Sunday, January 1, 2012

മുറവിളികള്‍



പരമ്പരകളിലെ തായ് വേരുകള്‍ക്കിടയില്‍ 
കണ്ണീരിന്റെ  രുചിഭേദങ്ങള്‍ 
യാന്ത്രികമായ്‌ ഊറ്റിയെടുക്കുമ്പോള്‍
ഒരു വിളിപ്പാടകലെ 
എനിക്കായ് ഒരു ഗാനമുയരുന്നുണ്ട് 

നാളയുടെ വളക്കൂറുകള്‍ക്കായി 
മണ്ണില്‍ അലിയിപ്പിച്ച അരുണ രക്തം 
ചുടുകാട്ടിലൂടെ  ഒഴുകി അകലുമ്പോള്‍ 
കെട്ടണയാത്ത തീ ജ്വാലകള്‍ നെഞ്ചിലേറ്റി 
കാലം കാര്‍ന്നു തിന്ന പച്ചമാംസം -
ബാക്കിയാക്കിയ അസ്ഥികൂടങ്ങള്‍ 
പുനര്‍ജ്ജനിക്കായ്‌ കൊതിക്കുന്നുവെങ്കില്‍ 
അവിടെ ഒരു നാദമുണരും
എനിക്കായ് എഴുതിയ , അവ്യക്തമായ 
ഒരു ശോക ഗാനം ..

മൂകതയുടെ നിലവുപെയ്ത ത്രിസന്ധ്യകളില്‍ 
ബന്ധങ്ങളുടെ അദ്രിശ്യ മതിലുകളില്‍ 
കഴുകന്‍ നഖങ്ങളാല്‍ പോറി വരക്കുമ്പോള്‍ 
അടര്‍ന്നു വീണ സംസ്കാരത്തിന്‍ മാറ്റൊലികള്‍ 
എനിക്കായ് പാടി തുടങ്ങും ...

അഹന്തതയുടെ കളിതോഴനായ് 
നിറക്കൂട്ടുകളില്‍ വിരിയിച്ച പ്രതീക്ഷകള്‍ക്ക് പിന്നില്‍ 
നിഴലുമായ് ഞാന്‍ അണിനിരക്കുമ്പോള്‍
നെച്ചു പിളര്‍ത്തി , പടര്‍ന്നു കയറിയ 
വിഷവള്ളികളില്‍ തളിര്‍ത്ത ശവംനാറി പൂവുകള്‍ 
മനസ്സിന്റെ താഴ്വരകളില്‍ തല്ലികൊഴിച്ച്
പെയ്തിറങ്ങുന്ന ഹിമകണങ്ങളില്‍  
കവിത വിരിയിക്കുമ്പോള്‍ 
അതെന്റെ അവസാന കവിതയായിരിക്കും 

മരണത്തിന്‍ ദൂതുമായെത്തിയ ആത്മാക്കള്‍ 
എനിക്കായ് വീണമീട്ടുമ്പോള്‍
ദേഹം ചുമക്കുന്ന പല്ലക്കുമായ് 
കുഴിമാടങ്ങളിലേക്ക് ചുവടുവേക്കുമ്പോള്‍ 
ഞാന്‍ കേള്‍ക്കും , വ്യക്തമായ 
ശ്രുതിചേര്‍ക്കാത്ത  ഒരു  പ്രണയകാവ്യം 

ഈ ഭൂമിയെ പുളകം കൊള്ളിച്ചു 
ഞാനും അസ്ഥിയായ് പൂത്തുതുടങ്ങും 
വ്യക്തമാക്കിയ വരികള്‍ പകര്‍ത്തിയെഴുതാനാവാതെ 
ഞാനും ഒരു നാദമുതിര്‍ക്കും 
എനിക്കായ് പ്രണയകാവ്യം രചിച്ച 
ആത്മാക്കള്‍ക്ക് വേണ്ടി മാത്രം 
പാടിതുടങ്ങട്ടെ ഞാനും ....