Wednesday, November 9, 2011

കവിതേ നിനക്കായ്‌..


നീ നശിക്കട്ടെ 
നിന്നെ പേറാന്‍ ഇനി എനിക്കാവില്ല 
തൂലികയിലെ അവസാന ശ്വാസവും നിലച്ചിരിക്കുന്നു .
കീറി മുറിക്കാത്ത അക്ഷരങ്ങള്‍ക്കൊണ്ട്‌ 
നിന്നെ പകര്‍ത്താന്‍ ഞാനാര് ?
പിറവിയെടുക്കാതെ പോയ നിന്‍ ജന്മമോര്‍ത്തു -
എന്‍ മനം പിടയുമ്പോള്‍ ,അശക്തനാണ് ഞാന്‍ ..
എനിക്കെന്നെ നഷ്ട്ടപെട്ടിരിക്കുന്നു 
ഒരിക്കലും പിരിയില്ലന്നു അഹകരിച്ച അക്ഷരങ്ങളും -
എന്നെ തേടിയലഞ്ഞില്ല 
ജീവിതമെന്ന കണക്കു പുസ്തകത്തില്‍ 
എഴുതി ചേര്‍ക്കാന്‍ ബാക്കിവെച്ച കവിതകളും 
ചാപിള്ളകളായി പിറക്കട്ടെ .
തൂലികയുമായി പടവെട്ടിയ എന്‍ വിരല്‍തുമ്പുകള്‍ 
ദക്ഷിണയായ് നീ അറിഞ്ഞു വീഴ്ത്തുക .
നിന്‍ നഗ്നതയില്‍ കാമം നീലിച്ച കണ്ണുകളില്‍ 
മരണത്തിന്ടെ നിഴല്‍ പടരുന്നതും ഞാനറിയുന്നു .
എന്തിനു നീ എന്നില്‍ പിറന്നു 
എന്റെ വേദനകള്‍ ആവര്‍ത്തിച്ച്‌ താളുകളില്‍ -
പകര്‍ത്തിയെഴുതുമ്പോള്‍ നീ എന്ത് നേടി ?
എന്റെ മാത്രമായ സ്വപ്നങ്ങള്‍ക്ക് 
അക്ഷരങ്ങളിലൂടെ ജീവന്‍ പകരുമ്പോളും-
വിഡ്ഢി എന്ന് ജനം എനിക്കുമേല്‍ പച്ചക്കുത്തുംബോളും 
നീ പുഞ്ചിരിക്കുണ്ടായിരുന്നു . എന്തിനു വേണ്ടി ?
ഞാന്‍ എന്ന  മനുഷ്യമൃഗം ജനിക്കുംമുമ്പേ മണ്ണടിഞെന്നു 
നാളെയുടെ പ്രഭാതങ്ങളെ നോക്കി വിളിച്ചു പറയണോ ?
അതോ , പുനര്‍ജ്ജനിക്കുന്ന ശ്മശാന മൂകതയെ -
മിന്നലില്‍ പിളര്‍ന്നു കവിതതന്‍ സൗന്ദര്യം 
കാറ്റില്‍ പറത്തുന്നതിനോ ?
എങ്കില്‍ നിനക്ക് തെറ്റി,
എഴുതി തീരും മുമ്പേ മാഞ്ഞു പോയ വാക്കുകള്‍ ,
അലങ്കാരമായി എന്നില്‍ തിളങ്ങിയതെല്ലാം 
അഗാതതയില്‍ മുങ്ങി മരിക്കുമ്പോള്‍ 
ചികഞ്ഞെടുക്കാന്‍ നിനക്ക് കഴിയാതെ പോകട്ടെ .
എല്ലാത്തിനും മാപ്പ് 
നീ എന്ന വര്‍ണ്ണ ചിറകുമായ് 
അക്ഷരങ്ങളുടെ ലോകത്ത് പറന്നുയരുന്നവര്‍ക്കായി 
ഞാന്‍ വഴി മാറട്ടെ 
ഒരു പരിഹാസ പാത്രമായി നാം മാറുന്നതിന്‍ മുമ്പേ 
ഒടുങ്ങാം നമുക്ക് 
ഇന്നലകളിലെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ 
നാളെ തളിരിടുന്ന പ്രഭാതങ്ങള്‍ക്കായി അടയിരിക്കുമ്പോള്‍ 
കലങ്ങി മറിഞ്ഞ എന്‍ മനം ശാന്തമാകുന്ന നാളുകളില്‍ -
ഒഴുകി അകന്ന ഭാവനകള്‍ എന്നില്‍ തിരിച്ചെത്തുന്ന വേളകളില്‍ 
നീ എന്നിലേക്ക്‌ മടങ്ങിയെത്തുക 
അതുവരെ ചലിക്കട്ടെ ഞാന്‍ 
ചരടിലാത്ത ഒരു ചെറു പട്ടമായ് ..........


3 comments:

  1. വരികളില്‍ തീഷ്ണ ഭാവം..

    ReplyDelete
  2. ഒരുപാട ഇഷ്ടമായി... തുടര്‍ന്നും എഴുതുക. ഭാവുകങ്ങള്‍.....

    ReplyDelete
  3. നന്ദി ......
    എന്റെ വഴികളില്‍ പ്രചോദനമാകാന്‍ വീണ്ടും വരുമെന്ന വിശ്വാസത്തോടെ .....

    ReplyDelete