Thursday, January 5, 2012

സഞ്ചാരം



സഞ്ചരിക്കണം ഒരിക്കല്‍ കൂടി ..
പിരിയാന്‍ വെമ്പിയ നിമിഷങ്ങളുടെ നഗ്നതയില്‍ 
ഒരു കഠാര താഴ്ത്തി -
ഒലിച്ചിറങ്ങുന്ന കുരുതി പൂക്കള്‍ക്ക് 
അന്ധക്കാരത്തിന്‍ നിറം പകര്‍ന്നു തിരിഞ്ഞു നടക്കണം .

പുഞ്ചിരിയാര്‍ന്ന ബാല്യം പുനര്‍ജ്ജനിക്കുമെങ്കില്‍
സ്നേഹം തുളുമ്പുന്ന മാതാവിന്റെ  മാറിടങ്ങളില്‍ നിന്നും -
ഒരിക്കല്‍ കൂടി സ്നേഹത്തിന്‍ പാലു നുണയണം.
തല നിവര്‍ത്തിയ പച്ചില കൂട്ടങ്ങളെ ചുബിച്ച്
കുടചൂടുന്ന  കാര്‍മേഘങ്ങളുടെ അകമ്പടിയുമായ്‌
വയല്‍ വരമ്പിലൂടെ പിച്ച വെച്ച് നടക്കണം .

യവ്വനത്തിന്‍ ഗുഹാ മുഖത്ത്
നിറം മങ്ങിയ തൂവലുമായ് പറന്നുയര്‍ന്നപ്പോള്‍ 
ചിതറി വീണ മനസ്സും ,ശരീരത്തിനുമപ്പുറം  ,
വാരി കൂട്ടിയ ഓര്‍മ്മകളുടെ ശേഷിപ്പുകള്‍ 
എനിക്കായ് തിരിച്ചു തന്ന കാലത്തിന്‍  
വിശാല്തയിലിരുന്നു എനിക്ക് കവിത കുറിക്കണം 

പ്രവാസത്തിന്റെ  വിഴിപ്പു ഭാന്ധങ്ങള്‍ 
കുളപ്പുരകളില്‍ മണ്ണിട്ട്‌ മൂടി ..
മാടി വിളിക്കുന്ന ശീതള മേനിയിലൂടെ 
എനിക്ക് നീന്തി തുടിക്കണം 

ഫണമുയര്‍ത്തി ആടിതളര്‍ന്ന ലഹരികള്‍ 
സിരകളില്‍ ഊറി കിടക്കുന്നുണ്ട് 
ഒരു ചെറു കാറ്റില്‍ ഇളകി മറയാന്‍ തുടങ്ങുമ്പോള്‍ 
അവയെ കല്‍ തുറങ്കുകളിലടച്ചു  യാത്ര തുടരണം 

ഡയറിക്കുറിപ്പുകളില്‍ കരിമഷി പുരണ്ട അക്ഷരക്കൂട്ടങ്ങള്‍ക്ക് 
ജീവിതത്തിലെ ഇരുളടഞ്ഞ സ്വപ്നങ്ങളുമായ്‌ പ്രണയമായിരുന്നു .
എഴുതി തീര്‍ക്കാന്‍ ഇനിയെത്ര താളുകള്‍ ..
അതോ അതിന്‍ മുമ്പ് ....
മഷി വറ്റാരായ തൂലികയുടെ അവസാന ശ്വാസവും നിലക്കുമെങ്കില്‍ 
ഇതാവട്ടെ അവസാന ഡയറിക്കുറിപ്പ്‌ 
വീണ്ടും സഞ്ചരിക്കണം ......
ഓര്‍മ്മകളുടെ ഇടവഴികളിലൂടെ ഒരിക്കല്‍ കൂടി ......