുടെ -
നിഷ്കളങ്കതകൾ ഈ വഴി വരാറില്ല
താരാട്ട് പാടുന്ന രാത്രിയുടെ
മാത്രുത്വ ഭാവങ്ങൾ ഇവിടെ കേൾക്കാറില്ല .

ചുട്ടു പഴുത്ത മണൽത്തരികളിൽ
മരണം നിഴലിക്കുന്നത് കൊണ്ടാകാം
മഴ മേഘങ്ങൾ ഇവിടെ പെയ്തൊഴിയാറില്ല .
സ്നേഹ ബന്ധങ്ങളും ,നീറുന്ന ഓർമ്മകളും
വിഡ്ഢിയായ എന്റെ സഹയാത്രികർ .

ഏകാന്തതയുടെ ശവമഞ്ചവും പേറി
ഈ വഴികളിലൂടെ ചുവടു വെക്കുമ്പോൾ
അറിയുന്നു ഞാൻ എന്നിൽ നിന്നകലുന്ന
സ്നേഹ ബന്ധങ്ങളെ കുറിച്ച് ,

എങ്കിലും ഒന്ന് മാത്രം
ഈ വിയർപ്പിൻ തുള്ളികളും
വീണുടയുന്ന ഓർമ്മകളും
സമ്മാനിക്കുന്ന പുഞ്ചിരിക്കുന്ന
കുറെ മുഖങ്ങളുണ്ടെനിക്ക്

അവരാണ് എന്റെ ജീവനും ആത്മാവും
ഉള്ളിൽ എവിടെയോ പുകയുന്ന മനസ്സിനെ
ഓർമ്മകൾ കൊണ്ട് കീഴടക്കട്ടെ ഞാൻ ,

എനിക്കായ് വിധിയെഴുതിയ നാളുകൾ
ഒരിക്കൽ ഞാൻ തിരിച്ചെടുക്കും
കണ്ണിമകളുടെ കിളിവാതിൽ തുറന്നിട്ട്‌
ഒരിക്കലും അണയാത്ത നിലവിളക്കിൽ
വേദനകളുടെ എണ്ണയൊഴിച്ച്
നാളേക്കായ് ഞാൻ കാത്തിരിക്കും

അതുവരെ നിലാവ് പരത്തുന്ന
മെഴുകുതിരിയായ് ഞാൻ എരിഞ്ഞു തീരട്ടെ

പാമ്പും കോണിയും

ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കഥ , ഉയര്‍ച്ചയും താഴ്ച്ചയും, പാമ്പും കോണിയും ഈ പേര് തന്നെ നോവലിന് സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു

സ്തീ പ്രവാസത്തെ കുറിച്ച് ആകെ ബാര്‍സ വായിച്ച പരിചയം മാത്രമുള്ള ഞാന്‍ പാമ്പും കോണിയും വായിച്ചു തുടങ്ങുമ്പോള്‍ എങ്ങനെ എറിഞ്ഞാലും നാല് കാലിലെ നില്‍ക്കൂ എന്നാ സ്വഭാവത്തിലൂടെ സാലിയുടെ ചിന്തകളും ജീവിതവും വളരെ മനോഹരമായി തന്നെ
വരച്ചിട്ടിരിക്കുന്നു, , പലപ്പോളും പ്രവാസത്തെ കുറിച്ച്മനസ്സില്‍ പറഞ്ഞു പഠിപ്പിച്ച അവസ്ഥ കൊണ്ടാകാം എന്ന് തോന്നുന്നു വായനയുടെ പകുതിയില്‍ ചെറുതായി കൈവിട്ടു പോയോ എന്നൊരു തോന്നല്‍ എനിക്കുണ്ടായത് .രണ്ടു മൂന്ന് തലമുറകളിലൂടെ വായന കടന്നു പോകുമ്പോള്‍ നോവലിനപ്പുറം കാനഡയിലെയും നാട്ടിലെയും ജീവിത സാഹചരങ്ങളിലൂടെയും എന്നെയും വലിച്ചു
വായന കടന്നു പോകുന്നുണ്ടായിരുന്നു . ഓരോ നിമിഷത്തെയും ആറ്റിക്കുറുക്കി നാല് ചുവരുകള്‍ക്കിടയില്‍ ജീവിച്ചു തീര്‍ക്കുന്ന ജീവിതത്തെ ,ഉയര്‍ച്ചയില്‍ നിന്നും താഴ്ചയിലേക്കും താഴ്ചയില്‍ നിന്നും ഉയര്ച്ചയിലേക്കും തൂങ്ങിയാടുന്ന സ്ത്രീ പ്രവാസത്തിന്റെ കാണാപുറങ്ങള്‍
സാലിയിലൂടെ തുറന്നു കാട്ടിയതിനു നിര്‍മല ചേച്ചിക്കു അഭിനന്ദങ്ങള്‍

തമോവേദം


സാത്താന്‍ ജയിക്കട്ടെ - ഞാന്‍ ഉറക്കെ പറഞ്ഞു
ചേങ്കിലകള്‍ ശബ്ദിച്ചു
ഞാന്‍ വീണ്ടും ഉറക്കെ പറഞ്ഞു : ഷെം ഹാ മെഫോറാഷ്
വിശ്വാസികള്‍ ആവേശത്തോടെ അത് ഏറ്റുചൊല്ലി
വീണ്ടും ചേങ്കിലകള്‍ ശബ്ദിച്ചു .
ലിവ്യതന്റെ പുസ്തകം തുറന്നു വെച്ച് ഞാന്‍ ഉച്ചത്തില്‍ സാത്താനെ ക്ഷണിച്ചു
അവന്‍ ഞങ്ങള്‍ക്കിടയിലെക്കെത്തുന്നത് ഞാനറഞ്ഞിരുന്നു.
അവന്റെ ഊര്‍ജ്ജം ഞങ്ങള്‍ക്കു മേല്‍ പ്രസരിച്ചു
ആവേശം സര്‍പ്പത്തെ പോലെ ഞങ്ങളുടെ നട്ടെല്ലിലൂടെ ഇഴഞ്ഞു കയറി .
വിശുദ്ദ ഗ്രന്ഥങ്ങള്‍ മേശമേല്‍ നിരത്തി വെച്ച് അതിലേക്കു തുപ്പി ,പിന്നെ അവ സദസ്സിലേക്ക്
എറിഞ്ഞു കൊടുത്തു ,ആള്‍കൂട്ടം കോപത്തോടെ അവ നിലത്തു ചവിട്ടി ,
ചിലര്‍ അതില്‍ മൂത്രമൊഴിച്ചു .തലയോട്ടിയില്‍ കരുതിയിരുന്ന ആര്‍ത്തവരക്തം കരോലിന എനിക്ക് കൈമാറി
ഞാന്‍ അത് തല കീഴായ്‌ കുരിശിലേക്കു ചെരിഞ്ഞു
ഷെം ഹാ മെഫോറാഷ്- ഞാന്‍ ഉറക്കെ പറഞ്ഞു .
സദസ്സ് അതേറ്റു പറഞ്ഞു
ചേങ്കിലകള്‍ ശബ്ദിച്ചു .
ഈനോക്കിയന്‍ ഭാഷയിലുള്ള ആദ്യത്തെ മന്ത്രം ഞാന്‍ ഉച്ചത്തില്‍ ചൊല്ലി
ഓല്‍ സോനുഫ് വാ ഓപേസാജി ,ഗോഹു ഐയാദ് ബാലതാ .
............
ഹാളിനുള്ളില്‍ സാത്താന്റെ സാന്നിധ്യം നിറഞ്ഞു
വികാരങ്ങള്‍ക്ക് തീപ്പിടിച്ചു .......

"ഒരു നെഗറ്റീവ് വായന ഇത്രയും നേരം എന്നെ പിടിച്ചിരുത്തുന്നത് ആദ്യമായി തന്നെയാണ് ...
നന്മകളെ കാറ്റില്‍ പരത്തി തിന്മകള്‍ക്കു പുതിയ അര്‍ഥങ്ങള്‍ മെനഞ്ഞു വായനകാരനെയും കൊണ്ട് കഥ സഞ്ചരിക്കുകയാണ്
ജനനം മുതല്‍ മരണം വരെ ജീവിത്തിലെ വന്നുപോയ നിമിഷങ്ങള്‍ ഒരിക്കല്‍ തിരിഞ്ഞു നോക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും
എന്ന് വായന എവിടെയോ എന്നോട് മന്ത്രിക്കുന്ന പോലെ ,ഇതുപോലെ സാത്താന്റെ സന്തതിയായി ചിലപ്പോളെങ്കിലും നാം മാറുന്നുണ്ടാകാം.
എന്തൊക്കെയായാലും വിശ്വം എന്നാ കഥാപാത്രത്തിനെ വെറുക്കാന്‍ വായനക്കാരന് കഴിയില്ല ,
അത്രക്ക് മനോഹരമായാണ് വരികള്‍ ആവിഷ്കരിച്ചിരിക്കുന്നത് ,
അതുതന്നെയാണ് നോവലിന്റെ ആത്മാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു.അവാസാനത്തിലേക്ക് കടക്കുമ്പോള്‍
രണ്ടു ദിശകളില്‍ സഞ്ചരിച്ചു ഒരു സസ്പെന്‍സോടു നോവല്‍ അവസാനിക്കുമ്പോള്‍ മനസ്സ് ശൂന്യം ......
ഒരു വത്യസ്ഥ വായാനനുഭവം സമ്മാനിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് സ്നേഹത്തോടെ നന്ദി നന്ദി നന്ദി

ദേവദാസി തെരുവുകളിലൂടെ


സൗന്തത്തി യെല്ലമ്മ ക്ഷേത്രത്തിലെ വൃദ്ധ ദേവദാസി തെരുവുകള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയാണ് .വെപ്പാട്ടികളും ഗ്രാമ വേശ്യകളും ആയി ജീവിതത്തിന്റെ നല്ല കാലം ബലി കഴിച്ചവര്‍ ഒടുവില്‍ യെല്ലമ്മയുടെ നടയ്ക്കല്‍ ഭിക്ഷാടനത്തിനിരുന്നു മരണം കിനാവ്‌ കാണുന്നു .ഭക്തിയുടെയും വിശ്വാസത്തിന്റെയും ഇരകളായ അവര്‍ ഇത്രയേറെ ദുരിതങ്ങള്‍ സഹിച്ചിട്ടും അവര്‍ യെല്ലമ്മയുടെ ഭക്തരായി കഴിയുന്നതിനു പിന്നില്‍ അന്ധമായ വിശ്വാസത്തിന്റെ കാന്ത ശക്തിയാനുള്ളത് .ദേവദാസി ജീവിതത്തിന്റെ കയ്പ്പുനീര്‍ ഏറെ കുടിച്ചവര്‍ തന്നെ അവരുടെ പെണ്മക്കളെ യല്ലമ്മ ദേവിക്ക് സമര്‍പ്പിക്കുന്നത് ഏറെ ദുരൂഹമായിരിക്കുന്നു.അഴുക്കുചാലിന്റെ ദുര്‍ഗന്ധം വമിക്കുന്ന ചേരി പ്രദേശത്താണ് പല ദേവദാസികളും താമസിക്കുന്നത് ,ദീനം പിടിച്ച കോളനിക്കകത്ത് ഇടിഞ്ഞു പൊളിഞ്ഞ ജീവിതങ്ങള്‍ ,മാനം വിറ്റിട്ടും ഒരു നേരത്തെ അന്നത്തിനു വക കിട്ടാത്തവര്‍ , ഈ ബുക്ക്‌ വായിക്കുന്നത് വരെ ഒരു ഒരു വേശ്യയുടെ അല്ലങ്കില്‍ അവരുടെ കുറച്ചു മുകളില്‍ ആയിരുന്നു എന്റെ മനസ്സില്‍ ദേവദാസികളുടെ സ്ഥാനം ,ഇന്നിപ്പോ എല്ലാം തല കുത്തനെയായി ,ഒരു കാലകെട്ടതിലും ഓരോ തലമുറകളും വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും ആ സമയത്തെ ജീവിത രീതിയെ എങ്ങനെ ബാധിക്കുന്നു എന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ പുസ്തകം , എത്ര വിചിത്രമാണ് നമ്മുടെ പൂര്‍വികള്‍ നടന്നു വന്ന പാതകള്‍, അതിലെ അഴുക്കും പേറി ഇനിയും നമ്മള്‍ എത്ര ദൂരം സഞ്ചരിക്കണം, തിരുത്തി കുറിക്കേണ്ടത്‌ എന്നായാലും കാലത്തിന്റെ ആനുകൂല്യമില്ലാതെ തിരുത്തി കുറിക്കുക തന്നെ വേണം എന്ന് ഓര്‍മ്മിക്കുന്നു വായനയുടെ അവസാന നിമിഷങ്ങള്‍

സൗണ്ട് പ്രൂഫ്‌

വളരെ ആഹ്ലാദത്തോടെയാണ്  പുസ്തകം വായിച്ചു തീര്‍ത്തത് .ബാല്യവും ,പ്രണയവും ,ഗൃഹതുരത്വവുമെല്ലാം വളരെ മനോഹരമായി വരികളിലൂടെ കുറിച്ചിട്ടത്‌ കൊണ്ട് എന്നെ പോലെയുള്ളവരെ പിടിച്ചിരുതാന്‍ അക്ഷരങ്ങള്‍ക്ക് കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടതായി വന്നു  തോന്നുന്നില്ല.എങ്കിലും ഓരോ കഥയിലും പ്രണയത്തിന്റെ, നഷട്ടത്തിന്റെ,വശ്യതയില്‍ നിന്നും മോചിതയാകാത്തതു പോലെ പലപ്പോളും വായനക്കിടയില്‍ അനുഭവപ്പെട്ടു .മഞ്ഞര്‍ളി പൂക്കളിലെ നിരഞ്ജനും ഗംഗയും കിഷനും , സ്വദേശിയിലെ ദീപ്തിയും ദിനകറും രാജീവും ഒരു നാണയത്തിലെ ഇരുവശങ്ങള്‍ പോലെ വായനക്കിടയില്‍ മുഴച്ചു നില്‍ക്കുന്നു .വരികള്‍ക്കിടയില്‍ ഇപ്പോഴും വിഷാദം മയങ്ങിക്കിടക്കുന്നത് ആരോടൊക്കെയോ പലതും  വിളിച്ചോതാന്‍ വെമ്പുന്ന മനസ്സിന്റെ ബാക്കിയായ നിശ്വാസങ്ങള്‍ ആയിരുന്നു എന്ന് വായനക്കാരന് ഊഹിച്ചെടുക്കാം .എല്ലാം കൊണ്ടും മനോഹരമായ ഉദ്യാനത്തിലെ മഞ്ഞര്‍ളി പൂക്കളുടെ മനോഹരമായ സാഹിത്യം ഞാനാകുന്ന വായനക്കാരന്റെ മനസ്സില്‍ കുറച്ചു നാളെങ്കിലും വാടാതെ പുഷ്പ്പിച്ചു തന്നെ നില്‍ക്കും .സൗണ്ട് പ്രൂഫ്‌ കഥയിലെ കഥാശം പലപ്പോളും എന്നെയും ചിന്തിപ്പിച്ച വിഷയം തന്നെ ആണ് .ഒരുപാട് നന്മകളും ,നന്മകളും ,പൈതൃകവുമെല്ലാമാണ് നിഷേദിക്കപ്പെടുന്നത് എന്ന് ഈ പ്രവാസജീവിതം എന്നില്‍ നേരിട്ട് അനുഭവപ്പെടുത്തി തന്നിട്ടുള്ളതാണ് .സ്വന്തം ജീവിതത്തില്‍ നാം സുന്ദരമെന്നു വിശ്വസിച്ചു അനുഭവിച്ചറിഞ്ഞത് പുതുതലമുറയിലേക്കു പകര്‍ത്താന്‍ നമുക്ക് കഴിയാതെ പോകുന്നു അല്ലങ്കില്‍ സാഹചര്യം നമ്മെ അതില്‍ നിന്നും വിലക്കി നിര്‍ത്തുന്നു
അയലത്തെ ഇലഞ്ഞി പൂക്കളിലെ ആ കൊച്ചു പെണ്‍കുട്ടിയും നമ്മെയെല്ലാം ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട് ,അറിഞ്ഞോ അറിയാതെയോ നാമും ഒരു പക്ഷേ പലരെയും വേദനിപ്പിച്ചു കൊണ്ടായിരിക്കും ജീവിക്കുന്നത് എന്തോ പലപ്പോളും സ്നേഹത്തിന്റെ അകലങ്ങളില്‍ എല്ലാം അറിയാതെ പോകുന്നു .അമ്മയ്ക്കുള്ള എഴുത്ത് ഈ ഒരു വിഷയം ഒരു കവിതയിലേക്ക് പടര്‍ത്താന്‍ എന്റെ മനസ്സ് മുമ്പേ ശ്രമിച്ചിരുന്നു അതും പാതിവഴിയില്‍ ഉപേക്ഷിച്ചു താങ്കളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍
" നിങ്ങള്‍ക്കും അങ്ങനെയൊരണ്ണം എഴുതിക്കൂടെ ? "
"എനിക്കതിനു കഴിയില്ല .ആസ്വദിക്കുന്നതു പോലയല്ല എഴുതുന്നത്‌ .അതിത്തിരി കടുപ്പമാണ് "
നല്ലരൊരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി .. പുതിയ വരികള്‍ എഴുതുബോളും അവയെല്ലാം പുസ്തകരൂപത്തില്‍ പറവി കൊള്ളുമ്പോളും  എന്നെയും അറിയിക്കുക
ഒരിക്കല്‍ കൂടി നന്ദി ,എല്ലാവിദ ആശംസകളും നേര്‍ന്നുകൊണ്ട്  സ്നേഹത്തോടെ ...........