Tuesday, April 24, 2012

വേദന



വേദനകളുടെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ 
നനവ്‌ വറ്റിയ സ്വപ്നങ്ങളെ പുഞ്ചിരിക്കുക ,
നെയ്തു തീര്‍ത്ത ശരീരത്തിനുള്ളിലേക്ക്
കുത്തിയിറക്കിയ സൂചിമുനകള്‍ 
വേദനയുടെ ദൂതുമായെത്തുബോളേക്കും 
സിരകളില്‍ ഒഴുകുന്ന  ഉണര്‍വ്വ് ലായനിയില്‍ 
ജീവിതം മുങ്ങി തുടങ്ങിയിരുന്നു 

വേദന ... നീ ലഹരിയാണ് ...
എന്നിലെ ഇരുണ്ട വഴികളിലൂടെ നീ ഇരച്ചു കയറുമ്പോള്‍ 
പാതി മയങ്ങിയ കണ്ണുകളിലൂടെ ഓര്‍മ്മകള്‍ കൊഴിയാന്‍ തുടങ്ങുമ്പോള്‍ 
ആഴമറിയാത്ത ചതുപ്പുകളിലേക്ക് ഞാന്‍ വലിച്ചെറിയപ്പെടുകയോ ?

കട്ടിലില്‍ വരിഞ്ഞു കെട്ടിയ മേനിക്കുള്ളിലൂടെ 
മെനെഞ്ഞെടുത്ത പായ് വഞ്ചിയില്‍ യാത്രയാകുന്ന ഓര്‍മ്മകള്‍ 
എവിടെയോ തകര്‍ന്നടിയുന്നതിന്റെ അപസ്വരങ്ങള്‍ 
ഒരു നേര്‍ത്ത വിങ്ങലായ് എന്നില്‍ വന്നടിയുന്നുണ്ടായിരുന്നു .

വലിച്ചു മുറുക്കി  കെട്ടിയടക്കിയ സ്വാതന്ത്രത്തിന്‍ -
ചങ്ങലക്കൂട്ടങ്ങള്‍ക്കിടയില്‍ ജീവിതം ദ്രവിച്ചു തുടങ്ങി .
നിനക്കെതിരെ കുത്തിയിറക്കിയ മോര്‍ഫിനുകള്‍ 
ഉള്ളിലെ രണഭൂമിയില്‍ പ്രാണനെ പിഴിഞ്ഞെടുത്ത് ഭീതി തീര്‍ക്കുന്നു .

നിന്നിലൂടെ തെഴുത്ത്‌, പൂത്തുലഞ്ഞ മരണമെന്ന രക്ഷകനോ
പ്രത്യാശയുടെ കരി പുരണ്ടു മണ്ണില്‍ വീണു പിടയുന്നു .
ഉള്ളിലോഴുകുന്ന കറുത്ത രക്തത്തിന്‍ ശേഷിപ്പുകള്‍ 
കണ്ണിലൂടെ പൊട്ടിയൊലിക്കുംമ്പോളേക്കും 
ബാക്കിയാകുന്നത് ഇനിയെത്ര രാവുകള്‍ .

ദുരന്തങ്ങളുടെ ഗോപുര വാതിലുകള്‍ക്ക്  മുകളില്‍ 
നിനക്കായ്‌ ഞാന്‍ അലറിവിളിക്കാറുണ്ട്
ശിരസ്സു മുതല്‍ പാദം വരെ നിന്റെ വീര്യം പതഞ്ഞു  പൊന്തുമ്പോള്‍ 
കീഴടങ്ങിയിട്ടില്ലേ  ഞാന്‍ പലവട്ടം ...

ഇനി എനിക്ക് വിജയിക്കണം 
നീ കാര്‍ന്നെടുത്തതെല്ലാം  നിനക്കായ്‌ സമര്‍പ്പിച്ചു 
തോല്‍വിയുടെ ഉപ്പുരസം നിന്‍ നാവില്‍ പടര്‍ത്തി 
നമ്മെ പിരിക്കാന്‍ അവന്‍ വരുന്നു 

കാത്തിരിപ്പിന്റെ  കറുത്ത അദ്ധ്യായങ്ങള്‍ കാറ്റില്‍പ്പറത്തി
ഇനിയും അറിയാത്ത ലോകത്തിലേക്കൊരു കാല്‍വെപ്പ്‌ ..
ഒന്നുമാത്രം , നീയെന്ന ലഹരിക്കപ്പുറത്തു 
ഒരിക്കലും തളരാത്ത ആത്മവീര്യവുമായ് 
പച്ചയായ് എനിക്ക് ജീവിക്കണം ...
ജീവിച്ചു മരിക്കണം .......ഒരായിരം വര്‍ഷങ്ങള്‍ ....

8 comments:

  1. നല്ല കവിത ...തീക്ഷ്ണമായ വരികള്‍

    ReplyDelete
  2. കവിതക്കെന്റെ ഭാവുകങ്ങൾ...വേഡ് വെരിഫിക്കേഷൻ ദയവായി മാറ്റുക...അത് കമന്റിടുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നൂ

    ReplyDelete
  3. നല്ല വരികള്‍.. അഭിനന്ദനങ്ങള്‍..

    ReplyDelete
  4. ഈ വായനക്ക് നന്ദി ...വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ട് ....

    ReplyDelete
  5. തളരാത്ത ആത്മവീര്യവുമായ് ജീവിക്കുക ; നല്ല വരികള്‍ !!

    ReplyDelete
  6. വേദനകളെ ചേര്‍ത്തു നിര്‍ത്തി, ജീവിത മോഹവും പ്രതീക്ഷയിലും എത്തിയ്ക്കുന്ന വരികള്‍....
    ആശംസകള്‍ ട്ടൊ..ഇഷ്ടായി..!

    ReplyDelete
  7. നൊമ്പരങ്ങള്‍ മനസ്സിനെ കീറിമുറിയ്ക്കുമ്പോഴും,
    അതിനെയെല്ലാം തരണം ചെയ്ത് ജീവിതം വിജയം കൈവരിയ്ക്കുകയെന്ന ചിന്തതന്നെയാണ് എല്ല്ലാവരിലും വേണ്ടത്. ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ളതാണ്..!

    ആശംസകള്‍ വിജിന്‍!

    ReplyDelete