Saturday, October 3, 2015

കഴുമരം



മരണം!
എന്റെ നിശബ്ദതയെ നെരിച്ചമര്‍ത്തികൊണ്ട് മരണം ഒരു പെരുമ്പാമ്പിനെപോലെ ഇഴഞ്ഞു കയറുന്നു. എനിക്കിപ്പോള്‍ ഭയമില്ല. എന്റെ മുഖത്ത് ആനന്ദത്തിന്റെ അവസാന കേളി തുടങ്ങാന്‍ പോകുകയാണ്. വരൂ എന്റെ മിത്രമേ, നിനക്ക് സ്വാഗതം എന്ന് ഞാന്‍ മന്ത്രിച്ചു.ഞാനെന്തു മാറിയിരിക്കുന്നു.

ഓര്‍മകളിലേക്ക് പറന്നു പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. കഷ്ട്ടം,ചിറകുകള്‍ കരിഞ്ഞമര്‍ന്നിരിക്കുന്നു. ഒരു പക്ഷിയുടെ അവസാന പിടച്ചില്‍ പോലൊന്നു നെഞ്ചിനുള്ളില്‍ ഞരങ്ങുന്നുണ്ട്. അസ്ഥികള്‍ നുറുങ്ങി അമരുന്നതിന്റെ വേദന എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. എങ്കിലും എന്റെ മുഖത്ത് നിന്നും ആനന്ദത്തിന്റെ തെളിദീപം കെട്ടുപോയിട്ടില്ല.
അകലെ നിന്ന് ഒരു വെളിച്ചം എന്നെ ലക്ഷ്യമാക്കിവരുന്നത്‌ പോലെ. അതെ, പ്രകാശത്തിന്റെ അവസാന നൃത്തം സമാരംഭിക്കാന്‍ പോകുന്നു. എനിക്ക് ചുറ്റും ഒരു ദീപപ്രഭ വിരിഞ്ഞു. അതിനപ്പുറം നക്ഷത്രമുഖമുള്ള പെണ്‍കുട്ടിയുടെ ചടുല നൃത്തം. അത് കണ്ടു നില്‍ക്കുന്ന എന്റെ കൂട്ടുകാര്‍, ഇവെരെല്ലാം എപ്പോളാണ് എവിടെ വന്നത്. ഞാന്‍ ആരെയും ക്ഷണിച്ചില്ലല്ലോ. ഇന്നെന്റെ ജന്മദിനമാണോ, വിവാഹ വാര്‍ഷികമോ മറ്റോ ആണോ?


കഴു മരത്തിലേക്ക് കൊരുത്തു കെട്ടിയ വര്‍ണ്ണ തൂവലുകള്‍. കാറ്റിലിളകുമ്പോള്‍ അതൊരു ഉദ്യാനം പോലെ തോന്നുന്നു. ഇനി എല്ലാവരും കാത്തിരിക്കുന്നത് എന്റെ പ്രേത നൃത്തം കാണാനാണ്. അതിനു അനുയോജ്യമായ വേഷം ധരിച്ചാണ് ഞാനിവിടെ നില്‍ക്കുന്നത്. അരങ്ങൊരുങ്ങി കഴിഞ്ഞാല്‍ ഞാന്‍ നൃത്തം തുടങ്ങുകയായി.

ആരുടേയും കാരുണ്യം ഞാന്‍ ഇനി പ്രതീക്ഷിക്കുന്നില്ല. കാരുണ്യം എന്ന പദം തന്നെ മനുഷ്യരുടെ ഇടയിലെ ഒരു ശുദ്ധ തട്ടിപ്പാണ്. ദൈവത്തിന്റെ കാരുണ്യം ഞാന്‍ അവസാനം വരെയും പ്രതീക്ഷിക്കും. എനിക്കതില്‍ പ്രതീക്ഷയുണ്ട്. എന്നെ സൃഷ്ട്ടിച്ച ദൈവത്തിനു മാത്രമേ എന്നെ നയിക്കുവാനും കൊല്ലുവാനും കഴിയൂ. അല്ലാതുള്ളതെല്ലാം ശുദ്ധ തട്ടിപ്പാണ്. പക്ഷേ എന്നെ സൃഷ്ട്ടിച്ച ദൈവം ഇന്നെവിടെയാണ്‌. എന്നെ രക്ഷിക്കാനായി ആ കൈകള്‍ ഒരുങ്ങി നില്‍ക്കുകയാണോ ? ആ കൈകള്‍ ശക്തിയില്ല എന്ന് വരുമോ? ആര്‍ക്കറിയാം അതിന്റെ രഹസ്യങ്ങള്‍?
പുരോഹിതന്റെ കയ്യില്‍ നിന്നും കുരിശുവാങ്ങി ഞാന്‍ അമര്‍ത്തി ചുംബിച്ചു. കരുണാമയനായ ദൈവമേ എനിക്ക് മാപ്പ് തരണേ! എനിക്ക് മാപ്പ് തരണേ !
കുരുശില്‍ നിന്നും മുഖമുയര്‍ത്തി ഞാന്‍ മുന്‍പോട്ടു നോക്കി

കഴുമരം !

അതെന്റെനേര്‍ക്ക്‌ മെല്ലെ ചലിക്കുന്നുണ്ടായിരുന്നു.
മരിക്കാന്‍ പോകുന്നവന്റെ വികാരം ഇത്ര തീവ്രമായി വരച്ചിടുമ്പോള്‍ വിക്റ്റര്‍ യൂഗോ വീണ്ടും വീണ്ടും ഉന്നതങ്ങള്‍ കയ്യടക്കുന്നു. ചെറുതെങ്കിലും വലിയ വായന സമ്മാനിച്ച് ,മനസ്സു കീഴടക്കിയ സുന്ദര വായന

2 comments:

  1. നല്ല ബുക്കാണ്..

    ReplyDelete
  2. പാവങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് വച്ചിട്ട് വര്‍ഷം ഒന്നായി. 100 പേജ് കഴിഞ്ഞപ്പോള്‍ നിന്നുപോയി. ഇനീയെന്ന് പുനരാരംഭിക്കുമോ എന്തോ

    ReplyDelete