Thursday, April 26, 2012

വിധവ




നിന്റെ
  സങ്കല്‍പ്പങ്ങളെ നീ 
തല്ലിയുടക്കരുത്  
സമ്മതമല്ലായിരുന്നു എന്ന് ഓതി മടുത്ത പല്ലവിക്കപ്പുറം 
ജീവിതത്തിന്റെ നേര്‍വരയിലേക്ക്‌  ഇറങ്ങി നടന്നപ്പോള്‍ 
പാതി വഴിയില്‍ മുറിഞ്ഞ നിന്‍ താലിചരടില്‍ 
ഒരു ദുരന്തത്തിന്റെ ശേഷിപ്പുകള്‍ ഉണങ്ങാന്‍ തുടങ്ങുന്നു .

എവിടെ നീ കുഴിച്ചു മൂടും നിന്‍ സ്വപ്നങ്ങളും  , നൊമ്പരങ്ങളും 
ഇനി നിന്നില്‍ പതിയുന്ന നോട്ടങ്ങള്‍ക്ക്‌ 
ഒരു അഭിസാരികയുടെ ഗന്ധം പരത്താന്‍ 
സമൂഹം ഒളിയമ്പുകളയച്ചു  തുടങ്ങിയിരിക്കുന്നു .

വിധിയുടെ താല്‍കാലിക വൃണങ്ങളിലെ 
ചോരനക്കാന്‍  കടിപിടി കൂട്ടുന്ന ഉരഗ വര്‍ഗ്ഗങ്ങള്‍ 
രതി വൈകൃതങ്ങള്‍ വിളയുന്ന അറവുശാലയില്‍ 
കുരുതിക്കായ്‌ തറ മെഴുകുമ്പോള്‍ 
പതറാതിരിക്കാന്‍ നിന്നാവട്ടെ .

ഇത്തിള്‍കണ്ണികളുടെ അരണ്ട ലോകത്തുനിന്നും 
ഒരു വന്‍ വൃക്ഷമായി നീ  വളരണം 
ഇല്ലങ്കില്‍ നാളെ നിന്റെ തണലിനായി 
ഈ മൂക സമൂഹം കൊതിക്കണം 
അതാവട്ടെ ഇനി നിന്റെ കണ്ണുകളില്‍ തിളക്കേണ്ടത്‌ 

കണ്ണീരൊഴുക്കി തേയ്ച്ചു കളയാന്‍ 
നിന്റെ മനസ്സില്‍ കറകളിലാത്ത കാലം വരെ 
നീയായിരിക്കും യഥാര്‍ത്ഥ കന്യക .
ചലനമറ്റ സമൂഹത്തില്‍ നിനക്ക് മുമ്പേ 
പതറിവീണവര്‍ക്കൊപ്പം  നാളെ നീയില്ല .
നീ  സ്ത്രീയാണ് , പരാജയത്തിന്‍ തീച്ചൂളകള്‍
നീ എന്നോ തല്ലിക്കെടുത്തിയതാണ് .

ധര്‍മ്മം കാത്ത വീര പുത്രികള്‍ക്കൊപ്പം
കാലം നിന്റെ  പടം വരച്ചു ചേര്‍ക്കണം 
അന്ന് നിനക്കായ്‌ പെയ്ത മഴയുടെ ശീതളതയില്‍ 
ഈ ഭൂമി തണുക്കട്ടെ .....