Wednesday, December 16, 2015

പാണ്ഡവപുരംദേവീ ... നീ മനസ്സില്‍ നിന്നും മായുന്നില്ലല്ലോ, കുന്നുകളുടെ വിടവിലൂടെ മുഖം കറുപ്പിച്ച ആകാശം താഴേക്കിറങ്ങി വന്നു. ചാഞ്ഞു വീഴുന്ന മഴനാരുകളെ ചീറ്റിപറത്തിക്കൊണ്ടു , കലിപൂണ്ട്, വിറകൊണ്ടു, മുടി അഴിച്ചാടി അവള്‍ കുന്നില്‍ ചെരുവിലൂടെ ഇറങ്ങി. അവളുടെ അലര്‍ച്ച കേട്ട്, അവളുടെ ചിലമ്പൊലി കേട്ട് മാമരങ്ങള്‍ വിറച്ചു. പൊന്തകാടുകളില്‍ പതിയിരുന്ന കുറുക്കന്‍മാര്‍ ഞെട്ടിപിടഞ്ഞു ഓരിയിട്ടു. അവളുടെ മൂക്കുത്തിയുടെ തിളക്കം ഇടിവളായി പാഞ്ഞുപോയി. അവളുടെ കാലടികള്‍ പതിഞ്ഞ വിഷ മുള്ളുകളില്‍ നിന്നും കൊടും വിഷം ഒലിച്ചിറങ്ങി. അവളുടെ കടവായിലൂടെ ഒലിച്ചിറങ്ങിയ ചോരത്തുള്ളികള്‍ തെറിച്ചു വീണ് തെച്ചികള്‍ പൂത്തു. കനത്തു വരുന്ന മഴയുടെ ശവവ്യൂഹം പിളര്‍ന്നു കൊണ്ട് അവള്‍ മദിച്ചിറങ്ങി. അവളുടെ മദം പൂണ്ട ശരീരത്തിന്റെ തീക്ഷണമായ ചൂടില്‍ അലിഞ്ഞു തീരുന്ന പകലില്‍, വിയര്‍പ്പിന്‍ തുള്ളികള്‍ ഉരുണ്ടുകൂടി ....


സേതു സാറിനെ വായിക്കുക എളുപ്പമല്ല. തലകുത്തി നിന്ന് വേണം ചിലപ്പോള്‍ വായനയെ സമീപികേണ്ടത്. വായന ദഹിപ്പിക്കാന്‍ ദേവിയെ തന്നെ ആവാഹിക്കണം. അസ്വസ്ഥ മനസ്സിലെ പാണ്ഡവപുരം ഒരു പ്രതീകമാണ്, ഇതുപോലെയുള്ള മാനസിക വ്യാപാരങ്ങളില്‍ കുടുങ്ങി ജീവിക്കുന്നപലരും വായനക്കപ്പുറം ദേവിയായി പുനര്‍ജനിക്കുനുണ്ടാകാം. ജീവിത്തിന്റെ താളം നഷ്ട്ടപ്പെടുത്തിയ ഭൂതകാലത്തിനു പുതിയൊരു സാങ്കല്‍പ്പിക ചിത്രം നല്‍കി അതിലൂടെ ജീവിക്കുന്ന കഥാപാത്രം വായനയെ എവിടെക്കെയോ ചെന്നെത്തിക്കുന്നു. സൂക്ഷ്മതയോടെ വേണം ഈ വായനയെ സമീപിക്കേണ്ടത് എന്ന മുന്നറിയിപ്പ് പാലിച്ചത് വായനയെ കുറച്ചൊന്നുമല്ല സഹായിച്ചത്. അവസാനം നോവലിന്റെ അവസാനത്തിലെ പഠനം വായിക്കുമ്പോള്‍ ഈ വായന ഉള്‍ക്കൊള്ളാന്‍ മാത്രം ഇതിലെ അര്‍ത്ഥ വ്യതാസങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ പൂര്‍ണ്ണമായും എന്റെ വായനയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് തിരിച്ചറിയുന്നു.
" അടയ്ക്കാനാണ് പറഞ്ഞത്! അവള്‍ അലറുകയായിരുന്നു.
അവളുടെ കണ്ണുകളില്‍ തീനാമ്പുകള്‍ പുളയുന്നുണ്ടായിരുന്നു.അയാളുടെ കണ്‍മുമ്പില്‍ ആ ചുവന്ന ജ്വാല ഉലഞ്ഞു. വിറച്ചു. നെറുകയിലെ സിന്ദൂരം പടര്‍ന്നു മുഖമാകെ ചുവന്നു. അവള്‍ മുടികെട്ടഴിച്ചപ്പോള്‍ തെച്ചിപ്പൂക്കള്‍ കിടക്കയില്‍ ചിതറി വീണു. അവളുടെ അപൂര്‍വമായ സുഗന്ധം മുറിയിലാകെ പരന്നു ഒരു ആവരണമായി അയാളെ പൊതിഞ്ഞു. ആ കണ്ണുകളില്‍ നിന്ന്, ചുണ്ടുകളില്‍ നിന്ന് ചിതറിയ ആസക്തിയുടെ തീപ്പൊരികള്‍ അയാള്‍ക്ക്‌ ചുറ്റും ഒരു ചിതയായി എരിഞ്ഞു.വിയര്‍ത്തു നനഞ്ഞ കഴുത്തില്‍ വിരലുകളമര്‍ത്തികൊണ്ട് അയാള്‍ വാ പൊളിച്ചു നനവുള്ള ഒരു കവിള്‍ വായു ആര്‍ത്തിയോടെ വിഴുങ്ങി.അയാളുടെ മുടിയിഴകളിലൂടെ പാഞ്ഞു വരുന്ന വിരലുകള്‍ തലയോട്ടില്‍ ചൂടുള്ള വൃത്തങ്ങള്‍ വരച്ചു. പുറത്തു സീല്‍ക്കാരത്തോടെ ഒരു കാറ്റൂതി. അസംഖ്യം നാഗത്താന്‍മാര്‍ അതേറ്റുപിടിച്ചു കാറ്റിന്റെ ചൂളം വിളിക്കിടയില്‍ ഒരു ചാറ്റല്‍മഴ തൂവി. ചുട്ടു പഴുത്ത മുഖത്തേക്ക് വെള്ളത്തുള്ളികള്‍ പാറി വീണു.
'ആ ജനലടയ്ക്കൂ...' അവളുടെ ശബ്ദം ചെവിക്കടുത്ത്‌ കേട്ടു.അയാള്‍ പതുക്കെ , ശബ്ദമില്ലാതെ ജനല്‍ ചാരി പിന്നെ ആ ചിതയിലേക്ക് വീണു " അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ സാറിന്റെ മാസ്മരികള്‍ വരികള്‍ വായനയെ പിടിച്ചുലയ്ക്കുന്നു.
"പുറത്തു, ആകാശക്കീറിനെ പാടെ മറച്ചു കൊണ്ട് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി.കരിമ്പനകള്‍ക്കിടയില്‍ ഇടി മിന്നി,താഴ്ന്നു വെട്ടി, മിന്നലിന്റെ വികൃതമായ തെളിച്ചത്തില്‍, പാറകെട്ടുകളുടെ പശ്ചാത്തലത്തില്‍ ,കറമ്പനകല്‍ ആടിയുലഞ്ഞു. പാല ചുവട്ടില്‍ മയങ്ങി കിടന്ന നാഗത്താന്‍മാര്‍ ഞെട്ടിയുണര്‍ന്നു ഉറക്കെ ചീറ്റാന്‍ തുടങ്ങി. പാമ്പിന്‍ വിഷത്തിന്റെ, പാലപ്പൂവിന്റെ ഗന്ധമുള്ള കാറ്റ് ജാലകത്തില്‍ തല്ലിയലച്ചു .
വെള്ളാരം കല്ലുകള്‍പോലെ ഓട്ടിന്‍പുറത്ത് മഴത്തുള്ളികള്‍ വീണു .
പെട്ടന്ന്,മിന്നലിന്റെ വെളിച്ചത്തില്‍, ഇടവഴിയുടെ തുടക്കത്തില്‍ ഒരു കറുത്ത രൂപം അനങ്ങുന്നത് അയാള്‍ കണ്ടു.അയാള്‍ നടുക്കത്തോടെ ഓര്‍ത്തു .
അവന്‍!
എന്നെ പിന്തുടരേണ്ടവന്‍ എനിക്ക് ശേഷം ഈ മുറിക്കകത്ത് ജീര്‍ണ്ണിച്ചു പൊടിയാകേണ്ടവന്‍...
പലപ്പോളും കയ്യില്‍ നിന്നും വഴുതിപോയ പുസ്തകമാണിത്, തികച്ചും അപ്രതീക്ഷിതമായി കയ്യില്‍ വന്നു പെട്ടപ്പോള്‍ വായന വല്ലാതെ അതിശയിപ്പിക്കുന്നു.
പാണ്ഡവപുരം ജീവിക്കുന്നു ഈ വായനയുടെ ലഹരി മനസ്സില്‍ പതിഞ്ഞ എല്ലാവരിലൂടെയും ... ഇനിയും ജീവിച്ചു കൊണ്ടേയിരിക്കും ...
സേതുസാറിനെ അഭിനന്ദിക്കാന്‍ പോലും വളര്‍ന്നിട്ടില്ല ... എന്നാലും വൈകിപോയ വായനയ്ക്ക് മാപ്പ് ....