Sunday, January 22, 2012

മകന്



പ്രതീക്ഷയില്ലിനീ മനസ്സുകളില്‍ വെറും 
വിരിയാത്ത മരണത്തിന്‍ വസന്തങ്ങളല്ലാതെ,
ഏകനായ് വന്നു ,പാതിയിലലിഞ്ഞ നിന്‍ അമ്മയോന്നിച്ചു -
ജീവിച്ചൊരീ നിമിഷങ്ങളത്രയും 
അര്‍ത്ഥ ശ്യൂന്യങ്ങളായ് കൊഴിഞ്ഞു വീഴുന്നുവോ ?

ഉറങ്ങുന്നു ഞാനിന്നു അനാഥനായ് തലങ്ങളില്‍ 
അലയുന്നു ശോകമുയരുന്ന വഴികളില്‍ -
നിന്‍ വിളിക്കായ് കാതോര്‍ത്തു നിന്നോരീ 
ദിവസങ്ങളെന്നോ മറഞ്ഞു ....

ഇന്നീ മനസ്സിന്റെ  പിടിയഴിയുന്നു
ശ്യൂന്യമായ് തെളിയുന്ന കൈകളും ബാക്കി ,
നഗ്നമാം നിന്‍ മനസ്സില്‍ വിരിയിച്ചൊരു -
സ്നേഹപുഷ്പ്പത്തിലെ കരിയതെപോയരിതളരുത്തു നീ -
ദക്ഷിണയായെങ്കിലും  കാല്‍ക്കല്‍ വെക്കൂ 

ഒരു നിമിഷമെങ്കിലും ഓര്‍ക്കുക നീ 
നിന്‍ ബാല്യത്തിലേക്കൊന്നു  പോകൂ 
കൈപിടിച്ചോടുമോ എനിക്ക് മാത്രമീ -
വാത്സല്യമൊഴുകുന്ന സ്നേഹതീരങ്ങളില്‍ 

കാണാറുണ്ട് ഞാന്‍ സ്വപ്നത്തിലെങ്കിലും 
കാണാതെ പോയ നിന്‍ മക്കള്‍ തന്‍ ശ്രീരൂപം
ലാളിച്ചെടുക്കുവാന്‍ വെമ്പുമീ കൈകളില്‍ 
മുറിവായ്‌ വിതുമ്പുന്ന ചങ്ങല കൂട്ടങ്ങള്‍ 

അറിയുമോ അവരെന്നെ ,
മുത്തശ്ശനെന്നീ വിളിപ്പേരെങ്കിലും 
ഓതുമോ നീ അവരോടെങ്കിലും 
അറിയാതെ പോകുമീ സ്നേഹപ്പൂതണല്‍ 
ചിന്തയിലെങ്കിലും ഉയരട്ടെ വാക്കുകള്‍ 
അവശേഷിക്കുമോ മുത്തശ്ശനെന്ന പേര്‍ 

വരിക നീ അവസാനമായോരുവട്ടം കൂടിയീ-
അഴുകുന്ന ബന്ധത്തിനളവെടുത്തീടുവാന്‍.
തിരക്കിന്റെ  ശബ്ദം മുഴങ്ങുന്നതിന്‍ മുമ്പ് നീ 
പകരുമോ സ്നേഹത്തിന്‍ ഒരു തുള്ളി കണ്ണുനീര്‍ .

നേരുന്നു നന്മകള്‍ 
ഇനിയില്ല ,ഞാനില്ല ഓര്‍മ്മകള്‍ മാത്രം 
ഒഴുകുനീ നിന്‍ തിരക്കിന്റെ വഴികളില്‍ .
ഒരുനാളു തെളിയും നിനക്കായ്‌ മാത്രമീ -
നരവീണു  തുടങ്ങുന്ന കാലത്തിന്‍ മുദ്രകള്‍ .
ഓര്‍ക്കുക അന്നുമാത്രമെന്നെ നീ 
അനുഭവിച്ചറിയുനീ ഒരു അച്ഛന്റെ  വേദന ....